July 15, 2025 |
Share on

‘ഫുൾ ടാങ്ക് ഇന്ധനമുണ്ടായിട്ടും ടേക്ക് ഓഫിന് സെക്കന്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത് അസാധാരണം’

എയർ ഇന്ത്യക്ക് പിഴച്ചതെവിടെ?

എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുന്നതിൻ്റെ ദൃശ്യങ്ങൾ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുവെന്ന് ഇൻഡി​ഗോ പൈലറ്റ്. ഇന്ധനവും പവറും ഉണ്ടായിട്ടും ഒരു ജെറ്റ് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെടുന്നത് അസാധാരണമാണെന്ന് ഒരു ഇൻഡി​ഗോ പൈലറ്റ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലാവുകയോ പക്ഷി ഇടിച്ചതോ ആണ് അപകടത്തിന്റെ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേസമയം, സമ​ഗ്രമായ അന്വേഷണത്തിനും ബ്ലാക്ക് ബോക്സിൻ്റെ പരിശോധനക്കും ശേഷം മാത്രമേ യഥാർത്ഥ കാരണം പറയാനാകൂ, 27 കാരിയായ പൈലറ്റ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് എന്ത് പറ്റിയെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, എന്താണ് കൃത്യമായ കാരണം എന്നതിനെക്കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. 242 പേരുണ്ടായിരുന്ന വിമാനത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടം നടന്നതിന് അടുത്ത ദിവസമാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്.

എല്ലാ വിമാനത്താവളങ്ങളും NOTAM (വിമാന ജീവനക്കാർക്കുള്ള അറിയിപ്പ്) നൽകുന്നുണ്ട്. പൈലറ്റുമാർക്കും വ്യോമയാന ഉദ്യോഗസ്ഥർക്കും നൽകുന്ന ഒരു നിർണായക അറിയിപ്പാണ് NOTAM. വിമാനത്താവളത്തിലെ അപകടങ്ങൾ, പക്ഷികളുടെ സാന്നിധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിമാന സുരക്ഷയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാവുന്ന അപ്‌ഡേറ്റുകളാണ് ഇതിലൂടെ നൽകുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിനായുള്ള NOTAM ൽ പക്ഷികളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നതായി പറയുന്നുണ്ടെന്നും അഹമ്മദാബാദ് വിമാനത്താവളം പക്ഷികളുടെ സാന്നിധ്യത്തിന് പേരുകേട്ടതാണെന്നും പൈലറ്റ് പറഞ്ഞു.

ഡബിൾ എഞ്ചിൻ തകരാറാണ് അപകടമുണ്ടാക്കിയതെന്ന് സംശയിക്കുന്നതിന്റെ കാരണവും പൈലറ്റ് വ്യക്തമാക്കി. സിംഗിൾ എഞ്ചിൻ തകരാറുകൾ കൈകാര്യം ചെയ്യുന്നതിന് പൈലറ്റുമാർക്ക് ഓരോ ആറുമാസത്തിലും നിർബന്ധിത പരിശീലനം നൽകാറുണ്ട്. എന്നാൽ ഡബിൾ എഞ്ചിൻ തകരാർ കൈകാര്യം ചെയ്യാൻ താരതമ്യേന ബുദ്ധിമുട്ടാണെന്ന് എയർബസ് എ320 പൈലറ്റ് ദി പ്രിന്റിനോട് പറഞ്ഞു.

ഓക്സിലറി പവർ യൂണിറ്റിലൂടെ (എപിയു) ആധുനിക വിമാനങ്ങളിലെ അത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിലും വായുവിൽ വെച്ച് ഇരട്ട എഞ്ചിൻ തകരാർ കൈകാര്യം ചെയ്യുന്നത് വളരെ സങ്കീർണ്ണമാണ്. ഇരട്ട എഞ്ചിൻ തകരാറിലായാൽ വിമാനം വീഴുക മാത്രമല്ല, വിണയിടത്ത് നിന്നും തെന്നിമാറുകയും ചെയ്യും. ഇലക്ട്രിക്കൽ, ഹൈഡ്രോളിക് നിയന്ത്രണങ്ങൾ പോലുള്ള അവശ്യ സംവിധാനങ്ങൾക്ക് എപിയു വൈദ്യുതി നൽകാറുണ്ട്. എഞ്ചിനുകൾ റീസ്റ്റാർട്ട് ചെയ്യാനുള്ള വായുവും നൽകുന്നു. ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിലാണ് വിമാനം അപകടത്തിൽപ്പെട്ടിരിക്കുന്നത്. പൈലറ്റുകളുടെ റിയാക്ഷൻ സമയം വളരെ കുറഞ്ഞതായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. അപകടസൂചന ലഭിച്ചുകഴിഞ്ഞാൽ ലാൻഡിങ്ങ് ​ഗിയർ മുകളിലേക്ക് വലിക്കുകയും ഫ്ലാപ്പുകൾ പിൻവലിക്കുകയും വേണം, പൈലറ്റ് കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ വിമാനങ്ങളിലെ പരിശോധനയിലുണ്ടാകുന്ന പിഴവുകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ടേക്ക് ഓഫിന് മുമ്പുള്ള നടപടിക്രമങ്ങളെക്കുറിച്ച് പൈലറ്റ് വിശദീകരിച്ചു. ഗ്രൗണ്ട് സ്റ്റാഫാണ് വിമാനത്തിന്റെ പുറംഭാഗം പരിശോധിക്കുന്നത്. ചോർച്ച, കേടുപാടുകൾ, ശരിയായ ഇന്ധനം നിറയ്ക്കൽ, സുരക്ഷിതമായ ചരക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ശേഷം നാവിഗേഷൻ സംവിധാനങ്ങൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ബ്രേക്കുകൾ, ഹൈഡ്രോളിക്‌സ്, ഇന്ധന നിലകൾ എന്നിവ പരിശോധിച്ചുകൊണ്ട് പൈലറ്റുമാർ ഒരു സമഗ്രമായ കോക്ക്പിറ്റ് ചെക്ക്‌ലിസ്റ്റ് നടത്തുന്നു. അടിയന്തര ഉപകരണങ്ങൾ, എക്സിറ്റ് വാതിലുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, ടോയ്‌ലറ്റുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ, വിമാനത്തിനുള്ളിലെ സാധനങ്ങൾ എന്നിവ ക്യാബിൻ ക്രൂ ആണ് പരിശോധിക്കുന്നത്.

എല്ലാ എഞ്ചിൻ പ്രശ്നങ്ങളും കണ്ടെത്താൻ കഴിയണമെന്നില്ല. അതേസമയം, പൈലറ്റുമാരും ജീവനക്കാരും എല്ലായ്‌പ്പോഴും കർശനമായ നടപടിക്രമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ പറക്കലിന് ശേഷവും എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പൈലറ്റുമാർ മെക്കാനിക്കൽ എഞ്ചിനീയറെ അറിയിക്കേണ്ടതാണ്. വിമാനം വീണ്ടും പറക്കുന്നതിന് മുമ്പ് ആ റിപ്പോർട്ടുകൾ പരിശോധിച്ച് പരിഹരിക്കേണ്ടത് എഞ്ചിനീയറുടെ ഉത്തരവാദിത്തമാണെന്ന് പൈലറ്റ് വിശദീകരിച്ചു. നിലവിലെ സംഭവത്തിൽ ഊഹാപോഹങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഒരു മുൻ ക്രൂ അം​ഗം പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആകാശത്തിലെ ഓരോ നിയമങ്ങളും പാലിക്കേണ്ടതാണെന്നും അത്തരം നിയമങ്ങളാണ് ചിലപ്പോൾ ജീവൻ രക്ഷിക്കാൻ കാരണമാകുന്നതെന്നും മുൻ ക്രൂ അം​ഗം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: What Went Wrong? Air India Jet Faces Trouble Seconds After Takeoff Despite Full Fuel Tank

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×