പ്രണയം പകയാകുമ്പോൾ… രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകങ്ങള്‍

2022-ൽ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ശ്രദ്ധ വൽക്കറിൻ്റേത്

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം രേഖപ്പെടുത്തപ്പെടുന്ന കൊലപാതകങ്ങളുടെ കാരണങ്ങളെക്കുറിച്ച് അധികൃതർ നടത്തുന്ന വിശകലനങ്ങളിൽ, പലപ്പോഴും ഞെട്ടിക്കുന്ന യാഥാർത്ഥ്യം, അവിടെ പ്രണയബന്ധങ്ങൾക്കും അവിഹിത ബന്ധങ്ങൾക്കും ഉള്ള സ്ഥാനമാണ്. വ്യക്തിവൈരാഗ്യത്തിനും സ്വത്തുതർക്കങ്ങൾക്കും പിന്നാലെ, രാജ്യത്ത് കൊലപാതകങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് ബന്ധങ്ങളിലെ തകർച്ച. ഒരുവശത്ത് ബന്ധങ്ങൾ സങ്കീർണ്ണമാവുകയും മറുവശത്ത് പ്രണയം നിരസിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ അംഗീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ, ആ പക കലാശിക്കുന്നത് അതിക്രൂരമായ കൊലപാതകങ്ങളിലാണ്.

രാജ്യത്ത് പ്രണയബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ള കൊലപാതക പരമ്പരകൾ ഒരവസാനമില്ലാതെ തുടരുകയാണ്. ശ്രദ്ധാ വൽക്കർ കേസ് ദേശീയ തലത്തിൽ ചർച്ചയായ അതിക്രൂരമായ സംഭവം മുതൽ, ഏറ്റവുമൊടുവിൽ തമിഴ്നാട്ടിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ കൊലപാതകം വരെ, ഓരോ സംഭവവും പ്രണയം ‘പക’യായി മാറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. പ്രണയപ്പകയും ക്രൂര പ്രതികാരങ്ങളുമൊക്കെ വാർത്തകളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുമുണ്ട്.

2022-ൽ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ശ്രദ്ധ വൽക്കറിൻ്റേത്. ലിവിങ് ടുഗെദർ പങ്കാളിയായ അഫ്താബ് പൂനാവാല ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവം രാജ്യം ഇന്നും മറന്നിട്ടില്ല. സമാനമായ ക്രൂരതയാണ് ഡൽഹിയിലെ നിക്കി യാദവ് കൊലപാതകത്തിലും കണ്ടത്. പങ്കാളിയായ സാഹിൽ ഗെഹ്ലോട്ട് ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെഫ്രിജറേറ്ററിൽ ഒളിപ്പിച്ച സംഭവം വലിയ വാർത്തയായിരുന്നു.

മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായിരുന്നു ഈ ക്രൂരകൃത്യം. അതെ വർഷം തന്നെ പ്രണയം നടിച്ച് കാമുകനെ വഞ്ചിച്ച് കൊന്നതിന് തൂക്കിലേറ്റാൻ വിധിച്ച ഗ്രീഷ്‌മയെയും കേരളം കണ്ടതാണ്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിന് ശേഷം, കാമുകനായ ഷാരോണിനെ അവൻ പോലും അറിയാതെ അതി സമർഥമായി ഒഴിവാക്കാൻ ശ്രമിച്ച ക്രൂര കൊലപാതകം. ഏകദേശം പതിനൊന്ന് ദിവസത്തോളം ആന്തരികാവയവങ്ങൾ അഴുകിയ നിലയിൽ ഷാരോൺ മരണത്തോട് മല്ലിട്ടു. എങ്കിലും മരണകിടക്കയിലും ആ യുവാവ് ഗ്രീഷ്‌മയെ തള്ളിപ്പറഞ്ഞിരുന്നില്ല.

കണ്ണൂർ ജില്ലയിലെ പാനൂർ വള്ള്യായിയിൽ നടന്ന, നാടിനെ നടുക്കിയ കൊലപാതകമായിരുന്നു വിഷ്ണുപ്രിയയുടേത് (23). 2022 ഒക്ടോബർ 22-നാണ് വിഷ്ണുപ്രിയയെ സ്വന്തം വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വിഷ്ണുപ്രിയയുടെ ആൺ സുഹൃത്താണ് ഈ ക്രൂരകൃത്യം നടത്തിയത്. പ്രതിയുടെ പ്രഹരത്തിൽ 29 കുത്തുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഏറ്റത്. ഇതിൽ, 10 മുറിവുകൾ മരണം ഉറപ്പിച്ച ശേഷം ഉള്ളതാണ്.

പ്രതിയായ ശ്യാംജിത്ത് ഈ ക്രൂരകൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. കൊലപാതകത്തിന് രണ്ടുദിവസം മുൻപ്, കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് ഇയാൾ ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു.വ്യക്തമായ പ്ലാനുകളോടെയാണ് പ്രതി വിഷ്ണുപ്രിയയെ വീട്ടിനകത്ത് ആക്രമിച്ചത്. മരണം പൂർണ്ണമായി ഉറപ്പാക്കിയ ശേഷമാണ് ശ്യാംജിത്ത് കത്തി താഴെയിട്ടത്. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളില്ലാത്തത് കേസിൻ്റെ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു.

കേരളം ഞെട്ടലോടെ കേട്ട കൊലപാതകങ്ങളിൽ ഒന്നായിരുന്നു പാലാ സെൻ്റ് തോമസ് കോളേജിൽ നടന്നത്. വൈക്കം സ്വദേശിനി നിഥിന മോൾ (20) ആണ് 2021 ഒക്ടോബർ ഒന്നിന് പരീക്ഷ എഴുതാനെത്തിയപ്പോൾ ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയും സുഹൃത്തുമായിരുന്ന അഭിഷേക് ബൈജുവായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്.

ഒരാഴ്ചയോളം ആസൂത്രണം ചെയ്താണ് അഭിഷേക് ഈ കൊലപാതകം നടപ്പിലാക്കിയത്. മുൻ കാമുകനുമായി നിഥിന വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിന് പ്രധാന കാരണം. കോളേജ് കാമ്പസിൽ വെച്ച് പേപ്പർ കട്ടർ ഉപയോഗിച്ച് നിഥിനയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 22 വയസ്സുള്ള ദൃശ്യയെ സുഹൃത്ത് വിനീഷ് വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്നു. 2022-ൽ നടന്ന ഈ സംഭവം സംസ്ഥാനത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പ്രതിയായ വിനീഷ് വിനോദിന്റെ നീക്കങ്ങൾ വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ്, ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് വിനീഷ് തീയിട്ടു.

കൃത്യം നടത്തുമ്പോൾ വീട്ടിൽ ദൃശ്യയും സഹോദരിയും അമ്മയും മാത്രമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഇതിലൂടെ പ്രതിയുടെ ലക്ഷ്യം. രാവിലെ എട്ട് മണിയോടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കത്തിയുമായി രണ്ടാം നിലയിലേക്ക് എത്തുകയായിരുന്നു. അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ദൃശ്യയെ വിളിച്ചുണർത്തി നെഞ്ചിൽ പലതവണ കുത്തി മരണം ഉറപ്പാക്കി. നിലവിളി കേട്ട് വിനീഷിനെ പിടിച്ചുമാറ്റാനെത്തിയ സഹോദരി ദേവശ്രീക്കും കുത്തേറ്റു. ശരീരമാസകലം കുത്തേറ്റ ദൃശ്യ തൽക്ഷണം മരണത്തിന് കീഴടങ്ങി.

കാക്കനാട് സ്വദേശിനിയായ ദേവിക എന്ന പെൺകുട്ടിയും പ്രണയപ്പകയുടെ ഇരയായവളാണ്. മിഥുൻ എന്ന യുവാവ് ദേവികയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുകയായിരുന്നു. ദേവികയോടൊപ്പം മിഥുനും പൊള്ളലേറ്റ് മരിച്ചു. അച്ഛനമ്മമാർ നോക്കിനിൽക്കെയാണ് സ്വന്തം വീട്ടിൽ വെച്ച് അവൾ വെന്തുമരിച്ചത്.

വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് എൻജിനീയറിങ് വിദ്യാർത്ഥിനിയായ നീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസ് കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. 2019 ഏപ്രിൽ നാലിനാണ് സംഭവം. കൊലപാതകത്തിനായി ഐ.ടി. കമ്പനി ജീവനക്കാരനായ പ്രതി നിധീഷ് വലിയ ആസൂത്രണം നടത്തിയിരുന്നു. കത്തി, വിഷം, പെട്രോൾ എന്നിവ സംഭവസ്ഥലത്തേക്ക് മുൻകൂട്ടി വാങ്ങിയാണ് ഇയാൾ എത്തിയത്.

പുലർച്ചെ ബൈക്കിലെത്തിയ പ്രതി, വീടിൻ്റെ പിൻവശത്തുകൂടി അകത്തുകയറി. കുളിമുറിയിൽ വെച്ച് നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

കോതമംഗലത്ത് ഡെൻ്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് മറ്റൊരു ഉദാഹരണം. 2021 ജൂലൈ 30നാണ് ഡെൻ്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ അവരുടെ താമസസ്ഥലത്തെത്തി രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രണയ പകയായിരുന്നു ഇവിടെയും വില്ലൻ. മാനസയെ വകവരുത്തിയതിന് തൊട്ടുപിന്നാലെ പ്രതിയായ രഖിൽ ആത്മഹത്യ ചെയ്തു. എങ്കിലും, ഈ ക്രൂരകൃത്യം നടത്താൻ രഖിലിനെ സഹായിച്ച മുഴുവൻ പേരെയും പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

ഈ കേസുകൾ പ്രണയപ്പകയിലും നൈരാശ്യത്തിലും സംഭവിച്ച ക്രൂരമായ കൊലപാതകങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇതിലെ പ്രതികളിൽ പലരും നിലവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും, വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരുമാണ്. മറ്റ് ചില കേസുകളിൽ വിചാരണ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.

content summary: when love turns to vengeance brutal murders that shook the nation

This post was last modified on November 19, 2025 6:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment