കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങൾ മൂലം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചത്. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻഖറിന്റെ അവസാന സെഷൻ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം.
2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സ്ഥാനമേറ്റത്. മാർഗരറ്റ് ആൽവയെ 528 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായത്. 182 വോട്ടുകൾ മാത്രമാണ് അന്ന് മാർഗരറ്റ് ആൽവയ്ക്ക് ലഭിച്ചത്.
രാജ്യസഭാ ചെയര്‍മാനായിരുന്ന കാലത്ത് പ്രതിപക്ഷ അംഗങ്ങളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ധൻഖർ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷപാതപരമായ പെരുമാറ്റത്തിന് പ്രതിപക്ഷത്ത് നിന്ന് പുറത്താക്കൽ നോട്ടീസ് ലഭിച്ച ഏക ഉപരാഷ്ട്രപതി കൂടിയാണ് ധൻഖർ.
1951ൽ രാജസ്ഥാനിലെ ജുൻജുനുവിലെ കിത്താന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ജഗ്ദീപ് ധൻകറുടെ ജനനം. ഒരു പ്രാദേശിക സർക്കാർ സ്കൂളിലും പിന്നീട് ചിറ്റോർഗഡിലെ സൈനിക് സ്കൂളിലുമായാണ് ധൻകർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റായി. ഗവർണറായി നിയമിതനാകുന്നതുവരെ അദ്ദേഹം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു.
1989 ൽ ഹരിയാന മുഖ്യമന്ത്രി ചൗധരി ദേവി ലാലിന്റെ ശക്തമായ പിന്തുണയോടെ ജനതാദൾ സ്ഥാനാർത്ഥിയായി ജുൻജുനുവിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ധൻഖറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് വി പി സിംഗ് സർക്കാരിൽ ധൻഖർ പാർലമെന്ററി കാര്യ സഹമന്ത്രിയായി. 1990 ൽ ദേവി ലാലിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ധൻഖർ രാജിവെക്കുകയായിരുന്നു.
പിന്നീട് ചന്ദ്രശേഖർ സർക്കാരിൽ വീണ്ടും മന്ത്രിയായി. ശേഷം ബിജെപിയിൽ ചേർന്ന ധൻഖർ 2016 ൽ പാർട്ടിയുടെ നിയമകാര്യ വകുപ്പിന്റെ ദേശീയ കൺവീനറായി നിയമിതനായി. 1993 നും 1998 നും ഇടയിൽ കിഷൻഗഡ് നിയോജകമണ്ഡലത്തിൽ നിന്ന് രാജസ്ഥാനിൽ എംഎൽഎയായും സേവനമനുഷ്ഠിച്ചു.
ഉപരാഷ്ട്രപതിയാകുന്നതിന് മുൻപ്, ജഗ്ദീപ് ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. അന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലായി ജഗ്ദീപ് ധൻഖർ മാധ്യമങ്ങളിലെ സ്ഥിരം മുഖമായി മാറിയിരുന്നു. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി സ്ഥാനമേറ്റ ധൻഖർ, ക്രമസമാധാനം, അഴിമതി, ഭരണപരമായ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിൽ മമത സർക്കാരിനെ തുടർച്ചയായി വിമർശിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ സംഘർഷം സോഷ്യൽ മീഡിയയിൽ ധൻഖറിനെ മുഖ്യമന്ത്രിക്ക് ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വരെ കൊണ്ടെത്തിച്ചു. ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാൻ സംസ്ഥാനം നീങ്ങിയപ്പോൾ ബന്ധം കൂടുതൽ വഷളായി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ടിഎംസി എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
നിയമപരിജ്ഞാനത്തിന് പേരുകേട്ട ധൻഖർ ഒരു കായിക പ്രേമിയും രാജസ്ഥാൻ ഒളിമ്പിക് അസോസിയേഷന്റെയും രാജസ്ഥാൻ ടെന്നീസ് അസോസിയേഷന്റെയും മുൻ പ്രസിഡന്റുമാണ്.
Content Summary: Who is Jagdeep Dhankar?
This post was last modified on July 22, 2025 7:51 am
Leave a Comment