January 21, 2025 |
Share on

13 വയസില്‍ പറ്റിയ അബദ്ധം കവര്‍ന്നത് പിതാവിന്റെ ജീവന്‍

അമേരിക്കയുടെ നിയുക്ത സര്‍ജന്‍ ജനറലിന്റെ രക്തം ചിതറിയ ഭൂതകാലം

ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ഊഴത്തില്‍ പുതിയ സര്‍ജന്‍ ജനറല്‍ ആയി നാമനിര്‍ദേശം ചെയ്തിരിക്കുന്ന ഡോ. ജാനറ്റ് നെഷെയ്‌വാത്തിനെയാണ്. അമേരിക്കയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരില്‍ ഒരാള്‍, ചാനലുകളിലെ സുപരിചിതയായ മെഡിക്കല്‍ കറസ്‌പോണ്ടന്റ്, കൂടാതെ മെഡിക്കല്‍ ജേര്‍ണലിസ്റ്റ് എന്ന നിലയിലും പ്രശസ്ത. ഫോക്‌സ് ന്യൂസില്‍ ഉള്‍പ്പെടെ, ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ അവര്‍ കാലങ്ങളായി പ്രത്യക്ഷപ്പെടുന്നു.

എന്നാല്‍ രക്തം ചിതറിയൊരു ഭൂതകാലം പേറുന്നുണ്ട് ഡോക്ടര്‍ ജാനറ്റ്.

നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയിട്ടുള്ള ഡോക്ടര്‍ ജാനറ്റിന്, 13-മത്തെ വയസില്‍ പിണഞ്ഞൊരു അബദ്ധം ഒരു ജീവന്‍ നഷ്ടമാകാന്‍ കാരണമായിട്ടുണ്ട്. ആ തെറ്റിന്റെ പ്രായശ്ചിത്തം കൂടിയാണ് അവര്‍ നടത്തുന്ന വൈദ്യസേവനം.

ജാനറ്റിന്റെ കൈയബദ്ധം കവര്‍ന്ന ജീവന്‍ ആരുടെതായിരുന്നുവെന്നോ; സ്വന്തം പിതാവിന്റെ!

1990-ല്‍ നടന്ന ആ ദുരന്തത്തിന്റെ പൊലീസ് റിപ്പോര്‍ട്ട് വിശകലനം ചെയ്ത് ന്യൂയോര്‍ക്ക് ടൈംസ് ഒരു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജോര്‍ദാനില്‍ നിന്ന് കുടിയേറിയവരാണ് ജാനറ്റിന്റെ മാതപിതാക്കള്‍. ഫ്‌ളോറിഡായിലെ യുമറ്റിലയിലുള്ള വീട്ടില്‍ വച്ചായിരുന്നു അത്യാഹിതം നടന്നത്.

ആ ദിവസം രാവിലെ ഏഴേ കാലോടെ അച്ഛന്റെ കിടപ്പു മുറിയിലേക്ക് ജാനറ്റ് ചെന്നു. കത്രിക തേടുകയായിരുന്നു. ഷെല്‍ഫില്‍ ഇരുന്നിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടി(ഫിഷിംഗ് ടാക്കിള്‍ ബോക്‌സ്)യില്‍ കത്രിക ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് 13 കാരിയായ ജാനറ്റ് അത് വലിച്ചെടുത്തത്. ആ പെട്ടി സൂക്ഷിച്ചിരുന്ന ഷെല്‍ഫ്, അവളുടെ അച്ഛന്‍ ഉറങ്ങി കിടക്കുന്ന കട്ടിലിന് മുകളിലായിട്ടായിരുന്നു. വലിച്ചെടുത്ത പെട്ടി തന്റെ കൈകളില്‍ സുരക്ഷിതമാക്കാന്‍ ജാനറ്റിന് സാധിച്ചില്ല. അത് താഴെ വീണു. പെട്ടിയില്‍ ഉണ്ടായിരുന്ന .380 കാലിബര്‍ ഹാന്‍ഡ് ഗണ്‍, തിര നിറച്ച അവസ്ഥയിലായിരുന്നു. പെട്ടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ച തോക്ക് പൊട്ടി, ഉറങ്ങി കിടന്നിരുന്ന അച്ഛന്റെ തലയിലാണ് വെടിയുണ്ട തുളച്ചു കയറിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജാനറ്റിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാറാണ് പതിവെങ്കിലും, ജാനറ്റ് എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, ഈ സംഭവമാണ് ഒരു ഡോക്ടര്‍ ആകണമെന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന്.

ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന, ഒരു ലാഭരഹിത ആരോഗ്യ ക്ലിനിക്കായ സിറ്റി എംഡിയില്‍ അടിയന്തര പരിചരണ ഡോക്ടറായി കഴിഞ്ഞ 15 വര്‍ഷമായി സേവനം അനുഷ്ഠിച്ചു വരികയാണ് ഡോ. ജാനറ്റ്. കോവിഡ് കാലത്ത് ഫോക്‌സ് ന്യൂസ് വഴി ജാനറ്റ് നല്‍കിയ ആരോഗ്യ ഉപദേശങ്ങളും നിര്‍ദേശങ്ങളും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു.

dr janette nesheiwat

ഈ ഡിസംബറില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന, ഡോ. ജാനറ്റിന്റെ ഓര്‍മക്കുറിപ്പുകളില്‍, പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ‘എന്റെ പ്രിയപ്പെട്ട അച്ഛന്‍, മരിക്കുന്നത് എനിക്ക നോക്കി നില്‍ക്കേണ്ടി വന്നു, എനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, ചുറ്റും രക്തം ഒഴുകുകയായിരുന്നു; ‘ബിയോണ്ട് ദ സ്‌റ്റെതസ്‌കോപ്; മിറാക്കള്‍സ് ഇന്‍ മെഡിസിന്‍’ എന്ന പുസ്തകത്തില്‍ അവര്‍ കുറിക്കുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഡോക്ടര്‍ ആകാനും, രോഗശാന്തിയുടെ ലോകത്തേക്ക് പ്രവേശിക്കാനുമുള്ള എന്റെ യാത്രയുടെ തുടക്കമായിരുന്നു അത് എന്നും ജാനറ്റ് എഴുതുന്നു. എന്നാല്‍ 260 പേജുകളുള്ള പുസ്തകത്തില്‍, അച്ഛന്റെ മരണകാരണമോ, വെടിയേറ്റതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ജാനറ്റ് പരാമര്‍ശിക്കുന്നില്ലെന്നുമാണ് ടൈംസ് പറയുന്നത്. 1990 ല്‍, ദ ഒര്‍ലാന്‍ഡോ സെന്റിനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, സിയാദ് ബെന്‍ നെഷ്‌വെയ്ത്ത് എന്നയാള്‍ തന്റെ 13 കാരിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ പെട്ടിയില്‍ ഉണ്ടായിരുന്ന തോക്ക് പൊട്ടി കൊല്ലപ്പെട്ടതായി പറയുന്നുണ്ടെന്നും ടൈംസം പറയുന്നു. പിതാവിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് ജാനറ്റ് വൈദ്യസേവനത്തിലേക്ക് തിരിയാന്‍ ആഗ്രഹിച്ചതെന്നാണ് ട്രംപ് സംഘത്തിന്റെ വക്താവും പറയുന്നത്. ഇക്കാര്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിക്കാന്‍ ജാനറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പത്രം, ട്രംപിന്റെ ട്രാന്‍സിഷന്‍ ടീമിലെ വക്താവ് ബ്രയാന്‍ ഹ്യൂസിനെ ബന്ധപ്പെട്ടത്. അമേരിക്കക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചൊരാള്‍ എന്ന നിലയിലാണ് ജാനറ്റിനെ ട്രംപ് അടുത്ത സര്‍ജന്‍ ജനറലായി നാമിനിര്‍ദേശം ചെയ്തതെന്നാണ് ഹ്യൂസ് പറയുന്നത്.

Post Thumbnail
' ഞാന്‍ ഒലിവിയയല്ല, ഒലിവര്‍ ആയിരുന്നെങ്കില്‍ പ്രതിഫലം കൂടിയേനെ'വായിക്കുക

യുഎസ് പബ്ലിക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്‍ഡ് കോര്‍പ്‌സിന്റെ പ്രവര്‍ത്തനവിഭാഗം തലവനും ഫെഡറല്‍ ഗവണ്‍മെന്റിലെ പൊതുജനാരോഗ്യ വിഷയങ്ങളുടെ പ്രധാന വക്താവുമാണ് സര്‍ജന്‍ ജനറല്‍. പ്രസിഡന്റാണ് സര്‍ജന്‍ ജനറലിനെ നിയമിക്കുന്നതെങ്കിലും സെനറ്റിന്റെ അംഗീകാരം വേണം. നാല് വര്‍ഷത്തെക്കാണ് കാലാവധി. രാജ്യത്തിന്റെ ആരോഗ്യ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രധാന ഉപദേശകനായി പ്രവര്‍ത്തിക്കുക, അമേരിക്കയുടെ പൊതുജനാരോഗ്യമേഖലയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയൊക്കെ സര്‍ജന്‍ ജനറലിന്റെ ചുമതലകളാണ്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഏകദേശം 6,000 വരുന്ന ഹെല്‍ത്ത് പ്രൊഫഷനലുകളുടെ സംഘത്തെ നയിക്കുന്നതും സര്‍ജന്‍ ജനറലാണ്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബഹുമതികളും അംഗീകരങ്ങളുമൊക്കെ നല്‍കുന്നതിന്റെ അധികാര കേന്ദ്രവും സര്‍ജന്‍ ജനറലാണ്.

ബൈഡന്‍ ഭരണകൂടത്തിന്‍ കീഴില്‍ സര്‍ജന്‍ ജനറലായി സേവനം അനുഷ്ഠിക്കുന്ന ഡോ. വിവേക് മൂര്‍ത്തിയുടെ പിന്‍ഗാമിയായിട്ടായിരിക്കും ട്രംപിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഡോ. ജാനറ്റ് സ്ഥാനമേല്‍ക്കുക. ഡോ. വിവേക് മൂര്‍ത്തിയുടെ പേര് അമേരിക്കന്‍ ആരോഗ്യ മേഖലയില്‍ ഒരു സുപ്രധാന അടയാളമാണ്. അമേരിക്കന്‍ ജനസമൂഹം ഏറ്റവും കൂടുതല്‍ ഭയക്കുന്നൊരു കാര്യത്തിലെ അദ്ദേഹത്തിന്റെ ഇടപെടലാണതിന് കാരണം. അമേരിക്കയെ തുടര്‍ച്ചയായി ഭീതിയിലാഴ്ത്തുന്ന, കൂട്ടമരണങ്ങള്‍ക്ക് ഇടയാക്കുന്ന തോക്ക് ആക്രമണങ്ങളെ കുറിച്ചാണ്. തോക്ക് ഉപയോഗിച്ചുള്ള ആക്രമണം ഒരു പൊതു ആരോഗ്യ പ്രതിസന്ധിയാണെന്നാണ് ഡോ. വിവേക് മുന്നോട്ടു വച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. തോക്കുകളാണ് അമേരിക്കയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ മരണത്തിന്റെ പ്രധാന കാരണമെന്ന് ആദ്യമായി ശുപാര്‍ശ ചെയ്ത സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തിയാണ്. എന്നാല്‍ തോക്ക് നിയന്ത്രണത്തില്‍ ഡെമോക്രാറ്റുകളുടെ നയങ്ങളോട് എതിര്‍പ്പുള്ളവരാണ് റിപ്പബ്ലിക്കന്മാര്‍. അവര്‍ക്ക് താത്പര്യമില്ലത്തായാളുമായിരുന്നു വിവേക്. 2017 ല്‍ തന്റെ ആദ്യ ഭരണകാലയളവില്‍ വിവേകിനെ സര്‍ജന്‍ ജനറല്‍ സ്ഥാനത്ത് നിന്ന് ട്രംപ് പുറത്താക്കിയിരുന്നു. ബൈഡന്‍ വന്നപ്പോഴാണ് 2021 ല്‍ വിവേകിനെ തല്‍സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടു വന്നത്.  Who is Janette Nesheiwat, President Donald Trump nominated US’s next Surgeon General

Content Summary; Who is Janette Nesheiwat, President Donald Trump nominated America’s  next Surgeon General

×