June 04, 2026 |
Share on

ട്രംപിനെ പിന്തള്ളി നൊബേൽ നേടിയ സമാധാന പോരാളി; ആരാണ് മരിയ കൊറീന മച്ചാഡോ ?

ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിലെ ഒരു കേന്ദ്രബിന്ദുവാണ് മരിയ കൊറീന

ഇത്തവണത്തെ നോബൽ സമാധാന പുരസ്കാരം ധീരയും പ്രതിബദ്ധതയുമുള്ള ഒരു സമാധാന പോരാളിക്കുള്ളതാണ് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ച് കൊണ്ട് നോർവീജിയൻ നോബൽ കമ്മിറ്റി പറഞ്ഞ വാക്കുകളാണിത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണമായ പോരാട്ടത്തിനും, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുമായുള്ള ശ്രമങ്ങളും പരിഗണിച്ച്, വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025ലെ സമാധാന നൊബേല്‍ ലഭിച്ചത്.

ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നോമിനേഷനുകളാണ് ലഭിച്ചത്.അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി ചെയര്‍മാന്‍ യോര്‍ഗന്‍ വാറ്റ്‌നെ ഫ്രൈഡ്‌നെസ് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വെനസ്വേലയിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിലെ ഒരു കേന്ദ്രബിന്ദുവായാണ് മരിയ കൊറീന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായുള്ള നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ വ്യക്തിത്വം. ഭീഷണികളെയും അറസ്റ്റുകളെയും രാഷ്ട്രീയപരമായ പീഡനങ്ങളെയും ധൈര്യപൂർവ്വം അതിജീവിച്ചു. നിരന്തരമായ ഭീഷണി നിലനിൽക്കെ വെനസ്വേലയിൽ തന്നെ തുടരുകയും ലക്ഷകണക്കിന് ആളുകൾക്ക് പ്രചോദനമായി മാറുകയും ചെയ്ത ഒരു നേതാവാണ് മരിയ കൊറീന.

വെനസ്വേലയിലെ മുൻ പ്രസിഡന്റുമാരായ ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ എന്നിവരുടെ സർക്കാരുകളുടെ കടുത്ത വിമർശകയാണ് മച്ചാഡോ. രാജ്യത്തെ നിലവിലെ മഡുറോ ഭരണകൂടത്തിൻ്റെ സ്ഥാപനപരമായ ദുരുപയോഗങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെ ശക്തമായി അപലപനത്തിലൂടെ അവർ ശ്രദ്ധേയയായി. 2024ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രാഥമിക റൗണ്ടിൽ വിജയിച്ചെങ്കിലും, മഡുറോ ഭരണകൂടം ഇവരെ അയോഗ്യയാക്കി.

ഭിന്നിച്ച പ്രതിപക്ഷത്തെ ഒന്നിപ്പിച്ച ഒരു ശക്തിയായി നോബൽ കമ്മിറ്റി അവരെ വിശേഷിപ്പിച്ചു. 2024ലെ വെനസ്വേലൻ തിരഞ്ഞെടുപ്പിൽ ഭരണകൂടം അവരുടെ സ്ഥാനാർത്ഥിത്വം തടഞ്ഞപ്പോൾ മച്ചാഡോ പ്രതിപക്ഷ പ്രതിനിധിയായ എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയെ പിന്തുണച്ചു. ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും, പോളിംഗ് സ്റ്റേഷനുകൾ നിരീക്ഷിക്കാനും കണക്കുകൾ രേഖപ്പെടുത്താനും തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ തുറന്നുകാട്ടാനുമുള്ള പൗരന്മാരുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് മേൽനോട്ടങ്ങൾക്ക് അവർ മേൽനോട്ടം വഹിച്ചു.

രാഷ്ട്രീയ നേതാവും ആക്ടിവിസ്റ്റുമാണ് നൊബേൽ സമ്മാന ജേതാവായ മരിയ കൊറീന മച്ചാഡോ. 2013ൽ സ്ഥാപിതമായ വെന്റെ വെനസ്വേല എന്ന ലിബറൽ രാഷ്ട്രീയ പാർട്ടിയുടെ ദേശീയ കോർഡിനേറ്ററും, 2010–2015 കാലഘട്ടത്തിലെ ദേശീയ അസംബ്ലി അംഗവുമാണ്. സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന സുമേറ്റ് എന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പും, ജനാധിപത്യ പരിവർത്തനത്തിനായി വാദിക്കുന്ന സോയ് വെനസ്വേല എന്ന കൂട്ടായ്മയും സ്ഥാപിക്കുന്നതിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിൽ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചതിന് ശേഷം 2014ൽ പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടു. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെടുകയും യാത്രാവിലക്കുകളും രാഷ്ട്രീയപരമായ അയോഗ്യതകളും നേരിടുകയും ചെയ്തു. ബിബിസിയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു 2018ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ലെ ചാൾസ് ടി. മാനറ്റ് പുരസ്കാരം, 2015ലെ ലിബർട്ടാഡ് കോർട്ടെസ് ഡി കാഡിസ് പുരസ്കാരം , 2019ലെ ലിബറൽ ഇന്റർനാഷണൽ ഫ്രീഡം പ്രൈസ് എന്നിവ ലഭിച്ചു.

വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്റെ സ്വകാര്യവൽക്കരണം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബന്ധം, സാമ്പത്തിക പുനർനിർമ്മാണത്തിനായുള്ള ലിബറലൈസേഷൻ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. യൂണിവേഴ്സിഡാഡ് കാറ്റലിക്ക ആൻഡ്രെസ് ബെല്ലോയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും, ഐ.ഇ.എസ്.എയിൽ നിന്ന് ഫിനാൻസിൽ സ്പെഷ്യലൈസേഷനും നേടിയിട്ടുണ്ട്.

content summary: The peace activist who beat Trump to win the Nobel Prize, Who is Maria Corina Machado?

Leave a Reply

Your email address will not be published. Required fields are marked *

×