June 13, 2026 |
Share on

ഡേറ്റിംഗ് ആപ്പ് വഴി പ്രണയം, സൊഹ്‌റാന്‍ മംദാനിയുടെ കരുത്ത്; ആരാണ് റാമ ഡുവാജി?

2025 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സൊഹ്റാൻ മംദാനി. സൊഹ്റാൻ്റെ രാഷ്ട്രീയ വളർച്ചയോടൊപ്പം അദ്ദേഹത്തിൻ്റെ വ്യക്തിജീവിതവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സിറിയൻ-അമേരിക്കൻ ആർട്ടിസ്റ്റായ റാമ ഡുവജിയുമായുള്ള പ്രണയവും വിവാഹവും ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്.

കഴിഞ്ഞ മാസം സൊഹ്‌റാന്‍ മംദാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോകളില്‍ മാന്‍ഹട്ടന്റെ നഗരമധ്യത്തിലെ തെരുവുകളിലും സബ്വേയിലും കൈകോര്‍ത്ത് നില്‍ക്കുന്ന ദമ്പതിമാരെ ലോകം കണ്ടിരുന്നു. ഇപ്പോള്‍ സൊഹ്റാന്റെ വിജയാഘോഷത്തിലൂടെ റാമ ഡുവാജിയും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി എങ്കിലും ആ പേരിന് സൊഹ്‌റാന്‍ മംദാനിയുടെ പിന്തുണയാവശ്യമല്ല, അല്ലാതെ തന്നെ ആ 27 കാരി പ്രശസ്തയാണ്.

അറിയപ്പെടുന്ന ആനിമേറ്ററും ഇല്യുസ്‌ട്രേറ്ററുമാണ് റാമ ഡുവാജി. ദി ന്യൂയോര്‍ക്കര്‍, ബിബിസി, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ അവര്‍ ചിത്രീകരണം നടത്തിയിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് നഗരത്തിലെ ഡെമോക്രാറ്റുകളുടെ പല പോസ്റ്റുകളും അവര്‍ വരച്ചതാണെന്നാണ് വിവരം. പലസ്തീന്‍ അനുകൂലമായി വരച്ച റാമയുടെ ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ സൊഹ്‌റാന്‍ വലിയ വിമര്‍ശനം എതിരാളികളില്‍ നിന്നും നേരിടേണ്ടതായി വന്നിട്ടുണ്ട്. റാമയുടെ വരകള്‍ പലതും മിഡില്‍ ഈസ്റ്റ് നേരിടുന്ന സാമൂഹിക ജീവിത പ്രശ്നങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ഭര്‍ത്താവിനെപ്പോലെ, ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിന്റെ വിമര്‍ശകയാണവര്‍.

rama duwaji wife of zohran mamdani
റാമ ഡുവാജി

സിറിയന്‍ വംശജയായ റാമ ഡുവാജി ടെക്‌സാസിലാണ് ജനിച്ചത്. ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ഇല്യുസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ റാമയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 70,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഹ്‌റാന്‍ മംദാനി വിജയിച്ചശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ ഇന്‍സ്റ്റ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നും പറയുന്നു.

മേയര്‍ തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി റാമ ഡുവാജിയെ പൊതുവേദികളിലൊന്നും കാണാതിരുന്നത് സൊഹ്‌റാന്റെ എതിരാളികള്‍ ആയുധമാക്കിയിരുന്നു. ഭാര്യയെ മറയ്ക്കുകയാണോ എന്നായിരുന്നു അവരുടെ ചോദ്യം. ഇതിന് മറുപടിയായാണ് തങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ സൊഹ്‌റാന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ഒരു അഭ്യര്‍ത്ഥന കൂടി വിമര്‍ശകരോടായി സൊഹ്‌റാന്‍ പറയുന്നുണ്ട്; നിങ്ങള്‍ക്ക് എന്റെ കാഴ്ച്ചപ്പാടുകളെ വിമര്‍ശിക്കാം, പക്ഷേ എന്റെ കുടുംബത്തെ വിമര്‍ശിക്കരുത്’.

തന്റെ വിമര്‍ശകരോടും ലോകത്തോടുമായി സൊഹ്‌റാന്‍ മൂല്യമേറിയൊരു പ്രസ്താവനയും നടത്തിയിരുന്നു; റാമ എന്റെ ഭാര്യ മാത്രമല്ല, സ്വന്തം കഴിവിനാല്‍ അറിയപ്പെടാന്‍ അര്‍ഹതയുള്ള അവിശ്വസനീയ കലാകാരിയാണവര്‍’

zohran mamdani ,wife rama duwaji
സൊഹ്‌റാന്‍ മംദാനിയും റാമ ഡുവാജിയും

ഭര്‍ത്താവിന്റെ ഈ പോസ്റ്റിന് താഴെ, രസകരമായൊരു കമന്റ് റാമ ഇട്ടിരുന്നു. ‘ അതേ ഞാന്‍ ഒരു യാഥാര്‍ത്ഥ്യമാണ്, നിങ്ങളുടെ ഭാവനയിലെ വെറുമൊരു സങ്കല്‍പ്പമല്ല’ തന്നെ പ്രതി തന്റെ ഭര്‍ത്താവിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നുവത്.

ദി ബാള്‍വാര്‍ക്കര്‍ പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലാണ് സൊഹ്‌റാന്‍ അവരുടെ പ്രണയകഥ പങ്കുവച്ചിട്ടുള്ളത്. സംഗീതത്തിലും കലയിലുമുള്ള പൊതുവായ താല്‍പ്പര്യങ്ങളുടെ പേരിലാണ് ഹിന്‍ജ് എന്ന ഡേറ്റിംഗ് ആപ്പില്‍ സൊഹ്‌റാനും റാമയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഈ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പില്‍ തനിക്ക് ഇപ്പോഴും നല്ല പ്രതീക്ഷയുണ്ടെന്നുകൂടി സൊഹ്റാന്‍ പറഞ്ഞിരുന്നു. ഏതായാലും ഹിന്‍ജ് ആപ്പിന് ഇതോടെ ആഗോള തലത്തില്‍ തന്നെ വലിയൊരു പരസ്യം ലഭിച്ചിരിക്കുകയാണ്.

2025 ഏപ്രിലില്‍ ന്യൂയോര്‍ക്കിലെ സിറ്റി ക്ലെര്‍ക്ക് ഓഫിസില്‍(ന്യൂയോര്‍ക്ക് സിറ്റിയില്‍ സൊഹ്‌റാന്റെ ഏറ്റവും പ്രിയപ്പെട്ടയിടമാണത്) ഇരുവരും വിവാഹിതരാകുന്നത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. എന്നാല്‍ എതിരാളികള്‍ പ്രചരിപ്പിച്ച വാര്‍ത്ത റാമ ഡുവാജിയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ദുബൈയില്‍ വച്ച് മുസ്ലിം മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും(നിക്കാഹ്) നടന്നിരുന്നുവെന്നും, അത്യാഢംബരപൂര്‍വമായ ആഘോഷമായിരുന്നു നടത്തിയതെന്നുമാണ്. ഭക്ഷണത്തിനും മറ്റുമായി വലിയ തുക ചെലവഴിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വര്‍ഷം മുമ്പ് ദുബൈയില്‍ വച്ച് കുടുംബങ്ങള്‍ക്കൊപ്പം വിവാഹ നിശ്ചയ ചടങ്ങ് നടന്നിരുന്നുവെന്നും, പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള ലളിതമായ ചടങ്ങായിരുന്നുവതെന്നുമാണ് സൊഹ്‌റാന്‍ പിന്നീട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചത്.

zohran mamdani ,wife rama duwaji 2
സൊഹ്‌റാന്‍ മംദാനിയും റാമ ഡുവാജിയും

ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചശേഷം പൊതുവേദിയില്‍ നില്‍ക്കെ, സൊഹ്‌റാന്‍ തന്റെ പ്രിയപ്പെട്ട ഭാര്യയോട് നന്ദി പറഞ്ഞിരുന്നു. അവളുടെ കൈ ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞു; നന്ദി റാമ!

ചൊവ്വാഴ്ച രാവിലെ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായി സൊഹ്‌റാന്‍ തന്റെ കാമ്പയിന്റെ ഭാഗമായി നഗരത്തില്‍ അലയുകയായിരുന്നു. ഈ സമയം റാമ ഡുവാജി ഇന്‍സ്റ്റഗ്രാമില്‍ പുതിയ കുറച്ചു ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്തു. അവര്‍ ഇരുവരുടെയും ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍, ഹൃദയാകൃതിയിലുള്ള ചോക്ലേറ്റ് പെട്ടിയില്‍ തിരുകി വച്ച വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോം, സൊറാന്റെ കുട്ടിക്കാല ചിത്രങ്ങള്‍; ഇതൊക്കെയായിരുന്നു റാമ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. സൊഹ്‌റാന്റെ പേരില്‍ താന്‍ അഭിമാനിക്കുന്നു എന്നര്‍ത്ഥത്തിലാണ് ആ ഫോട്ടുകള്‍ക്ക് റാമ അടിക്കുറിപ്പ് നല്‍കിയത്. തന്റെ ഭര്‍ത്താവിനോടുള്ള വൈകാരിക പിന്തുണ അറിയിക്കുകയായിരുന്നു ആ ചിത്രങ്ങളിലൂടെ. ഒപ്പം തങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന്റെ തീവ്രതയും ആഴവും കൂടി അവര്‍ പറയുകയാണ്. Who is Rama Duwaji, wife of Zohran Mamdani, Democratic nominee for New York city Mayor Election

Content Summary; Who is Rama Duwaji, wife of Zohran Mamdani, Democratic nominee for New York city Mayor Election

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×