എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ ഉള്‍പ്പെട്ട വിവാദ കൈക്കൂലി ശ്രമക്കേസില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സുകേഷ് ചന്ദ്രശേഖരന്‍ എന്ന ബംഗളൂരു സ്വദേശിയുടേത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ച എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം ലഭിക്കാന്‍ ദിനകരന്‍ സുകേഷുമായി ചേര്‍ന്ന് 50 കോടി രൂപയുടെ കരാര്‍ ഉറപ്പാക്കിയെന്നതാണ് ഡല്‍ഹി പോലീസിന്റെ കേസ്.
ആദ്യമായല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് കേള്‍ക്കുന്നത്. നടി ലീന മരിയ പോളിന്റെ കാമുകനായും ഇയാള്‍ അറിയപ്പെടുന്നു. ബണ്ടി ആന്‍ഡ് ബാബ്ലി എന്ന ഹിന്ദി സിനിമയ്ക്ക് സമാനമായി തട്ടിപ്പുകളും മോഷണങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദമ്പതികളാണ് ഇവര്‍. അഭിനയമോഹവുമായി ബംഗളൂരുവിലെത്തിയ ലീനയ്ക്ക് തമിഴ് നടന്‍ മഹേന്ദ്രനുമായി കൂടിക്കാഴ്ച ഒരുക്കി കൊടുത്തതും സിനിമയില്‍ അവസരം ലഭിച്ചതുമെല്ലാം സുകേഷ് മുഖേനയാണ്. ആഡംബര കാറുകള്‍ മാറി മാറി ഉപയോഗിക്കുന്ന ഇവര്‍ മാസം നാല് ലക്ഷത്തോളം രൂപ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റുകളിലാണ് താമസിച്ചിരുന്നത്. അസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ലാന്‍ഡ് ക്രൂയിസര്‍, ഹമ്മര്‍, ബിഎംഡബ്ല്യൂ, ഓഡി തുടങ്ങിയവയാണ് ഇയാളുടെ ശേഖരത്തിലുള്ള വാഹനങ്ങള്‍. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഇയാള്‍ എട്ട് ഭാഷകളാണ് അനായാസം കൈകാര്യം ചെയ്യുന്നത്.
കുപ്രസിദ്ധനായ ഈ 27കാരന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഡിഎംകെ നേതാവ് എം കരുണാനിധിയുടെ കൊച്ചുമകനാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്റെ സുഹൃത്താണെന്നുമെല്ലാം പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. കൂടാതെ ഒരു വന്‍കിട പോള്‍ട്രി ഫാമിന്റെ ഉടമസ്ഥരില്‍ ഒരാളാണെന്നും ഇയാള്‍ പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. പതിനേഴാം വയസ്സില്‍ ദക്ഷിണ ഡെല്‍ഹിയിലെ ഒരു ഫാം ഹൗസ് ഉടമകളെ കബളിപ്പിച്ചതോടെയാണ് ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായത്. അന്ന് ഇയാള്‍ രക്ഷപ്പെട്ടെങ്കിലും ലീന പോലീസ് പിടിയിലായിരുന്നു. ഇയാളെ പിന്നീട് കൊല്‍ക്കത്തയില്‍ നിന്നാണ് പിടികൂടിയത്. കാനറ ബാങ്കിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ പലരില്‍ നിന്നായി ഇയാള്‍ 19 കോടി രൂപയാണ് തട്ടിയെടുത്തത്. കാറില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ചും ബോഡിഗാര്‍ഡുകളുടെ സംരക്ഷണത്തിലുമായിരുന്നു ഇയാളുടെ യാത്രകള്‍. പലപ്പോഴും ബിസിനസ് ശത്രുക്കളെ കായികമായി നേരിടേണ്ടി വന്നിരുന്ന ഇയാള്‍ക്ക് തന്റെ തട്ടിപ്പുകളുടെ മറയായിരുന്നു ഇവയെല്ലാം.
ബംഗളൂരു ഡെവലപ്പ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ തന്റെ കുറ്റകൃത്യങ്ങള്‍ ആരംഭിച്ചത്. ബംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ഇയാള്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബന്ധുവാണെന്ന് പറഞ്ഞ് നൂറിലേറെ പേരില്‍ നിന്നായി 50 കോടി രൂപയോളമാണ് അന്ന് ഇയാള്‍ തട്ടിയത്. അമ്പതോളം തട്ടിപ്പ് കേസുകളാണ് നിലവില്‍ സുകേഷിന്റെ പേരിലുള്ളത്.
ബംഗളൂരുവിലെ ആഡംബര മേഖലയായ കോറമംഗലയില്‍ ഒരു ആഡംബര ഫ്‌ളാറ്റില്‍ കരുണാനിധിയുടെ മകന്‍ അഴഗിരിയുടെ മകനാണെന്ന് പറഞ്ഞാണ് ഇയാള്‍ 2010ല്‍ താമസിച്ചിരുന്നത്. കൂടാതെ ഒരു പൗള്‍ട്രി കരാറില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരും ഉപയോഗിച്ചു. ചെന്നൈയിലെ ഒരു ബിസിനസുകാരനെയും കരുണാനിധിയുടെ കൊച്ചുമകന്‍ എന്ന പേരില്‍ സമീപിച്ചെങ്കിലും 1.49 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ക്ക് തട്ടിയെടുക്കാന്‍ സാധിച്ചത്. അതോടെ ഈ തട്ടിപ്പ് രീതി പുറത്താകുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടും ഇയാള്‍ ഈ തട്ടിപ്പ് നിര്‍ത്തിയില്ല. ജെഡി(എസ്) നേതാവും കുമാരസ്വാമിയുടെ മകന്റെ സുഹൃത്തുമാണെന്ന് പറഞ്ഞ് ബംഗളൂരുവിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മരുമകനാണെന്ന് പറഞ്ഞ് ഒരിക്കല്‍ ഹൈദ്രാബാദിലും ഇയാള്‍ തട്ടിപ്പ് നടത്തി.
2013ല്‍ ചെന്നൈയിലെ ഒരു ബിസിനസ് ദമ്പതികളെയും ഒരു ദേശസാല്‍കൃത ബാങ്കിനെയും ഉള്‍പ്പെടുത്തി നടത്തിയ 19 കോടി രൂപയുടെ തട്ടിപ്പാണ് ഇവരുടെ പേരിലുള്ള മറ്റൊരു പ്രമുഖ കേസ്. കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫ്യൂച്ചര്‍ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും സാനിറ്ററി നാപ്കിന്‍ യന്ത്രങ്ങളുടെ കരാറിന്റെ പേരില്‍ 132 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2011ല്‍ ലീനയുടെ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാല്‍ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളില്‍ പങ്കാളിയായി.