അഴിമതികേസിൽ കുടുങ്ങി ഷെയ്ഖ് ഹസീനയുടെ മകൾ; ‘അവധിയിൽ’ പ്രവേശിപ്പിച്ച് ലോകാരോഗ്യ സംഘടന

സൈമ വാസദിനെതിരെ വഞ്ചനാ കുറ്റം ചുമത്തി അഴിമതി വിരുദ്ധ കമ്മീഷൻ

ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഏജൻസിയുടെ (SEARO) മേധാവിയായ സൈമ വാസദിനെ വഞ്ചനാ കുറ്റത്തിന് “അവധിയിൽ” പ്രവേശിപ്പിച്ച് WHO. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അധികാര ദുർവിനിയോഗം എന്നിവയ്ക്ക് ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷൻ (ACC) സൈമ വാസദിനെതിരെ കേസെടുത്തതിനെ തുടർന്നാണ് നടപടി. പകരം, ലോകാരോഗ്യ സംഘടനയുടെ ജനീവ ആസ്ഥാനത്തു നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥയായ ഡോ. കാതറിന ബോഹ്‌മെയെ ഓഫീസർ ഇൻ ചാർജ് ആയി നിയമിച്ചതായി WHO അറിയിച്ചു.

സൈമ വാസദിന്റെ അവധി കാലയളവ് പ്രാദേശിക അംഗരാജ്യങ്ങളെ അറിയിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ് വ്യക്തമാക്കി. 2023 ലാണ് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകളായ സൈമ വാസദ് വാസദ് SEARO യുടെ റീജിയണൽ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്.

അതെ സമയം, റീജിയണൽ ഡയറക്ടർ സ്ഥാനത്തേക്കുള്ള അവരുടെ പ്രചാരണത്തിന് പിന്നിൽ, ഷെയ്ഖ് ഹസീന തന്റെ സ്വാധീനം ദുർവിനിയോഗം ചെയ്തതായി റിപ്പോർട്ടുണ്ട്. 2024 ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാവുകയും നാടുവിടുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രക്ഷോഭത്തെത്തുടർന്ന്, ബംഗ്ലാദേശിലെ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സർക്കാർ സൈമ വാസദ് ഉൾപ്പെടെയുള്ള മുൻ ഭരണകൂടത്തിലെ അംഗങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

മാർച്ചിലാണ്‌ അഴിമതി വിരുദ്ധ കമ്മീഷൻ (ACC) അവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയത്. ലോകാരോഗ്യ സംഘടനയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യാജ അക്കാദമിക് യോഗ്യതകൾ ഹാജരാക്കിയതായും, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ഷുച്ചോണ ഫൗണ്ടേഷനിലൂടെ ഏകദേശം 330 മില്യൺ ഡോളർ (2.7 മില്യൺ ഡോളർ) നിയമവിരുദ്ധമായി സമാഹരിക്കുന്നതിനായി തന്റെ സ്ഥാനവും രാഷ്ട്രീയ ബന്ധങ്ങളും പ്രയോജനപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.

ഫൗണ്ടേഷനിലേക്ക് ഫണ്ട് എത്തിക്കാൻ നിരവധി ബാങ്കുകളിൽ അവർ സമ്മർദ്ദം ചെലുത്തിയിരുന്നതായും അവർ കണ്ടെത്തിയിട്ടുണ്ട്. അംഗരാജ്യങ്ങൾ നേരിട്ട് നിയന്ത്രിക്കുന്ന SEARO പോലുള്ള പ്രാദേശിക സംഘടനകളിൽ WHO യ്ക്ക് പരിമിതമായ സ്വാധീനം മാത്രമേ ഉള്ളൂ. എന്നാൽ, അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസിക്ക് ഇടപെടാൻ കഴിയുമെന്ന് ഒരു അന്താരാഷ്ട്ര ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. വാസദിനെ മാറ്റിസ്ഥാപിക്കാൻ അംഗരാജ്യങ്ങൾക്കും തിരഞ്ഞെടുപ്പിന് ആവശ്യപ്പെടാം.

പ്രധാനമന്ത്രിയുടെ മകളല്ലായിരുന്നുവെങ്കിൽ, വാസദ് ഇത്രയും ഗൗരവമുള്ള ഒരു സ്ഥാനത്തേക്ക് എത്തില്ലായിരുന്നു എന്നാണ് നേരത്തെ ഐക്യരാഷ്ട്രസഭയുടെ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായ കുൽ ചന്ദ്ര ഗൗതം അഭിപ്രായപ്പെട്ടത്. സ്വജനപക്ഷപാത ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു വാസെദ് അതിനോട് പ്രതികരിച്ചിരുന്നത്. പകരം കഴിവാണ് പ്രധാനം എന്നും അവർ പറഞ്ഞിരുന്നു. 500 മില്യൺ ഡോളറിലധികം വാർഷിക ബജറ്റുള്ള SEARO, 11 രാജ്യങ്ങളിലായി മേഖലയിലെ 2 ബില്യൺ ജനങ്ങളെ ഉൾക്കൊള്ളുന്ന ആരോഗ്യ നയത്തിലും പരിപാടികളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്നാൽ വാസെദിന്റെ തിരഞ്ഞെടുപ്പിന് പിന്നാലെ, SEARO-യിൽ നിന്ന് പിന്മാറാനും WHO യുടെ പടിഞ്ഞാറൻ പസഫിക് മേഖലയിൽ ചേരാനുമുള്ള ഇന്തോനേഷ്യയുടെ തീരുമാനം SEARO യെ കാര്യമായി ബാധിച്ചിരുന്നു. വാസേദിന്റെ ചില സ്വത്തുക്കൾ അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. ഇന്റർപോൾ റെഡ് നോട്ടീസ് വഴി അറസ്റ്റിനുള്ള നീക്കവും നടത്തുന്നുണ്ട്. മനഃശാസ്ത്രജ്ഞയും ഓട്ടിസം അവബോധത്തിന്റെ വക്താവുമായ വാസെദ്, ആരോപണങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. കുടുംബത്തെ ലക്ഷ്യം വച്ചുള്ള വ്യാപകമായ അഴിമതി അന്വേഷണങ്ങളെ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സൈമ വാസെദിന്റെ സഹോദരൻ സജീബ് വാസദ് പ്രതികരിച്ചത്.

യൂനുസ് ഭരണകൂടത്തിന്റെ അപവാദ പ്രചാരണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ഖ് ഹസീനയുടെ അനന്തരവളും ലേബർ പാർട്ടി എംപിയും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന്റെ അടുത്ത സഖ്യകക്ഷിയുമായ തുലിപ് സിദ്ദിഖ്, മുൻ ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധപ്പെട്ട സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാക്കിയതായി ആരോപണത്തെത്തുടർന്ന് യുകെയിലെ അഴിമതി വിരുദ്ധ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതയായിരുന്നു. ബംഗ്ലാദേശ് ഭരണകൂടം പിന്നീട് അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

content summary: WHO’s south-east Asia head ‘on leave’ after Bangladesh corruption allegations 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment