July 14, 2026 |
Share on

ചര്‍ച്ചയായി 2006 ലെ മാലേഗാവ് സ്‌ഫോടനവും, ആരായിരുന്നു പിന്നില്‍?

ജോസി ജോസഫിന്റെ നിശബ്ദ അട്ടിമറി വിശദീകരിക്കുന്നു

2006-ലെ മുംബൈ തീവണ്ടി സ്‌ഫോടനക്കേസില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തി വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചവരടക്കുമുള്ള മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ട വിധി കഴിഞ്ഞ ദിവസം വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തത് മലയാളിയും വിഖ്യാത അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമതി (ദ സൈലന്റ് കൂ)’ എന്ന പുസ്തകമായിരുന്നു (2006 -ലെ മുംബൈ സ്‌ഫോടന പരമ്പരയും ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’യും കോടതി വിധികളും). 187 പേരുടെ കൊലപാതകത്തിലും 800-ല്‍ അധികം പേരുടെ പരിക്കിലും കാരണമാക്കിയ അഞ്ച് സ്‌ഫോടനങ്ങളായിരുന്നു അന്ന് നടന്നത്. ആ കേസിന്റെ അന്വേഷണം എത്ര ദുര്‍ബലമായതും മുന്‍വിധികളോട് കൂടിയതും ആയിരുന്നുവെന്നും അതില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലീം ചെറുപ്പക്കാരുടെ നിസഹായതയും വിശദീകരിക്കുന്ന ആ പുസ്തകം ഇന്നിപ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു.

2008ല മലേഗാവ് സ്‌ഫോടന കേസിന്റെ വിധി വരുമ്പോള്‍ അതിന് മുമ്പ് 2006-ല്‍ മലേഗാവില്‍ നടന്ന ബോംബ് സ്‌ഫോടനവും ചര്‍ച്ചയാവുകയാണ്. ഈ സ്‌ഫോടനത്തിലെ പ്രതികളെ കുറിച്ച് ആദ്യമായി സംശയം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തകനാണ് ജോസി ജോസഫ്. ഇസ്ലാമിക തീവ്രവാദികളല്ല, ഈ സ്‌ഫോടനത്തിന് പിന്നിലെന്ന ആദ്യ സൂചന നല്‍കിയതും ജോസിയുടെ റിപ്പോര്‍ട്ടായിരുന്നു. പിന്നീട് പ്രജ്ഞാ സിംഗിലേയ്ക്കും കേണല്‍ സുരേഷ് പുരോഹിതിലേയ്ക്കും അന്വേഷണം നീണ്ടതിന്റെ ആദ്യ സൂചന നല്‍കിയത് ജോസി ജോസഫാണ്. ‘നിശബ്ദ അട്ടിമറിയില്‍ അതേ കുറിച്ച് ജോസി വിശദമാക്കുന്നുണ്ട്. ആ ഭാഗം വായിക്കാം:

”2006 സെപ്തംബര്‍ എട്ടിന് മാലേഗാവിലെ പള്ളിയോടുത്ത ശവപ്പറമ്പില്‍ ഉച്ചയ്ക്ക് നൂറുകണക്കിന് മുസ്ലീങ്ങള്‍ ബാറാത്തിന്റെ ഭാഗമായി മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കവേ രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചു. ചുരുങ്ങിയത് 40 ആളുകള്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

രഹസ്യാന്വേഷണ സേനയിലുള്ള എന്റെ പരിചയക്കാരെ ഞാന്‍ വിളിച്ചു. മിക്കവാറും പേര്‍ പാകിസ്താന്‍ ഭീകരാവാദ കഥകളുമായി തയ്യാറായി ഇരിക്കുകയായിരുന്നു. പക്ഷേ രണ്ട് പേര്‍ ഹിന്ദു തീവ്രവാദികളെ അവഗണിക്കരുത് എന്ന്് പറഞ്ഞു. ആര്‍ ആന്‍ഡ് എഡബ്ലിയുവിലെ ഒരു മുതിര്‍ ഓഫീസര്‍ എന്നോട് അവര്‍ മുംബൈ സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ചോര്‍ത്തിയ അസാധാരണമായ ഒരു ഫോണ്‍കോളിനെ കുറിച്ച് പറഞ്ഞു. ജൂണ്‍ ആറ് വെള്ളിയാഴ്ച ജമാ മസ്ജിദ് സമുച്ചയത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം ഉണ്ടായിക്കഴിഞ്ഞ ഉടനെയായിരുന്നു ആ ഫോണ്‍ കോള്‍. അസറിന് തൊട്ടുമുമ്പ് നടന്ന സ്‌ഫോടനങ്ങളില്‍ പതിമൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. ‘ഈ ഫോണ്‍ കോള്‍ ഇന്‍ഡോറിലേയ്ക്കായിരുന്നു. അത് സംശയാസ്പദമാണൊണ് ഞങ്ങള്‍ക്ക് തോന്നിയത്. പക്ഷേ ആ സൂചനയില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഐ.ബി. താത്പര്യം പ്രകടിപ്പിച്ചില്ല.’-അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളില്‍ നടന്നിട്ടുള്ള ചെറുതും എന്നാല്‍ അസാധാരണവുമായ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ അദ്ദേഹം എന്നോട് പറയുകയും ചെയ്തു.

അപ്പോള്‍ ജോലി ചെയ്തിരുന്ന പത്രമായ ഡി.എന്‍.എയില്‍ ഞാന്‍ അന്ന് ഒരു ന്യൂസ് സ്റ്റോറി എഴുതി. ‘മാലേഗാവ് സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ള നാടന്‍ ബോംബുകളും സ്‌ഫോടനത്തിന് തിരഞ്ഞെടുത്ത ഇടവും അതിന്റെ സമയവും സൂചിപ്പിക്കുന്നത് ഇതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സ്ഥിരമായി സംശയിക്കപ്പെടുന്ന ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയര്‍ ആകാന്‍ ഇടയില്ല എന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നത്.” ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ പലപ്പോഴും ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്നുണ്ടെന്നും ആ ന്യൂസ് സ്റ്റോറി ചൂണ്ടിക്കാണിക്കുന്നു.

‘നന്ദേഡ് സ്‌ഫോടനം പോലുള്ള സംഭവങ്ങളെ നമ്മള്‍ കുറച്ച് കൂടി സൂക്ഷ്മമായി നിരീക്ഷിക്കണം’-എന്റെ വാര്‍ത്താ സ്രോതസ് പറഞ്ഞു. അതേ വര്‍ഷം ഏപ്രിലില്‍ നന്ദേഡില്‍ യാദൃശ്ചികമായി ഒരു ബോംബ് സ്‌ഫോടനം ഉണ്ടാവുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സി.ഐ.ഡി ബംജ്രംഗ് ദളിനെയാണ് ഇതിന് കുറ്റപ്പെടുത്തിയത്. എന്തായാലും അക്കാലത്തെ ഞങ്ങളുടെ എഡിറ്ററും ഇപ്പോള്‍ ‘സ്വരാജ്യ’യുടെ എഡിറ്റോറിയല്‍ ഡയറക്ടറുമായ ആര്‍.ജഗന്നാഥന്‍ ഈ സ്റ്റോറി ഒന്നാം പേജില്‍ വലിയ പ്രധാന്യത്തോടെ, സ്‌ഫോടന വാര്‍ത്തയുടെ വിശദാംശങ്ങളുടെ താഴെത്തന്നെ, ‘മാലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ സ്ഥിരമായി സംശയിക്കപ്പെടുന്നവരാകാന്‍ ഇടയില്ല’ എന്ന തലക്കെട്ടില്‍ നല്‍കി.

പിറ്റേന്ന് രാവിലെ ഞാന്‍ വാര്‍ത്ത ശേഖരണത്തിന്റെ ഭാഗമായി ഓഫീസിന് പുറത്തുള്ളപ്പോള്‍, ഒരു മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ സ്റ്റാഫ് എന്നെ വിളിച്ചു. ‘ബോസ് ഒന്ന്് കാണണമെന്ന് പറയുന്നു. ഇതുവഴി വരാന്‍ പറ്റുമോ?’. ഞാന്‍ നോര്‍ത്ത് ബ്ലോക്കിലേയ്ക്ക് കാറോടിച്ചു. ആ പ്രൗഢഗംഭീരമായ കെട്ടിടത്തിന് പുറകിലെ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് സ്ഥലത്ത് കാര്‍ ഒതുക്കി ബേസ്മെന്റില്‍ നിന്ന് ലിഫ്്റ്റ് കയറി. ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊതുവേ എല്ലായിപ്പോഴും അനൗപചാരികമായും ഊഷ്മളമായുമാണ് പെരുമാറുക. പക്ഷേ ആ പ്രഭാതത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുു. ഒരു കപ്പ് ചായ തന്ന ശേഷം അദ്ദേഹമെന്നെ ഗുണദോഷിച്ചു. ഹിന്ദു ഭീകരവാദികളാകും ഇത്തരമൊരു സ്‌ഫോടനത്തിന് പിന്നിലെന്നുള്ള സംശയങ്ങളുണര്‍ത്തുന്ന തരത്തിലുള്ള ഒരു കുറിപ്പ് എഴുതിയത് തികച്ചും നിരുത്തരവാദിത്തപരമായി പോയി എന്നദ്ദേഹം പറഞ്ഞു. ഇസ്ലാമിനുള്ളില്‍, ദേവ്ബന്ദികളും സുന്നികളും തമ്മില്‍ നിലനില്‍ക്കുന്ന വഴക്കിന്റെ ഫലമാണ് മാലേഗാവ് സ്‌ഫോടനമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. പ്രത്യക്ഷത്തില്‍ തന്നെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ‘സുരക്ഷാവാര്‍ത്തകളെഴുതുന്ന കാര്യത്തില്‍ നിങ്ങളെത്ര തഴക്കം വന്നയാളാണ്! ഇത്തരത്തില്‍ ഉത്തരവാദിത്തരഹിതമായി എഴുതുന്നതെങ്ങനെ?’ -അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ സാധാരണ പ്രകൃതത്തിന് ഒട്ടും ചേരാത്ത പെരുമാറ്റമായിരുന്നു അതെന്ന് എനിക്ക് തോന്നി.

ഞാന്‍ ഐബിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോഴേയ്ക്കും ടെലിവിഷന്‍ ചാനലുകള്‍ ഞാന്‍ അപ്പോള്‍ കേട്ട വാചകം വിളിച്ച് പറയുന്നത് കേട്ടു. ഇസ്ലാമിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തിളച്ച് മറിയുന്ന സംഘര്‍ഷങ്ങളെ കുറിച്ച് ദേശീയ ചാനലുകള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നു. മാലേഗാവില്‍ അതിനുള്ള തെളിവും അവര്‍ കണ്ടെത്തി. പരിഷ്‌കരണത്തില്‍ വിശ്വസിക്കുവരും യാഥാസ്ഥിതികരുമായ മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ മാലേഗാവില്‍ കുറച്ച് കാലമായി സംഘര്‍ഷം നിലനിന്നിരുന്നു. ദേശീയ മാധ്യമങ്ങളൊന്നാകെ ബോംബ് സ്ഥോടനം വിശദീകരിക്കാന്‍ ആ സിദ്ധാന്തത്തിന് പുറകേ പോയി. ഐ.ബി മനപൂര്‍വ്വം അത്തരമൊരു ആഖ്യാനം നിര്‍മ്മിച്ചെടുക്കുകയായിരുന്നോ? അതോ ഇത്രയധികം വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കെല്ലാം അറിയാവുന്നതിനപ്പുറമുള്ള കാര്യങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നോ? അതോ സ്വന്തം മുന്‍വിധികളുടെ ഇരയായിരുന്നോ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി? ഈ ചോദ്യങ്ങള്‍ക്ക് എനിക്ക് തീര്‍ച്ചയായ ഒരുത്തരമില്ല.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാലേഗാവ് സ്‌ഫോടനത്തിലും മറ്റ് പ്രധാനപ്പെട്ട ആക്രമണങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകള്‍ക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായി. അതോടെ സുരക്ഷാ സംവിധാനത്തിനകത്ത് തന്നൈയുള്ള പല ആധികാരിക ശബ്ദങ്ങളും ഐ.ബിയുടെ നടപടികള്‍ക്കെതിരെ വിരല്‍ ചൂണ്ടി. ബ്യൂറോയ്ക്കകത്ത് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഒരു വിശദമായ അന്വേഷണം നടുന്നുവെങ്കില്‍ ഐ.ബിയുടെ മാത്രമല്ല, മുഴുവന്‍ സുരക്ഷാ ഏജന്‍സികളുടേയും സുതാര്യത വര്‍ദ്ധിക്കുമായിരുന്നു. അതിന് പകരം രഘുവംശിയുടെ കീഴിലുള്ള മഹാരാഷ്ട്ര എ.റ്റി.എസ് (ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്) മാലേഗാവ് സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുകയാണുണ്ടായത്.”  Who was behind the 2006 Malegaon Bombings. Josy Joseph The Silent Coup explaining 

Content Summary; Who was behind the 2006 Malegaon Bombings. Josy Joseph The Silent Coup explaining

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×