ഇസ്രയേല്‍ ഇറാനില്‍ കൊലപ്പെടുത്തിയ ഹമാസ് നേതാവ്
ഹമാസ് രാഷ്ട്രീയകാര്യ തലവനും പലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടു. ഹനിയയുടെ മരണം ഹമാസും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ വീട്ടില്‍ സയണിസ്റ്റുകള്‍ നടത്തിയ വഞ്ചനാപരമായ റെയ്ഡില്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ. അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഇറാന്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇസ്മായില്‍ ഹനിയയുടെ മരണത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
പലസ്തീന് പുറത്തു നിന്ന് ഹമാസിന്റെ രാഷ്ട്രീയകാര്യങ്ങള്‍ എകോപിപ്പിച്ചു വരികയായിരുന്നു ഹനിയ. സമീപ വര്‍ഷങ്ങളിലായി ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വാസം. പ്രായോഗികവാദിയായി അറിയപ്പെടുന്ന ഹനിയ, ഇസ്രയേല്‍-ഗാസ വെടി നിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. പലസ്തീനെ പിന്തുണയ്ക്കുന്ന ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി ഹനിയ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അതുപോലെ, പലസ്തീനിലെ വിവിധ രാഷ്ട്രീയ-സായുധ സംഘടനകളുമായുള്ള ബന്ധവും ഹനിയ മുന്നോട്ടു കൊണ്ടുപോയിരുന്നു. ഹമാസിന്റെ എതിരാളികളായ സംഘടനകളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. 2017 ല്‍ ഖാലിദ് മേഷാലിന്റെ പിന്‍ഗാമിയായി ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി ഇസ്മായില്‍ ഹാനിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് അട്ടിമറി വിജയം നേടിയതിനെ തുടര്‍ന്നാണ് ഹനിയ പലസ്തീന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇസ്മായില്‍ ഹനിയയുടെ കൊലപാതകം ഹമാസിന് വലിയ തിരിച്ചടിയായാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം മധ്യേഷന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനും ഈ കൊലപാതകം വഴിവച്ചേക്കും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെയും ഈ സംഭവം സാരമായി ബാധിക്കാം.
അസ്‌കലാനില്‍(ഇന്ന് ഇസ്രയേല്‍ നഗരമായ അഷ്‌കലേന്‍) നിന്നും അഭയാര്‍ത്ഥികളാക്കപ്പെട്ടവരായിരുന്നു ഹനിയയുടെ മാതാപിതാക്കള്‍. ഗാസയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇസ്മായില്‍ ഹനിയയുടെ ജനനം. 1980 കളില്‍ ഒന്നം ഇന്‍ഫിദയുടെ സമയത്താണ് ഹനിയ ഹമാസിന്റെ ഭാഗമാകുന്നത്. പലസ്തീന്‍ പോരാട്ടത്തിന്റെ ഭാഗമായിരുന്ന ഹനിയയെ പല തവണ ഇസ്രയേല്‍ സൈന്യം തടവില്‍ അടച്ചിരുന്നു. ശിക്ഷയുടെ ഭാഗമായി പല തവണ അദ്ദേഹത്തെ ഗാസയില്‍ നിന്നും നാടു കടത്തയിട്ടുണ്ട്. വീണ്ടും അദ്ദേഹം തിരികെ ജന്മനാട്ടിലേക്ക് തന്നെ എത്തുകയും ചെയ്തു. ഹനിയയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ഹമാസില്‍ അദ്ദേഹത്തിന്റെ റാങ്ക് പടിപടിയായി ഉയര്‍ന്നു കൊണ്ടിരുന്നു. ഹമാസ് നേതാക്കളായ ഷെയ്ഖ് അഹമ്മദ് യാസിന്‍, അബ്ദുള്‍ അസീസ് റാന്റിസി എന്നിവരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ 2004 ല്‍ ഹനിയയെ ഹസാമിന്റെ രഹസ്യവിഭാഗമായ ‘ കൂട്ടായ്മ നേതൃത്വത്തിന്റെ’ ഭാഗമാക്കി മാറ്റിയിരുന്നു. 2017 ലാണ് ഹനിയ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ തലപ്പെത്തെത്തുന്നത്. ആഗോള തീവ്രവാദത്തിനായി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നത്.ഹമാസിന്റെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ച്ചപ്പാടില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഹനിയ. ആഗോളതലത്തില്‍ സഞ്ചാരിച്ചുകൊണ്ടിരുന്ന ഹനിയ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളും നടത്തിക്കൊണ്ടിരുന്നു. who was ismail haniyeh hamas leader who killed in tehran iran
Content Summary; who was ismail haniyeh hamas leader who killed in tehran iran