ഫ്രാന്‍സിസ് മാര്‍പാപ്പ നിത്യതയിലേക്ക് മറയുമ്പോള്‍ ആരാകും അടുത്ത പോപ്പ് എന്ന കാത്തിരിപ്പിലാണ് ലോകം. 2013 മാര്‍ച്ച് 13 ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് സ്ഥാനമേറ്റ ശേഷം റോമന്‍ കത്തോലിക്കാ സഭയെ നയിച്ച ആദ്യത്തെ ലാറ്റിനമേരിക്കന്‍ മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. അര്‍ജന്റീനയില്‍ നിന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ 1,300 വര്‍ഷത്തിനിടെ സഭാ നേതാവാകുന്ന ആദ്യ യൂറോപ്യന്‍ ഇതര പോപ്പ് കൂടിയായിരുന്നു.
വേറിട്ട നിലപാടുകള്‍ കൊണ്ട് മുന്‍ഗാമികളെ അപേക്ഷിച്ച് ജനഹൃദയം കീഴടക്കിയ പോപ്പ് ഫ്രാന്‍സിസിന് പകരം വയ്ക്കാനാകില്ലെങ്കിലും അടുത്തതാരെന്ന ചര്‍ച്ചയിലാണ് ലോകം. പാപ്പല്‍ കോണ്‍ക്ലേവ് വഴി നടക്കുന്ന രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. പിന്‍ഗാമി ആരെന്ന കാര്യത്തില്‍ വത്തിക്കാന്‍ യാതൊരു സൂചനയും നല്‍കിയിട്ടില്ല. ആഫ്രിക്കക്കാരനോ, ഏഷ്യക്കാരനോ ആകാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നിരുന്നാലും പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത് എട്ട് പേരുകളാണ്.
കര്‍ദിനാള്‍ പിയട്രോ പരോളിന്‍
ഇറ്റലിയില്‍ നിന്നുള്ള 70 കാരന്‍. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സെക്രട്ടറിയാണ്. കഴിഞ്ഞ 12 വര്‍ഷമായി ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം വത്തിക്കാനിലായിരുന്നു. 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ പിയട്രോ പരോളിനെ കര്‍ദിനാളായി സ്ഥാനക്കയറ്റം നല്‍കിയത്. വൈദികനായി മൂന്നാം വര്‍ഷം വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിലെത്തി. രാഷ്ട്രീയ മിതവാദിയായ പിയട്രോ വെനസ്വേല, ചൈന, വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളില്‍ നയതന്ത്ര പ്രതിനിധിയായിരുന്നു. ഇറ്റലിയില്‍ നിന്നും മാര്‍പാപ്പ സ്ഥാനത്തേക്ക് ഏറെ സാധ്യതയും കര്‍ദിനാള്‍ പിയട്രോ പരോളിന് തന്നെയാണ്.
കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുങ്കു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള 65 കാരനാണ്. ആഫ്രിക്കയിലെയും മഡഗാസ്‌കയിലെയും എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ സിമ്പോസിയത്തിന്റെ പ്രസിഡന്റ് കൂടിയാണ്. യാഥാസ്ഥിതിക നിലപാടുകളുടെ വക്താവായ ബെസുങ്കു, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് സാധ്യതയുള്ള വ്യക്തിയാണ്. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളെ തള്ളിയ കര്‍ദിനാള്‍. ആഫ്രിക്കയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ വെണ്ടെന്ന നിലപാടെടുത്തു. 2019 ലാണ് ബെസുങ്കു കര്‍ദിനാള്‍ ആയത്.
കര്‍ദിനാള്‍ വിം ജാക്കോബസ് ഐജിക്ക്
നെതര്‍ലന്‍ഡുകാരനായ 71 കാരന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 2012 ല്‍ കര്‍ദിനാളായി ഉയര്‍ത്തിയത്. ഡോക്ടര്‍ ആയ ഐജിക്ക് കത്തോലിക്ക സഭയിലെ യാഥാസ്ഥിതിക വാദികളില്‍ പ്രമുഖന്‍ കൂടിയാണ്. ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാമത് വിവാഹം കഴിക്കാം എന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടിനെ അദ്ദേഹം എതിര്‍ത്തിട്ടുണ്ട്. അത് വ്യഭിചാരമാണെന്നു വരെ അദ്ദേഹം പറഞ്ഞു. പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്കു കത്തോലിക്കാ പള്ളികളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാം എന്ന ജര്‍മന്‍ ബിഷപ്പുമാരുടെ തീരുമാനത്തെ ഫ്രാന്‍സിസ് പാപ്പ എതിര്‍ത്തില്ലെന്ന് പരാതിപ്പെടുകയും ചെയ്തു.
കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ
ഹംഗറിയില്‍ ജനിച്ച പീറ്റര്‍ എര്‍ഡോയ്ക്ക് 72 വയസാണ്. യൂറോപ്പിലെ ബിഷപ്പ് കോണ്‍ഫറന്‍സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റാണ്. കത്തോലിക്ക സഭയുടെ സമകാലിക ഭരണകാര്യങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന യാഥാസ്ഥിതികന്‍. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്. വിവാഹമോചനം നേടിയവര്‍ക്കും പുനര്‍വിവാഹം ചെയ്തവര്‍ക്കും കുര്‍ബാന കൊടുക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. യൂറോപ്പ് അഭയാര്‍ഥികളെ സ്വീകരിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍
ഫിലിപ്പൈന്‍ സ്വദേശിയായ അന്റോണിയോ ടാഗിളിന് 68 വയസാണ്. ‘ഏഷ്യന്‍ പോപ്പ് ഫ്രാന്‍സിസ്’ എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷ ചായ് വുള്ള ആളാണ്. എല്‍ജിബിടി വിഭാഗത്തോടും വിവാഹമോചിതരോടും പുനര്‍വിവാഹം ചെയ്തവരോടുമുള്ള സഭയുടെ നിലപാടുകള്‍ തിരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. പോപ്പ് ബെനഡിക്ട് 2012 ലാണ് കര്‍ദിനാള്‍ ആക്കിയത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഏഴാമത്തെ ഫിലിപ്പൈന്‍ പൗരനായിരുന്നു. അന്റോണിയോ ടാഗിളിന്‍ മാര്‍പാപ്പയായാല്‍ ഏഷ്യയില്‍ നിന്നുള്ള ആദ്യ പോപ്പായിരിക്കും.
കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്
അമേരിക്കയില്‍ നിന്നുള്ള 76 കാരനായ കര്‍ദിനാളാണ്. കടുത്ത യാഥാസ്ഥിതികനായ ഇദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടതുപക്ഷ സമീപനങ്ങളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 2010 ലാണ് കര്‍ദിനാളായി ചുമതലയേറ്റത്.
കര്‍ദിനാള്‍ മരിയോ ഗ്രെച്ച്
മാര്‍ട്ടയില്‍ നിന്നുള്ള 67 കാരന്‍. സിനഡ് ഓഫ് ബിഷപ്‌സിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖന്‍. ലൈംഗികതയോ വിവാഹമോചനമോ മൂലം സഭ ഭ്രഷ്ട് കല്പിച്ചവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. 2020 ലാണ് കര്‍ദിനാളായത്.
കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി
ഇറ്റലിയില്‍ നിന്നുള്ള 69 കാരനാണ്. ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ മാറ്റിയോ സുപ്പി റോമിലാണ് ജനിച്ചത്. ഇറ്റിലിയിലെ ബൊളോണയിലെ ആര്‍ച്ച് ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയപ്പെട്ടവനായിരുന്നു. 2023ല്‍ യുക്രൈനിലേക്കു പാപ്പയുടെ സമാധാന ദൂതനായി പോയി. 2019 ലാണ് കര്‍ദിനാളായി നിയമിതനായത്. ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് പ്രവര്‍ത്തനം.
മാര്‍പാപ്പയുടെ മരണശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷമാണ് പാപ്പല്‍ കോണ്‍ക്ലേവ് നടക്കുക. 2013 ല്‍ ബെനഡിക്ട് 16-ാം മന്‍ രാജിവച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് ആരംഭിച്ചത്.who will be the next pope; eight people on the list of possible candidates
Content Summary: who will be the next pope; eight people on the list of possible candidates