ഫാന്‍സുകാരെ കൊണ്ട് എന്ത് പ്രയോജനം?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ആരാധകരെല്ലാം നിശബ്ദരായതെന്തു കൊണ്ട്?

വിശ്വസാഹിത്യകാരന്‍ ജെയിംസ് ജോയസ് ഒരിക്കല്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഒരു ആരാധകന്‍ ഓടി വന്ന് അദ്ദേഹത്തിനോട് പറഞ്ഞു ‘മഹത്തായ ക്ലാസിക്ക് ‘യൂളിസിസ്’ എഴുതിയ ഈ കൈ ഞാന്‍ ഒന്ന് ചുംബിച്ചോട്ടെ? ജോയസ് പറഞ്ഞു ‘വേണ്ട, ഈ കൈ കൊണ്ട് വെറെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്’.

മലയാള സിനിമാ താരങ്ങളുടെ ആരാധകര്‍ അഥവാ ഫാന്‍സുകാര്‍ തങ്ങളുടെ ആരാധന മൂര്‍ത്തികളുടെ വെള്ളിത്തിരക്ക് പുറത്തെ വെറെ ചില കാര്യങ്ങള്‍-അഭിനയ പരമ്പരകള്‍ കണ്ട് ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. ജെയിംസ് ജോയസ് തന്റെ ഫാന്‍/ ആരാധകനോട് നേരിട്ട് പറഞ്ഞ പോലെ താരങ്ങള്‍ നേരിട്ട് തങ്ങളുടെ ‘മറ്റ്’ കാര്യങ്ങള്‍ ഫാന്‍സ്‌കാരോട് പറഞ്ഞില്ലെങ്കിലും താരങ്ങളുടെ അഭിനയേതര കാര്യങ്ങള്‍ക്ക് വിധേയരായ ചിലര്‍ അത് പരസ്യമായി വെളിപ്പെടുത്തിയതോടെ, മാധ്യമങ്ങള്‍ അവ ഏറ്റെടുത്തു. ചാനലുകള്‍ താരമര്‍ദ്ദന ആഘോഷങ്ങളാരാരംഭിച്ചതോടെ മലയാള സിനിമാ രംഗം ഇടിവെട്ടേറ്റ വന്‍ മരം പോലെയായി. മുന്‍പത്തെ പോലെ രഹസ്യമായല്ല, പഴയ കാല സിനിമാ വാരികയിലെ എരിവും പുളിയുള്ള ഗോസിപ്പ് പംക്തികള്‍ പോലെയല്ല ഇത്. ‘ഇരകള്‍’ എന്ന് അവകാശപ്പെടുന്നവര്‍ സ്വന്തം വ്യക്തിത്വം ക്യാമറക്ക് മുന്‍പ് വെളിപ്പെടുത്തി മുഖം കാണിച്ചാണ് പച്ചക്ക് കാര്യങ്ങള്‍ പറയുന്നത്.

ഇതൊക്കെ പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളാണെങ്കിലും ഫ്‌ളാഷ്ബാക്കിനാണല്ലോ സിനിമയുടെ കഥാഗതിയില്‍ നിര്‍ണായക പങ്ക്.

കേള്‍ക്കുന്നതൊക്കെ സത്യമാണ് എന്ന് തോന്നുന്ന കാര്യങ്ങളാണ് പിന്നെ നടന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബല സിനിമാ സംഘടനയായ ‘ അമ്മ’യിലെ പ്രധാന സംഘടനാ ഭാരവാഹി തന്നെ രാജി വെച്ചു. സൂപ്പര്‍താരവും മറ്റ് നടന്‍മാരും പിറകെ രാജി വെച്ചു. ഇപ്പോള്‍ സംഘടന പിളരാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.

സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഷൂട്ടിംഗിനായി പറന്ന് നടന്ന പല താരങ്ങളും ഇപ്പോള്‍ വക്കീലന്മാരുടെ വീടുകളിലേക്ക് നെട്ടോട്ടം ഓടുന്നതായാണ് പിന്നാമ്പുറ വാര്‍ത്ത. കാള്‍ ഷീറ്റിനേക്കാള്‍ താരങ്ങള്‍ക്ക് ഇപ്പോള്‍ വില കല്‍പ്പിക്കുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷക്കാണേ്രത. എങ്ങിനെയെങ്കിലും പീഡനക്കേസില്‍ നിന്ന് തലയൂരണ്ടേ?

കാല്‍ നൂറ്റാണ്ട് മുന്‍പാണ് സഖറിയ ഒരു ലേഖനം എഴുതിയത്; ‘ബുദ്ധി ജീവികളെക്കൊണ്ട് എന്ത് പ്രയോജനം?’ പരമ്പരാഗത ബുദ്ധിജീവികള്‍ കേരളത്തില്‍ സൃഷ്ടിച്ച മായാലോകത്തിന്റെ ദുഃഖ യാഥാര്‍ത്ഥ്യത്തെ കുറിച്ചായിരുന്നു സഖറിയ ആ ലേഖനത്തിലൂടെ വ്യാകുലപ്പെട്ടത്.

ഇപ്പോഴത്തെ മലയാള സിനിമാ മേഖലയില്‍ കുറച്ച് നാളായി നടക്കുന്നതും നാം കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും വെച്ച് സിനിമയെന്ന മായാലോകത്തില്‍ ഇപ്പോള്‍ സംഭവിച്ച ദുഃഖ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉയരാം ‘സഖറിയ ചോദിച്ച പോലെ ‘ഫാന്‍സുകാരെക്കൊണ്ട് എന്ത് പ്രയോജനം?’

സഖറിയയുടെ ലേഖനത്തിന്റെ തലക്കെട്ട് ഓര്‍മ്മിച്ച് -ഇത്തരം കാര്യങ്ങളില്‍ അറിവുള്ള ഒരു യുവ പത്രപ്രവര്‍ത്തകനോട് ഈ ചോദ്യം ചോദിച്ചു. ”നടന്‍മാരുടെ ഫാന്‍സുകാരെക്കൊണ്ട് എന്ത് പ്രയോജനം? ഇയൊരു പ്രതിസന്ധിയില്‍ നടന്മാരെ അവര്‍ സഹായിക്കണ്ടേ? അവര്‍ എന്താണ് മൗനത്തില്‍? ഒന്നും വേണ്ട, സമൂഹമാധ്യമങ്ങളില്‍ ‘ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട് ‘ എന്ന സ്ഥിരം ഡയലോഗ് കാച്ചാമല്ലോ . താരം ഒരു കാറ് വാങ്ങിയാല്‍, ഒരു മസാല ദോശ കഴിച്ചാല്‍ ഉടന്‍ അത് സ്റ്റാറ്റസ് ഇടുന്ന, ഫെയ്‌സ്ബുക്കില്‍ ഒപ്പം നിന്ന് എടുത്ത സെല്‍ഫിയിട്ട് , പാതിരാത്രിക്കും അപ്പ്‌ഡേറ്റ് ചെയ്ത് ആ ബാലവൃദ്ധം ജനങ്ങളെ അറിയിക്കുന്നവരാണല്ലോ ഇവരുടെ ഫാന്‍സുകാര്‍. എന്നിട്ടു എന്തേ ഈ കാര്യത്തില്‍ അവര്‍ മൗനം?

അയാള്‍ നിസംഗതയോടെ മറുപടി പറഞ്ഞു ‘ഒരക്ഷരം മിണ്ടരുത് എന്നാണ് ഫാന്‍സുകാരോട് താരങ്ങള്‍ പറഞ്ഞിരിക്കുന്നത്.

കാരണം ?

അവന്മാര്‍ വെറും മണ്ടന്മാരാണെന്നും ഫെയ്‌സ് ബുക്കിലൊക്കെ വങ്കത്തരം എഴുതി കാര്യം കുളമാക്കുമെന്ന് ഈ നടന്മാര്‍ക്ക് നന്നായി അറിയാം’ ആ പത്ര പ്രവര്‍ത്തകന്‍ പറഞ്ഞു. ചുരുക്കത്തില്‍ ‘ഞാന്‍ ഫാന്‍സു്കാരനല്ലേയ്’ എന്ന് വിളിച്ച് പറഞ്ഞ് തലയില്‍ മുണ്ടിട്ടിരിപ്പാണ് ഇപ്പോള്‍ ഫാന്‍സ് എന്ന ആരാധക ലക്ഷങ്ങള്‍’

സ്വന്തം ഫാന്‍സുകാരെ നല്ല മതിപ്പുള്ള ഈ താരങ്ങളുടെ നിലപാട് കേട്ടപ്പോള്‍ മറ്റൊരു രസികന്‍ കഥാപാത്രത്തെ ഓര്‍മ വന്നു. തന്റെ കട്ട ഫാന്‍സുകാരെ ക്കൊണ്ട് ഇന്ത്യന്‍ പതാക നാട്ടാന്‍ ഉള്ള കൊടിമരം ചുമന്ന് പട്ടാള വേഷത്തില്‍ വന്ന ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍’ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ എന്ന ചിത്രത്തിലെ നായകന്‍ സരോജ് കുമാറിനെ’. തന്റെ പടം വിജയിക്കാന്‍ ചെങ്കല്‍ ചൂളയിലെ ഫാന്‍സ്‌കാര്‍ക്ക് ഒരു പൈന്റ് മദ്യവും 500 രൂപ കൊടുത്ത് തന്റെ പടത്തിന് ആളെ കേറ്റാന്‍ ശിങ്കിടി പച്ചാളം ഭാസിയോട് പറയുന്നത്, പരട്ട പുതുമുഖ നടന്മാരുടെ ഫ്‌ളക്‌സില്‍ ചാണക വെള്ളം ഒഴിക്കാന്‍ ഫാന്‍സുകാരോട് പറയാന്‍ പച്ചാളത്തിനോട് പറയുന്നത്. തന്റെ പടം ചെയ്ത സംവിധായകനെ കിഴങ്ങന്‍ എന്ന് വിളിക്കുന്നത്. തന്റെ ഫാന്‍സ് സംഘടനാ നേതാവായ ബാബു എന്ന ഉപഗ്രഹത്തെ കൂടെ കൊണ്ടു നടക്കുന്ന പൊങ്ങച്ചക്കാരന്‍ മെഗാസ്റ്റാര്‍. സിനിമക്കുള്ളിലെ, ആരും പറയാത്ത, സൗകര്യ പൂര്‍വ്വം മറച്ചു വെയ്ക്കുന്ന കാര്യങ്ങള്‍ പച്ചയായി പറഞ്ഞ ചിത്രമായിരുന്നു അത്. എഴുതിയത് ശക്തനായ സിനിമാ എഴുത്തുകാരന്‍ ശ്രീനിവാസനായതിനാല്‍ പടത്തിനെതിരെ വലിയ ആക്ഷേപം ഉയര്‍ന്നില്ല. എങ്കിലും കൊള്ളേണ്ടവര്‍ക്ക് കൊണ്ടു എന്ന് വ്യക്തമായിരുന്നു. ഒരു സൂപ്പര്‍ താരത്തിന്റെ ശിങ്കിടി ടി വി ചാനലില്‍ വന്ന് പടത്തിന്റെ സംവിധായകനെതിരെ ഭീഷണി മുഴക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഏതായാലും പടത്തിന്റെ സംവിധായകന്‍ അതോടെ രംഗത്ത് നിന്ന് അപ്രതൃക്ഷനായി എന്നത് മറ്റൊരു കാര്യം.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി ആദ്യം മദ്രാസിലും, പിന്നിട് കേരളത്തിലും സിനിമാ രംഗത്ത് വര്‍ഷങ്ങളോളം അനുഭവ സമ്പത്തുള്ള ശ്രീനിവാസന്‍, താന്‍ കണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ആ സിനിമയില്‍ ഉപയോഗിച്ചത്. ഇതൊക്കെ അതിശയോക്തിയല്ലാത്ത കാര്യങ്ങളാണ് എന്ന് വിളിച്ച് പറയാന്‍ മലയാള സിനിമയില്‍ ഒരു ശ്രീനിവാസനേ ഉണ്ടായിരുന്നുള്ളൂ. ‘സന്ദേശം’ എന്ന സിനിമയില്‍ രാഷ്ട്രീയ രംഗത്തെ അപചയങ്ങള്‍ എടുത്ത് കാട്ടി പരിഹസിച്ച ശ്രീനിവാസന്‍ തന്നെയാണ് ആദ്യമായി ചലചിത്ര രംഗത്തെ ഇത്തരം താര ബലൂണുകളെ സ്വയം അഭിനയിച്ച് കുത്തിപ്പൊട്ടിച്ചത്. സിനിമാ പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രസക്തിയുണ്ടായിരുന്ന കാലത്ത് പണ്ട് അവര്‍ ചെയ്തിരുന്ന കാര്യങ്ങളാണ് സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്.

ഫാന്‍സ് പ്രവണതയില്‍ എന്തെങ്കിലും തെറ്റുണ്ടോ?. തന്റെ പ്രതിബിംബത്തെ ജലാശയത്തില്‍ നോക്കി ആനന്ദിച്ച് സ്വയം ആരാധിക്കുന്ന ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ നാര്‍സിസ്സിസില്‍ നിന്ന് തുടങ്ങിയ ഒന്നാണ് ആരാധന. എതൊരാള്‍ക്കും തന്നെ ആരാധിക്കുന്ന നാല് പേര്‍ ലോകത്ത് ഉണ്ട് എന്ന് അറിയുന്നത് അഭിമാനമല്ലേ? ആരാണ് ആരാധകരെ ഇഷ്ടപ്പെടാത്തത്?

പ്രശസ്തിയും ആരാധനയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യം, കല എന്നിവയെ അപേക്ഷിച്ച് സിനിമയില്‍ ആരാധന കൂടുതലാണ്. പ്രശസ്തി, ഗ്ലാമര്‍, സുഖസൗകര്യങ്ങള്‍ പണം എന്നിവ ഈ തുറയില്‍ വളരെ കൂടുതലായതിനാല്‍ ആരാധകരും കൂടും. താരമായാല്‍ പിന്നെ ആകാശത്താണ് ജീവിതം. ശ്രീനിവാസന്‍ അഭിനയിച്ച തെങ്ങുമ്മൂട് രാജപ്പനില്‍ നിന്ന് ഡോക്ടര്‍ ഭരത് കേണല്‍ സരോജ് കുമാറിലെക്കുള്ള പരിണാമം അതിന് ക്ലാസിക്ക് ഉദാഹരണമല്ലെ?

ഫാന്‍സ് സാന്നിധ്യം മലയാള സിനിമയുടെ ആദ്യ കാലത്ത് തന്നെ ഉണ്ടായിരുന്നു. പോസ്റ്റര്‍ കീറലും ആളെ കേറ്റി കൂവിക്കലും പുതിയ കലയൊന്നുമല്ല. അന്ന് താരങ്ങളല്ല മറിച്ച് നിര്‍മാതാക്കളായിരുന്നു ഇതിന് പിന്നില്‍. കേസ് വന്നാല്‍ അത് താരങ്ങളുടെ പിടലിക്ക് വെച്ചായിരുന്നു അതെന്ന് മാത്രം. ആളെ കൂലിക്കെടുത്ത് ആരാധകരുടെ രൂപത്തില്‍ തിയേറ്ററില്‍ കയറ്റി കൂവുന്ന ശൈലി പഴയതാണ്.

ആദ്യകാല നിര്‍മാതാവായിരുന്ന കെ.വി. കോശിയും പ്രശസ്തനായ കുഞ്ചാക്കോയും പങ്കാളികളായി ആരംഭിച്ച സിനിമാ നിര്‍മ്മാണ കമ്പനിയായിരുന്നു കെ ആന്റ് കെ കമ്പനി. അവരുടെ ചിത്രമായ ‘ജീവിത നൗക’ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് പടവുമായിരുന്നു. ഏറെ താമസിയാതെ ഇവര്‍ രണ്ട് പേരും തെറ്റി, സുഖകരമല്ലാത്ത രീതിയില്‍ പങ്കാളിത്വം അവസാനിപ്പിച്ചു.

കുഞ്ചാക്കോ പ്രേം നസീറിനെ നായകനാക്കി ‘അവന്‍ വരുന്നു’ എന്നൊരു പടവും അതേ സമയത്ത് തന്നെ കെ.വി. കോശി ഒരു പുതുമുഖ നടനെ വെച്ച് ‘പുത്രധര്‍മ്മം എന്നൊരു ചിത്രവും നിര്‍മ്മിച്ചു. രണ്ടു പടവും ഒരേ സമയത്ത് റിലീസായി. രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ രണ്ട് വിഭാഗങ്ങള്‍ ബഞ്ച് സീറ്റിലിരുന്ന് കൂവലും മറുകൂവലും നടത്തി.

രണ്ട് നിര്‍മ്മാതാക്കളും കാശ് മുടക്കി ആളെ വെച്ചായിരുന്നു ഇത് ചെയ്തത്. ആരാധകര്‍ എന്ന മറയിലാണ് ഇതൊക്കെ ചെയ്തത്. നാലോ അഞ്ചോ പടം മാത്രം ഇറങ്ങിയ മലയാളത്തില്‍ നടന്മാര്‍ക്ക് അന്ന് എന്ത് ആരാധകര്‍ അല്ലെങ്കില്‍ ഫാന്‍സ്? പക്ഷേ, പടം പൊളിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഇത് അന്നേ വഴി തെളിച്ചു. അതാണ് ഫാന്‍സുകാരുടെ ചിലവില്‍ അല്ലെങ്കില്‍ പേരില്‍ മലയാളത്തില്‍ നടന്ന ആദ്യ സംഭവം. കുറച്ച് വര്‍ഷം മുന്‍പ് താരമാകാന്‍ പോകുന്ന ഒരു നടന്റ ഏത് പടം വന്നാലും കൂവാനായി മറ്റൊരു നടന്റെ ഫാന്‍സുകാര്‍ തിയേറ്ററില്‍ ആര്‍മാദിച്ചത് സിനിമാ ലോകം കണ്ടതാണ്.

‘എതിര്‍ കക്ഷിയെ കൂവിത്തോല്‍പ്പിക്കുന്നതു മുതല്‍ പരസ്പരം ആക്രമിക്കുന്ന പരസ്യ ബോര്‍ഡുകളും ഇപ്പോള്‍ സാമാന്യമായിരിക്കുന്നുവത്രെ. എറണാകുളം എം.ജി. റോഡിലെ ചില പരസ്യപ്പലകകള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തുക്കള്‍ എനിക്ക് പുതിയ ഒരറിവാണ് തന്നത്.'(ചിത്രത്തെരുവുകള്‍- എം.ടി)

പോയ അരനൂറ്റാണ്ടില്‍ തമിഴ് നാട് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തികളായവരായിരുന്നു എം. ജി. ആറും കരുണാനിധിയും. ഈ രണ്ട് വ്യക്തികളുടെ താരാരാധന വോട്ടാക്കി മാറ്റിയത് അണ്ണാദുരെ എന്ന സുത്രശാലിയായ നേതാവായിരുന്നു. തന്റെ രണ്ട് കണ്ണുകളാണ് എം.ജി. ആറും കരുണാനിധിയുമെന്ന് പാര്‍ട്ടിയോഗങ്ങളില്‍ പരസ്യമായി അണ്ണ പ്രഖാപിച്ചു. ആളെ കൂട്ടാന്‍ ഇരുവരുടേയും താരാരാധന അണ്ണാദുരെ മനോഹരമായി ഉപയോഗിച്ചാണ് രാഷ്ട്രീയത്തില്‍ സിനിമയെ ചേര്‍ത്ത് നിര്‍ത്തിയത്. ഇതൊന്നും കണക്കിലെടുക്കാതെ അല്ലെങ്കില്‍ മനസിലാക്കാതെ തമിഴ് നാട്ടിലെ താരാധനയെ പുച്ഛിച്ചവരാണ് മലയാളികള്‍.

എം ജി ആറും കരുണാനിധിയും അണ്ണാദുരെയുടെ ചിത്രത്തിന് മുന്നില്‍

വ്യക്തമായ ലക്ഷ്യബോധത്തോടെ താരാരാധന വോട്ടാക്കി മാറ്റിയ തമിഴന്റെ കഴിവ് ഇപ്പോഴും അവിടെയുണ്ട്. തെലുങ്കില്‍ എന്‍.ടി. രാമറാവു ഇത് ഒറ്റക്ക് സാധിച്ച് മുഖ്യമന്ത്രിയായ നടനാണ്. മദ്രാസ് തെന്നിന്ത്യന്‍ സിനിമയുടെ സിരാകേന്ദ്രമായിരുന്ന നാളുകളില്‍ സൂപ്പര്‍ താരങ്ങളെല്ലാം അവിടെ പടുകൂറ്റന്‍ ബംഗ്ലാവുകളില്‍ ജീവിച്ചവരാണ്. തിരുപ്പതി തീര്‍ത്ഥാടനം കഴിഞ്ഞ് തെലുങ്കര്‍ ബസ്സില്‍ നേരെ മദ്രാസിലേക്ക് വരുന്നത് തങ്ങളുടെ സൂപ്പര്‍ താരത്തെ കാണാനായിരുന്നു. അക്കാലത്ത് തെലുങ്കിലെ കലണ്ടറുകളിലെ പടങ്ങളെല്ലാം രാമറാവു അഭിനയിച്ച സിനിമയിലെ ദൈവങ്ങളായിരുന്നു. ശരിക്കും ഒരു താര ദൈവമായിരുന്നു എന്‍. ടി. ആര്‍. തന്റെ ബംഗ്ലാവിലെ മട്ടുപ്പാവില്‍ നിന്ന് ആരാധകര്‍ക്ക് അദ്ദേഹം കൈയുര്‍ത്തി ദര്‍ശനം നല്‍കും. തഹസീല്‍ദാര്‍ ജോലി വലിച്ചെറിഞ്ഞ് സിനിമയില്‍ അഭിനയിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തിയായിരുന്നു എന്‍.ടി. രാമറാവു. അത് കൊണ്ട് തന്നെ വ്യക്തമായ ധാരണ ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

എന്‍ ടി രാമ റാവു

‘വീരാരാധനയും വ്യക്തിപൂജയും രാഷ്ട്രീയത്തിലും മറ്റ് മേഖലകളിലുമുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ എന്ത് ആള്‍ക്കൂട്ടമാണ്? പിന്നെ ചലചിത്ര രംഗത്തെ മാത്രം ഇതില്‍ നിന്ന് എന്തിന് മാറ്റി നിര്‍ത്തണം’?
ആരാധക- ഫാന്‍സ് എന്നതിനെ കുറിച്ച് എന്‍.ടി ആറിന്റെ നിലപാട് ഇതായിരുന്നു. പ്രേക്ഷര്‍ മാത്രമല്ല നിര്‍മ്മാതാക്കളും സംവിധായകരും സഹനടന്മാരുമെല്ലാം എനിക്ക് നല്ല ആദരവ് നല്‍കുന്നു. ഞാന്‍ അതിന് ഒരു ശ്രമവും നടത്താറില്ല. പകരം ഞാന്‍ അവര്‍ക്ക് സ്‌നേഹവും വാത്സല്യവും നല്‍കുന്നു. ‘അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. തമിഴില്‍ ഈ പ്രവണത ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് ഇളയ തളപതിയുടെ പുതിയ പാര്‍ട്ടിയുടെ വരവ് തെളിയിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. നാടക- സിനിമാ നടന്‍, കവി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ അനേകം അവതാരങ്ങള്‍ എടുത്ത, ആദ്യമായി പത്മ അവാര്‍ഡ് നേടിയ മലയാള നടനാണ് തിക്കുറിശ്ശി. അദ്ദേത്തിന് ആരാധകര്‍ ധാരാളമുണ്ടായിരുന്നെങ്കിലും സംഘടനയോ ഫാന്‍സ് ക്ലബോ ഉണ്ടായിരുന്നില്ല.

മലയാളത്തില്‍ ഫാന്‍സ് ക്ലബ് എന്ന് ആദ്യം വിളിക്കാവുന്നത് ഉണ്ടായത് പ്രേംനസീറിനാണ്. സൗമ്യമായ പെരുമാറ്റവും ലാളിത്യവും പുലര്‍ത്തിയിരുന്ന നസീറിന് ഫാന്‍ ക്ലബ് ഉണ്ടായതില്‍ അത്ഭുതമില്ല. നാന വാരികയുമായി നസീര്‍ ഉടക്കിയ കാലത്ത് ഈ ഫാന്‍സുകാര്‍ നാന വാരികക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു സമാധാനപരമായ ജാഥകള്‍ സംഘടിപ്പിച്ചിരുന്നു. നാന വാരിക ആരംഭിച്ച 70 കളുടെ തുടക്കത്തില്‍ വാരിക പ്രചാരണത്തിനായി കോളേജുകളില്‍ നാന റീഡേഴ്‌സ് ഫോറം രൂപീകരിക്കുന്നതിന്റെ ഭാഗമായി ചില നടി നടന്മാരെ കോളേജുകളില്‍ ഫോറത്തിന്റെ ഉല്‍ഘാടനത്തിനായി കൊണ്ടു വന്നിരുന്നു. ആ വകയില്‍ കുറച്ച് ആരാധകര്‍ നടീനടന്മാര്‍ക്ക് കിട്ടിയിരുന്നെങ്കിലും സംഘടിതമായ ഒരു ഫാന്‍സ് അതില്‍ നിന്ന് ഉരുത്തിരിഞ്ഞില്ല.

90 കളിലാണ് മലയാള സിനിമയില്‍ ഫാന്‍സ് സംഘടിത ശക്തിയായത്, മമ്മൂട്ടിയുടെ ആരാധകര്‍ ഫാന്‍സ് രൂപീകരിച്ചു. തുടര്‍ന്ന് മോഹന്‍ലാലിനും മുന്‍നിര നടന്മാര്‍ക്കും ഫാന്‍ ക്ലബ്- വെല്‍ഫയര്‍ അസോസിയേഷനുകള്‍ വന്നു. മമ്മൂട്ടി ഫാന്‍സുകാര്‍ ഒരു പടി കടന്നു ചിന്തിച്ച് ഒരു പ്രസിദ്ധീകരണവും – ‘മമ്മൂട്ടി ടൈംസ്’ എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചു. എല്ലാ ഫാന്‍സുകാര്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോറം ഉണ്ട്. അതിലൂടെ അവര്‍ താരപ്പൊലിമ നിലനിര്‍ത്തുന്നു. ഏത് മോശം പടവും നല്ലതാക്കി അവതരിപ്പിക്കുന്ന വണ്‍വേ ട്രാഫിക്കാണ് അവര്‍ പാലിക്കുന്നതെന്ന് മാത്രം. ഒരു പടം തുടങ്ങുമ്പോള്‍ ഫാന്‍സ് അസോസിയേഷന് നന്ദി പറഞ്ഞ് കൊണ്ട് ടൈറ്റില്‍ എഴുതികാണിക്കുന്ന വരെയെത്തി ഫാന്‍സുകാരുടെ പ്രാധാന്യം.

ഫാന്‍സുകാര്‍ ഉദ്‌ഘോഷിക്കുന്നത് എന്താണ്? അവരുടെ സൂപ്പര്‍ താരത്തിന്റെ ഒരു സിനിമ റിലീസ് ചെയ്യുന്നതിന്റെ ആഘോഷങ്ങള്‍ തിയേറ്ററിന് പുറത്ത് ചെണ്ടമേളം അവതരിപ്പിക്കുന്നതില്‍ തൊട്ട് നായകന്‍ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ മുതല്‍ ആരംഭിക്കുന്നു. സിനിമാ ഹാളിലേക്ക് പൂക്കളോ മാലകളോ എറിയുക, താരം സ്‌ക്രീനില്‍ സ്ലോ മോഷനില്‍ നടക്കുമ്പോള്‍ നൃത്തം, വിസില്‍, എന്നിങ്ങനെ ആരാധകര്‍ തിയേറ്റര്‍ ഇളക്കി മറക്കുന്നു. അതിരാവിലെ ഫാന്‍സ് ഷോകള്‍, കൂറ്റന്‍ കട്ട് ഔട്ടുകള്‍, പാലാഭിഷേകം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കായി നൃത്ത പ്രകടനങ്ങള്‍ വരെ സംഘടിപ്പിക്കുന്നു.

നടിമാരുടെ ഫാന്‍ ക്ലബുകള്‍ കുറവാണ്. വനിതാ അഭിനേതാക്കളുടെ ഫാന്‍സ് ഗ്രൂപ്പുകളുടെ അഭാവത്തെക്കുറിച്ച് ‘ഒരു സിനിമാ നിരൂപക പറയുന്നത് ഇങ്ങനെ ”ഈ സൂപ്പര്‍സ്റ്റാര്‍ ഫാന്‍ ക്ലബ്ബുകളില്‍ ഭൂരിഭാഗവും സംഘാടകര്‍ പുരുഷന്മാരാണ്, സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി അവയില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് എപ്പോഴും സമയമുണ്ട്’. മലയാളത്തില്‍ ഇതിന് ഒരു അപവാദമുള്ളത് മഞ്ജു വാര്യരാണ്. ഇതുവരെ മറ്റൊരു വനിതാ താരത്തിനും ലഭിക്കാത്ത അംഗീകാരമാണ് പ്രേക്ഷകര്‍ അവര്‍ക്ക് നല്‍കിയത്. ഒരു രജിസ്റ്റര്‍ ചെയ്ത ഫാന്‍സ് അസോസിയേഷനും അവരുടെ ആരാധകര്‍ രൂപീകരിച്ചു.

മലയാള സിനിമയിലെ മോശം പ്രവണതകളെ എന്നും ചോദ്യം ചെയ്ത, താര- സംവിധായക അപ്രമാദിത്വത്തെ ചോദ്യം ചെയ്ത ചലച്ചിത്രകാരനാണ് ഡോക്ടര്‍ ബിജു. മലയാള ചലചിത്ര രംഗത്തെ ‘ഫാന്‍സ്’ എന്ന പ്രസ്ഥാനത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം പറയുന്നു ‘താരാരാധനയുടെ പേരില്‍ ഞങ്ങള്‍ തമിഴരെ പരിഹസിക്കാറുണ്ടായിരുന്നു. തമിഴ് സിനിമയില്‍ ആരാധകര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. അതേ സമയം മലയാളത്തില്‍ നിലവാരമുള്ള സിനിമകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ മലയാളത്തില്‍ അര്‍ത്ഥശൂന്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നു. മോശം പടങ്ങള്‍ ബോക്‌സോഫീസില്‍ വിജയിപ്പിക്കാന്‍ താരത്തിനും പടത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഫാന്‍സ് ആവശ്യമാണ്’ ഡോ ബിജു പറയുന്നു.

ഇത് പൂര്‍ണമായും ശരിയല്ല, ഫാന്‍സുകാര്‍ മാത്രം വിചാരിച്ചാല്‍ ഒരു പടം വിജയിക്കില്ല. പക്ഷേ, ഫാന്‍സ് പ്രതിഭാസം ഒരു പരിധി വരെ മലയാള സിനിമയുടെ നിലവാരത്തെയും സംവേദനക്ഷമതയേയും ബാധിച്ചു.

തിയേറ്ററുകളുടെ അന്തരീക്ഷം ഫാന്‍സുകാര്‍ തങ്ങളുടെ പ്രകടനത്താല്‍ നശിപ്പിച്ചു എന്നൊരു വസ്തുത കൂടിയുണ്ട്. ‘ഒരു സൂപ്പര്‍ താരത്തിന്റെ സിനിമ ആദ്യ ദിവസങ്ങളില്‍ കുടുംബ സമ്മേതം തിയേറ്ററുകളില്‍ കാണാന്‍ സാധിക്കില്ല. ‘ആരാധകര്‍ ആഹ്ലാദപ്രകടനം കൊണ്ട് തിയേറ്ററുകളിലെ അന്തരീക്ഷവും നശിപ്പിച്ചു’, ഒരു സംവിധായകന്‍ പറയുന്നു. താരങ്ങള്‍ തന്നെയാണ് ഫാന്‍സ് ക്ലബുകള്‍ക്ക് പണം നല്‍കി അവ നിലനിര്‍ത്തുന്നത്. കുറച്ച് കാലം മുന്‍പ് തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ ഒരു പടത്തിന്റെ റിലീസിങ് നാളില്‍ താരത്തിന്റെ കുറ്റന്‍ കട്ട് ഔട്ട് സ്ഥാപിച്ച് പാലഭിഷേകം നടത്തിയ സംഭവമുണ്ടായി. തമിഴ്‌നാട്ടിലെ രസിക മന്‍ട്രങ്ങളുടെ ചെയ്തികള്‍ മലയാളക്കരയിലും എത്തിയതിന്റെ സൂചനയായിരുന്നു ഈ അഭിഷേകം. പിന്നീട് ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്ത് വന്നു. എതിരാളികളെ ചീത്ത വിളിക്കാനും താഴ്ത്തികെട്ടാനും ആരംഭിച്ചു.

‘ആരാധകനെന്നത് തലച്ചോറില്ലാത്ത ഒരു വ്യക്തിയാണ്. മിനിമം ബുദ്ധിയുള്ള ഒരാള്‍ ചെയ്യുന്നതാണോ അവരുടെ പ്രവര്‍ത്തികള്‍’ ഒരു സംവിധായകന്‍ ഈ ഫാന്‍സ് പ്രസ്ഥാനത്തെ പരിഹസിച്ചു. എന്നാല്‍ ദീര്‍ഘകാലമായി സിനിമയില്‍ ഉള്ള, ഇപ്പോഴും മലയാളത്തില്‍ സജീവമായ ഒരു നടന്‍ പറയുന്നത് ‘സിനിമ വന്‍കിട വ്യവസായമാണ്. അത് നിലനില്‍ക്കാന്‍ സംഘടിത ആരാധകര്‍ ആവശ്യമാണ്. ഫാന്‍സുകാര്‍ നടത്തുന്ന പ്രചരണം ഒരു സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ആരാധകരുള്ള ഒരു താരത്തിന്റെ പടം തിയേറ്ററില്‍ എത്താന്‍ എളുപ്പമാണ്. അവര്‍ ജനക്കൂട്ടത്തെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നു.’

എം.ടി. എഴുതിയ ഒരു സംഭവം ഓര്‍ക്കുന്നു. കോഴിക്കോട് കുറ്റിച്ചിറയില്‍ ഒരു സന്നദ്ധ സഘടനയുടെ വാര്‍ഷികത്തിന് അവിടെയുള്ള ഷൂട്ടിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സിനിമാ താരത്തിനെ വേണം. സംഘാടകര്‍ എംടിക്ക് വേണ്ടപ്പെട്ടവരാണ്. എം.ടി. സംസാരിച്ചു. നടന്‍ പറഞ്ഞു. ‘സമ്മതം ഞാന്‍ വരാം’ പറഞ്ഞു.’വല്ലാതെ തിരക്കു വരുമ്പോള്‍ പിച്ചലും മാന്തലുമൊക്കെയുണ്ടാകും ഇപ്പോള്‍ പഴേ മാതിരി ഒന്നുണ്ടാവില്ല. എന്നാലും പോലീസിനെ അറേഞ്ച് ചെയ്യാന്‍ പറേണം’. മൂന്ന് പതിറ്റാണ്ടോളം ചുറ്റുമുണ്ടായിരുന്ന ആരാധക ബഹളങ്ങള്‍ അവസാനിച്ച് , അപ്പോള്‍ തിരക്കു വളരെ കുറഞ്ഞ ഒരു സൂപ്പര്‍ താരമായി മാറിയിരുന്നു ആ നടന്‍. എങ്കിലും തന്നെ വളര്‍ത്തിയ ആരാധക- ഫാന്‍സിനോട് സ്‌നേഹവും കടപ്പാടും അപ്പോഴും അദ്ദേഹം മനസില്‍ സൂക്ഷിച്ചു. ആ നടന്റെ ‘പേര് പ്രേം നസീര്‍.

സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതികരിക്കാന്‍ സാധിക്കാതെ ഫാന്‍സുകാര്‍ ഇപ്പോള്‍ നിശബ്ദ സിനിമയായി മാറി. റിലീസുകളില്‍ തിയേറ്ററുകളില്‍ പണ്ട് സൃഷ്ടിച്ച ആരവങ്ങളൊന്നുമില്ല. ചെണ്ടകൊട്ടില്ല, കട്ടൗട്ടുകള്‍ ഇല്ല, പാലഭിഷകവുമില്ല. താരങ്ങള്‍ കോടതിക്കൂട്ടില്‍ എത്തും – സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന തിരിച്ചറിവില്‍ ഞെട്ടലോടെ മൗനത്തിലാണ് അവര്‍.

ആരാധകരും ഫാന്‍സ് അസോസിയേഷനും മലയാള സിനിമയെ വളര്‍ത്തിയോ അതോ തളര്‍ത്തിയോ? ചോദിക്കേണ്ട സമയമായി.  ഫാന്‍സുകാരെ കൊണ്ട് എന്ത് പ്രയോജനം? Why are superstar fans’ associations silent following the release of the Hema Committee report?

 

 

Content Summary; Why are superstar fans’ associations silent following the release of the Hema Committee report

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment