പ്രവചനങ്ങളും ആരംഭത്തിലെ ട്രെന്‍ഡുകളും നല്കിയ പ്രതീക്ഷകള്‍ക്ക് വിപരീതമായ പ്രകടനമാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്.
ഏറ്റവും ഒടുവിലായി കിട്ടിയ വിവരമനുസരിച്ച് ആകെയുള്ള 90 സീറ്റുകളില്‍ 50 സീറ്റുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ലീഡ് ചെയ്യുന്നു, കോണ്‍ഗ്രസ് 34 സീറ്റുകളുമായി പിന്നിലാണ്. അതേസമയം ബിജെപിയുടെ 38.80% വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 40.57% വോട്ട് വിഹിതവുമായി മുന്നിലാണെന്നതാണ് ശ്രദ്ധേയം. 46 സീറ്റുകളാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഈ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെയാണ് കോണ്‍ഗ്രസ് അമിതമായി ആശ്രയിച്ചതെന്ന് കാണാനാകും. എന്നാല്‍ ആ തന്ത്രം പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ഇത്തവണ വിജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ജാട്ട് ഇതര, മുസ്സിം ഇതര വോട്ടുകളും, നിര്‍ണായകമായ ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ വോട്ടുകളും എകീകരിക്കുന്നതില്‍ ബിജെപി വിജയിച്ച കാഴ്ച്ചയാണ് സംസ്ഥാനത്ത് നിന്ന് കാണാനാകുന്നത്.
കിഴക്കന്‍, തെക്കന്‍ ഹരിയാനയിലെ ജാട്ട് ഇതര മേഖലകളെ ബിജെപി തങ്ങളുടെ ശക്തികേന്ദ്രമായി നിലനിര്‍ത്തുകയും ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഹരിയാനയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തോടെ അവിടെ ജാട്ട് ഇതര വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിച്ചേരുകയാണുണ്ടായത്.
ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നിട്ടും, അതു മുതലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം തന്നെ ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിലും കോണ്‍ഗ്രസ് പാടുപെട്ടു, ഇത് പാര്‍ട്ടിയുടെ സാധ്യതകളെ ദുര്‍ബലപ്പെടുത്തി.
ബിജെപിയെപ്പോലെ, ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു ഐക്യമുന്നണിയായി മത്സരത്തിനിറങ്ങിയില്ല. പോരാത്തതിന് നിരവധി വിമതര്‍ സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു.
ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍കൂര്‍ സൂചനകള്‍ ഒന്നും തന്നെ നല്കിയിരുന്നില്ലെങ്കില്, ഭുപീന്ദര്‍ ഹൂഡ ആ സ്ഥാനത്തേക്ക് ശക്തമായ അവകാശവാദം ഉയര്‍ത്തി മുന്നോട്ടു വന്ന് നിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി എന്നു പറയാം. ജാട്ട് ഇതര വോട്ടര്‍മാര്‍ക്കിടയില്‍ ഹൂഡയുടെ തിരിച്ചു വരവ് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അവര്‍ ഇപ്പോഴും 2004 മുതല്‍ 2014 വരെയുള്ള ഹൂഡ സര്‍ക്കാരിനെ അഴിമതി നിറഞ്ഞ ഒരു മോശം ഭരണകൂടമായി തന്നെയാണ് കാണുന്നത്. ഹൂഡയുടെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും മോശമായിരുന്നു.
ബിജെപി അധികാരം നിലനിര്‍ത്തുകയാണെങ്കില്‍, ഈ വര്‍ഷം ആദ്യം സിറ്റിംഗ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി ഒബിസി നേതാവ് നയാബ് സിംഗ് സൈനിയെ ചുമതലയേല്‍പ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം ഫലം കണ്ടതായി പറയാം. 2022 ല്‍ ഉത്തരാഖണ്ഡില്‍ ബിജെപി നടത്തി വിജയിച്ച അതേ പരീക്ഷണമാണിത്. അവിടെ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് പുഷ്കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കി കൊണ്ടു വരികയായിരുന്നു. ബിജെപി സര്‍ക്കാരിനെതിരേ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നുവെങ്കിലും മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്തിനെ അമിതമായി ആശ്രയിച്ച കോണ്‍ഗ്രസിന് അവസരം മുതലാക്കാന്‍ കഴിയാതെ പോയി. Why Congress Failed to Stop BJP’s Haryana Hattrick?
Content Summary; Why Congress Failed to Stop BJP’s Haryana Hattrick?