നാളെ എമ്പുരാന്‍ റിലീസ് ചെയ്യുകയാണ്. ആഘോഷം രണ്ടാഴ്ച മുമ്പേ ആരംഭിച്ചു. ഇതുവരെയുള്ള ലക്ഷണം കണ്ടിട്ട് അടുത്ത രണ്ട് മാസം കഴിഞ്ഞാലും ഈ ഉത്സവം അവസാനിക്കില്ല. ഇനിയുള്ള എത്രയോ കാലം മലയാള സിനിമയുടെ നാഴികകല്ലായി ഈ ചിത്രം നിരന്തരം ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. റിക്കോര്‍ഡുകളും കണക്കുകളും എമ്പുരാനുമായി താരതമ്യപ്പെടുത്തിയാകും വിലയിരുത്തപ്പെടുക. അതൊരു പ്രതീക്ഷയല്ല, ഉറപ്പാണ്. ഇവിടെ നിരന്തരം സിനിമകളുണ്ടാകണമെന്നും ഒരു വ്യവസായലോകമെന്ന നിലയില്‍ മലയാള സിനിമയെ ലോകം ആഘോഷിക്കണമെന്നും കരുതുന്ന ഒരു സിനിമ പ്രേമിയുടെ ഉറപ്പ്.
ഒരു കാലത്തും മോഹന്‍ലാല്‍ ഫാനായിരുന്നില്ല. അതീവ ഇഷ്ടമുള്ള എത്രയോ മോഹന്‍ലാല്‍ സിനിമകളുണ്ടെങ്കിലും ഒരു താരമെന്ന നിലയില്‍, ആക്ടറെന്ന നിലയില്‍ എല്ലാക്കാലത്തും ആരാധന ഉണ്ടായിരുന്നത് മമ്മൂട്ടിയോടാണ്. പക്ഷേ കേരളവും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം പരസ്പരം മത്സരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ആരാധക പോരാട്ടങ്ങളില്‍ നിന്ന് എത്രയോ മുന്‍പോട്ട് പോയി. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഫഹദ് ഫാസിലും നസ്രിയയും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ആസിഫ് അലിയും ടോവിനോയും ബേസിലും സൗബിനും വിനായകനും ലുക്മാനും മുതല്‍ നസ്ലിനും മാത്യുവും മമിതയും അനശ്വര രാജനും കല്യാണിയും വരെ നീളുന്ന ഒരു കൂട്ടം സൂപ്പര്‍ താരങ്ങള്‍ ഉണ്ട് നമുക്ക്. ഇവരില്‍ ആരു കേന്ദ്ര കഥാപാത്രമായി സിനിമ വന്നാലും കാര്യങ്ങളൊത്താല്‍ തീയേറ്റര്‍ കുലുങ്ങും. തണ്ണിമത്തന്‍ ദിനങ്ങള്‍ ശൂന്യതയില്‍ നിന്നാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയത്. വിനീത് ശ്രീനിവാസനും പ്രണവും ചേര്‍ന്ന് രണ്ട് തവണയാണ് കേരളത്തിന്റെ സിനിമ ബോക്സ്ഓഫീസ് കീഴടക്കിയത്.
മമ്മൂട്ടിക്കും മോഹല്‍ലാലിലും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ വിജയ പരാജയങ്ങളുടെ വര്‍ഷങ്ങളുണ്ടായിരുന്നു. അതില്‍ മൂന്ന് പതിറ്റാണ്ടെങ്കിലും അവര്‍ പരസ്പരം മത്സരിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് കാലമായി സിനിമകളുടെ വിജയപരാജയങ്ങള്‍ക്കെല്ലാം എത്രയോ മുകളിലാണവര്‍. സിനിമകള്‍ വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത് തങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഇഷ്ടമുള്ള റോളുകളും താത്പര്യമുള്ള പ്രൊജക്ടുകളും അത് നല്‍കുന്ന ആനന്ദവുമായി അവര്‍ മുന്നോട്ട് പോയി. വന്‍ ബജറ്റുകളിലേയ്ക്കോ വലിയ കാന്‍വാസുകളിലേയ്ക്കോ കടക്കാതെ പുതിയ പുതിയ കഥാപാത്രങ്ങളും ഴോണറുകളും പരീക്ഷിച്ച് രസിക്കുന്ന മമ്മൂട്ടിയെ ഇക്കാലത്ത് നമുക്ക് കാണാം. ഭീഷ്മപര്‍വ്വവും നന്‍പകല്‍ നേരത്ത് മയക്കവും പുഴുവും കാതലും ഭ്രമയുഗവും കണ്ണൂര്‍ സ്‌ക്വാഡും റൊഷാക്കും ടര്‍ബോയും എല്ലാം പലതരത്തിലുള്ള ആനന്ദമായിരുന്നു. മോഹല്‍ലാലിന്റെ ബോക്‌സ് ഓഫീസ് വിജയങ്ങളേയും പരാജയങ്ങളേയും ഒന്നും ആരാധകര്‍ പോലും ഗൗനിച്ചില്ല. ഓരോ സിനിമയും അവര്‍ക്ക് ആവേശം മാത്രം നല്‍കി. ദൃശ്യം രണ്ട് തീയേറ്ററില്‍ ആയിരുന്നുവെങ്കില്‍ എന്ന് കൊതിച്ചു. മരക്കാറിലും മലൈക്കോട്ടെ വാലിബനുമെല്ലാം സ്വപ്ന തുല്യമായ ഓപ്പണിംഗ്സ് നല്‍കി. നേര് ആഹ്ലാദത്തോടെ ഏറ്റെടുത്തു. മലൈക്കോട്ടെ വാലിബനും ബറോസും പോലുള്ള വലിയ സ്വപ്നങ്ങള്‍ക്ക് പുറകേ പോകുന്നതിന് മോഹല്‍ലാലിനെ പര്യാപ്തനാക്കുന്നതും അദ്ദേഹത്തിന്റെ ഈ ആരാധനാ സമൂഹമാണ്. അധികം താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത വിധം കമ്മിറ്റഡ് ആയ രസികര്‍ കൂട്ടം.
ബുക്ക് മൈ ഷോ പോലുള്ള പ്രീ ബുക്കിങ് ആപ്പുകള്‍ തകരാറിലാകുന്ന വിധം ബുക്കിങ് നടന്ന, ഒരു സംസ്ഥാനത്തെ ഏതാണ്ട് എല്ലാ തീയേറ്ററുകളിലേയും ഏതാണ്ടെല്ലാ ഷോകളും ഒരേയൊരു സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്ന, ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നൈയിലും എല്ലാം ആഘോഷമായി മാറുന്ന ഒരു മോഹന്‍ലാല്‍ സിനിമ വരുന്നത് എന്തുകൊണ്ട് ഒരു മമ്മൂട്ടി ഫാനിനെ ആഹ്ലാദിപ്പിക്കുന്നുവെന്നതിന് ഇതൊക്കെ തന്നെ ഉത്തരം. മോഹന്‍ലാലിന്റെ വിജയം മലയാള സിനിമയുടെ വിജയമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ അല്ലെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടിയെന്ന് ഈ സിനിമ വ്യവസായ ലോകവും എന്റര്‍റ്റൈന്‍മെന്റ് സമൂഹവും നാലു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പരസ്പരം പിന്തുണച്ചും കൊടുത്തും വാങ്ങിയും ഒക്കെ തന്നെയാണ് ഇവരും ഇവരുടെ സിനിമകളും മുന്നേറിയിട്ടുള്ളത് എന്ന് തന്നെയാണ് അര്‍ത്ഥം.
തെലുങ്കിലും തമിഴിലുമായി മോഹന്‍ലാലും പൃഥ്വിരാജും നല്‍കിയ അഭിമുഖങ്ങള്‍ ആവര്‍ത്തിച്ച് കണ്ടു. ചിരിച്ചും രസിച്ചും തമാശ പറഞ്ഞും തമിഴിലും തെലുങ്കിലും ഇനിയും സിനിമ ചെയ്യാനുള്ള താത്പര്യങ്ങള്‍ പറഞ്ഞും എണ്‍പതുകളുടെ ഒടുക്കം ഓര്‍മ്മിപ്പിക്കുന്ന കള്ളച്ചിരിയോടെ, ചെറുപ്പക്കാരായ അഭിമുഖക്കാരേലും ചെറുപ്പമായി, മോഹന്‍ലാല്‍ ഇരിക്കുമ്പോഴും അദൃശ്യനായി മമ്മൂട്ടിയുണ്ട് കൂടെ. പല ചോദ്യങ്ങളിലും ഉത്തരങ്ങളിലും മമ്മൂട്ടി കൂടി പ്രവേശിക്കും. മമ്മൂട്ടിക്കും അതേ അനുഭവമായിരിക്കും. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളില്‍ മോഹന്‍ലാലും ഉള്‍പ്പെടും. അതിനി അവര്‍ക്ക് ഒഴിവാക്കാനാവില്ല. മോഹന്‍ലാലിന്റെ സിനിമകള്‍ വിജയിക്കുന്നത് കൊണ്ട് മമ്മൂട്ടിയുടെ സിനിമ വിജയിക്കുമെന്നോ അതുകൊണ്ട് മമ്മൂട്ടിക്ക് പ്രതിഫലം ഉയര്‍ത്താന്‍ കഴിയുമെന്നോ അഭിനേതാവ് എന്ന നിലയില്‍ ഉയര്‍ച്ച ഉണ്ടാകുമോ എന്നോ അല്ല പറയുന്നത്, ഇന്‍ഡസ്ട്രിയുടെ വിജയം അതിന്റെ തലപ്പത്തിരിക്കുന്ന മനുഷ്യര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം ആഹ്ലാദകരമായിരിക്കുമെന്നാണ്.
ലോകത്തെവിടെയും സിനിമ വ്യവസായം മെച്ചപ്പെട്ട അവസ്ഥയിലല്ല. ഹോളിവുഡ് സിനിമകള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറല്ല. പഴയ ചിത്രങ്ങളുടെ ഫ്രാഞ്ചൈയ്സികളിലും ഒ.ടി.ടിയിലെ പരീക്ഷണങ്ങളിലുമാണ് അവിടെ പ്രമുഖസംവിധായകര്‍ പലരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്തിനിടെ ബോളിവുഡില്‍ വിജയിച്ചിട്ടുള്ള സിനിമകള്‍ വിരലില്‍ എണ്ണിയെടുക്കാം. ഒരേസമയം മികച്ചതും ജനപ്രിയവുമായ സിനിമകള്‍ ഒന്നും ലോകത്തെ തന്നെ പ്രധാനപ്പെട്ട ഈ രണ്ട് ഇന്‍ഡസ്ട്രിയിലും സംഭവിക്കുന്നില്ല. ആ സമയത്താണ് സൗത്ത് ഇന്ത്യയില്‍ സിനിമാപരീക്ഷണങ്ങള്‍ ഒട്ടനവധി സംഭവിക്കുന്നത്. നമ്മുടെ വ്യവസായ ലോകത്തിന്റെ അതിരുകള്‍ വിസ്തീര്‍ണമാക്കുമെന്ന് ദീര്‍ഘകാലമായി ആണയിടുന്ന ആളാണ് പൃഥ്വിരാജ്. മലയാളത്തിന്റേയും സൗത്ത് ഇന്ത്യയുടേയും അതിരിനപ്പുറത്തേയ്ക്ക് വടക്കേ ഇന്ത്യയും ചൈനീസ് മാര്‍ക്കറ്റിലും ഏഷ്യക്കപ്പുറമുള്ള മേഖലകളിലും കാണികള്‍ ഓടിക്കൂടുന്ന സിനിമകള്‍ നമുക്ക് സാധ്യമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. അതിലേക്കുള്ള തുടക്കമാകും എമ്പുരാനെങ്കില്‍ മലയാള സിനിമ വ്യവസായത്തിന് അതില്‍ പരം സന്തോഷമെന്ത്?
എമ്പുരാനില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകും എന്നതില്‍ സിനിമ പ്രേമികള്‍ക്ക് ഉറപ്പുള്ളതും അതുകൊണ്ടാണ്. ഒരാള്‍ക്ക് ഒരു വിഷമമുണ്ടോ എന്ന് സംശയമുയരുമ്പോള്‍ മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന് പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുന്ന വിധം പരസ്പരബന്ധിതമായ ഒരു ഒരു കാലം നല്‍കുന്ന ഉറപ്പാണത്. മോഹന്‍ലാല്‍-മമ്മൂട്ടി എന്നത് മലയാള സിനിമ വ്യവസായത്തിന്റെ അടിക്കല്ലിന്റെ പേരാണ്. Why does an ardent Mammootty fan derive immense joy from celebrating Mohanlal’s Empuraan movie
Content Summary; Why does an ardent Mammootty fan derive immense joy from celebrating Mohanlal’s Empuraan movie
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.