മെക്‌സിക്കന്‍ അധികായരെ നേരിടാന്‍ വയാഗ്ര! ഇംഗ്ലണ്ട് ടീമിന്റെ അറ്റകൈ പ്രയോഗം ചര്‍ച്ചയാകുന്നു

മെക്‌സിക്കോ സിറ്റിയിലെ പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ താരങ്ങള്‍ക്ക് 'വയാഗ്ര

മെക്‌സിക്കോയ്ക്കെതിരെയുള്ള ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന്റെ ഒരുക്കങ്ങള്‍ കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെക്‌സിക്കോ സിറ്റിയിലെ പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ താരങ്ങള്‍ക്ക് ‘വയാഗ്ര’ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7,350 അടി ഉയരത്തിലുള്ള പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും മെക്‌സിക്കോയും തമ്മിലുള്ള നിര്‍ണായക നോക്കൗട്ട് മത്സരം നടക്കുന്നത്. അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കുറവുള്ള ഇത്തരം ഉയര്‍ന്ന പ്രദേശങ്ങളില്‍ കളിക്കുന്നത് കായികതാരങ്ങളുടെ ശ്വസനശേഷിയെയും കായികക്ഷമതയെയും മത്സരത്തിന് ശേഷമുള്ള ആരോഗ്യംവീണ്ടെടുക്കലിനെയും സാരമായി ബാധിക്കാറുണ്ട്. ഈ
വെല്ലുവിളിയെ ചെറുക്കുന്നതിനായി രക്തക്കുഴലുകള്‍ വികസിപ്പിക്കാനും അതുവഴി ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിപ്പിക്കാനും വയാഗ്ര സഹായിക്കുമെന്ന മെഡിക്കല്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ടീം മാനേജ്മെന്റ് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഉത്തേജക മരുന്നുകളുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വയാഗ്രയുടെ ഉപയോഗം നിയമവിരുദ്ധമല്ല.

ഉയര്‍ന്ന പ്രദേശങ്ങളിലെ ഓക്‌സിജന്‍ ക്ഷാമത്തെനേരിടാന്‍ മുന്‍പും ചില ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളും അന്താരാഷ്ട്ര ടീമുകളും സമാന മാര്‍ഗ്ഗം അവലംഭിച്ചിട്ടുണ്ട്. മെക്‌സിക്കോയുടെ അതികായന്‍മാരുയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം ദുസ്സഹമായ കാലാവസ്ഥയെക്കൂടി അതിജീവിച്ച് ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കാനുള്ള കഠിനശ്രമത്തിലാണ് ഇംഗ്ലണ്ട്.

എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലെ മെക്‌സിക്കോയുടെ ട്രാക്ക് റെക്കോര്‍ഡ് ഇംഗ്ലണ്ടിന് ഉയര്‍ത്തുന്ന വെല്ലുവിളി അത്ര ചെറുതല്ല. ഇവിടെ കളിച്ച 89 മത്സരങ്ങളില്‍ കേവലം രണ്ട് തവണ മാത്രമാണ് മെക്‌സിക്കോ പരാജയത്തിന്റെ കൈപ്പറിഞ്ഞിട്ടുള്ളത്. 2013-ലായിരുന്നു അവസാനമായി ഈ മൈതാനത്ത് മെക്‌സിക്കോ പരാജയത്തിന് വഴങ്ങിയത്. ഇത്തവണത്തെ ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളിലും മിന്നും ജയം സ്വന്തമാക്കിയ മെക്‌സിക്കന്‍ പട തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നത്.

മറുഭാഗത്ത്, ഇംഗ്ലണ്ടാകട്ടെ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുന്ന കളി ശൈലിക്ക് പകരം പ്രതിരോധ ത്തില്‍ ഊന്നിയുള്ള പ്രകടനവുമായാണ് ടൂര്‍ണമെന്റില്‍ മുന്നേറുന്നത്. റൗണ്ട് ഓഫ് 32-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരെ നേടിയ വിജയം ഇംഗ്ലണ്ട് നിരയുടെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു. ഒരു ഗോളിന് പിന്നിലായ ശേഷം, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് 2-1 ന്റെ കഷ്ടിച്ചുള്ള ജയവുമായി പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത്, കരുത്തരായ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെക്‌സിക്കോ അവസാന 16-ല്‍ ഇടംപിടിച്ചത്.

ലൈംഗിക ഉത്തേജനത്തിനുള്ള വയാഗ്ര ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (WADA) നിരോധിത മരുന്നുകളുടെ പട്ടികയിലില്ല. അതിനാല്‍ തന്നെ അത്ലറ്റുകള്‍ക്ക് മത്സരസമയത്തോ അല്ലാതെയോ ഇത് ഉപയോഗിക്കാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. രക്തക്കുഴലുകളുടെ വികാസത്തിലും രക്തചംക്രമണത്തിലും വയാഗ്ര ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുമുണ്ട്.

മത്സരങ്ങളില്‍ വയാഗ്ര അത്ലറ്റുകളുടെ പ്രകടന നിലവാരം അസാധാരണമായി വര്‍ദ്ധിപ്പിക്കുന്നുവെന്നതിന് കൃത്യമായ തെളിവുകളൊന്നും പഠനങ്ങളില്‍ കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും, കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ പ്രതിരോധിക്കാന്‍ ഈ മരുന്ന് അത്ലറ്റുകളെ സഹായിച്ചേക്കാം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ മാത്രമാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

why england players have been allowed to use viagra ahead of world cup match vs mexico

This post was last modified on July 4, 2026 4:48 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment