June 04, 2026 |
Share on

ഇംഗ്ലണ്ടിന് വിജയം കാൽകീഴിലോ?ന്യൂറോസയൻസ് ഷൂസിലാക്കി നൈക്കി

അത്‌ലറ്റുകളുടെ മനോനില നിയന്ത്രിക്കാൻ ഈ ഷൂസുകൾ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്

അത്‌ലറ്റുകളുടെ പ്രകടനത്തെ മനശാസ്ത്രപരമായും ശാരീരികമായും മെച്ചപ്പെടുത്താനുള്ള പുതിയ വാതിലുകൾ തുറക്കുകയാണ് നൈക്കി. ‘മൈൻഡ് 001’, ‘മൈൻഡ് 002’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഷൂസുകൾ, പത്ത് വർഷത്തിലധികം നീണ്ട ഗവേഷണത്തിന് ശേഷമാണു കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്പോർട്സ് ഷൂ എന്നതിനുപരി ന്യൂറോസയൻസിൻ്റെ പിൻബലത്തോടെ അത്‌ലറ്റുകളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിവുള്ളവയാണ് ഇവയെന്നാണ് നൈക്കിയുടെ അവകാശവാദം.

ഫോം മെറ്റീരിയലിൽ നിർമ്മിച്ച ഈ ഷൂസിൻ്റെ അടിയിൽ 22 ചെറിയ നോഡുകൾ ഉണ്ട്. അത്‌ലറ്റുകൾ നന്നായി തയ്യാറെടുക്കാനും, പരിശീലിക്കാനും, മത്സരിക്കാനും, സഹായിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള നൈക്കിയുടെ ‘മൈൻഡ് സയൻസ് ഡിപ്പാർട്ട്‌മെൻ്റ്’ ആണ് ഈ ഷൂസുകളുടെ വികസനത്തിന് പിന്നിലെന്ന് നൈക്കി പറയുന്നു. മത്സരത്തിന് മുമ്പും ശേഷവും അത്‌ലറ്റുകളുടെ മനോനില നിയന്ത്രിക്കാൻ ഈ ഷൂസുകൾ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

മനസ്സിനെ നിയന്ത്രിക്കുന്ന ഈ ഷൂസുകൾ അത്‌ലറ്റുകളെ ശാന്തരും, ശ്രദ്ധയുള്ളവരും, നിലവിലുള്ളവരുമായി നിലനിർത്താൻ സഹായിക്കുമത്രേ. അടിയിലെ നോഡുകൾ അത്‌ലറ്റുകൾ ചലിക്കുമ്പോൾ പിസ്റ്റണുകൾ പോലെ പ്രവർത്തിക്കുകയും, തറയിൽ പാദങ്ങളുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ശ്രദ്ധ മാറ്റുന്ന ഘടകങ്ങളെ അകറ്റി ഏകാഗ്രത കൂട്ടുമെന്നാണ് നൈക്കി അവകാശപ്പെടുന്നത്.

ഇംഗ്ലണ്ട് ടീമിൻ്റെ കിറ്റ് സ്പോൺസറാണ് നൈക്കി. എന്നാൽ, അതിലുപരി ടീം മാനേജർ തോമസ് ടൂഹെൽ വിശ്വസിക്കുന്നത് ലോകകപ്പുകളിൽ ഇംഗ്ലണ്ടിനുണ്ടാകുന്ന പരാജയങ്ങളുടെ ചരിത്രം തിരുത്താൻ ഈ പരീക്ഷണം അത്യാവശ്യമാണെന്ന് ആണ്. സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെ മാർക്കസ് റാഷ്‌ഫോർഡും ഇസ്രി കോൻസയും ഈ ഷൂസുകൾ ധരിച്ച് പരിശീലനത്തിൽ പങ്കെടുത്തിരുന്നു. 95 ഡോളർ( ഏകദേശം 7,890 രൂപ) വിലയുള്ള ‘മൈൻഡ് 001’ മോഡൽ 2026 ജനുവരി മുതൽ ഓൺലൈനിലും സ്റ്റോറുകളിലും ലഭ്യമാകുമെന്നും നൈക്കി അറിയിച്ചിട്ടുണ്ട്.

content summary: Nike’s Mind Shoes Become the Sports World’s Next Game Changer

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×