December 09, 2024 |

എന്തുകൊണ്ട് അദാനിക്കെതിരേ യുഎസ്സില്‍ കുറ്റപത്രം ചുമത്തി?

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോഴയോ?

ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പിന്റെ, ശതകോടീശ്വരനായ ചെയര്‍മാന്‍ ഗൗതം അദാനി ഒരു വലിയ നിയമ കൊടുങ്കാറ്റില്‍ പെട്ടിരിക്കുകയാണ്. 2024 നവംബര്‍ 20 ന്, അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും മറ്റ് നിരവധി ഉന്നത എക്‌സിക്യൂട്ടീവുകളും ശതകോടികളുടെ കൈക്കൂലി ആസൂത്രണം ചെയ്തുവെന്നാരോപിച്ച് യുഎസ് അധികൃതര്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. ലാഭകരമായ സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി അദാനി ഗ്രൂപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലിയായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്നുവെന്നു പറയുന്ന ഈ കൈക്കൂലി അഴിമതിയില്‍, ന്യൂയോര്‍ക്കിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൈക്കൂലിക്കായി നല്‍കിയ പണം യുഎസ് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചുവെന്നതാണ് ഇതിന് കാരണം.

ഈ കേസ് ആഗോള കോര്‍പ്പറേറ്റ് ഭരണം, സുതാര്യത, അന്താരാഷ്ട്ര നിയമ അധികാരപരിധി എന്നിവയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Adani group

ആരോപണങ്ങള്‍
ഇന്ത്യയില്‍ സൗരോര്‍ജ്ജം വിതരണം ചെയ്യുന്നതിനുള്ള കരാറുകള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനുള്ള പദ്ധതിയാണ് കുറ്റപത്രത്തിന്റെ കാതല്‍. ഗൗതം, സാഗര്‍ അദാനി എന്നിവരുള്‍പ്പെടെയുള്ള കുറ്റാരോപിതരായ വ്യക്തികള്‍, ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (SECI) കരാര്‍ ഉറപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. 12 ജിഗാവാട്ട് സൗരോര്‍ജ്ജം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഈ കരാറുകള്‍ ഇന്ത്യയിലെ സംസ്ഥാന വൈദ്യുതി കമ്പനികള്‍ക്ക് വില്‍ക്കേണ്ടതായിരുന്നു. എന്നിരുന്നാലും, വൈദ്യുതി വാങ്ങുന്നവരെ കണ്ടെത്തുന്നതില്‍ എസ്ഇസിഐ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സൗരോര്‍ജ്ജം വാങ്ങുന്നവരെ കണ്ടെത്താന്‍ സിഇസിഐ പ്രയാസപ്പെട്ടിരുന്ന ഘട്ടത്തില്‍, അദാനി ഗ്രൂപ്പും അതിന്റെ പങ്കാളികളും സംസ്ഥാന ഇലക്ട്രിസിറ്റി കമ്പനികള്‍ എസ്ഇസിഐയില്‍ നിന്ന് വൈദ്യുതി വാങ്ങുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. ഇതിലൂടെ അദാനി ഗ്രൂപ്പിനും അവരുടെ ബിസിനസ്സ് പങ്കാളികള്‍ക്കും കൊള്ളലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം.

2020 നും 2024 നും ഇടയില്‍ ഗൗതം അദാനിയും കൂട്ടാളികളും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2,029 കോടി(250 മില്യണ്‍ ഡോളറിലധികം) കൈക്കൂലി നല്‍കിയെന്നാണ് യുഎസ് അധികൃതര്‍ ആരോപിക്കുന്നത്. ഈ തുക ശരിയാണെങ്കില്‍, ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ കോര്‍പ്പറേറ്റ് കോഴ അഴിമതികളിലൊന്നാണിത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യണ്‍ ഡോളറിലധികം ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറുകള്‍ ഉറപ്പാക്കാനാണ് ഇത്രയും തുക കൈക്കൂലിയായി നല്‍കിയതെന്നാണ് ആരോപണം.

കേസില്‍ ഉള്‍പ്പെട്ട പ്രധാനികള്‍
കേസില്‍ പ്രതികളായ വ്യക്തികള്‍ ഇവരാണ്

ഗൗതം അദാനി – അദാനി ഗ്രൂപ്പ് ചെയര്‍മാന്‍.

സാഗര്‍ അദാനി – ഗൗതം അദാനിയുടെ അനന്തരവന്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

വിനീത് ജെയിന്‍ – അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സിഇഒ.

രഞ്ജിത് ഗുപ്ത – അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് മുന്‍ സിഇഒ.

രൂപേഷ് അഗര്‍വാള്‍ – അസൂര്‍ പവര്‍ മുന്‍ ജീവനക്കാരന്‍.

സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര – ഈ വ്യക്തികള്‍ ഒരു കനേഡിയന്‍ സ്ഥാപന നിക്ഷേപകനുമായി ബന്ധമുള്ളവരും പദ്ധതി സുഗമമാക്കുന്നതില്‍ പങ്കുവഹിച്ചവരുമാണ്.

യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, എസ്ഇസിഐ-യുമായുള്ള കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു. എന്നാല്‍ എസ്ഇസിഐ നേരിട്ട ബുദ്ധിമുട്ടുകള്‍ കാരണം കരാറുകള്‍ അന്തിമമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അദാനി ഗ്രൂപ്പിന് ലാഭം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സൗരോര്‍ജ്ജം വാങ്ങുന്നുവെന്ന് ഉറപ്പാക്കാനാണ് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.

Adani -sagar

എന്തുകൊണ്ടാണ് യുഎസ് ഇതില്‍ ഇടപെട്ടു?
ഇന്ത്യയില്‍ നടന്ന കൈക്കൂലി അഴിമതിയ്ക്ക് യുഎസല്‍ കുറ്റപത്രം സമര്‍പ്പിച്ചത്, ആഗോള സാമ്പത്തിക വിപണികളുടെ വര്‍ദ്ധിച്ചുവരുന്ന പരസ്പര ബന്ധവും അന്താരാഷ്ട്ര നിയമത്തിന്റെ വ്യാപ്തിയുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. അദാനി ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി, പ്രത്യേകിച്ച് ‘കൈക്കൂലി പദ്ധതിക്ക്’ വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി അവരുടെ അമേരിക്കയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നത്. യുഎസ് നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്താണ് ഫണ്ട് സമാഹരിച്ചത്, ബിസിനസ്സ് ഇടപാടുകളുടെ സമഗ്രതയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കി അമേരിക്കന്‍ നിക്ഷേപകരെ കബിളിപ്പിച്ചുവെന്നാണ് ആരോപണം.

ഗൗതം അദാനി, സാഗര്‍ അദാനി, സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) കുറ്റം ചുമത്തിയിട്ടുണ്ട്. തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍, കൈക്കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചു പിടിച്ച്, നിക്ഷേപകരോടും ബാങ്കുകളോടും കള്ളം പറഞ്ഞുവെന്നാണ് പരാതി. യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച നിക്ഷേപം സ്വീകരിക്കുന്നതിലൂടെ, ആ നിക്ഷേപകരെ വഞ്ചിച്ചതിനാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്, അമേരിക്ക ഇതൊരു രാജ്യാന്തര സാമ്പത്തിക തട്ടിപ്പ് കേസായാണ് കാണുന്നത്. യുഎസ് അധികാരികളുടെ അഭിപ്രായത്തില്‍, അമേരിക്കന്‍ നിക്ഷേപകരുടെ പണമാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയത്. അതിനാലാണ് കേസ് യുഎസ് അധികാരപരിധിയില്‍ വരുന്നത്. ആഗോളതലത്തില്‍ കുറ്റകൃത്യം എവിടെ നടന്നാലും, യുഎസ് നിയമം ലംഘിക്കുന്ന അഴിമതിയും വഞ്ചനാപരവുമായ നടപടികള്‍ തുടരുമെന്ന് യുഎസിലെ നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്

എന്താണ് കുറ്റപത്രം?
യുഎസിലെ കുറ്റപത്രം, ഒരു കുറ്റകൃത്യത്തിന്റെ ഔപചാരികവും രേഖാമൂലവുമുള്ള കുറ്റാരോപണവോ കുറ്റപത്രവുമോ ആണ്. ഇത് ഒരു പ്രോസിക്യൂട്ടര്‍ ആണ് സമര്‍പ്പിക്കുന്നത്. ഒരു ഗ്രാന്‍ഡ് ജൂറി ഈ കുറ്റപത്രം അംഗീകരിക്കണം. ഒരു കുറ്റകൃത്യം ആര്‍ക്കെങ്കിലുമെതിരേ ഔപചാരികമായി ചുമത്താന്‍ മതിയായ തെളിവുകള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കുന്ന ഒരു കൂട്ടം പൗരന്മാരാണ് ഗ്രാന്‍ഡ് ജൂറി. കുറ്റാരോപിതരായ വ്യക്തികളെ കുറ്റം അറിയിക്കുകയും കോടതിയില്‍ സ്വയം വാദിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും. ഗൗതം അദാനിയും കൂട്ടാളികള്‍ക്കും മേല്‍ കൈക്കൂലി, വഞ്ചന, നീതിന്യായ തടസ്സം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ഔദ്യോഗികമായി കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഈ കുറ്റപത്രം അര്‍ത്ഥമാക്കുന്നത്.

ഒരു കുറ്റപത്രം ക്രിമിനല്‍ നീതിന്യായ പ്രക്രിയയിലെ ഒരു സുപ്രധാന ഘട്ടമാണ്, എന്നാല്‍ അത് കുറ്റത്തെ സ്ഥിരീകരിക്കുന്നില്ല. കുറ്റാരോപിതരായ വ്യക്തികള്‍ക്ക് കോടതിയില്‍ ആരോപണങ്ങളെ എതിര്‍ക്കാനും പ്രതിവാദം അവതരിപ്പിക്കാനും അവസരമുണ്ട്.

അദാനി ഗ്രൂപ്പിന്റെ വീഴ്ച
ന്യൂയോര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഇതിനകം തന്നെ അദാനി ഗ്രൂപ്പിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് 600 മില്യണ്‍ ഡോളറിന്റെ ബോണ്ട് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ യു എസ് കോടതിയിലെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍, വിദേശ കറന്‍സി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന ഓഫര്‍ അവര്‍ റദ്ദാക്കിയിരിക്കുകയാണ്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, മറ്റ് സബ്‌സിഡിയറികള്‍ എന്നിങ്ങനെ വിവിധ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20% വരെ ഇടിഞ്ഞു. ഇത് നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചതിനോടൊപ്പം, വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ നിയമപരവും നിയന്ത്രണപരവുമായ സൂക്ഷ്മപരിശോധനയുടെ ആവശ്യം വലുതാണെന്ന ചര്‍ച്ച ചൂടു പിടിപ്പിക്കുകയും ചെയ്തു.

Adani protest

ഇന്ത്യയില്‍, അദാനി ഗ്രൂപ്പിനെതിരേ രാഷ്ട്രീയമായും പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ബിസിനസ് രീതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പ് ഉള്‍പ്പെട്ട അഴിമതിയും കോര്‍പ്പറേറ്റ് ദുര്‍നടപടികളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന തങ്ങളുടെ നേരത്തെയുള്ള ആവശ്യത്തെ ഇപ്പോഴത്തെ കേസ് ശരിവെക്കുന്നതായി പാര്‍ട്ടി അവകാശപ്പെടുന്നു.

കെനിയയില്‍ നിന്നും തിരിച്ചടി
യു എസ്സില്‍ നിന്നുണ്ടായിരിക്കുന്ന കുറ്റാരോപണത്തിന് പിന്നാലെ കെനിയയില്‍ നിന്നും അദാനി ഗ്രൂപ്പിന് വലിയൊരു തിരിച്ചടി ഉണ്ടായിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള ഇടപാട് റദ്ദാക്കാന്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടു. നെയ്റോബി ജോമോ കെനിയാട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു  നിര്‍ദിഷ്ട ഇടപാട്. കരാര്‍ പ്രകാരം അദാനിക്ക് വിമാനത്താവളത്തില്‍ രണ്ടാമതൊരു റണ്‍വേ നിര്‍മിക്കുകയും പാസഞ്ചര്‍ ടെര്‍മിനല്‍ നവീകരിക്കുകയും ചെയ്യാമായിരുന്നു. ”ഗതാഗത മന്ത്രാലയത്തിനും ഊര്‍ജ, പെട്രോളിയം മന്ത്രാലയത്തിനും ഉള്ളിലെ ഏജന്‍സികളോട് നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ റദ്ദാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു,” എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ റൂട്ടോ വ്യക്തമാക്കിയത്. ”അന്വേഷണ ഏജന്‍സികളും പങ്കാളി രാജ്യങ്ങളും നല്‍കിയ പുതിയ വിവരങ്ങളാണ് തീരുമാനത്തിന് കാരണം.’ എന്നും പ്രസിഡന്റ് പറഞ്ഞു. ഒരു പ്രത്യേക പദ്ധതിക്കായി വൈദ്യുതി പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനായി അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ഊര്‍ജ്ജ മന്ത്രാലയവുമായി 30 വര്‍ഷത്തെ 736 മില്യണ്‍ ഡോളറിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചിരുന്നു.

അദാനി ഗ്രൂപ്പിന്റെ പ്രതികരണം
ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, എസ്ഇസി എന്നിവ അവരുടെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് അവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമ വ്യവസ്ഥയുടെ സഹായം തേടുമെന്നാണ് പറയുന്നത്.

കുറ്റപത്രത്തിന്റെ പ്രതിഫലനങ്ങള്‍
ഗൗതം അദാനിക്കും കൂട്ടാളികള്‍ക്കുമെതിരെയുള്ള കുറ്റപത്രം ആഗോള കോര്‍പ്പറേറ്റ് ലോകത്തെ ഒരു സുപ്രധാന സംഭവവികാസമാണ്. കുറ്റകൃത്യം എവിടെ നടന്നാലും, അഴിമതിക്കും വഞ്ചനയ്ക്കും ബിസിനസ് മേധാവികളെ ഉത്തരവാദികളാക്കുന്നതില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാണ് ഇതിലൂടെ അടിവരയിടുന്നത്. അദാനി ഗ്രൂപ്പിന് ഗുരുതരമായ സാമ്പത്തിക തിരിച്ചടികളും അതോടൊപ്പം അവരുടെ പേരിനും പ്രശസ്തിക്കും വലിയ കളങ്കവും ഉണ്ടാക്കുന്നതാണ് ഈ കേസ്. കോര്‍പ്പറേറ്റ് ഭരണം, സുതാര്യത, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളും ഈ കേസ് ഉയര്‍ത്തുന്നുണ്ട്. നിയമനടപടികള്‍ പുരോഗമിക്കുന്നതിനൊപ്പം, അദാനി ഗ്രൂപ്പിനും അതിന്റെ നിക്ഷേപകര്‍ക്കും അതുപോലെ ഇന്ത്യയുടെ ബിസിനസ്സ് അന്തരീക്ഷത്തിനും ഉണ്ടാകുന്ന ആഘാതം സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാകും.  Why Gautam Adani has been indicted in the US and what it means

Content Summary; Why Gautam Adani has been indicted in the US and what it means

×