ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വിട പറഞ്ഞിരിക്കുന്നു. ശാന്തമെങ്കിലും കരുത്താര്‍ന്ന വ്യക്തിത്വം, കാഴ്ചപ്പാട്, രാജ്യത്തിന്റെ സാമ്പത്തിക-ജനാധിപത്യ പാതയിലെ പരിവര്‍ത്തന സ്വാധീനം എന്നിവയാല്‍ ഓര്‍മ്മിക്കപ്പെടാവുന്ന ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് സിംഗ് കടന്നു പോകുന്നത്. അദ്ദേഹത്തിന്റെ ഭരണകാലം, പ്രത്യേകിച്ച് 1991-ല്‍ ധനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം, രാജ്യ ചരിത്രത്തിലെ ഒരു സുപ്രധാന കാലത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നിരിക്കിലും, താന്‍ ചെലുത്തിയ സ്വാധീനത്തിന്റെ പേരില്‍ ജീവിത കാലത്ത് അദ്ദേഹം വേണ്ട രീതിയില്‍ ആഘോഷിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹം തന്നെ ഒരിക്കല്‍ പ്രവചിച്ചതുപോലെ; അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സമകാലിക മാധ്യമങ്ങളെക്കാളും രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കാളും, ചരിത്രം അദ്ദേഹത്തോട് തീര്‍ച്ചയായും ദയ കാണിക്കും.
ഡോ. സിംഗിന്റെ രാഷ്ട്രീയ യാത്ര ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിവര്‍ത്തനത്തിന്റെ കഥയുമായി ഇഴചേര്‍ന്നതാണ്. 1991ല്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു അദ്ദേഹത്തെ ധനമന്ത്രിയായി നിയമിച്ചപ്പോള്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം അപകടകരമാംവിധം താഴ്ന്ന നിലയിലേക്ക് ചുരുങ്ങിയിരുന്നു. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായിരുന്നു… പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിലാണ് ഇന്ത്യയുടെ ഉദാരവല്‍ക്കരണത്തിന്റെ തുടക്കം കുറിക്കുന്ന ധീരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര ഡോ. സിംഗ് നടപ്പിലാക്കുന്നത്.
1991 ജൂലൈ 24-ന് ധനമന്ത്രിയായിരിക്കെ നടത്തിയ തന്റെ കന്നി പ്രസംഗത്തില്‍ സിംഗിന്റെ ചരിത്രപ്രസിദ്ധമായൊരു വിളംബരമുണ്ടായിരുന്നു, ‘ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു’ എന്നായിരുന്നു ആ പ്രഖ്യാപനം. വിക്ടര്‍ ഹ്യൂഗോയെ ഉദ്ധരിച്ചുകൊണ്ട്, ‘സമയമായ ഒരു ആശയത്തെ ഭൂമിയിലെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ല’ എന്ന് അദ്ദേഹം ലോകത്തോടായി വിളിച്ചു പറഞ്ഞു. ഇത് കേവലം വാചക കസര്‍ത്തായിരുന്നില്ല; സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കൈയടിക്കിയിരുന്ന സംരക്ഷണ നയങ്ങളുടെ അവസാനത്തെ സൂചിപ്പിക്കുന്ന ഒരു ഉദ്ദേശ്യ പ്രഖ്യാപനമായിരുന്നു. വ്യാപാരം ഉദാരവല്‍ക്കരിക്കുക, ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ പൊളിച്ചെഴുതുക, വിദേശ നിക്ഷേപത്തിന് ഇന്ത്യയുടെ വാതിലുകള്‍ തുറന്നുകൊടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ധനമന്ത്രിയായിരുന്ന ഡോ. സിംഗിന്റെ ഭരണ കാലാവധി ഇന്ത്യയെ വളര്‍ന്നുവരുന്ന ഒരു ആഗോള ശക്തിയാക്കി മാറ്റിയ കാലമായി വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്നെ, 2004 മുതല്‍ 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലം ശാന്തമായ ശക്തിയുടെയും പ്രായോഗിക വീക്ഷണത്തിന്റെയും നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഉറപ്പിക്കുന്നതായിരുന്നു. 1990 കളിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പാരമ്പര്യവുമായി മല്ലിടേണ്ടി വരുന്ന ഒരു രാജ്യത്തെ നയിക്കേണ്ടി ബാധ്യതയും അദ്ദേഹത്തിന് മേല്‍ വന്നു ഭവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണ നേതൃത്വം ശ്രദ്ധേയമായ വളര്‍ച്ചയിലൂടെ ഇന്ത്യയെ നയിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍, ഇന്ത്യയുടെ ജിഡിപി ശരാശരി വാര്‍ഷിക നിരക്കായ 8.5% ലേക്ക് വളര്‍ന്നു. ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നു.
2008ല്‍ ഇന്ത്യ-യുഎസ് സിവില്‍ ആണവ കരാര്‍ ഉറപ്പിച്ചതാണ് ഡോ. സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. ഇത് ഇന്ത്യയുടെ വിദേശ നയത്തെയും ഊര്‍ജ തന്ത്രത്തെയും പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചു. ഈ കരാര്‍ സിവിലിയന്‍ ആണവ സഹകരണത്തിലേക്കുള്ള വാതില്‍ തുറന്നു, ഇത് ആഗോള ക്രമത്തില്‍ ഇന്ത്യയുടെ സംയോജനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായി പലരും കണ്ടു. ഇത് ഒരു സുപ്രധാന നേട്ടമായിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയുടെ വളര്‍ച്ച രേഖപ്പെടുത്തുന്നതിനും വഴിയൊരുക്കി. രാജ്യത്തിനകത്തും, ഡോ. സിംഗിന്റെ ഗവണ്‍മെന്റ് നിരവധി പരിവര്‍ത്തനാത്മകമായ സാമൂഹിക ക്ഷേമ സംരംഭങ്ങള്‍ നടപ്പിലാക്കി. അതില്‍ എടുത്തു പറയേണ്ടതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്ത ചരിത്രപരമായൊരു പദ്ധതിയായി അത് മാറി.
സാമ്പത്തിക അരക്ഷിതാവസ്ഥയെയും സാമൂഹിക അസമത്വത്തെയും അഭിസംബോധന ചെയ്യുന്ന ഒരു പരിപാടിയായിരുന്നു തൊഴിലുറപ്പ് പദ്ധതി. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്കായിരുന്നു അതിന്റെ ഗുണം എത്തിച്ചേര്‍ന്നത്. ഗ്രാമീണ മേഖല, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ രംഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങള്‍ ഉള്‍പ്പെടെ, ഗണ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടപ്പാക്കുന്നതിലും ഡോ. സിംഗിന്റെ ഭരണകാലത്ത് സാധ്യമായി.
ഈ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഡോ. സിംഗിന്റെ കാലം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ രണ്ടാം ടേം അഴിമതി അഴിമതികളുടെ ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നു. 2ജി സ്‌പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കല്‍ക്കരിപ്പാടം വിതരണ അഴിമതി; രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്ന പലവിധ അഴിമതികള്‍.
കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങളും വര്‍ദ്ധിച്ച അഴിമതിയെ തടയുന്നതില്‍ വന്ന വീഴ്ച്ചകളും ഡോ. സിംഗിനെ വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദുവാക്കി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെക്‌നോക്രാറ്റുകളില്‍ ഒരാള്‍ക്ക്, തനിക്കു ചുറ്റുമുള്ള രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടേറിയതായി. ഇത് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ചലനത്തെ തന്നെ സതംഭിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.
എന്നിരുന്നാലും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഡോ. സിംഗിന്റെ ശാന്തവും പക്വവുമായ പെരുമാറ്റം രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം നേടുന്നതിന് യോജിക്കുന്നതായിരുന്നു. ആളുകളെ കൈയിലെടുക്കുന്ന പ്രസംഗങ്ങളിലായിരുന്നില്ല ഡോ. സിംഗ് വിശ്വസിച്ചിരുന്നത്. വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികള്‍ കൊണ്ട് സംസാരിക്കാനായിരുന്നു അദ്ദേഹം തയ്യാറായിരുന്നത്. ശാന്തവും നിശബ്ദവുമായിരുന്ന നേതൃത്വ ശൈലി അദ്ദേഹത്തിന് ആരാധകരെയും വിമര്‍ശകരെയും നേടിക്കൊടുത്തു. ഇന്ത്യയുടെ ജനാധിപത്യ, സാമ്പത്തിക അടിത്തറകള്‍ ശക്തിപ്പെടുന്നതിന് അദ്ദേഹത്തിന്റെ ദീര്‍ഘകാല വീക്ഷണവും പ്രതിബദ്ധതയും കാലക്രമേണ ഈ രാജ്യം മനസിലാക്കി.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ‘കടുത്ത കെടുകാര്യസ്ഥത’ എന്ന് നോട്ട് അസാധുവാക്കല്‍ നയത്തെ വിമര്‍ശിച്ചാണ് ഡോ. സിംഗ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടല്‍. നോട്ട് നിരോധനം പോലുള്ള നയങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ്, ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഉറച്ച പ്രതിരോധത്തിനുള്ള മുന്‍കരുതലും, സമീപ വര്‍ഷങ്ങളിലായി കൂടുതല്‍ ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതുമായിരുന്നു. ആഴത്തിലുള്ള പഠനവും സമഗ്രതയും ഉള്ള ഒരു മനുഷ്യന്‍ എന്ന നിലയില്‍, ഇന്ത്യയുടെ ബഹുസ്വരതയിലും ഉള്‍ ചേര്‍ച്ചയിലും പുലര്‍ത്തേണ്ട ധാര്‍മ്മികമായ പ്രതിബദ്ധതയോട് ഒരിക്കലും സന്ധി ചെയ്യാന്‍ സിംഗ് ശ്രമിച്ചിരുന്നില്ല.
2014ല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാന പത്രസമ്മേളനത്തിലെ ഡോ. സിംഗിന്റെ വാക്കുകള്‍ ഇന്ത്യ എക്കാലവും ഓര്‍ക്കും: ‘സമകാലിക മാധ്യമങ്ങളെക്കാളും അല്ലെങ്കില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു.’ ഇതായിരുന്നു സിംഗിന് കാലത്തിന് മുന്നില്‍ വയ്ക്കാനുണ്ടായിരുന്നത്. കാലം തീര്‍ച്ചയായും അദ്ദേഹത്തിന്റെ പൈതൃകത്തിന്റെ ആത്യന്തിക വിധികര്‍ത്താവായിരിക്കും, എന്നാല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ച ഒരു സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ മാത്രമല്ല, രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ രാജ്യത്തെ നയിച്ച നേതാവായും ചരിത്രം ഡോ. സിംഗിനെ അടയാളപ്പെടുത്തും
ഡോ. മന്‍മോഹന്‍ സിംഗിന്റെ പാരമ്പര്യം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നയങ്ങളും സംരംഭങ്ങളും രാജ്യത്തെ ഒരു ആഗോള സാമ്പത്തിക ശക്തിയായി മാറ്റുന്നതിന് ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകള്‍ അളക്കേണ്ടത്, അദ്ദേഹത്തിന്റെ ഭരണകാലത്തെ വിവാദങ്ങളിലൂടെയല്ല, മറിച്ച് ലോകത്ത് ഇന്ത്യയുടെ സ്ഥാനം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ചെലുത്തിയ നിശബ്ദവും ആഴത്തിലുള്ളതുമായ സ്വാധീനത്തെ പ്രതിയായിരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സാമ്പത്തികമായി ഊര്‍ജ്ജസ്വലമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി നിലനില്‍ക്കും. ചരിത്രം തീര്‍ച്ചയായും അദ്ദേഹത്തോട് ദയ കാണിക്കും. Why History Will Be Kind to Dr. Manmohan Singh
Content summary; Why History Will Be Kind to Dr. Manmohan Singh