March 27, 2025 |
Share on

‘ചങ്ങലയ്ക്കിട്ട് സൈനിക വിമാനങ്ങളില്‍ കയറ്റി വിടുന്നു, ഏലിയന്‍സും ക്രിമിനലുകളുമാക്കി ആക്ഷേപിക്കുന്നു’

ട്രംപിന്റെ ഉദ്ദേശമെന്ത്?

അനധികൃത കുടിയേറ്റക്കാരെ നാട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ യു എസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന വഴികളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, തങ്ങള്‍ക്ക് അഭിമതരായവരെ രാജ്യത്ത് നിന്നും പുറകത്താക്കുക മാത്രമല്ല, അമേരിക്ക എങ്ങനെയൊക്കെയാണ് ഇനി കുടിയേറ്റക്കാരോട് പെരുമാറാന്‍ പോകുന്നതെന്ന് ലോകത്തെ പഠിപ്പിപ്പിക്കാന്‍ കൂടിയാണ് ശ്രമിക്കുന്നത്.

അനധികൃതമെന്നു കണ്ടെത്തിയ 205 ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. സാന്‍ അന്റോണിയോ, ടെക്‌സാസ്, എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയ ഇന്ത്യക്കാരുമായി ഫെബ്രുവരി 4(ചൊവ്വാഴ്ച്ച) പുലര്‍ച്ചെ മൂന്നു മണിയോടെയാണ് യുഎസ് സൈനിക വിമാനമായ സി-17 പറന്നുയര്‍ന്നത്. തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള(എല്ലാ അനധികൃത കുടിയേറ്റക്കാരെയും) അമേരിക്കന്‍ ഭരണകൂടത്തിന്റെ സമീപനം എങ്ങനെയാണെന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ചങ്ങലയ്ക്കിട്ട് ബന്ധിച്ച്, ക്രിമിമനലുകളെ പോലെയാണ് അവരെ കരുതിയിരിക്കുന്നത്. അതിനേക്കാള്‍ ശ്രദ്ധേയമായൊരു കാര്യം, കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ്. എന്താണ് അത്തരമൊരു നീക്കത്തിന് പിന്നില്‍?

deporting military plane
എന്തുകൊണ്ട് സൈനിക വിമാനങ്ങള്‍?
നാടുകടത്തിലിന് സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നത് യുഎസില്‍ സാധാരണമല്ല. മാത്രമല്ല, വളരെ ചെലവേറിയൊരു മാര്‍ഗവുമാണത്. അതുമല്ല, യു എസ് സൈനിക വിമാനങ്ങള്‍ തങ്ങളുടെ രാജ്യത്ത് ഇറങ്ങാന്‍ മറ്റ് ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. കൊളംബിയ ഇത്തരത്തില്‍ അനുമതി നിഷേധിച്ചിരുന്നു. സിവിലിയന്‍ വിമാനങ്ങള്‍ അല്ലാതെ സൈനിക വിമാനങ്ങള്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചത്. ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ വാശി പിടിക്കുന്നതിന് പിന്നില്‍ കാര്യമുണ്ട്.

അതിലേക്ക് വരുന്നതിന് മുമ്പ് സിവിലിയന്‍/ സൈനിക വിമാനങ്ങളുടെ ചെലവില്‍ വരുന്ന വ്യത്യാസം നോക്കാം. സാധാരണ, നാടുകടത്തലിന് സാധാരണ യാത്ര വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്താണ് യു എസ് ഉപയോഗിക്കാറുള്ളത്. യു എസ് കസ്റ്റംസ് ആന്‍ഡ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ)യാണ് ഇതിന് ചുക്കാന്‍ പിടിക്കാറുള്ളത്. ഇത്തരം വിമാനങ്ങള്‍ പറന്നിറങ്ങുന്നത് സാധാരണഗതിയില്‍ വാര്‍ത്തയാകാറില്ല, പ്രത്യേക ശ്രദ്ധ നേടാറുമില്ല. അതല്ല, സി-17 പോലുള്ള സൈനിക വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്.

ചെലവിന്റെ കാര്യത്തില്‍ വരുന്ന വ്യത്യാസം റോയിട്ടര്‍ കണക്കുകൂട്ടി പറയുന്നുണ്ട്. ഗ്വാട്ടിമാലയിലെ ആളുകളെ അങ്ങോട്ടേക്ക് തിരിച്ചയക്കാന്‍ സൈനിക വിമാനമാണ് ഉപയോഗിച്ചത്. ഒരു കുടിയേറ്റക്കാരന് ഈയിനത്തില്‍ ചെലവ് വന്നത് 4,675 ഡോളറാണ്(408,511 ഇന്ത്യന്‍ രൂപ). ഇത് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ വണ്‍ വേ ഫസ്റ്റ് ക്ലാസില്‍ ആണെങ്കില്‍ വരുന്നത് വെറും 853 ഡോളര്‍(74,531 ഇന്ത്യന്‍ രൂപ) അഞ്ചിരട്ടിയോളമാണ് വ്യത്യാസം. കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വളരെ ചെലവുണ്ടാക്കുന്നുണ്ടെന്നാണ് ഐസിഇ-യുടെ ആക്ടിംഗ് ഡയറക്ടര്‍ ടെയ് ജോണ്‍സണ്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. 135 കുടിയേറ്റക്കാരുമായി പറന്ന ഒരു വിമാനം മണിക്കൂറിന് 17,000 ഡോളര്‍ എന്ന നിരക്കാണ് ഈടാക്കുന്നത്. അഞ്ച് മണിക്കൂറാണ് സാധരണ ഇവര്‍ പറക്കുന്നത്. ഇത്തരത്തില്‍ കണക്ക് കൂട്ടുമ്പോള്‍ ഒരു വിമാനത്തിന് മൊത്തം ചെലവ് 85,000 ഡോളര്‍ ആകും.

അതേസമയം സൈനിക വിമാനമായ സി-17 ല്‍ മണിക്കൂറിന് 28,500 ഡോളറാണ്(2,494,530 ഇന്ത്യന്‍ രൂപ). ഗ്വാട്ടിമാല, ഹോണ്ടുറാസ്, പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലേക്കെല്ലാം ഇത്തരം വിമാനങ്ങള്‍ പോയിട്ടുണ്ട്. കൊളംബിയയിലേക്കും പോയെങ്കിലും അവര്‍ അനുവദിച്ചില്ല. പകരമവര്‍ ചെയ്തത്, തങ്ങളുടെ പൗരന്മാരെ മടക്കി കൊണ്ടുവരാന്‍ സ്വന്തം വിമാനം അയക്കുകയായിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റും ദീര്‍ഘമായ യാത്ര വേണ്ടി വരുന്നത് ഇന്ത്യയിലേക്കാണ്.

Deporting immigrants
ട്രംപിന്റെ മുന്നറിയിപ്പ്
ട്രംപ്, എല്ലാവര്‍ക്കും മുന്നറിയിപ്പ് കൊടുക്കുകയാണ്. അനധികൃത കുടിയേറ്റക്കാരോട് അമേരിക്കയുടെ നിലപാട് എന്തായിരിക്കുമെന്ന് പഠിപ്പിക്കുകയാണ്. ‘ ഏലിയന്‍സ്, ക്രിമിനലുകള്‍’ എന്നൊക്കെയാണ് കുടിയേറ്റക്കാരെ ട്രംപ് അധിക്ഷേപിക്കുന്നത്. അവര്‍ അമേരിക്കയിലേക്ക് അതിക്രമിച്ചു കയറി എന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ താന്‍ വളരെ കര്‍ക്കശക്കാരനാണെന്ന് കാണിക്കാന്‍ കൂടിയാണ്, തിരിച്ചയക്കുന്നവരെ കൈവിലങ്ങിട്ട് സൈനിക വിമാനത്തില്‍ കയറ്റുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതിലൂടെ ട്രംപ് ശ്രമിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി, നമ്മള്‍ നിയമവിരുദ്ധരായ ‘അന്യഗ്രഹജീവികളെ’ കണ്ടുപിടിക്കുകയും, അവരെ സൈനിക വിമാനങ്ങളില്‍ കയറ്റി അവര്‍ വന്ന സ്ഥലങ്ങളിലേക്ക് തന്നെ തിരികെ പറത്തുകയും ചെയ്യുകയാണ്, വര്‍ഷങ്ങളായി അവര്‍ നമ്മളെ വിഡ്ഢികളെപ്പോലെ നോക്കി കണ്ട് ചിരിക്കുകയായിരുന്നു. ഇപ്പോള്‍ നമ്മള്‍ നമ്മുടെ ബഹുമാനം വീണ്ടെടുത്തു’ എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകരോടായി ട്രംപ് അവകാശപ്പെട്ടത്.

ജനുവരി 24-ന്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് എക്‌സില്‍ ചില ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. കൈവിലങ്ങിട്ട കുടിയേറ്റക്കാരെ ഒരുമിച്ചു ബന്ധനസ്ഥരാക്കി ഒരു സൈനിക വിമാനത്തിലേക്ക് കയറ്റാന്‍ പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു അവ. ”നാടുകടത്തല്‍ വിമാനങ്ങള്‍ യാത്ര തുടങ്ങുകയാണ്. പ്രസിഡന്റ് ട്രംപ് ലോകത്തിന് ശക്തവും വ്യക്തവുമായ സന്ദേശം കൈമാറുകയാണ്: നിങ്ങള്‍ അനധികൃതമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ പ്രവേശിച്ചാല്‍, നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. എന്നാണ് ആ സന്ദേശം” ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം ലീവിറ്റ് കുറിച്ചത്.

തങ്ങളുടെ പൗരന്മാരെ ചങ്ങലയിട്ട്, സൈനിക വിമാനത്തില്‍ കയറ്റി അയക്കുന്നത്, അതാത് മാതൃരാജ്യങ്ങളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ അതൃപ്തരാണ്. പ്രത്യേകിച്ച് ഇടതുപക്ഷ ഭരണകൂടങ്ങള്‍. തങ്ങളുടെ രാജ്യങ്ങളില്‍ അട്ടിമറി നടത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു അമേരിക്കന്‍ സൈനിക വിമാനം തങ്ങളുടെ നാട്ടില്‍ പറന്നിറങ്ങുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ട്രംപിന്റെ തീരുമാനങ്ങള്‍ അതുകൊണ്ട് തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം.  Why is Donald Trump using military planes to deport immigrants?

Content Summary; Why is Donald Trump using military planes to deport immigrants?

×