ഇറാന്‍ വിദേശകാര്യ മന്ത്രിയെയും സ്പീക്കറെയും ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ട് ?

പിന്നില്‍ പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഇടപെടല്‍

മിഡില്‍ ഈസ്റ്റില്‍ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇറാന്റെ രണ്ട് പ്രമുഖ നേതാക്കളെ ലക്ഷ്യമിടുന്നതില്‍ നിന്ന് ഇസ്രയേലും അമേരിക്കയും താല്‍ക്കാലികമായി പിന്മാറിയതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ഗാലിബഫ് എന്നിവരെയാണ് വധിക്കാനുള്ള ‘ഹിറ്റ് ലിസ്റ്റില്‍’ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ നാടകീയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധികളായ അരാഗ്ചിയെയും ഗാലിബഫിനെയും വധിച്ചാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള എല്ലാ വഴികളും അടയുമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കി. ‘സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നാല്‍ യുദ്ധം അവസാനിക്കില്ല’ എന്ന പാകിസ്ഥാന്‍ വൃത്തങ്ങളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന്, ഇസ്രയേലിനോട് പിന്മാറാന്‍ അമേരിക്ക ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇരുവര്‍ക്കുമുള്ള ഈ ആശ്വാസം വെറും നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്തിനുള്ളില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ഇവര്‍ വീണ്ടും ലക്ഷ്യപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ട് വെച്ച 15 ഇന നിര്‍ദ്ദേശം ഇറാന്‍ ഇതിനകം തള്ളിക്കളഞ്ഞു. ഇത് ‘ഏകപക്ഷീയവും അന്യായവും’ ആണെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്‍ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും, ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രതികരിക്കുന്നു.

ഗാസയിലും ലെബനനിലും ഹമാസ്-ഹിസ്ബുള്ള നേതാക്കളെ ഇല്ലാതാക്കിയ അതേ മാതൃകയില്‍ ഇറാന്റെ ഉന്നത നേതൃത്വത്തെയും വേട്ടയാടാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവര്‍ ഇപ്പോഴും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ നിരവധി സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെങ്കിലും, ഭരണകൂടം ഇപ്പോഴും തന്ത്രപരമായ കരുത്ത് നിലനിര്‍ത്തുന്നുണ്ട്.

അതേസമയം, ഇറാന്‍ ചര്‍ച്ചാ മേശയിലേക്ക് വരാനുള്ള സമയം അതിക്രമിച്ചുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സമാധാന നീക്കങ്ങളോട് സഹകരിച്ചില്ലെങ്കില്‍, ഇറാന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ ഭീഷണി. അതേസമയം, ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിലും സൈനിക നീക്കങ്ങള്‍ തടയുന്നതിലും അമേരിക്കന്‍ സേന അതീവ ജാഗ്രത തുടരുകയാണ്.

Content Summary: Why Israel removed Iran’s foreign minister and speaker from its hit list

This post was last modified on March 27, 2026 6:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment