ഫുട്‌ബോളിലെ ഗോട്ടുകളായ (greatest of all time) ലിയോ മെസിയും ക്രിസ്റ്റ്യനോ റൊണാള്‍ഡോയും കരിയറിന്റെ അവസാന യാമങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഒന്നിനൊന്നു മികവ് കൊണ്ട് ആരാധകരെ ത്രസിപ്പിച്ച മെസി-ക്രിസ്ത്യാനോ യുഗം അവസാനിക്കുന്നതോടെ ഫുട്‌ബോള്‍ കളത്തില്‍ വലിയൊരു വിടവ് ഉറപ്പ്. എന്നാലും ആ വിടവ് നികത്താന്‍ കാലില്‍ വിസ്മയം ആവാഹിച്ച പ്രതിഭകള്‍ ഉദയം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മെസിയുടെയും റൊണാള്‍ഡോയുടെയും സമാന ജീനുള്ള ഒരു താരം ഇതിനകം കളത്തില്‍ അവതരിച്ചുകഴിഞ്ഞു. മെസി കളി പഠിച്ച ബാര്‍സലോനയുടെ ലാ മാസിയ അക്കാഡമിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന സ്പാനിഷ് സെന്‍സേഷന്‍ ലാമിന്‍ യമാല്‍. 16 വയസ് തികയും മുന്‍പ് ബാര്‍സയുടെ വിഖ്യാത ജേഴ്‌സിയില്‍ വരവറിയിച്ച യമാല്‍ 16-ആം വയസില്‍ യൂറോ കപ്പില്‍ സ്പാനിഷ് ജേഴ്‌സിയിലും വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചു കളികളില്‍ മൂന്നു അസ്സിസ്റ്റ് നേടിയ യമാലിന്റെ ചിറകിലേറി സ്‌പെയിന്‍ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.
സ്‌പെയിനിന്റെ യൂറോ കിരീടപ്രതീക്ഷകള്‍ യമാലിന്റെ കാലുകളില്‍ പിറവിയെടുക്കുന്ന ചടുല നീക്കങ്ങളിലാണ്. യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍. 15-ആം വയസില്‍ ബാര്‍സയില്‍ അരങ്ങേറിയ യമാല്‍ ബാര്‍സ സീനിയര്‍ ടീമിന്റെ ജേഴ്സി അണിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. എന്നാല്‍ യമാലിന്റെ പ്രായം വിനയായിരിക്കുകയാണ് സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്. യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജര്‍മ്മനിയിലെ തൊഴില്‍ നിയമമാണ് സ്‌പെയിനിനു അവരുടെ ഏറ്റവും മികച്ച താരത്തെ കളത്തില്‍ ഇറക്കുന്നതില്‍ പാരയായിരിക്കുന്നത്.
ജര്‍മന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് രാത്രി എട്ടു മണി വരെ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. കായിക രംഗത്തുള്ളവര്‍ക്ക് പക്ഷെ ഇക്കാര്യത്തില്‍ രാത്രി 11 മണി വരെ ഇളവ് നല്‍കിയിട്ടുണ്ട്. യമാലിന്റെ കാര്യത്തില്‍ ഇത് കൃത്യമായി പാലിക്കാന്‍ സ്പാനിഷ് മാനേജ്‌മെന്റിന് സാധിക്കുന്നില്ല. ജര്‍മന്‍ സമയം രാത്രി ഒന്‍പതിനു നടക്കുന്ന കളികള്‍ അവസാനിച്ചു പോസ്റ്റ് പ്രസന്റേഷന്‍ പരിപാടികളും മീഡിയ കോണ്‍ഫറന്‍സ് പോലുള്ള കമിറ്റ്മന്റ്‌സും കഴിയുമ്പോള്‍ സമയം 11 കഴിയുമെന്നുറപ്പ്. നോക്ക്ഔട്ട് ഘട്ടത്തില്‍ എത്തിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയാല്‍ വീണ്ടും സമയം നീണ്ടുപോകും. പ്രീ ക്വാര്‍ട്ടറില്‍ ജോര്‍ജിയക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിക്കെതിരെയും ഒന്‍പത് മണി (ജര്‍മന്‍ സമയം)ക്കാണ് സ്‌പെയിന്‍ കളത്തില്‍ ഇറങ്ങിയത്.
ഡെഡ് ലൈന്‍ പാലിക്കാന്‍ കഴിയാത്ത ഓരോ ദിനവും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറഷന്‍ 30000 യൂറോ പിഴയായി അടയ്ക്കേണ്ടിവരും. ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വൈകീട്ട് ആറിന് ആയിരുന്നതിനാല്‍ അന്ന് പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ ഫ്രാന്‍സിന് എതിരായ സെമി മത്സരം ജര്‍മന്‍ സമയം രാത്രി ഒന്‍പതിനാണ്. അന്ന് ജയിച്ചാല്‍ ഫൈനലിലും യമാലിനു വേണ്ടി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറഷന്‍ പിഴയോടുക്കേണ്ടിവരും. ലാമിന്‍ യമാല്‍ എന്ന മാണിക്യത്തിനായി 150000 യൂറോ പിഴയായി ഒടുക്കുന്നത് തങ്ങള്‍ക്ക് വിഷയമല്ലെന്നാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ലാ ഫുയന്റെയുടെ പക്ഷം. നിയമലംഘനത്തിന് പിഴയില്‍ കവിഞ്ഞ ശിക്ഷ ഒന്നും ഇല്ലാത്തതുകൊണ്ട് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ രക്ഷപ്പെട്ടു.
English Summary: Why it’s illegal for Spain’s teenage star to play 90 minutes at Euro 2024