ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാശാലികള്‍ക്കൊപ്പം ചേര്‍ത്തു വായിക്കാവുന്ന പേരാണ് സഞ്ജു സാംസണ്‍. ഭാവിയുള്ള ഒരു വിക്കറ്റ്-കീപ്പര്‍ ബാറ്റര്‍ എന്ന ആദ്യനാളുകളിലെ വിശേഷണങ്ങള്‍ തൊട്ട് ഐപിഎല്ലിലെ വീരനായക പരിവേഷത്തില്‍ വരെ എത്തുന്ന യാത്രയില്‍ ഈ കേരള താരം തന്റെ കഴിവിനും വൈദഗ്ധ്യത്തിനും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇന്ത്യന്‍ ദേശീയ ടീമിനകത്ത് നില്‍ക്കുന്നതിനെക്കാള്‍ പുറത്തു നില്‍ക്കാനായിരുന്നു സഞ്ജുവിന്റെ വിധി. അടുത്ത കാലം വരെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളുടെ അനിശ്ചിതത്വത്തില്‍ കുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ 2024-ല്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ലഭിച്ച അവസരം മുതലെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരിക്കുന്നു. ഒരു ദശാബ്ദം മുമ്പ് രോഹിത് ശര്‍മ ചെയ്തതുപോലെ, തന്റെ കരിയറിനെ മാറ്റിമറിക്കുന്നതിന്റെ വക്കിലാണ് സഞ്ജു ഇപ്പോള്‍.
പല പൊസിഷനുകളിലേക്കും നിയോഗിക്കപ്പെട്ടിട്ടുള്ള സഞ്ജു ഒടുവിലിപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനം കയറ്റി കിട്ടി ഓപ്പണറുടെ റോളില്‍ താളം കണ്ടെത്തിയിരിക്കുകയാണ്. മധ്യനിരയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടി20 സ്‌ക്വാഡിലെ വ്യത്യസ്ത പൊസിഷനുകളില്‍ വര്‍ഷങ്ങളോളം ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ള സഞ്ജുവിന്, 2024 ഒക്ടോബര്‍ ആദ്യം നടന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം കിട്ടിയത്. ആ കയറ്റം സഞ്ജുവിനെ സംബന്ധിച്ച് കരിയറിലേയും കയറ്റമാണ്. 2013 ല്‍ രോഹിത് ശര്‍മയ്ക്കുണ്ടായ വളര്‍ച്ച പോലെ സഞ്ജുവിന്റെ കാര്യത്തിലും കരിയര്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണെന്ന് കാണാം.
രോഹിതുമായുള്ള സാമ്യം
2013ല്‍, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ ആക്കുന്നത്. മുമ്പും ഇതേ സ്ഥാനത്ത് പരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സ്ഥിരം നിയമനം നല്‍കിയിരുന്നില്ല. ചില പ്രകടനങ്ങള്‍ രോഹിത്തിലെ പ്രതിഭാശാലിയെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിനത് വേണ്ട ഗുണം ചെയ്തിരുന്നില്ല. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കിട്ടിയ പ്രമോഷന്‍ രോഹിത്തിന്റെ കരിയര്‍ തന്നെ മാറ്റി. താമസിയാതെ എല്ലാ ഫോര്‍മാറ്റുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായി അദ്ദേഹം മാറി. 2013 ല്‍ ടീം തന്നെയേല്‍പ്പിച്ച ഉത്തരവാദിത്തം വഴിത്തിരിവായിരുന്നുവെന്ന് രോഹിത് തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന കളിക്കാരനാകാനുള്ള തന്റെ യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നുവെന്നാണ് അദ്ദേഹം കരുതുന്നത്.
സഞ്ജുവിന്റെ കരിയര്‍ ഇപ്പോള്‍ രോഹിതിന്റെ അതേ പാതയിലാണ്. അതയാള്‍ അരങ്ങേറി ഒരു ദശാബ്ദം കഴിഞ്ഞിട്ടാണെങ്കില്‍ കൂടി. മധ്യനിര ബാറ്റര്‍ ആയാണ് ആദ്യകാലം മുതല്‍ സഞ്ജുവിനെ കളിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ആ പൊസിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെയാണ് ടീമിലെ സ്ഥാനം വന്നും പോയും എന്ന മട്ടിലായത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ദേശീയ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മാറി മാറി കളിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ നടത്താതെ വന്നതോടെയാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്.
എന്നാല്‍ രോഹിത് ശര്‍മയെപ്പോലെ, 2024-ല്‍ സഞ്ജുവിനും ഒരു പുതിയ അവസരം കൈവന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി മാറ്റിമറിച്ചേക്കാവുന്ന അവസരം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി, നിലവിലെ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം നല്‍കിയതോടെയാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനുള്ള ഉത്തരവാദിത്തം സഞ്ജുവിനെ ഏല്‍പ്പിച്ചത്. ഈ സ്ഥാനക്കയറ്റം സഞ്ജുവിന് തന്റെ അന്താരാഷ്ട്ര കരിയര്‍ പുനരുജ്ജീവിപ്പിക്കാന്‍ മാത്രമല്ല, ടീമിന്റെ ഓപ്പണര്‍ സ്ഥാനം തന്റേതാക്കിമാറ്റാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.
ബ്രേക്ക്ത്രൂ
തനിക്ക് തുറന്നു കിട്ടിയ വഴി പരമാവധി മുതലാക്കാന്‍ ഇത്തവണ സഞ്ജു ശ്രമിച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 കളിലും വലുതായൊന്നും ചെയ്യാനായില്ലെങ്കിലും, 29 കാരന്‍ ബാറ്റ് നിശബ്ദനാകാന്‍ തീരുമാനിച്ചിരുന്നില്ല. ഹൈദരാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സ് നേടി സഞ്ജു തന്റെ വിശ്വരൂപം കാണിച്ചു. കളിയില്‍ പ്രകടിപ്പിച്ച സമചിത്തത, ആക്രമണോത്സുകത, എതിരാളികളെ തകര്‍ത്ത ഗംഭീരമായ സ്‌ട്രോക്ക് പ്ലേ; എല്ലാം പ്രകടമാക്കിയ അത്യഗ്രന്‍ ഇന്നിംഗ്സ്. ഒന്നും അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. മറ്റൊരു സ്‌ഫോടനാത്മക സെഞ്ചുറിയുമായി സഞ്ജു തന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിസ് ആവര്‍ത്തിച്ചു. ഇത്തവണ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല, സ്വന്തം നാട്ടില്‍ പതിവിലൂം ശക്തരാകുന്ന ദക്ഷിണാഫ്രിക്ക. എന്നാല്‍ ഡര്‍ബനില്‍ നടന്ന പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍, തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറിയുമായി സഞ്ജു കളം നിറഞ്ഞപ്പോള്‍ എതിരാളികള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ടി20-യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് സഞ്ജു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 പന്തില്‍ നേടിയ 107 റണ്‍സ് മറ്റൊരു മാസ്റ്റര്‍ ക്ലാസ് ബാറ്റിംഗ് ആയിരുന്നു. അടിക്ക് ഒരു കുറവും വരുത്തിയില്ല. കണക്കുകൂട്ടിയുള്ള ആക്രമണം, മൂര്‍ച്ചയുള്ള പ്ലേസ്മെന്റ്, ശക്തമായ ഹിറ്റിംഗ്; മനസ് നിറച്ചൊരു ബാറ്റിംഗ് വിരുന്ന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും വേഗതയേറിയ ടി20 സെഞ്ചുറിയും, അന്താരാഷ്ട്ര മത്സരങ്ങളിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയും ആയിരുന്നു ഇത്. ഇന്നിംഗ്‌സിന്റെ വേഗത സഞ്ജുവിലെ പ്രതിഭയെ വേറിട്ട് നിര്‍ത്തുന്നു. പിച്ച് മനസിലാക്കാന്‍ വേണ്ടി തുടക്കം സാവധാനത്തിലാക്കിയശേഷം, സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മധ്യ ഓവറുകളില്‍ അനായാസമായി ബാറ്റ് വീശുകയായിരുന്നു. സ്പിന്നര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും ഒരുപോലെ ശിക്ഷിച്ചു. നിലം തൊടാതെ പറന്ന 10 സിക്സറുകള്‍ സഞ്ജുവിലെ അക്രമണകാരിയെ എടുത്തു കാണിച്ചു.
സഞ്ജു സ്‌റ്റൈല്‍
സ്വാഭാവിക ഒഴുക്കും ക്ലീന്‍ സ്ട്രൈക്കിംഗുമാണ് സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി. കോപ്പി ബുക്ക് ഷോട്ടുകളും അപകടകരമായ രീതികളും പിന്തുടരുന്ന ഇന്നത്തെ കാലത്തെ ടി20 ബാറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി, സമയം, പ്ലേസ്‌മെന്റ്, കരുത്ത് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പഴയ സ്‌കൂള്‍ ക്രിക്കറ്റ് ബ്രാന്‍ഡ് കളിക്കാനാണ് സഞ്ജു ഇഷ്ടപ്പെടുന്നത്. മിഡ് വിക്കറ്റിലൂടെ പന്ത് ഫ്‌ളിക്ക് ചെയ്യാനോ ഗ്രൗണ്ടിലേക്ക് ഡ്രൈവ് ചെയ്യാനോ ഉള്ള അദ്ദേഹത്തിന്റെ കഴിവ് വേറിട്ടുനില്‍ക്കുന്നു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, കളിച്ച പുള്‍ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്റെ സവിശേഷതയായിരുന്നു, ഡീപ്പ് മിഡ്-വിക്കറ്റില്‍ നിന്നു മാത്രം 43 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തുന്ന പ്രകടനങ്ങളിലും ഈ ക്ലീന്‍ സ്‌ട്രൈക്കിംഗ് ചാരുത വളരെക്കാലമായി ആരാധകര്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരിക എന്നത് അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു. ഇപ്പോള്‍, തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളുമായി, സ്ഥിരതയാര്‍ന്ന പ്രകടനത്തിലേക്ക് സഞ്ജു എത്തിയിരിക്കുന്നു. ഓരോ മത്സരത്തോടുമുള്ള ശാന്തവും എന്നാല്‍ ആത്മവിശ്വാസം നിറഞ്ഞതുമായ സമീപനം അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെ ഒരു പ്രധാന ഭാഗമാക്കി മാറ്റാന്‍ സാധ്യതയുണ്ട്.
ദുര്‍ഘടമായിരുന്ന യാത്ര
ഒട്ടും സുഗമമായൊരു യാത്രയിലൂടെയല്ല സഞ്ജു ഇവിടെ വരെ എത്തി നില്‍ക്കുന്നത്. 2015ലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. എന്നാല്‍ തുടക്കം നന്നായെങ്കിലും, ടീമില്‍ നിലനില്‍ക്കാന്‍ സഞ്ജു ബുദ്ധിമുട്ടി. 2015 നും 2020 നും ഇടയില്‍, അദ്ദേഹം ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി നില്‍ക്കുകയായിരുന്നു. മറ്റു കളിക്കാര്‍ക്ക് വേണ്ടി പലതവണ അവഗണിക്കപ്പെട്ടു. ഇക്കാലങ്ങളിലെല്ലാം ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഗംഭീരമായിരുന്നു, എന്നാല്‍ അതേ ഫോം അന്താരാഷ്ട്ര വേദികളില്‍ പ്രകടിപ്പിക്കുന്നത് സഞ്ജുവിന് വെല്ലുവിളിയായിരുന്നു. മധ്യനിരയില്‍, പ്രത്യേകിച്ച് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് അദ്ദേഹത്തിന്റെ കളിയില്‍ സംശയം ജനിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സ്ഥാനത്തെക്കുറിച്ച് സ്വയം സംശയം തോന്നിയിരുന്നുവെന്ന് സഞ്ജു തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് തനിക്ക് ഐപിഎല്‍ ഫോം ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ കഴിയാത്തതെന്ന് പലരും ചോദിച്ചതായി സഞ്ജു പറയുന്നു. ‘എന്റെ കരിയറില്‍, എനിക്ക് വിജയത്തേക്കാള്‍ കൂടുതല്‍ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്, നിങ്ങള്‍ ആ പരാജയങ്ങളിലൂടെ കടന്നുപോകുമ്പോള്‍, നിങ്ങള്‍ സ്വയം സംശയിക്കാന്‍ തുടങ്ങുന്നു. ആളുകള്‍ നിങ്ങളെക്കുറിച്ച് പറയും, സോഷ്യല്‍ മീഡിയയും ഇത്തരം ചര്‍ച്ചകളില്‍ പങ്കുവഹിക്കും. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും: ‘സഞ്ജു, നീ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഉള്ള ആളല്ലേ? എന്നാല്‍ ഇത്രയും വര്‍ഷത്തെ അനുഭവത്തിന് ശേഷം എന്റെ കഴിവുകള്‍ എനിക്കറിയാം. ബാറ്റിംഗില്‍ കുറച്ച് സമയം ചിലവഴിക്കാന്‍ എനിക്കായാല്‍ ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം’.
സഞ്ജുവിന്റെ യാത്ര ആരുടെയും പിന്തുണയില്ലാതെയാണ് എന്നു പറയാന്‍ കഴിയില്ല. ടി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും പിന്തുണ, പ്രത്യേകിച്ച് ഈ വര്‍ഷത്തില്‍ സഞ്ജുവിന് തന്റെ കഴിവിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. പരാജയങ്ങള്‍ക്കിടയിലും ടീം മാനേജ്‌മെന്റ് അയാളില്‍ കാണിച്ച വിശ്വാസം സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ‘ രണ്ട് മത്സരങ്ങളിലും ഡക്ക് ആയി പുറത്തായശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ നിങ്ങളെ വിളിച്ച് എങ്ങനെ കളിക്കണമെന്നു പറയുന്നു, ക്യാപ്റ്റന്‍ നിങ്ങളെ വിശ്വസിക്കുന്നുണ്ടെന്നാണ് അതിനര്‍ത്ഥം’ സഞ്ജുവിന്റെ വാക്കുകള്‍. ഇത്തരം ആശയവിനിമയങ്ങള്‍ എത്രത്തോളം സഹായകരമാകുമെന്ന് സഞ്ജു ബാറ്റ് കൊണ്ട് തെളിയിച്ചു.
മുന്നോട്ടുള്ള വഴി
സഞ്ജു തന്റെ പ്രകടനങ്ങള്‍ തുടരുമ്പോള്‍, ഉയരുന്നൊരു ചോദ്യമുണ്ട്: ഈ ഫോം തുടരാനും ഓപ്പണര്‍ സ്ഥാനം സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിയുമോ? ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങള്‍ ഉള്ളപ്പോള്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കും. എന്നിരുന്നാലും, ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ബാറ്റിംഗില്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ആധിപത്യം തുടരാനായാല്‍, ടോപ്പ് ഓര്‍ഡറില്‍ സ്ഥിരമാകാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മ ഒഴിഞ്ഞ റോള്‍ ഏറ്റെടുത്ത് സഞ്ജുവിന് തന്റെ കരിയര്‍ പുനരുജ്ജീവിപ്പിക്കാം, അതൊരു കാവ്യനീതിയുമാകും. 2013ല്‍ ഓപ്പണിംഗ് പൊസിഷനിലേക്ക് വന്ന് രോഹിത് തന്റെ കരിയറിന്റെ പാത മാറ്റിമറിച്ചതുപോലെ, ഒരു ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജുവിനും ഇപ്പോള്‍ കിട്ടിയിരിക്കുന്ന സ്ഥാനം അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയിലെ വഴിത്തിരിവായി മാറ്റാം. പവര്‍പ്ലേയില്‍ എതിരാളികളില്‍ നിന്ന് കളി തട്ടിയെടുക്കാന്‍ കഴിയുന്ന ആക്രമണികാരിയായ ഒരു ഓപ്പണറെ ഇന്ത്യന്‍ ടീമിന് എപ്പോഴും ആവശ്യമുണ്ട്, സഞ്ജുവന്റെ സമീപകാല ഫോം, ആ ആവശ്യത്തിനുള്ള ഏറ്റവും മികച്ച ഉത്തരമാണ്. ക്രിക്കറ്റ് എന്നതുപോലെ താരങ്ങളുടെ ഫോമും അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും സൂചനകള്‍ വ്യക്തമാണ്: കോഹ്‌ലിയും രോഹിത്തുമൊക്കെ ഒഴിഞ്ഞ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ അടുത്ത ബാറ്റിംഗ് താരമാകാന്‍ സഞ്ജു സാംസണ്‍ ഒരുങ്ങി നില്‍ക്കുകയാണ്.
ഭാവിയുള്ള കളിക്കാരന്‍ എന്ന വിശേഷണം നേടിയ ഒരു യുവ പ്രതിഭയില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നര്‍ എന്ന നിലയിലേക്കുള്ള സഞ്ജു സാംസന്റെ യാത്ര ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ സമീപകാല ഫോമും റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന പ്രകടനങ്ങളും സ്ഥിരതയും സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത രോഹിത് ശര്‍മ്മയാക്കി മാറ്റുകയാണ്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തുകൊണ്ട് രോഹിത് തന്റെ കരിയറിനെ പുനര്‍നിര്‍വചിച്ചതുപോലെ, സഞ്ജുവും അതിനുള്ള ശ്രമത്തിലാണ്.
നിലവിലെ ഫോം സഞ്ജുവിന്റെ ഭാവി അവിശ്വസനീയമാംവിധം ശോഭയുള്ളതാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. Why Sanju Samson is the Next Rohit Sharma of Indian Cricket?
Content Summary; Why Sanju Samson is the Next Rohit Sharma of Indian Cricket?