ക്രിക്കറ്റ് ആദ്യകാലം മുതല്‍ക്കേ അതിലെ ഐതിഹാസിക ഏറ്റുമുട്ടലുകളാല്‍ നിര്‍വചിക്കപ്പെട്ടൊരു കായിക വിനോദമാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയും തമ്മിലുള്ള ആഷസ് പരമ്പര അതിന്റെ ഏറ്റവും മികച്ച ഉദ്ദാഹരണമാണ്. സമീപ വര്‍ഷങ്ങളായി, ആഷസിനെക്കാള്‍ പ്രാധാന്യം നേടുന്ന ഒരു ഏറ്റുമുട്ടല്‍ പരമ്പരയായിരിക്കുകയാണ് ഇന്ത്യയും ഓസട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര. ആഗോള ക്രിക്കറ്റിലെ പവര്‍ഹൗസ് ആയുള്ള ഇന്ത്യയുടെ വളര്‍ച്ച മുതല്‍ ലോക ക്രിക്കറ്റിന്റെ സാമ്പത്തിക നേട്ടം വരെ നിരവധി ഘടകങ്ങള്‍ ഈ പരമ്പരയെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അധികൃതര്‍ അവരുടെ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം ആഷസ് പോലെ തന്നെ ഓസ്ട്രേലിയന്‍ വേനല്‍ക്കാലത്തിന് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണെന്ന് മനസിലാക്കിയിട്ടുണ്ട്.
ഇന്ത്യയെന്ന സൂപ്പര്‍ പവര്‍
ചരിത്രപരമായി, ആഷസ് പരമ്പര ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് പരമപ്രധാനമാണ്. ചരിത്രത്തിലും ദേശീയതിയിലും അഭിമാനം കൊള്ളുന്ന രണ്ട് മുന്‍ കൊളോണിയല്‍ ശക്തികള്‍ തമ്മിലുള്ള കടുത്ത മത്സരമാണത്. 130 വര്‍ഷത്തെ ചരിത്രമുണ്ട് ആ പരമ്പരയ്ക്ക്. എന്നാല്‍ സമീപകാലത്തായി ആരംഭിച്ച ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ചില സന്ദര്‍ഭങ്ങളിലെങ്കിലും ആഷസിനെ അപ്രസക്തമാക്കുന്നുണ്ട്.
ഈ മാറ്റത്തിനു പിന്നില്‍ പലവിധ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനമാണ്. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യ, ലോക ക്രിക്കറ്റിന്റെ സാമ്പത്തിക യന്ത്രമായി മാറിയിരിക്കുന്നു. ഇന്ത്യ അവതരിപ്പിച്ച ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ക്രിക്കറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. ലോകത്തിലെ മികച്ച കളിക്കാരെ അതിലേക്ക് ആകര്‍ഷിക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാരം അതുവഴി സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ മുമ്പത്തേക്കാള്‍ ഏറേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ അധീശത്വം സ്ഥാപിക്കാനും തുടങ്ങിയിരിക്കുന്നു.
ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍, പ്രത്യേകിച്ച് ടെസ്റ്റില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് വലിയ മേല്‍ക്കോയ്മയുണ്ട്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തേടുന്ന ഇന്ത്യ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോള്‍ അത് മൊത്തം ക്രിക്കറ്റ് ലോകത്തെയും മത്സരഫലത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
ഇന്ത്യന്‍ ആരാധകരുടെ പ്രസക്തി
ക്രിക്കറ്റ് സംപ്രേക്ഷണത്തിലൂടെ വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കാന്‍ കൂടി സഹായകമാകുന്ന പോരാട്ടാമായിരിക്കും ഇന്ത്യ-ഓസ്ട്രേലിയ പരമ്പര. തങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ഏറെ ബോധവാന്മാരാണ്. ഇന്ത്യ ഒരു ആഗോള ക്രിക്കറ്റ് ഭീമനായി ഉയര്‍ന്നതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ പ്രധാന വരുമാന സ്രോതസ്സായി. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ നിക്ക് ഹോക്ക്ലി, ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ പ്രാധാന്യം തുറന്ന് സമ്മതിക്കുന്നുണ്ട്. വാണിജ്യ മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇപ്പോള്‍ ആഷസിന് തുല്യമാണെന്നാണ് ഹോക്‌ലി പറയുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. ഇന്ത്യ-ഓസ്ട്രേലിയ സീരീസ് വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. അതുവഴി അമ്പരിപ്പിക്കുന്ന വരുമാനമാണ് ഉണ്ടാകുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി)യില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് 90,000 ആരാധകരെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. ആഷസ് പരമ്പരയില്‍ 2013 ല്‍ മാത്രമാണ് ഇങ്ങനെയൊരു നേട്ടം ഉണ്ടായിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശം നിറഞ്ഞ ആരാധാകരാണ് ഇന്ത്യക്കാര്‍. ഓസ്ട്രേലിയയില്‍ അവരുടെ ടീം കളിക്കുന്നത് കാണാന്‍ ഇന്ത്യയില്‍ നിന്നുള്ള ആരാധകരുടെ വലിയ ഒഴുക്ക് തന്നെയുണ്ടാകും. ഇത് ക്രിക്കറ്റിന് നല്‍കുക വലിയ ഉത്തേജനമാണ്.
ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടരുന്ന മേല്‍ക്കോയ്മ ആരാധകരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ടെന്നാണ് ഭാരത് ആര്‍മിയുടെ സ്ഥാപകനായ രാകേഷ് പട്ടേല്‍ അഭിപ്രായപ്പെടുന്നത്. ഓസ്ട്രേലിയയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണവും സ്റ്റേഡിയങ്ങള്‍ നിറയാന്‍ കാരണമാകും. പലരും അവരുടെ ടീമിനെ പിന്തുണയ്ക്കാന്‍ രാജ്യത്തുടനീളം യാത്ര ചെയ്യുകയും ചെയ്യും.
സാമ്പത്തിക നേട്ടം ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രമല്ല. ഇന്ത്യ-ഓസ്ട്രേലിയ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശവും വലിയ വരുമാനമാണ് നേടിക്കൊടുക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ബ്രോഡ്കാസ്റ്ററ്റിംഗ് കരാറുള്ള ഫോക്സ്, ചാനല്‍ 7 എന്നിവരും, ഡിസ്നി സ്റ്റാര്‍ പോലുള്ള ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാരും ആഗോള ടെലിവിഷന്‍ രംഗത്ത് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ മനസിലാക്കിയവരാണ്. ക്രിക്കറ്റിന് ഇന്ത്യയില്‍ വലിയൊരു ടെലിവിഷന്‍ പ്രേക്ഷകരുള്ളതിനാല്‍, ഈ പരമ്പര കൊണ്ടുവരുന്ന സാമ്പത്തിക ലാഭം ഓസ്ട്രേലിയെ സംബന്ധിച്ച് മറ്റൊരിടത്ത് നിന്നും കിട്ടുന്നതല്ല. അവരുടെ ക്രിക്കറ്റ് ബോര്‍ഡിന്റെ വ്യാപര മോഹങ്ങളെ അത്രയേറെ സഹായിക്കും.
കളത്തിലും പുറത്തും ആവേശം
കളത്തില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരം തുല്യ ശക്തികളുടെ പോരാട്ടമാണ്. 2007 മുതലുള്ള കളികള്‍ നോക്കിയാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറെ ആവേശകരമായ പല ഏറ്റുമുട്ടലുകളും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നിട്ടുണ്ട്. ഈ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ച 39 ടെസ്റ്റുകളില്‍, ബാറ്റിംഗിലും ബൗളിംഗ് ശരാശരിയിലും ഉള്ള വ്യത്യാസം വെറും അഞ്ച് റണ്‍സ് മാത്രമാണ്. അതുകൊണ്ട് തന്നെ കരുത്തില്‍ സമാസമം നില്‍ക്കുന്ന രണ്ടു ടീമുകളുടെ പോരാട്ടം തീര്‍ത്തും പ്രവചനാതീതമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരു ടീമുകളും ക്രിക്കറ്റ് ലോകത്തിലെ പ്രധാന ശക്തികളായി നിലനില്‍ക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ 2000-കളുടെ തുടക്കത്തില്‍ ശക്തരായ ഓസ്ട്രേലിയെ ഇന്ത്യ വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ കരുത്ത് നേടി. വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മത്സരത്തെ കൂടുതല്‍ ആവേശഭരിതമാക്കി. 2018-19ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ആദ്യ പരമ്പര വിജയം സ്വന്തമാക്കി. 2020-21-ല്‍ പരമ്പര 1-1 ന് സമനിലയിലാക്കാനും സാധിച്ചു. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് തോല്‍പ്പിക്കാന്‍ മാത്രം കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
കളിയിലെ വീറ് മാത്രമല്ല, കളിക്കളത്തിലെ പോരും ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. അതിനൊരു ഉദ്ദാഹരണമാണ് 2008ലെ കുപ്രസിദ്ധമായ സിഡ്നി ടെസ്റ്റ്. തെറ്റായ അമ്പയറിംഗ് തീരുമാനങ്ങള്‍, വംശീയാധിക്ഷേപ ആരോപണങ്ങള്‍, കളിക്കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റം എന്നിവയെച്ചൊല്ലി ഇരുടീമുകളും ഏറ്റുമുട്ടിയ കുപ്രസിദ്ധമായ പലതും 2008-ലെ സിഡ്നി ടെസ്റ്റില്‍ നടന്നു. ഓണ്‍-ഫീല്‍ഡില്‍ ഉണ്ടായ ഈ ഏറ്റുമുട്ടലുകള്‍ മത്സരം കൂടുതല്‍ ആവേശമാക്കി. എന്നാല്‍ കളത്തിലെ പോരുകള്‍ക്കപ്പുറം, ഇരു ടീമുകളും മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും പരസ്പര ബഹുമാനവും പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ്. മത്സരത്തിന്റെ ആവേശം ഉയരുമ്പോള്‍ അതിനനുസരിച്ച് പരസ്പരമുള്ള വാക്‌പോരുകളും മുറുകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഓസ്ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗ് അത് ചൂണ്ടിക്കാണിക്കുന്നുണ്ട്; ഇന്ത്യ-ഓസ്ട്രേലിയ മത്സരം പരസ്പരമുള്ള ശത്രുതയില്‍ നിന്ന് ബഹുമാനത്തിന്റെതായ അന്തരീക്ഷത്തിലേക്ക് മാറിയിരിക്കുന്നു. ഒരുകാലത്ത് കണ്ടാല്‍ കടിച്ചു കീറിയിരുന്നവര്‍ ഇന്ന് കളത്തിനകത്തും പുറത്തും നല്ല സുഹൃത്തുക്കളാണ്.
ആഗോള ശ്രദ്ധ
ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തെ ആഷസില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന് ആഗോള തലത്തില്‍ കിട്ടുന്ന ആകര്‍ഷണമാണ്. ആഷസ് എന്നത് ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ആഘോഷമാണെങ്കില്‍, ഇന്ത്യ-ഓസ്ട്രേലിയ പരമ്പര രണ്ട് രാജ്യങ്ങള്‍ക്കകത്ത് മാത്രമല്ല, അതൊരു അന്താരാഷ്ട്ര ശ്രദ്ധ തന്നെ നേടുന്നുണ്ട്. ഹോക്ക്‌ലി ചൂണ്ടിക്കാണിക്കുന്നതുപോലെ, രണ്ട് ക്രിക്കറ്റ് ഭീമന്മാര്‍ തമ്മിലുള്ള മത്സരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകരെ ആകര്‍ഷിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികള്‍ ഈ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാന്‍ ഓസ്ട്രേലിയയിലേക്ക് വരികയാണ്. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിന്റെ പ്രതിഫലനമാണ്.
ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ ആകര്‍ഷണം ടെസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല. പരിമിത ഓവര്‍ ഫോര്‍മാറ്റുകളിലും അതിന്റെ സ്വാധീനമുണ്ട്. ലോകകപ്പ് വേദികളിലും ആവേശം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ നടന്ന നാല് ഏകദിന ലോകകപ്പുകളില്‍ മൂന്നിലും ഇന്ത്യയും ഓസ്ട്രേലിയയും നോക് ഔട്ട് പോരാട്ടങ്ങളില്‍ എതിരാളികളായിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ നിശ്ചിത ഓവര്‍ മത്സരങ്ങള്‍, പ്രത്യേകിച്ച് ലോകകപ്പിലെ മത്സരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയുണ്ടാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള മത്സരത്തിന് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയാത്ത ശ്രദ്ധ ഉണ്ടാക്കാനും കഴിഞ്ഞു.
ലോക ക്രിക്കറ്റിന് ഉണ്ടാക്കുന്ന മാറ്റങ്ങള്‍
ഇന്ത്യ-ഓസ്ട്രേലിയ മത്സരം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുമ്പോള്‍, അത് അന്താരാഷ്ട്ര ക്രിക്കറ്റിനെയും സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം മനസിലാക്കി ഓസ്ട്രേലിയ മറ്റ് ടീമുകളേക്കാള്‍ കൂടുതല്‍ പരമ്പരകള്‍ ഇന്ത്യയ്ക്കെതിരായി കളിക്കാന്‍ താത്പര്യപ്പെടുന്നു. 2027-ല്‍, ഓസ്ട്രേലിയ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ടൊരു പരമ്പരയ്ക്കായി ഓസ്ട്രേലിയ ഇന്ത്യയിലെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകളെയാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന്, മറ്റ് ടീമുകള്‍ക്കെതിരെ, പ്രത്യേകിച്ച് ചെറിയ ക്രിക്കറ്റ് രാജ്യങ്ങള്‍ക്കെതിരെ കുറച്ച് പരമ്പരകള്‍ മാത്രമേ ഓസീസ് കളിക്കൂ എന്നതാണ്. ആഷസിന്റെ ചരിത്ര പ്രധാന്യം ഓസ്‌ട്രേലിയ എപ്പോഴും മതിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സാമ്പത്തികമായ സുരക്ഷിതത്വം നല്‍കുന്നത് ഇന്ത്യയുമായുള്ള പരമ്പരകളാണെന്ന് അവരുടെ ക്രിക്കറ്റ് ബോര്‍ഡിന് കൃത്യമായ ധാരണയുണ്ട്. ഇത്, അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെ തന്നെ പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കാം. മറ്റ് പരമ്പരകളുടെ ചെലവില്‍ രണ്ട് ഭീമന്മാര്‍ തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമെന്ന് സാരം.
ഇന്ത്യ-ഓസ്ട്രേലിയ മത്സരം ദ്വിരാഷ്ട്ര പരമ്പര എന്നതില്‍ നിന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ക്രിക്കറ്റ് സൂപ്പര്‍ പവര്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയര്‍ച്ച, ഇന്ത്യയിലെ കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകര്‍ വഴി കിട്ടുന്ന സാമ്പത്തിക ലാഭം, ഇരു ടീമുകളുടെയും ഫോം എന്നിവയാണ് ഈ മാറ്റത്തിനുള്ള കാരണങ്ങള്‍. കായിക ചരിത്രത്തില്‍ ആഷസിന് എക്കാലവും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെങ്കിലും, ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകള്‍ ക്രിക്കറ്റിന്റെ മികവിനും ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും അതുപോലെ ആവേശകരമായ മത്സരങ്ങള്‍ ഉറപ്പാക്കുന്നതിലും മുന്നില്‍ നില്‍ക്കും. ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ഇപ്പോള്‍ സാധാരണയൊരു പരമ്പരയല്ല; അത് പുതിയ ആഷസ് ആണ്. Why the India-Australia Clash is the New Ashes
Content Summary; Why the India-Australia Clash is the New Ashes