January 18, 2025 |
Share on

വയനാട് പ്രിയങ്ക ഗാന്ധിയുടെ ബിജെപിക്കെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രം

വയനാട് തെരഞ്ഞെടുപ്പ് പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും

നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ സീറ്റ് നിലനിര്‍ത്തിയതോടെ, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നതോടെയാണ് കോണ്‍ഗ്രസിന്റെ ഈ സുപ്രധാന രാഷ്ട്രീയ നീക്കം. 52 കാരിയായ പ്രിയങ്കയെ സംബന്ധിച്ചിടത്തോളം, ഈയവസരം തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കാനുള്ള അവരുടെ ദീര്‍ഘകാല ആഗ്രഹത്തിന്റെ പരിസമാപ്തിയെയാണ് അടയാളപ്പെടുത്തുന്നത്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിലെ പിന്‍മുറക്കാരിയുടെ തെരഞ്ഞെടുപ്പ് പ്രവേശനത്തിനായുള്ള ആഹ്വാനം ശക്തമായതു മുതല്‍ ആസൂത്രണം ചെയ്യപ്പെടുന്ന ലക്ഷ്യമായിരുന്നു ഇത്.

കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും മകളായി 1972 ജനുവരി 12 നാണ് നെഹ്റു-ഗാന്ധി കുടുംബത്തില്‍ പ്രിയങ്കയുടെ ജനനം. കുടുംബത്തിന്റെ പാരമ്പര്യം ഇന്ത്യന്‍ രാഷ്ട്രീയവുമായി അലിഞ്ഞു ചേര്‍ന്നതാണ്. മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു, മുത്തശ്ശി ഇന്ദിരാ ഗാന്ധിയും, പ്രിയങ്കയുടെ പിതാവും ഈ രാജ്യത്തെ നയിച്ചവരാണ്.

ഈ രാഷ്ട്രീയ വംശാവലി തന്നെയാണ് പ്രിയങ്കയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിയായി മാറ്റുന്നതും. ഈ മഹാരാജ്യത്തിന്റെ രാഷ്ട്രീയ തലവരയെ സ്വാധീനിക്കുന്ന കുടുംബത്തിലെ അംഗമായാണ് പ്രിയങ്ക സ്ഥാനം നേടുന്നതും.

2019 ജനുവരിയില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതയാകുന്നതാണ് പ്രിയങ്കയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. അമ്മയെയും സഹോദനെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചുള്ള അനുഭവം, പ്രിയങ്കയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ശക്തമായ അടിത്തറിയേകി. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍, ഇന്ത്യയുടെ ഭരണം ലക്ഷ്യമിടുന്ന ഏതൊരു ദേശീയ പാര്‍ട്ടിക്കും നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്നിധ്യം പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രിയങ്ക നിര്‍ണായക പങ്കാണ് വഹിച്ചത്.

സ്ത്രീ ശാക്തികരണത്തിന്റെയും സാമൂഹിക നീതിയുടെയും ഉറച്ച വക്തവായ പ്രിയങ്ക, 2022 ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള വൈദഗ്ധ്യം, കോണ്‍ഗ്രസ് സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്ന ജനവിഭാഗങ്ങളുമായി, പ്രത്യേകിച്ച് സ്ത്രീകളുമായി ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ പ്രിയങ്കയെ പ്രാപ്തയാക്കുന്നു.

പ്രിയങ്കയുടെ ശൈലിയും രാഷ്ട്രീയ സമീപനവും മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി ഉപമിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, അവളുടെവേഷവും രൂപവും-വെട്ടിയൊതുക്കിയ മുടിയും ക്രിസ്പ് കോട്ടണ്‍ സാരിയും- വോട്ടര്‍മാരുമായി ഇടപഴകുമ്പോള്‍ ആധുനികവും അതേസമയം പരമ്പരാഗതവുമായ ഒരു നേതാവിന്റെ ഛായ പ്രിയങ്കയ്ക്ക് നല്‍കുന്നുണ്ട്. വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തുമ്പോള്‍, അത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം പകരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഗാന്ധി കുടുംബപ്പേരിന് ഏറെ ബഹുമാനം ഇന്നും നില്‍ക്കുന്നൊരു സ്ഥലത്ത്.

കുടുംബപ്പേരിന്റെ ഗുണങ്ങളുണ്ടെങ്കിലും, പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്. നിലവില്‍ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, ബിജെപിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ അശക്തമാണ് കോണ്‍ഗ്രസ്. വയനാട്ടിലെ പ്രകടനം പാര്‍ലമെന്റിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുക മാത്രമല്ല, പ്രിയങ്ക നേടുന്ന ജനപ്രീതി നിര്‍ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രീയ വിജയമാക്കി മാറ്റാനുള്ള അവരുടെ കഴിവിനെ പരീക്ഷിക്കുക കൂടി ചെയ്യും.

Post Thumbnail
'വ്യാജ വാടകച്ചീട്ട് വേണം, പൈസയും; പിന്നെ 8ഉം വേണ്ട, Hഉം വേണ്ട'വായിക്കുക

കുടുംബ പാരമ്പര്യം പ്രിയങ്കയെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഗാന്ധി കുടുംബത്തിന്റെ പൈതൃകം സുസ്ഥിരമായ പിന്തുണയും രാഷ്ട്രീയ ബ്രാന്‍ഡ് എന്ന നിലയ്ക്കുള്ള അംഗീകാരവും നല്‍കുമ്പോള്‍ തന്നെ, ആ പാരമ്പര്യം പ്രിയങ്കയെ ആഴത്തിലുള്ള ജനകീയ പരിശോധനയ്ക്കും പ്രതീക്ഷകള്‍ക്കും വിധേയയാക്കുന്നുണ്ട്. കോണ്‍ഗ്രസാണെങ്കില്‍ ഗാന്ധി കുടുംബത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഒരു സ്വതന്ത്ര നേതൃത്വമോ, അതിന്റെ ശൈലിയില്‍ നവീകരണം നടത്തുന്നതിനോ ഈ ആശ്രിതത്വം തടസം സൃഷ്ടിക്കുന്നുണ്ട്. സ്വയമൊരു നേതാവ് ആയി സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം പ്രിയങ്കയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയെയാണ് പ്രിയങ്കാ ഗാന്ധി വിവാഹം കഴിച്ചത്. രണ്ട് കുട്ടികളാണ് പ്രിയങ്ക-വാദ്ര ദമ്പതിമാര്‍ക്കുള്ളത്. ബുദ്ധമതപ്രകാരമുള്ള ധ്യാനം പരിശീലിക്കുന്നുണ്ട് പ്രിയങ്ക, മാനസിക വ്യക്തതയ്ക്കും ശ്രദ്ധയ്ക്കും ഇതേറെ സഹായം ചെയ്യുന്നുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ബുദ്ധമത തത്ത്വചിന്തയോടുള്ള താത്പര്യം, ആത്മപരിശോധനയ്ക്കും സ്വയം അവബോധത്തിനുമുള്ള ചായ്‌വാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചുറ്റുപാടില്‍ ഇക്കാര്യങ്ങള്‍ പ്രിയങ്കയ്ക്ക് സഹായകമാണ്.

തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് പ്രിയങ്ക തയ്യാറെടുക്കുമ്പോള്‍, അവര്‍ക്കുമേലുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. വയനാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താരതമ്യേന സുരക്ഷിതമായ മണ്ഡലമാണ്. എങ്കിലും ഈ തെരഞ്ഞെടുപ്പ് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയുടെ അഗ്‌നിപരീക്ഷണമാണ്. യഥാര്‍ത്ഥ വെല്ലുവിളി മുന്നിലുണ്ട്. കുടുംബപ്പേര് കൊണ്ടുണ്ടാകുന്ന ഗുണത്തിനപ്പുറം ജനകീയ പിന്തുണ നേടിയെടുക്കാനുള്ള കഴിവ് പരീക്ഷിക്കപ്പെടും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ഭൂപ്രകൃതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗ്യം പുനഃക്രമീകരിക്കാന്‍ കഴിവുള്ള, ശക്തമായ ഒരു രാഷ്ട്രീയ നേതാവായി ഉയരാന്‍ വയനാട്ടിലെ വിജയം അടിസ്ഥാനമാകും.

ആത്യന്തികമായി, പ്രിയങ്ക ഗാന്ധി വദ്രയുടെ രാഷ്ട്രീയ ജീവിതം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുകയാണ്. പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ പൈതൃകം സംരക്ഷിക്കേണ്ടതിനൊപ്പം സ്വന്തം രാഷ്ട്രീയ സ്വത്വം സ്ഥാപിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും പ്രിയങ്കയ്ക്കുണ്ട്. ഈ രണ്ട് ഉത്തരവാദിത്തങ്ങളും പൂര്‍ത്തികരിക്കാന്‍ കഴിയുമോ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലും ഒരു നേതാവെന്ന നിലയില്‍ സ്ഥാം അടയാളപ്പെടുത്തുന്നതില്‍ പ്രിയങ്കയ്ക്ക് നിര്‍ണായകമാകും.  Why Wayanad only marks the beginning of Priyanka Gandhi’s political test against Modi’s BJP

Contents Summary; Why Wayanad only marks the beginning of Priyanka Gandhi’s political test against Modi’s BJP

ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്

More Posts

Follow Author:
Facebook

×