March 27, 2025 |

45 ദിവസം, കാട്ടാനക്കലിയില്‍ പൊലിഞ്ഞത് ഏഴ് ജീവനുകള്‍

മരണഭയത്തില്‍ വനമേഖല

മലയോര മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം അതിഭീതികരമായ രീതിയില്‍ ഉയര്‍ന്നുവരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നാല് പേരെയാണ് കാട്ടാന കൊന്നുതള്ളിയത്. ആനയും, കടുവയും, കാട്ടുപോത്തുമൊക്കെ ജനവാസ മേഖലകളിലേക്കിറങ്ങി മനുഷ്യനെ ആക്രമിക്കുന്നത് ഇപ്പോള്‍ പുതുമയല്ലാത്ത കാര്യമായാണ് മാറിയിരിക്കുന്നത്.wild elephant attack; In 45 days, seven lives were lost in people 

വന്യജീവി ആക്രമണത്തിന്റെ അവസാനത്തെ ഇര വയനാട് മേപ്പാടിക്കടുത്ത് അട്ടമലയില്‍ ഏറാട്ടുകുണ്ട് കോളനിയില്‍ ബാലന്‍ എന്ന 27 കാരനാണ്. സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയേ പോയപ്പോഴാണ് ബാലന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വയനാട് നൂല്‍പ്പുഴയില്‍ രാത്രിയില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴാണ് കാപ്പാട് ഉതിയിലെ മാനു കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാനുവിന്റെ ഭാര്യ ചന്ദ്രികയെ പേടിച്ച് വിറച്ച് ഒളിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മാനുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്ഥലത്ത് നിന്നും മൃതദേഹം എടുത്തുമാറ്റാന്‍ പോലും നാട്ടുകാര്‍ സമ്മതിച്ചത്.

ഇടുക്കി പെരുവന്താനത്ത് സോഫിയ ഇസ്മായില്‍ എന്ന 45 കാരിക്കും കാട്ടാനയാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. വീടിന് സമീപമുള്ള അരുവിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ തിരുവനന്തപുരം പാലോട് സ്വദേശി ബാബുവിനും കാട്ടാനയുടെ ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ മാസം വയനാട് മാനന്തവാടിയില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ രാധയുടെ മൃതദേഹം കടുവ പാതി ഭക്ഷിച്ച സംഭവവും ഞെട്ടലോടെയല്ലാതെ കേള്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല.

2025 പിറന്ന് ഒന്നരമാസം മാത്രം ആകുന്ന ഈ സമയത്ത് ഏഴ് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കും ജീവന്‍ നഷ്ടമായി. വയനാട് മാത്രം ഒന്നരമാസത്തിനിടെ ഒമ്പത് ജീവനുകളാണ് നഷ്ടപ്പെട്ടത്. 2024 ല്‍ കാട്ടാന ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും അധികം ജീവനുകള്‍ നഷ്ടമായത് ഇടുക്കി ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ഏഴ് പേരാണ് ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ മാത്രം എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കണക്കുകള്‍ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുമ്പോഴും പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും അകലെയാണ്. എസി മുറിയിലിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നമല്ല ഇതെന്നും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സത്വര പരിഹാരമാണ് കാണേണ്ടത് എന്നുമായിരുന്നു അടുത്തിടെ മനുഷ്യ-വന്യജീവി പ്രശ്‌നത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം.

എല്ലാക്കാലത്തും മലയോര ജനതയ്‌ക്കൊപ്പമാണെന്നാണ് അടുത്തിടെ വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ സമഗ്രമായ നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചതായും മന്ത്രി പറയുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും പ്രതിഫലനം കാണുന്നില്ല എന്നതാണ് വസ്തുത. സര്‍ക്കാര്‍ പലവിധ പദ്ധതികള്‍ വന്യജീവി പ്രശ്‌നത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ശാശ്വത പരിഹാരമാണ് ഇനി ഉണ്ടാകേണ്ടത്.

വനാതിര്‍ത്തികളിലെ ഗ്രാമങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് നടപ്പാക്കേണ്ടതല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. വനാതിര്‍ത്തിക്ക് സമീപത്തെ നഗരങ്ങളിലലേക്ക് ഇന്ന് കാട്ടുപോത്തും, കാട്ടാനയും ഉള്‍പ്പെടെയുള്ളവ ഇറങ്ങുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നതാണ്. കാടും കാട്ടുപാതയും വ്യക്തമായി അറിയുന്ന വനമേഖലയിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ പോലും ഇപ്പോള്‍ ഭയത്തോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരെ മാത്രമേ പുറംലോകം അറിയുന്നുള്ളൂ. പരുക്കേല്‍ക്കുന്നവരും നിരവധിയാണ്. ഇതിനൊക്കെ പുറമെയാണ് വനമേഖലയ്ക്ക് സമീപമുള്ള കൃഷികളും കന്നുകാലികളും നാശമടയുന്നത്.

ഓരോ മരണവും അതത് പ്രദേശങ്ങളുടെ മാത്രം പ്രശ്‌നമായി അവശേഷിക്കുകയും പിന്നീട് അടുത്ത മരണം വരെ വനം വകുപ്പ് ഉള്‍പ്പെടെ എല്ലാവരും പ്രശ്‌നത്തെ സൗകര്യപൂര്‍വം മറക്കുകയുമാണ്. വനാതിര്‍ത്തിയില്‍ ശക്തമായ വേലികെട്ടണമെന്ന നിര്‍ദേശങ്ങളുണ്ടായിട്ടും വനം വകുപ്പ് അവ അവഗണിക്കുകയാണ്.

വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി കൂടുതല്‍ പണം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നായിരുന്നു. അതേസമയം, വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ താന്‍ മുന്‍കൈ എടുക്കില്ലെന്നുമാണ് പറഞ്ഞത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവും മലയോര സമരയാത്ര നടത്തിയതെന്നതാണ് വിരോധാഭാസം.

വനം, വന്യജീവി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണെന്ന് പറഞ്ഞ് കേരള സര്‍ക്കാരും, കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് കേന്ദ്രവും പരസ്പരം പഴിചാരുന്നു. കേരളത്തിലെ വന്യജീവി പ്രശ്‌നം പരിഹരിക്കുന്നതിനായി 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്‌നം പറഞ്ഞ് കേന്ദ്രം കൈയ്യൊഴിയുകയായിരുന്നു. ഇവിടെ നിസ്സഹായരാകുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം ജനത മാത്രമാണ്.

ഇനിയെങ്കിലും സര്‍ക്കാരും വനം വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വനമേഖലയില്‍ ജീവിക്കുന്നവരുടെ ജീവനും ജീവനോപാധികളും വന്യജീവികള്‍ കവരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം ഉണ്ടായി പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സ്വന്തം ജീവിതയിടങ്ങളിലൂടെ ഭയം കൂടാതെ സഞ്ചരിക്കാനുള്ള അവകാശമാണ് ഓരോ മനുഷ്യനും ഉണ്ടാകേണ്ടത്. അതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും.wild elephant attack; In 45 days, seven lives were lost in people 

Content Summary: wild elephant attack; In 45 days, seven lives were lost in people

×