യൂറോപ്പിന്റെ തെക്കന്‍ മേഖലകളെ ചുട്ടെരിച്ച് കാട്ടുതീ രൂക്ഷമാവുന്നു. ഗ്രീസ്, സ്‌പെയിന്‍, തുര്‍ക്കി, അല്‍ബേനിയ എന്നിവിടങ്ങളിലായി മൂന്നു പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. യൂറോപ്പില്‍ താപനില റെക്കോര്‍ഡ് കടന്ന് 42 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
ഗ്രീസിലെ മൂന്നാമത്തെ വലിയ നഗരമായ പാട്രസ് തുറമുഖ നഗരം സംരക്ഷിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രാപകലില്ലാതെ ശ്രമിക്കുകയാണ്. പൈന്‍ വനങ്ങളിലൂടെയും ഒലിവ് തോട്ടങ്ങളിലൂടെയും ആഞ്ഞടിച്ച തീ, വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഡസന്‍ കണക്കിന് വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞദിവസം ഗ്രീസില്‍ മാത്രം 82 തീപിടുത്തങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. പല പ്രദേശങ്ങളിലും തീപിടിത്ത സാധ്യത വളരെ കൂടുതലാണെന്ന് ഫയര്‍ സര്‍വീസ് അറിയിച്ചു. 15-ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ പൊള്ളലേല്‍ക്കുകയോ പുക ശ്വസിക്കുകയോ ചെയ്തതിനെ തുടര്‍ന്ന് ചികിത്സ തേടി. 4,850 അഗ്നിശമന സേനാംഗങ്ങളും 33 വിമാനങ്ങളും തീയണയ്ക്കാനായി വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് ഗ്രീസില്‍ കാട്ടുതീ രൂക്ഷമായത്. അല്‍ബേനിയയില്‍, തിരാനയുടെ തെക്ക് ഭാഗത്തുണ്ടായ തീപിടിത്തത്തില്‍ 80 വയസ്സുള്ള ഒരാള്‍ മരിച്ചു. മധ്യ അല്‍ബേനിയയിലെ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തെ ഷെല്ലുകള്‍ കുഴിച്ചിട്ടിരുന്ന കോര്‍ക്ക ജില്ലയില്‍ സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് വീടുകള്‍ നശിച്ചു.
സ്‌പെയിനിലെ കാസ്‌റ്റൈല്‍ ആന്‍ഡ് ലിയോണ്‍ മേഖലയില്‍ ഒരു ഫയര്‍ഫൈറ്റിംഗ് വോളണ്ടിയര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കുടിയൊപ്പിക്കപ്പെട്ട ആളുകളില്‍ പലര്‍ക്കും രാത്രി റോഡരികില്‍ ഉള്‍പ്പെടെ ചെലവഴിക്കേണ്ടിവന്നു. മാഡ്രിഡിനും ഗലീഷ്യക്കും ഇടയിലുള്ള അതിവേഗ റെയില്‍ സര്‍വീസുകളെയും തീപിടിത്തം ബാധിച്ചു.
തുര്‍ക്കിയില്‍, തീ അണയ്ക്കാന്‍ പോവുകയായിരുന്ന ഫയര്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് ഒരു വനപാലകന്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂണ്‍ അവസാനം മുതല്‍ തുര്‍ക്കി കാട്ടുതീ നേരിടുന്നുണ്ട്. ഇതുവരെ 18 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബക്കറ്റുകളില്‍ ഉള്‍പ്പെടെ വെള്ളമെടുത്ത് തീ അണയ്ക്കാന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. വ്യോമസേനയുടെ സഹായത്തോടെ തീപിടിത്തമുണ്ടായ പ്രദേശങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നത് തുടരുകയാണ്. ആഴ്ചകളോളമായി നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗം ഗ്രീസിലും അയല്‍രാജ്യങ്ങളിലും അഗ്‌നിശമന സേനയെ വലയ്ക്കുകയാണ്. ഗ്രീക്ക് ദ്വീപായ ചിയോസില്‍, രാത്രി ഷിഫ്റ്റുകള്‍ക്ക് ശേഷം തളര്‍ന്ന അഗ്‌നിശമന സേനാംഗങ്ങള്‍ റോഡരികില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും വ്യാപിച്ചു.
തെക്കന്‍ മേഖലകളില്‍ അടുത്തിടെയുണ്ടായ വലിയ തീപിടിത്തങ്ങളില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സ്, 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയ കടുത്ത ചൂടുള്ള മറ്റൊരു ദിവസത്തിന് കൂടി സാക്ഷിയായി. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പൊതു പരിപാടികള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
മിന്നല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, തകരാറിലായ വൈദ്യുതി ലൈനുകള്‍, ഭീകരപ്രവര്‍ത്തനം എന്നിവയാണ് തീപിടിത്തത്തിന് കാരണങ്ങളായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ യൂണിയന്‍ കരസേനയെയും വിമാനങ്ങളെയും സഹായത്തിനായി അയച്ചിട്ടുണ്ട്, തലസ്ഥാനമായ പോഡ്ഗോറിക്കയുടെ സമീപത്ത് വലിയ തീ കത്തുന്ന മോണ്ടിനെഗ്രോയിലും സഹായം എത്തിച്ചു. wildfires scorch in Southern Europe; three dead, thousands evacuated
Content Summary: wildfires scorch in Southern Europe; three dead, thousands evacuated
This post was last modified on August 15, 2025 10:53 pm
Leave a Comment