March 21, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

സ്വര്‍ണം ഉയരുന്നത് ഡോളറിന് ബദല്‍ ആകാനോ ?

ചതിച്ചത് ചൈനയോ?

സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് ഉയരുന്നത് ഇപ്പോള്‍ ഒരു പതിവായിരിക്കുകയാണ്. എന്തുകൊണ്ടാണ് സ്വര്‍ണം പെട്ടെന്ന് പിടിവിട്ട് ഉയരുന്നത്? ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സാധാരണ രീതിയില്‍ സ്വര്‍ണ വില കുറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡോളറും, സ്വര്‍ണവും ഒരുമിച്ച് ഉയരുകയാണ്. ഇതിന് പല വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും, സ്വര്‍ണത്തിന്റെ പെട്ടെന്നുള്ള ഉയര്‍ച്ച നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയും ഉണ്ടാക്കുന്നുണ്ട്.will gold price rise as an alternative to the dollar? 

സ്വര്‍ണം-ഡോളര്‍ ബന്ധം

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതില്‍ പിന്നെയാണ് സ്വര്‍ണത്തിന്റെ തിളക്കം പെട്ടെന്ന് കൂടാന്‍ തുടങ്ങിയത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണം സുരക്ഷിത ആസ്തി എന്ന നിലയില്‍ അതിലേക്ക് ഒരു ചായ്വ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്വര്‍ണത്തില്‍ മാത്രമല്ല ഡോളറിലും അനിശ്ചിത കാലങ്ങളില്‍ നിക്ഷേപം കുമിഞ്ഞ് കൂടാറുണ്ട്. അത്തരം സമയങ്ങളില്‍ സ്വര്‍ണവും ഡോളറും ഒരുമിച്ച് ഉയരുന്ന പ്രവണത കാണിക്കാറുണ്ട്. എന്നാല്‍ ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ ഡോളറിനെ ശക്തിപ്പെടുത്തിയാല്‍ സ്വര്‍ണ വില കുറയാറുണ്ട്. അതായത് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടാറുണ്ട്. പണപ്പെരുപ്പം കൂടുന്ന സമയങ്ങളില്‍ ഡോളറിന്റെ വിലയിടിയാറുമുണ്ട്. എന്നാല്‍ ആ സമയങ്ങളില്‍ സ്വര്‍ണ വില കുത്തനെ ഉയരുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ സാധാരണയുള്ള കാരണങ്ങള്‍ കൂടാതെ തന്നെ സ്വര്‍ണം ശക്തി പ്രാപിക്കുകയാണ്.

ഡി ഡോളറൈസേഷന്‍

ആഗോള വിപണികളില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിനായി പല രാജ്യങ്ങളും ആഞ്ഞ്് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യാന്തര സാമ്പത്തിക ഇടപാടുകളില്‍ നിന്നും ബോധപൂര്‍വം ഡോളറിനെ മാറ്റി നിര്‍ത്തിയാല്‍ അമേരിക്കയുടെ ആധിപത്യം കുറയ്ക്കാനാകുമെന്ന ചിന്തയിലാണ് പല രാജ്യങ്ങളും ‘ഡി ഡോളറൈസേഷന്‍’ നടത്തുന്നത്. എന്നാല്‍ ഡി ഡോളറൈസേഷന്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്തുന്നതിന് പിന്നില്‍ ഈ ഡി ഡോളറൈസേഷന്‍ പേടിയും ഉണ്ട്. ഡി ഡോളറൈസേഷന്‍ ശക്തിപ്പെടുന്ന കാരണം ആണ് സ്വര്‍ണത്തിന് ഇപ്പോള്‍ പെട്ടെന്ന് വില കൂടുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) കഴിഞ്ഞ കുറേ മാസങ്ങളായി ഡി ഡോളറൈസേഷന്‍ ഗൗരവമായി നടപ്പിലാക്കാന്‍ ആലോചിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും ഇവിടെ കൂട്ടിവായിക്കാം.

ചൈന ലോകം ഭരിക്കുമോ എന്ന കാര്യം വര്‍ഷങ്ങളായി നയതന്ത്രജ്ഞരുടെയും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ഒരു ചര്‍ച്ചാ വിഷയമാണ്. ഷി ജിങ് പിംഗ് വര്‍ഷങ്ങളായി രഹസ്യമായി അത്തരമൊരു ദൗത്യത്തിന് പിന്നിലാണ് എന്ന് കരുതുന്നവരുണ്ട്. ഡോളറിനെ ഒഴിവാക്കി സമ്പാദ്യമെല്ലാം സ്വര്‍ണത്തിലേക്ക് വഴിമാറ്റിയും, ചൈനീസ് കറന്‍സിയായ യുവാനെ ശക്തനാക്കിയും കളം പിടിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചൈനയുടെ സ്വര്‍ണം വാങ്ങല്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില ഉയരുന്നതിന് കാരണമായി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണ വില കുത്തനെ ഉയരുമ്പോഴും ചൈനീസ് കേന്ദ്ര ബാങ്ക് മാത്രമല്ല, സാധാരണക്കാരും സ്വര്‍ണം വാങ്ങുന്ന തിരക്കില്‍ തന്നെയാണ് എന്ന് വാര്‍ത്തകളുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ചൈനക്കാരുടെ സ്വര്‍ണം വാങ്ങുന്ന കണക്കുകള്‍ ശരിയാണെന്ന് സമ്മതിക്കുന്നു.

സാമ്പത്തിക കേന്ദ്രങ്ങള്‍ മാറുന്നോ?

ആഗോള സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ മാറുന്നതിന്റെ സൂചനയായും സ്വര്‍ണത്തിലേക്കുള്ള പണമൊഴുക്കിനെ വിദഗ്ധര്‍ കാണുന്നു. വര്‍ഷങ്ങളോളം പട്ടിണി പാവങ്ങളുടെ രാജ്യം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഇന്ത്യയും രാജ്യാന്തര സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളുടെ ഗതി നിര്‍ണയിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയ്ക്ക് ചെറിയ രീതിയിലെങ്കിലും പല കാര്യങ്ങളിലും ഇപ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അതിന്റെകൂടെ അമേരിക്കയെ പാഠം പഠിപ്പിക്കാന്‍ രാജ്യങ്ങളെല്ലാം സ്വര്‍ണ നിക്ഷേപത്തിലേക്ക് മാറുന്നതാണ് പുതിയ തലവേദന.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അമേരിക്കന്‍ ട്രഷറി നിക്ഷേപം ചൈന പടിപടിയായി കുറച്ച് കൊണ്ടുവരികയാണ്. അമേരിക്കന്‍ ഡോളറിന് മേലുള്ള ആശ്രിതത്വം കുറയ്ക്കാനാണ് ഇത്. സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ ഡോളറിന്റെ ശക്തി ക്ഷയിപ്പിക്കാം എന്ന് പല രാജ്യങ്ങളും കരുതുന്നുണ്ട്. ഡി ഡോളറൈസേഷന്‍ അതുകൊണ്ടുതന്നെ രാജ്യാന്തര തലത്തില്‍ ഒരു പ്രവണതയായി തീര്‍ന്നിട്ടുണ്ട്.

ഇന്ത്യ അടുത്ത കാലത്തായി പല പ്രാവശ്യമായി യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെല്ലാം രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയാണ്. വര്‍ഷങ്ങളോളം വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം എന്തുകൊണ്ടാണ് ഇന്ത്യ പെട്ടെന്ന് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്?

ഒരു വിദേശ രാജ്യത്ത് സ്വര്‍ണം സൂക്ഷിക്കുന്നതില്‍ ചില അപകട സാധ്യതകള്‍ ഉണ്ടെന്ന് റഷ്യ-യുക്രൈന്‍ യുദ്ധം പഠിപ്പിച്ചു. റഷ്യ വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണശേഖരം മുഴുവനായും യുക്രൈന്‍ യുദ്ധം തുടങ്ങിയതില്‍ പിന്നെ രാജ്യാന്തര ഏജന്‍സികള്‍ ഫ്രീസ് ചെയ്തിരിക്കുകയാണ്. അതായത് സ്വത്ത് ഉണ്ടെങ്കിലും മറ്റുള്ളവര്‍ സൂക്ഷിക്കുന്നതിനാല്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടായി എന്ന് ചുരുക്കം. ഇതുപോലെ മറ്റ് ചില രാജ്യങ്ങള്‍ക്കും വിദേശങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊക്കെക്കൊണ്ടാണ് ഇന്ത്യയിലേക്ക് യുകെയില്‍ നിന്നും സ്വര്‍ണം തിരിച്ചെത്തിക്കുന്നത്.

പ്രാദേശിക സ്വര്‍ണ്ണ വില നിയന്ത്രിക്കാന്‍ ആഭ്യന്തരമായി കൈവശം വച്ചിരിക്കുന്ന സ്വര്‍ണ്ണം ഉപയോഗിക്കാം എന്നതും യുകെയില്‍ നിന്നും സ്വര്‍ണം തിരിച്ചു കൊണ്ടുവരാനുള്ള ഒരു കാരണമാണ്. പ്രത്യേകിച്ചും സ്വര്‍ണ്ണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണ്ണശേഖരം രാജ്യത്തിനകത്ത് തന്നെ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ശക്തമായ ഒരു പ്രാദേശിക ബുള്ളിയന്‍ വിപണി വികസിപ്പിക്കുന്നതിന് ഈ തന്ത്രം സഹായിക്കുന്നു.

കേന്ദ്ര ബാങ്കുകള്‍ക്ക് സ്വര്‍ണം പെരുത്തിഷ്ടം

ആഗോളതലത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ ഡോളറില്‍ വിശ്വാസം കുറയുന്നതുകൊണ്ടാണ് കേന്ദ്ര ബാങ്കുകള്‍ ഇപ്പോള്‍ മത്സരിച്ച് സ്വര്‍ണം വാങ്ങുന്നതിന് കാരണമായി പറയുന്നത്. അമേരിക്ക ഒഴികെയുള്ള കേന്ദ്ര ബാങ്കുകള്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ വാങ്ങുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചതും ഇതിന്റെ കൂടെ കൂട്ടി വായിക്കാം.

വിദേശനാണ്യ കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കാനും, പണപ്പെരുപ്പത്തിനും കറന്‍സി ചാഞ്ചാട്ടത്തിനും എതിരെ പോരാടാനുള്ള ഒരു ഉപാധിയായും സ്വര്‍ണത്തിലുള്ള നിക്ഷേപത്തെ കേന്ദ്ര ബാങ്കുകള്‍ കാണുന്നുണ്ട്.

കറന്‍സികള്‍ അപേക്ഷിച്ച് സ്വര്‍ണം സ്ഥിരതയുള്ള ആസ്തി ആയതുകൊണ്ടും കേന്ദ്ര ബാങ്കുകള്‍ കൂടുതലായി സ്വര്‍ണശേഖരം കരുതുന്നു. ലോകത്തില്‍ ഇതുവരെ ഖനനം ചെയ്‌തെടുത്ത സ്വര്‍ണത്തിന്റെ 17 ശതമാനവും കേന്ദ്ര ബാങ്കുകളുടെ കൈവശം തന്നെയാണ്.

നിക്ഷേപകര്‍ എന്ത് ചെയ്യണം?

ഓഹരി വിപണി ഇന്ത്യയില്‍ ഇടിയുന്ന ഈ സമയത്ത് സ്വര്‍ണവും ഡോളറും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റില്‍ ഉപകാരപ്രദമായിരിക്കും. സ്വര്‍ണവും ഡോളറും തമ്മിലുള്ള ദീര്‍ഘകാല ശരാശരി പരസ്പരബന്ധം നെഗറ്റീവ് ആണെങ്കിലും, ഈ ബന്ധത്തിന് മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നിക്ഷേപകര്‍ തിരിച്ചറിയണം എന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. അതായത് സ്വര്‍ണവും, ഡോളറും ഇനി മുതല്‍ ഒരുമിച്ച് നീങ്ങാന്‍ സാധ്യതയുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു വരുമ്പോള്‍ ഈ ബന്ധം വീണ്ടും മലക്കം മറിയാം. അനിശ്ചിതത്വത്തിന്റെ സമയങ്ങളില്‍ ഓഹരി വിപണി ഇടിയുമ്പോള്‍ ഒരു സുരക്ഷിത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടി നിക്ഷേപിക്കാന്‍ തീരുമാനമെടുക്കാം. സ്വര്‍ണ ഇ ടി എഫുകളിലും, മ്യൂച്ചല്‍ ഫണ്ടുകളിലും മാത്രമല്ല, സ്വര്‍ണ നാണയങ്ങളിലും നിക്ഷേപിക്കുന്നത് പോര്‍ട്ട്‌ഫോളിയോക്ക് ശക്തി പകരും. കറന്‍സി യുദ്ധങ്ങള്‍ മുറുകുമ്പോള്‍ സ്വര്‍ണം എല്ലാവര്‍ക്കും സ്വീകാര്യമായ ആസ്തി എന്ന നിലയില്‍ കറന്‍സികള്‍ക്ക് പകരക്കാരനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.will gold price rise as an alternative to the dollar? 

Content Summary: will gold price rise as an alternative to the dollar?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

×