പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ആരോപണ വിധേയനായ റിട്ട.പോലീസുകാരൻ കൈക്കൂലി കേസിലും പ്രതി

പലിശ ഇടപാടുകളും അതീവ രഹസ്യം

ബ്ലേഡ് മാഫിയയുടെ ഭീഷണിയും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. ഇത്തരം നിരവധി സംഭവങ്ങളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അതിലൊന്നാണ് കഴിഞ്ഞ ദിവസം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പറവൂർ സ്വദേശിയായ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം. എന്നാൽ ഇവിടെ ആരോപണ വിധേയർ ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥനും കുടുംബവും ആണെന്നുള്ളതാണ് ഞെട്ടിക്കുന്നത്. ഇയാൾ അതീവ രഹസ്യമായാണ് പലിശ ഇടപാടുകൾ നടത്തിയിരുന്നത് എന്നാണ് വിവരം.

കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയാണ് (46) ആത്മഹത്യ ചെയ്തത്. പലിശ ഇടപാടിനെ ചൊല്ലി കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഡ്രൈവർ പ്രദീപ്കുമാറിന്റെയും ഭാര്യ ബിന്ദുവിന്റേയും നിരന്തര ഭീഷണിയിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ആശയുടെ മരണത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.

അതേസമയം, ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആർക്കും അറിവില്ലായിരുന്നു എന്നാണ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ എസ് അഴിമുഖത്തോട് പ്രതികരിച്ചത്. കുടുംബത്തെ പരിചയമുണ്ടെങ്കിലും, ആശയുടെ മരണത്തിന് ശേഷം വന്ന വാർത്തകളിലൂടെയാണ് സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നതെന്ന് വാർഡ് മെമ്പർ സെബാസ്റ്റ്യനും പറയുന്നു.

ആരോപണവിധേയനായ മുൻ പോലീസ് ഉദ്യോഗസ്ഥൻ സർവീസിലിരിക്കുമ്പോൾ തന്നെ കൈക്കൂലി കേസിലടക്കം പ്രതിയായിരുന്നു എന്നും ആരോപണമുണ്ട്. പലിശ ഇടപാടുകൾ രഹസ്യമായി നടത്തിയിരുന്നതിനാൽ തന്നെ ഇതേക്കുറിച്ച് ആർക്കും കാര്യമായി അറിവുണ്ടായിരുന്നില്ല.

പലിശ ഇടപാടുകളെക്കുറിച്ച് ആശയുടെ ഭർത്താവ് ബെന്നിക്കും അറിവുണ്ടായിരുന്നില്ല. ആശ ആദ്യമായി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണമിടപാടിന്റെ വിവരം അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയധികം പണം ആശ എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്നയാളാണ് ബെന്നി. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു.

നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയെക്കുറിച്ച് വിശദമായി ആശ പറയുന്നുണ്ട്. കടംവാങ്ങിയ തുകയുടെ ഇരട്ടിയോളം കൊടുത്തിട്ടും പ്രദീപ്‌കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

2022-ൽ വീടുപണിക്കായി പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവിൽ നിന്ന് ആശ 10 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന്റെ ഇരട്ടിത്തുക തിരികെ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇവർ ഭീഷണിപ്പെടുത്തി. ഭീഷണി സഹിക്കാനാവാതെ കഴിഞ്ഞ 11-ന് ആശ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അന്ന് തന്നെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും എത്തി ആശയെ വീണ്ടും ഭീഷണിപ്പെടുത്തി. 18 ലക്ഷം രൂപ തരാനുണ്ടെന്ന് മുദ്രപ്പത്രത്തിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് ആശ ആലുവ എസ്.പിക്ക് പരാതി നൽകിയിരുന്നു. പോലീസ് ഇരുവരെയും വിളിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് നിർദേശിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രി എട്ടിന് പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി വീണ്ടും ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശയെ കാണാതായത്. സമീപത്തെ പുഴക്കടവിൽ ആശയുടെ ചെരുപ്പ് കണ്ടതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

content summary: Woman Dies by Suicide Amid Pressure from ‘Blade Mafia’ Gang

This post was last modified on August 20, 2025 5:42 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment