പുറകോട്ടല്ല, മുന്നോട്ടാണ് ഹരിയാന സഞ്ചരിക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയിലേറ്റവും കൂടുതൽ പഠിപ്പിക്കപ്പെട്ട വിഷയങ്ങളിലൊന്ന് ഹരിയാന ഗ്രാമങ്ങളിലെ പെൺഭ്രൂണ ഹത്യകളും പെൺശിശുഹത്യകളുമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മുതൽ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വലിയ തോതിലുള്ള പെൺശിശുഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സ്ത്രീ പുരുഷ അനു പാതത്തിലുള്ള വ്യത്യാസം വലുതായി നിലനിൽക്കുകയും ചെയ്തു. power of women from Haryana
ഇതിലേറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഹരിയാനയായിരുന്നുവെന്നത് കൊണ്ടാണ് പഠനങ്ങൾ ഹരിയാനയിലെ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചത്. അഥവാ ഗർഭപാത്രത്തിൽ നിന്നേ ഹരിയാൺവി പെണ്ണുങ്ങളുടെ ജീവിതത്തിലെ വെല്ലുവിളി ആരംഭിച്ചിരുന്നു. ഭ്രൂണഹത്യയേയും ശിശുഹത്യയേയും അതിജീവിച്ച പെൺകുഞ്ഞുങ്ങൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് വീടുകൾക്കുള്ളിൽ കുടുങ്ങിയ സ്ത്രീകളായി വളർന്നു. ഭർത്താക്കന്മാരല്ലാത്ത പുരുഷന്മാരുടെ മുന്നിൽ മുഖവും തലയും മറയ്ക്കുന്ന ഖൂംഖഡ് എന്ന പർദ്ദ ധരിച്ച് മാത്രം പ്രത്യക്ഷപ്പെട്ടു. ഖാപ് പഞ്ചായത്തുകളും പുരുഷ കേന്ദ്രീകൃത സമൂഹവും ചേർന്ന് ഒരോ സ്ത്രീകളുടെ ജീവിതവും കൂടുതൽ കഠിനമാക്കി.
ഇന്നിപ്പോൾ നമ്മുടെ ലോകത്തെ പ്രകാശമാനമാക്കി, നമ്മുടെ അഭിമാനവും ആഹ്ലാദവുമായി ഹരിയാനയിലെ സ്ത്രീകൾ നിൽക്കുമ്പോൾ അവർ കടന്ന് വന്ന വഴികളിലെ കഠിനതകളും സമൂഹം കാണുന്നുണ്ട്. സാങ്കേതികതയുടെ പേരിൽ അയോഗ്യയാക്കിയപ്പോഴും പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ താരമായി, ഏത് സ്വർണത്തിനും പ്പുറമുള്ള തിളക്കത്തോടെ നിലകൊള്ളുന്ന വിനേഷ് ഫോഗോട്ട് മുതൽ വെറുപ്പിന്റെ ആഖ്യാനങ്ങളെ മുഴുവൻ സ്‌നേഹത്തിന്റെ ജാവലിൻ എറിഞ്ഞില്ലാതായിയ സരോജ് ദേവി വരെയുള്ള സ്ത്രീകളാണ് ഇന്ന് ഹരിയാനയുടെ പ്രതിനിധികളായി നമുക്ക് മുന്നിലുള്ളത്. ജീവിതത്തിന്റെ കാഠിന്യങ്ങളെ ഗുസതിഗോദകളിലേയ്ക്കും ബോക്‌സിങ് റിങ്ങുകളിലേയ്ക്കും മറ്റ് കായിക വേദികളിലേയ്ക്കും വിവർത്തനം ചെയ്ത പോരാളികളും ആ പോരാളികളെ പോറ്റി വളർത്തിയവരും.
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ലഭിച്ച നാല് വ്യക്തിഗത മെഡലുകളിൽ മൂന്നും ഹരിയാനക്കാർക്കാണ്. നീരജ് ചോപ്ര, മനുഭാക്കർ, അമൻ ഷെരാവത്ത്. മനുഭാക്കറിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് റ്റീമിൽ വിജയിച്ച സരബ്‌ജോത് സിങ്ങും ഹരിയാനക്കാരൻ തന്നെ. നാല് കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്‌സിൽ ബജ്‌റംഗ്പൂനിയ, രവികുമാർ ദഹിയ, റിയോ ഒളിമ്പിക്‌സിൽ സാക്ഷി മാലിക്, ലണ്ടൻ ഒളിമ്പിക്‌സിൽ സൈന നെഹ്‌വാൾ, ബീജിങ്ങിൽ വിജേന്ദർ കുമാർ എന്നിങ്ങനെ ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്ന് ഒളിമ്പിക് വേദിയിലെത്തി ഇന്ത്യൻ ദേശീയ ഗാനത്തോടൊപ്പം തലയുയർത്തി നിന്നവരുടെ എണ്ണം ധാരാളമാണ്.
2008-ലെ ബീജിങ് ഒളിമ്പിക്‌സിൽ വിജേന്ദർ സിങ്ങിന്റെ മെഡലുറപ്പിച്ച ക്വാർട്ടർ മത്സരത്തിന് തലേന്ന് തന്നെ ഭിവാനിയിലെ അദ്ദേഹത്തിന്റെ റിപ്പോർട്ടർ എന്ന നിലയിൽ പോകാൻ സാധിച്ചിരുന്നു. ബോക്‌സിങ് താരങ്ങളും ഗുസ്തിക്കാരും നിറഞ്ഞ, എരുമച്ചാണകത്തിന്റേയും പാലിന്റേയും സമ്മിശ്ര ഗന്ധമുള്ള ആ ഗ്രാമത്തിലെത്തിയപ്പോഴാണ് എങ്ങനെയാണ് ഒരു നാട് കായിക താരങ്ങളെ വളർത്തിയെടുക്കുന്നത് എന്ന് മനസിലായത്. ശുദ്ധ ഹരിയാൺവിയിൽ തുരുതുരെ സംസാരിച്ചും വിടർന്ന് ചിരിച്ചും വിജേന്ദറിന്റെ അമ്മ നൽകിയ എരുമപ്പാൽ ചായയുടെ രുചിയിൽ ഭിവാനിയുടെ ചരിത്രമുണ്ടായിരുന്നു. മത്സരത്തിൽ വിജയിച്ച ശേഷം ഡൽഹിയിലെത്തിയ വിജേന്ദറിനോട് മാധ്യമങ്ങൾ ബോക്‌സിങ് മേഖലയിൽ ഒരു പരിധിക്കപ്പുറമുള്ള വളർച്ച ഇന്ത്യയിൽ ഉണ്ടാകാത്തത് എന്താണ് എന്ന് ചോദിച്ചു.
‘മക്കൾക്ക് ഇടി കൊള്ളുന്നത് കണ്ട് നിൽക്കാൻ പണക്കാർക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പണക്കാരാരും ബോക്‌സിങ് റിങ്ങിലേയ്ക്ക് വരാറില്ല. അവർക്ക് താത്പര്യമില്ലാത്ത കായിക മത്സരങ്ങൾക്ക് വളർച്ചയുമുണ്ടാകില്ല.’-എന്നായിരുന്നു വിജേന്ദറിന്റെ മറുപടി. വിജേന്ദർ അടക്കമുള്ള മുഴുവൻ കായിക താരങ്ങളും അവരുടെ വളർച്ചയ്ക്ക് കാരണക്കാരായി ചൂണ്ടിക്കാണിക്കുക അവരുടെ അമ്മമാരെയാണ്. പോരാടാൻ പഠിപ്പിച്ചും തിരിച്ചടികളെ നേരിടാൻ പര്യാപ്തരാക്കിയും സമയത്തിന് ഊട്ടിയും ഉറക്കിയും പോരാളികളായി മക്കളെ വളർത്തിയെടുത്ത അമ്മമാരുടെ തണലിലാണ് ഇവർ ഈ കണ്ട മത്സരങ്ങളൊക്കെ വിജയിച്ച് വന്നത്.
എന്നാൽ മക്കളെ പോരാളികളായി വളർത്തിയെടുക്കുന്നവർ മാത്രമല്ല, പോരാളികളായി നാടിന്റെ യശസുയർത്തുന്നവരായി സ്വയം മാറുന്ന പെണ്ണുങ്ങളായി ഹരിയാനക്കാരികൾ മാറിയതിന്റെ ചരിത്രം ആരംഭിച്ചത് മഹാവീർ സിങ്ങ് ഫോഗോട്ട് എന്ന പഴയ ഗുസ്തിക്കാരനിൽ നിന്നാണ്. ഭിവാനിയിലെ അഖാഡകളിൽ നിന്ന് സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന താരമായി ഉയർന്ന് വന്ന മഹാവീറിന് രാജ്യത്തിന്റെ അഭിമാനമാകുന്ന ഗുസ്തി താരമാകണം എന്നതായിരുന്നു ആഗ്രഹം.
തന്റെ പൂവണിയാത്ത മോഹം തന്റെ മക്കളിലൂടെ പൂർത്തീകരിക്കാൻ മഹാവീർ തീരുമാനിച്ചു. അങ്ങനെയാണ് പെൺമക്കളായ ഗീതയേയും ബബിതയേയും ഗുസ്തിതാരങ്ങളാക്കാൻ അഖാഡയിലിറക്കിയത്. എന്നാൽ മഹാവീറിന്റെ ആഗ്രഹം ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല. പതിനാറാം വയസു മുതൽ മഹാവീറിന്റെ ഗുസ്തി ഗുരുവായിരുന്ന മാസ്റ്റർ ചന്ദ്ഗീ റാം എന്ന ചാന്ദഗീ കാലിരമൺ ആയിരുന്നു ഗുസ്തി ഗോദയിലെ വനിതകൾ എന്ന വിപ്ലവത്തിൽ തിരി കൊളുത്തിയത്.
പരമ്പരാഗത ഗുസ്തി വേദികളിൽ ഹിന്ദ് കേസരി, ഭാരത് കേസരി, ഭാരത് ഭീം എന്നീ കിരീടങ്ങളൊക്കെ നേടിയ ചാന്ദഗീ റാം 1972-ലെ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. തുടർന്ന് ഡൽഹിയിലെത്തി പുതിയ ഗുസ്തി പരിശീലന കേന്ദ്രം ആരംഭിച്ച ചാന്ദ്ഗീറാം പല തലമുറ ഗുസ്തിക്കാരെ വാർത്തെടുത്തു. 1997-ൽ ഒളിമ്പിക്‌സിൽ വനിത ഗുസ്തി മത്സരം ആരംഭിച്ചതോടെ ഇന്ത്യയിൽ പെൺകുട്ടികളെ ഗുസ്തി പഠിപ്പിക്കാൻ ചാന്ദ്ഗീ റാം തീരുമാനിച്ചു. അത് പക്ഷേ എളുപ്പമായിരുന്നില്ല. അപ്പോഴും ഹരിയാനയിൽ പെൺശിശുഹത്യ നിരക്കും പെൺഭ്രൂണഹത്യാനിരക്കും കുറഞ്ഞ് വരുന്നേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് പകരം ചെറിയ വയസിൽ വിവാഹം ചെയ്ത് അയക്കുന്ന പ്രവണതയും തുടരുന്ന കാലം.
അക്കാലത്ത് ഗോദയിലേയ്ക്കും അഖാഡയിലേയ്ക്കും പെൺകുട്ടികളെ അയക്കാൻ രക്ഷകർത്താക്കൾ തയ്യാറായില്ല. അതിനാൽ സ്വന്തം പെൺമക്കളെ തന്നെ, സോണികയേയും ദീപികയേയും ഗുസ്തി പരിശീലിപ്പിക്കാൻ ചാന്ദ്ഗീ റാം തീരുമാനിച്ചു. പെൺകുട്ടികളെ ഗുസ്തി പരിശീലിപ്പിക്കാനും പരമ്പരാഗത മത്സര വേദികളിൽ വനിതാ ഗുസ്തി മത്സരം നടത്താനും സഹ ഫയൽവാൻമാരോടും പരിശീലകരോടും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ കടുത്ത എതിർപ്പാണ് എല്ലായിടത്ത് നിന്നും ഉണ്ടായത്. ഹരിയാനയിലെ ഒരു ഗ്രാമത്തിൽ പെൺമക്കളുമായി ഗുസ്തി മത്സരത്തിന് പോയ ചാന്ദഗീ റാമിനേയും സോണികയേയും ദീപികയേയും നാട്ടുകാർ കല്ലെറിഞ്ഞാണ് ഓടിച്ചത്. അതുകൊണ്ടൊന്നും അദ്ദേഹം പിന്മാറിയില്ല. രാജ്യത്തെ പരമ്പരാഗത ഗുസ്തി വേദിയിലെ ഏറ്റവും വലിയ കിരീടം- ഭാരത കേസരി- മകൾ സോണിക നേടുന്നതിത് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിനും സോണിക യോഗ്യത നേടി.
ചാന്ദ്ഗീ റാമിന്റെ മാതൃക പിന്തുടർന്ന് പെൺമക്കളെ ഗുസ്തിതാരങ്ങളാക്കാൻ മഹാവീർ തീരുമാനിച്ചതും വലിയ പ്രശ്‌നമായിരുന്നു. ഖൂംഖഡുമിട്ട് വീടിനുള്ളിൽ ഒതുങ്ങി കഴിയേണ്ട പെൺകുട്ടികളെ ചെറു നിക്കറും ധരിപ്പിച്ച് ആൺ കുട്ടികൾക്കൊപ്പം ഗുസ്തി പഠിക്കാൻ അഖാഡയിലറക്കിയത് പ്രദേശിക നിവാസികളെ അസ്വസ്ഥരാക്കി. എന്നാൽ ഭാര്യ ദയാ കൗറിന്റെ പിന്തുണയോടെ ആദ്യം ഗീതയേയും പിന്നെ ബബിതയേയും മഹാവീഡ് ഫോഗോട്ട് പരിശീലിപ്പിക്കാൻ തുടങ്ങി. ചാന്ദ്ഗീ റാമിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത രീതികളേക്കാൾ പ്രൊഫഷണൽ ഗുസ്തി വഴികളിലേയ്ക്കാണ് ഗീതയേയും ബബിതയേയും മഹാവീർ നയിച്ചത്.
ഡൽഹി കോമൺവെൽത്ത് ചാംമ്പ്യൻഷിപ്പിൽ 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഗീത ഫോഗോട്ട് രാജ്യത്തെ പിൻതലമുറ ഗുസ്തിക്കാരികൾക്കെല്ലാം മാർഗ്ഗദീപമായി. ഏഷ്യൻഗെയിംസിലും ലോകചാംപ്യൻഷിപ്പിലുമെല്ലാം ഗീത മെഡലുകൾ നേടി. അനുജത്തി ബബിതയാകട്ടെ ഡൽഹി കോമൺവെൽത്തിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെള്ളിയും 2014-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണവും നേടി. മറ്റ് ഒട്ടനവധി അന്തരാഷ്ട്ര മെഡലുകളും.
അതിനിടെ ഹരിയാന യിലെ തന്നെ റോഥക് ജില്ലയിലെ മോഖ്ഡ എന്ന ഗ്രാമത്തിൽ ഗുസ്തിക്കാരനായ മുത്തച്ഛന്റെ പാത പിന്തുടർച്ച് ഒരു പന്ത്രണ്ട് വയസുകാരി ഗുസ്തി പരിശീലനം ആരംഭിച്ചിരുന്നു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷനിലെ കണ്ടക്ടറായ സുഖ്ബീറിന്റേയും പ്രദേശിക ആരോഗ്യകേന്ദ്രത്തിലെ സൂപർവൈസറായ സുദീപ് മാലിക്കന്റേയും മകൾ സാക്ഷി. ഗീത ഫോഗോട്ട് പിറകെ സാക്ഷി മാലിക്കും ബബിത ഫോഗോട്ടും അന്തർദ്ദേശീയ തലത്തിൽ വലിയ ഗുസ്തി താരങ്ങളായതോടെ രാജ്യത്തെ വനിത ഗുസ്തിരംഗത്തേയ്ക്ക് പുതു തലമുറ കുതിച്ചെത്തി.
അതിനിടയിൽ തന്റെ മരിച്ച് പോയ സഹോദരന്റെ മക്കളായ പ്രിയങ്കയേയും വിനേഷിനേയും കൂടി ഗുസ്തി പരിശീലിപ്പിക്കാൻ മഹാവീർ ഫോഗോട്ട് തീരുമാനിച്ചു. കൂടെ തന്റെ ഇളയ പെൺമക്കളായ റിതുവിനേയും സംഗീതയേയും. ഇവർ നാല് പേരും പിന്നീട് വലിയ താരങ്ങളായി. ദേശിയ അന്തർദ്ദേശീയ തലങ്ങളിലേയ്ക്ക് സംഗീത തിരിഞ്ഞില്ലെങ്കിലും ഒളിമ്പിക് മെഡലിസ്റ്റും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുസ്തിതാരവുമായ ബൽരാജ് പൂനിയയെ ആണ് പിന്നീട് അവർ വിവാഹം കഴിച്ചത്. വിനേഷ് ഫോഗോട്ടാകട്ടെ വനിത ഗുസ്തി രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ താരവുമായി. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും തുടർച്ചയായ മൂന്ന് കോമൺവെൽത്ത് ഗെയിംസുകളിലും വിനേഷ് സ്വർണം നേടി.
ഈ സ്വർണ, താരത്തിളക്കത്തിന്റെ പ്രഭയിൽ നിൽക്കുമ്പോഴും ഹരിയാന യിലെ ഈ ഗുസ്തി താരങ്ങൾക്ക് അധികാര മത്തിന്റെ സർവ്വാഹങ്കാരവും പൂണ്ട് നിൽക്കുന്ന ഗുസ്തി ഫെഡറേഷൻ നേതൃത്വവുമായി പരസ്യപോരാട്ടത്തിന് പോകാൻ ഇവർക്കാർക്കും മടിയുണ്ടായിരുന്നില്ല. കാരണം,എൻഡർൻസ് (endurance) എന്ന വാക്കിന്റെ അർത്ഥമാണ് ഗുസ്തി താരങ്ങളുടെ ജീവിതത്തിൽ നമ്മൾ കാണുന്നത്. ആമിർ ഖാന്റെ ‘ദംഗലി’ലൊക്കെ അതിന്റെ ചെറിയ അംശമേ ഉള്ളൂ. പത്തും പന്ത്രണ്ടും വയസിൽ ആരംഭിക്കുന്ന പരിശീലനമാണ്. അതിരാവിലെ എഴുന്നേറ്റ് കഠിനമായ മുറകളിൽ മണിക്കൂറോളം പരിശീലനം നടത്തണം. കൂടെയുള്ള കൂട്ടികളോ, വീട്ടിലെ മറ്റുള്ളവരോ കഴിക്കുന്ന മിക്കവാറും ഭക്ഷണം മ്ത്സരരംഗത്ത് ഉള്ളിടത്തോളം കഴിക്കാനാവില്ല.
ഒരു തരം ഗുരുകുല സമ്പ്രദായ ചിട്ടകൾ തുടരുന്ന അഘാഡകളിലും പരിശീലനക്യാമ്പുകളിലും കടുത്ത ശിക്ഷണവും ശിക്ഷയുമായിരിക്കും. വിനോദമെന്നത് പലപ്പോഴും വിധിച്ചിട്ടുണ്ടാകില്ല. അങ്ങനെയവർ പിടിച്ച് നിൽക്കാനുള്ള കഴിവ് അടിസ്ഥാന യോഗ്യതയാക്കി മാറ്റും. സഹനത്തിന്റെ അങ്ങേത്തല വരെ അവർ പോകും. പ്രകോപനങ്ങളിൽ വീഴില്ല. ജീവിതം മുഴുവൻ റിങ്ങിലെ ആറര മിനുട്ടിന് വേണ്ടി ഒരുക്കിയിട്ടുള്ളവരാണ്. ഒരോ ഇഞ്ചും ഭൂമിയോട് ചേർന്ന് കിടന്ന് അവർ സഹിക്കും. ഒരിഞ്ച് വിട്ട് കൊടുത്താൻ മലർത്തിയടിക്കാൻ തക്കശേഷിയുള്ളവരാണ് എതിരാളികളെന്നവർക്കറിയാം. പിടിച്ച് നിൽക്കും, ഏറ്റവും മികച്ച അവസരം വരെ. അതുകൊണ്ടാണ് ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിന്റെ ഏകാധിപത്യത്തിന്റേയും അയാൾക്കെതിരെ ഉന്നയിപ്പെടുന്ന ലൈംഗിക ചൂഷണത്തിന്റേയും പശ്ചാത്തലത്തിൽ വനിത ഗുസ്തി താരങ്ങൾ നടത്തിയ പോരാട്ടം രാജ്യത്തെ പിടിച്ച് കുലുക്കിയത്. സാക്ഷിയും വിനീഷും മറ്റ് താരങ്ങളും മാത്രമല്ല അവർക്കൊപ്പം ബൽരാജ് പൂനിയ എന്ന പുരുഷ ഗുസ്തി താരവും പരസ്യമായി തന്നെ രംഗത്ത് വന്നു.
ഗുസ്തിക്കാരുടെ കാര്യം മാത്രമല്ല, ഹരിയാന യുടെ കായിക ഇതിഹാസമായ രാംലാൽ കപിൽദേവ് നിഖജ്ഞ് മുതൽ നീരജ് ചോപ്രവരെയുളളവരുടെ ജീവിതം ഇത്തരത്തിൽ കരുപ്പിടിപ്പിക്കപ്പെട്ടതാണ്. ചെറുപ്പത്തിൽ പൊണ്ണത്തടിയുടെ പേരിൽ പരിഹാസം നേരിട്ടതിനെ തുടർന്നാണ് നീരജ് ചോപ്ര അഖാഡയിലെത്തി കായിക മത്സരങ്ങളിലേയ്ക്ക് തിരിയുന്നത്. ഗുസ്തിപിടിച്ചും ഇടികൂടിയും സുഹൃത്തുക്കളുടെ പരിഹാസവും അക്രവും നേരിട്ടുമാണ് തങ്ങളുടെ മക്കൾ ജീവിതത്തിൽ മുന്നോട്ട് പോകുന്നതതെന്ന് ഹരിയാന യിലെ ഒരോ കായിക താരത്തിന്റേയും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അറിയാം.
പെൺകുട്ടിയാണെങ്കിൽ ഇതിനെല്ലാം ഉപരി സമൂഹത്തേ കൂടി അവർ നേരിടണം. ഒളിമ്പക്‌സിൽ സ്വർണം നേടിയ അർഷാദ് നദീം എ്ന്ന പാകിസ്താൻ കാരൻ തനിക്ക് സ്വന്തം മകനെ പോലെയാണ് എന്ന് നീരജ് ചോപ്രയുടെ അ്മ്മ സരോജ് ദേവി പയുന്നത്, ഈ ജീവിത യാഥാർത്ഥ്യം അവർക്കറിയാം എന്നതാണ്. 2013-ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാംമ്പ്യൻ ഷിപ്പിൽ നീരജ് ചോപ്രക്ക് സ്വർണവും നദീമിന് വെള്ളിയുമായിരുന്നു. അന്നും സരോജ് ദേവിയോട് വാർത്ത ഏജൻസി പ്രകോപനപരമായ ചോദ്യം ഉന്നയിച്ചു: മകൻ പാകിസ്താൻകാരനെ നോൽപ്പിച്ചതിൽ ആഹ്ലാദം തോന്നുന്നുണ്ടോ എന്നതായിരുന്നും ആ പത്തരമാറ്റ് ചോദ്യം.
‘എല്ലാവരും മത്സരത്തിനെത്തുന്നത് കളിക്കാനും ജയിക്കാനുമാണ്. അതിൽ ഒരാൾക്കേ ജയിക്കാനൂ. അതിൽ പാകിസ്താനി, ഹരിയാന ക്കാരൻ എന്നൊന്നുമില്ല. ആ കുട്ടി ജയിച്ചതും എനിക്ക് സന്തേഷം”. ഈ വർഷം ഒന്നു കൂടി കടത്തി ”അർഷദ് നദീം എനിക്ക് മകനെ പോലെയാണ്” എന്ന് തീർത്ത് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് അർഷാദ് നദീമിന്റെ ഉമ്മ റസിയ പർവീൺ അത് കൂടുതൽ വിശദീകരിച്ചു -‘നീരജ് ചോപ്ര എനിക്ക് നദീമിനെ പോലെ തന്നെ മകനാണ്. എന്റെ പ്രാർഥനകളിൽ അവനുമുണ്ട്’.
കൃഷിയും കന്നുകാലി വളർത്തലും ഖാപ് പഞ്ചായത്തും പുരുഷാധിപത്യവുമായിരുന്നു ഹരിയാന യെ പണ്ട് വിശദീകരിച്ചിരുന്നത് എങ്കിൽ പോരാടുന്ന സ്ത്രീകളും അവർക്കൊപ്പം നിൽക്കുന്ന പുരുഷന്മാരുമാണ് ഇന്ന് ആ നാടിന്റെ അടയാളം. അതുകൊണ്ടാണ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അഭിമാനമായ, ഒളിമ്പിക്‌സ് സ്വർണവും വെള്ളിയും നേടിയിട്ടുള്ള ലോക ചാംപ്യനായ തന്റെ മകന്റെ മെഡൽ വിനേഷ് ഫോഗോട്ടിന് സമർപ്പിക്കുന്നുവെന്ന് നീരജ് ചോപ്രയുടെ പിതാവ്, കൃഷിക്കാരനായ, സതീഷ് കുമാർ ചോപ്ര പറഞ്ഞത്.
ബോക്‌സിങിൽ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള, കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് ബി.ജെ.പിയിലെത്തിയ, വിജേന്ദർ സിങ്ങ് ഗുസ്തി ഗോദയ്ക്കകത്തും പുറത്തുമുള്ള വീര്യമേറിയ പോരാട്ടത്തിന്റെ അടയാളമായ വിനേഷ് ഫോഗോട്ടിനെ സ്തുതിച്ചത്. അഥവാ പ്രദേശിക തലത്തിൽ ഗുസ്തിക്കെത്തിയ പെൺകുട്ടികളേയും അവരുടെ പരിശീലനകനേയും കല്ലെറിഞ്ഞ് ഓടിച്ചിരുന്ന നാടിന്റെ അഭിമാനമിന്ന് ഗുസ്തിക്കാരികളാണ്.
പുറകോട്ടല്ല, മുന്നോട്ടാണ് ഹരിയാന സഞ്ചരിക്കുന്നത്.
Content summary; Women from Haryana who removed their veils power of women from Haryana