‘നമസ്‌കാര്‍, മേം രവീഷ്‌കുമാര്‍’…എത്രയോ കാലത്തോളം ഇന്ത്യന്‍ ടെലിവിഷനിലെ ആധികാരികവും വിശ്വസനീയവുമായ വാര്‍ത്താ അവതരണത്തിന്റെ ആരംഭം ഇങ്ങനെയായിരുന്നു. എന്‍.ഡി.ടി.വി ഇന്ന് ഗൗതം അദാനിയുടെ കൈവശമാണ്. കോര്‍പറേറ്റ് ഭാഷയില്‍ ‘ഹോസ്റ്റല്‍ ടേക്ക് ഓവര്‍’ അഥവാ ബലമായ കയ്യേറ്റമായിരുന്നു എന്‍.ഡി.ടി.വിക്ക് മേല്‍ നടന്നത്. ഉടമസ്ഥരായ പ്രണോയ് റോയിയും രാധിക റോയിയും മാത്രമല്ല, ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന, ഏകാധിപത്യ ഭരണകൂടത്തിന്റെ ഇച്ഛകള്‍ക്ക് വഴങ്ങാത്ത ജേണലിസ്റ്റുകളും പുറത്തായി. രവീഷ് കുമാര്‍ എന്ന നിര്‍ഭയ വാര്‍ത്ത മുഖം ഇന്ന് യൂറ്റിയൂബിലാണുള്ളത്. ഒരു കോടി പതിനൊന്ന് ലക്ഷത്തോളം പേര്‍ രവീഷിനെ യൂറ്റിയൂബില്‍ ഫോളോ ചെയ്യുന്നുണ്ട്. രവീഷിന്റെ വീഡിയോകള്‍ പത്ത് ലക്ഷം മുതല്‍ ഒരു കോടി വരെ കാഴ്ചക്കാരിലെത്തുന്നു. എന്‍.ഡി.ടി.വിയില്‍ കണ്ടിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി.
രവീഷിനെ നമ്മള്‍ എന്‍.ഡി.ടി.വിയില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ആ വാര്‍ത്ത മുറിയില്‍ എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്? ‘വൈല്‍ വീ വാച്ച്ഡ്’ എന്ന വിനയ്ശുക്ലയുടെ ഒരു മണിക്കൂര്‍ മുപ്പത്തിനാല് മിനുട്ട് നീണ്ട് നില്‍ക്കുന്ന ഡോക്യുമെന്ററി അതാണ് പറയുന്നത്. 2018 മുതല്‍ 2020 വരെയുള്ള കാലം എന്‍.ഡി.ടി.വിയുടെ വാര്‍ത്താ മുറിയിലും വീട്ടിലും പലപ്പോഴും യാത്രകള്‍ക്കിടെ കാറിലും രവീഷ് കുമാറിന്റെ ജീവിതം വിനയ് ശുക്ല പകര്‍ത്തിക്കൊണ്ടേയിരുന്നു. രാജ്യത്ത് ഏറ്റവും ആദരിക്കപ്പെടുന്ന ഒരു വാര്‍ത്താ അവതാരകന്റെ/എഡിറ്ററുടെ രണ്ട് വര്‍ഷക്കാലം നീണ്ട ജീവിതം. അത്തരമൊരു ഡോക്യുമെന്ററി ചിത്രം കണ്ടതിന് ശേഷം എന്തൊരുകൊണ്ടാണ് ഒരു വിദേശ നയതന്ത്രജ്ഞന്‍ ഇതൊരു ‘ഹൊറര്‍ സിനിമ’യാണ് എന്ന് പറഞ്ഞത്?
അതിന് മറുപടി ലഭിക്കണമെങ്കില്‍ 2014-ന് ശേഷം ഇന്ത്യന്‍ വാര്‍ത്താമുറികള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പലവട്ടം നമ്മള്‍ നടത്തിയ ചര്‍ച്ച വീണ്ടും ആവര്‍ത്തിക്കേണ്ടി വരും. രാജ്യത്ത് ഭയവും വെറുപ്പും നിറഞ്ഞ വര്‍ഷങ്ങളില്‍, ഉഗ്രദേശീയതവും വെല്ലുവിളികളും കോലാഹലങ്ങളും ടെലിവിഷന്‍ ന്യൂസ് റൂമുകളുടെ മുഖമുദ്രയായി മാറി. ഹിന്ദുത്വ മൗലികവാദ ഭരണത്തെ ദേശീയാധികാരത്തിലേയ്ക്ക് ആനയിക്കാനും ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്തു. 2018 ആയപ്പോഴേയ്ക്കും അത് ഉന്മാദാവസ്ഥയിലായി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അല്ലാതെ മറ്റൊരു പാര്‍ട്ടിയെങ്കിലും അധികാരത്തില്‍ വരണമെന്ന്, നരേന്ദ്രമോഡിക്ക് പകരം മറ്റാരെങ്കിലും പ്രധാനമന്ത്രി ആകണമെന്ന് വാദിക്കുന്നത് തന്നെ ദേശവിരുദ്ധമായ കാര്യമാണെന്ന് കോര്‍പറേറ്റ്/മുഖ്യധാര മാധ്യമങ്ങള്‍ ഉച്ചയിട്ടു.
അക്കാലത്ത് ദേശീയ തലത്തില്‍, ഈ കോലാഹലങ്ങള്‍ക്കിടയില്‍ വേറിട്ട ശബ്ദമായിരുന്നു എന്‍.ഡി.ടി.വി. റിലയന്‍സ് ഗ്രൂപ്പ് നേരത്തേ തന്നെ എന്‍.ഡി.ടി.വിയുടെ ചില ഓഹരികള്‍ വാങ്ങിയിരുന്നുവെങ്കിലും കോര്‍പറേറ്റ് ചാനലുകളുടെ മോഡി സ്തുതിയില്‍, ഹിന്ദുത്വ ന്യായവാദത്തില്‍, തീവ്രദേശീയ ഘോഷങ്ങളില്‍, മുസ്ലീം അപരവത്കരണങ്ങളില്‍, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പ്രഖ്യാപനങ്ങളില്‍ എന്‍.ഡി.ടി.വി പങ്കാളിയായില്ല. എന്‍.ഡി.ടി.വി ഹിന്ദിയിലെ താരപരിവേഷമുള്ള എഡിറ്റര്‍/അവതാരകന്‍ രവീഷ് കുമാര്‍ തന്റെ ‘പ്രൈം റ്റൈം വിത്ത് രവീഷ് കുമാര്‍’ എന്ന ഷോയില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. അയാള്‍ക്കെതിരെ ഹിന്ദുത്വയുടെ കാലാള്‍ പട യുദ്ധം പ്രഖ്യാപിച്ചു. രവീഷ് ചെല്ലുന്നിടത്തെല്ലാം ‘രാജ്യദ്രോഹി’യെന്ന് വിളിക്കുന്ന ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും വന്നു. ട്രോളുകളുണ്ടായി. സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു. ഇതിനിടയില്‍ എന്‍.ഡി.ടി.വിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണങ്ങളും റെയ്ഡുകളും വന്നു. പരസ്യങ്ങള്‍ തടഞ്ഞ് വച്ചു. അക്കൗണ്ടുകള്‍ക്ക് മേല്‍ ചോദ്യമായി. പലരും സ്ഥാപനം വിട്ടുപോയി. ചിലര്‍ പിടിച്ച് നിന്നു. എത്രകാലമിത് മുന്നോട്ട് പോകുമെന്ന ഭീതി ജീവനക്കാരെ മുഴുവന്‍ ബാധിച്ചു.
ഈ കാലയളവിലാണ്, എന്‍.ഡി.ടി.വിയിലെ ഡസ്‌കില്‍ വിനയ് ശുക്ലയും സംഘവും ക്യാമറയുമായി എത്തിയത്. നേരത്തേ സക്രിപ്റ്റ് ഒന്നും തയ്യാറാക്കാതെ, രവീഷ് കുമാറിന്റെ ദൈനം ദിന ഇടപെടലുകളും വാര്‍ത്താ ഒരുക്കങ്ങളും ചിത്രീകരിച്ച് തുടങ്ങി. അത് എന്‍.ഡി.ടി.വിയിലെ പ്രതിസന്ധികളിലേയ്ക്ക്, ഇന്ത്യയുടെ സമകാലിക ചരിത്രത്തിലേയ്ക്ക്, ഇന്ത്യന്‍ മുഖ്യധാര ടെലിവിഷന്‍ എന്ന അശ്ലീല, അധാര്‍മ്മിക, കുറ്റകൃത്യത്തിന്റെ അരങ്ങിലേയ്ക്ക്, 2019 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേയ്ക്ക്, പ്രചരണങ്ങളിലേയ്ക്ക്, അതിദേശീയത എന്ന വൈകാരികതയുടെ ഉത്സവത്തിലേയ്ക്ക്, മോഡി സ്തുതി എന്ന ദൈനം ദിന വാര്‍ത്ത പരിപാടിയിലേയ്ക്ക്, ബി.ജെ.പിക്കെതിരായി സംസാരിക്കുന്നവരെ ഒക്കെ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്ന പ്രക്രിയയിലേയ്ക്ക്, ബാലക്കോട്ട് ആക്രമണ ദിവസത്തിലേയക്ക്, അതിന്റെ വാര്‍ത്താസ്ഥോടനങ്ങളിലേയ്ക്ക്, ബി.ജെ.പിയുടെ തുടര്‍ വിജയത്തിലേയ്ക്ക്, പുതിയ സര്‍ക്കാരിലേയ്ക്ക് എന്നിങ്ങനെ ആ ചിത്രീകരണം നീങ്ങി. പല കഥാപാത്രങ്ങളും രവീഷ് കുമാറിനൊപ്പം വികസിക്കുന്നത് നമുക്ക് കാണാം. രവീഷിന്റെ മകള്‍, ഭാര്യ, കാര്‍, വീട്, ഫോണ്‍, സഹപ്രവര്‍ത്തകര്‍, ഓഫീസ് മുറി, ‘നമസ്‌കാര്‍, മേം രവീഷ് കുമാര്‍’ എന്നെഴുതി ആരംഭിക്കുന്ന വാര്‍ത്താ ചര്‍ച്ചയുടെ സ്‌ക്രിപ്റ്റ്, ടെലിപ്രോംപ്റ്റര്‍ എന്നിങ്ങനെ പലരും, പലതും ഈ ഒന്നര മണിക്കൂറിനുള്ളില്‍ നമുക്ക് പരിചിതമായി തീരും.
ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു വിനയ് ശുക്ലയുടെ ആദ്യ ഡോക്യുമെന്ററിയും. 400 മണിക്കൂറോളം നീണ്ട ഫൂട്ടേജില്‍ നിന്നാണ് ‘ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍’ അഥവാ ‘അപ്രസക്തനായ ഒരാള്‍’ എന്ന ചിത്രം വിനയ് ശുക്ലയും ഖുശ്ബൂ രാംകെയും ചേര്‍ന്ന് നിര്‍മ്മിച്ചത്. ഒന്നര മണിക്കൂര്‍ ഡോക്യുമെന്ററി രൂപത്തിലേയ്ക്ക് അരവിന്ദ് കെജ്വരിവാളിന്റെ ജീവിതവും രാഷ്ട്രീയവും അവര്‍ പറയാന്‍ തീരുമാനിച്ചപ്പോള്‍ 2011 -ലെ അഴിമതി വിരുദ്ധ സമരം മുതലുള്ള ദൃശ്യങ്ങളില്‍ നിന്നാരംഭിച്ചു. കെജ്വരിവാളിന്റെ രാഷ്ട്രീയ ഉദയവും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും 2016-ല്‍ പുറത്തിറങ്ങിയ ‘ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ കാണാം. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാര്‍ജ്ജിച്ച ഈ ഡോക്യുമെന്ററിക്ക് ശേഷമാണ് വിനയ് ശുക്ല രവീഷ് കുമാറിന്റെ ജീവിതത്തിലേയ്ക്ക് ശ്രദ്ധയൂന്നിയത്. 2014 മുതല്‍ ഇന്ത്യയെ ബാധിച്ച വിഷാദത്തില്‍ അകപ്പെട്ട് പോയ മനുഷ്യനെന്ന നിലയില്‍ എവിടെയാണ് നമ്മുടെ ക്യാമറയുടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്ന് വിനയ് ശുക്ലയ്ക്ക് അറിയാമായിരുന്നു.
1994 മുതല്‍ 2022 വരെ, 28 വര്‍ഷമാണ്, രവീഷ് കുമാര്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിച്ചത്. എന്‍.ഡി.ടി.വി ആകട്ടെ ഇക്കാലയളവില്‍ വസ്തുതാപരവും സത്യസന്ധവുമായ റിപ്പോര്‍ട്ടിങ് സാധ്യമാണ് എന്ന് കാണിച്ച് തന്നു. എന്‍.ഡി.റ്റി.വി വിമത ശബ്ദമായി നിലനില്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാരംഭിച്ചിരുന്നു. അതിനെ അതിജീവിക്കുന്ന ജേണലിസ്റ്റുകള്‍ ഉണ്ടായി വരാനും. ജേണലിസം ശബ്ദഘോഷങ്ങളും വിചാരണകളും വിധിതീര്‍പ്പുകളുമായി മാറിയപ്പോള്‍ അതില്‍ നിന്ന് അകന്ന് നിന്ന് സാധാരണ മനുഷ്യരുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ രവീഷിന് എങ്ങനെ സാധിച്ചു? ‘മേരാ അന്തര്‍ കോയി ശക്തി-വക്തി നഹീം ഹേ, മേം കോയി ബാബ-വാബ നഹീം, നഹീ കിസി കോയി കി കൃപാ’- രവീഷ് പറയുന്നു. എനിക്ക് സവിശേഷ സിദ്ധികളൊന്നുമില്ല. ഞാന്‍ ദിവ്യനുമല്ല, ആരുടേയും കൃപയിലുമല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ‘എനിക്കിതല്ലാതെ മറ്റൊരു ജോലിയില്ല’. അഥവാ സത്യം പറയുക മാത്രമാണ് അദ്ദേഹത്തിന് അറിയാവുന്ന ജോലി.
ഈ ഡോക്യുമെന്ററിയുടെ ആദ്യം കത്തിയമര്‍ന്നതോ തകര്‍ന്ന് പോയതോ ആയ ഒരു കെട്ടിടാവശിഷ്ടത്തിന്റെ ഇരുളിലേയക്ക് മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച് രവീഷ് കുമാര്‍ നടക്കുന്ന ഒരു രംഗമുണ്ട്. ‘നിങ്ങള്‍ ഒറ്റയ്ക്കാണ് എന്ന് പൂര്‍ണമായും ബോധ്യപ്പെടുമ്പോള്‍, നിങ്ങളോട് സംസാരിക്കാന്‍ ആരാണുണ്ടാവുക?’ എന്ന രവീഷിന്റെ ശബ്ദം അതിനൊപ്പം നമുക്ക് കേള്‍ക്കാം. ഡോക്യുമെന്ററി മുന്നോട്ട് പോകുമ്പോള്‍ എന്‍.ഡി.റ്റി.വിയില്‍ നിന്ന് ഒരോരുത്തരായി കൊഴിഞ്ഞ് പോകുന്നത് കാണാം. തൊഴില്‍ നഷ്ടപ്പെടുന്നവരുണ്ട്. ഇതിനി അധികം നിലനില്‍ക്കില്ല എന്ന് മനസിലാക്കി മറ്റിടങ്ങളിലേയ്ക്ക് ചേക്കേറുന്നവരുണ്ട്. മറ്റിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസരം കണ്ട് പോകുന്നവരുണ്ട്. എന്തായാലും കൂടെയുള്ള മനുഷ്യരുടെ എണ്ണം ചുരുങ്ങി ചുരുങ്ങി വരുന്നു. ഡോക്യുമെന്ററിയില്‍ ഇടയ്ക്കിടെ ന്യൂസ് റൂമില്‍ കേക്ക് കട്ടിങ് ചടങ്ങുകള്‍ കാണാം. യാത്ര അയപ്പുകളാണ്. സര്‍വ്വസാധാരണമായ ബ്ലാക് ഫോറസ്റ്റ് കേക്ക്, അതേ മുറി, അതേ പോലെ കൈയ്യടി. എ ഫോര്‍ ഷീറ്റുകളില്‍ പാതി തിന്ന് ഉപേക്ഷിക്കപ്പെട്ട കേക്കുകള്‍. സിനിമയിലെ ഏറ്റവും വൈകാരികമായ രംഗങ്ങളിലൊന്ന് രവീഷിന്റെ വാര്‍ത്താവതരണത്തിന്റെ ചുതമലയുള്ള സ്വരലിപി എന്ന് പേരായ പ്രൊഡ്യൂസറുടെ യാത്രയയപ്പാണ്. രവീഷിന്റെ കാബിനിലെത്തി, താനും പോവുകയാണ് എന്ന് സ്വര ലിപി പറയുമ്പോള്‍ ‘നീയും എന്നെ വിട്ട് പോകുമെന്ന് ഞാനൊരിക്കലും കരുതിയില്ല’ എന്നാണ് ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം രവീഷ് പറയുന്നത്. ആ യാത്രയയപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച ന്യൂസ് പ്രൊഡ്യൂസര്‍ എന്ന് സ്വരലിപിയെ കുറിച്ച് രവീഷ് പറയുമ്പോള്‍ ശബ്ദമിടറുന്നുണ്ടോ എന്ന് നമുക്ക് തോന്നു. മനുഷ്യര്‍ ഒരോന്നായി ചുരുങ്ങി ചുരുങ്ങി വരും. ആ സമയത്ത് ക്യാമറയും ക്ലോസ് അപുകളിലേയക്കും ഇന്‍ഡോറിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യ രംഗം നമുക്കപ്പോള്‍ ഓര്‍മ്മ വരും. നിങ്ങള്‍ ആത്യന്തികമായി ഒറ്റയ്ക്കാണ് എന്ന് പൂര്‍ണമായും ബോധ്യപ്പെടുമ്പോള്‍ എന്ത് ചെയ്യും?
എന്താണ് രവീഷ് ചെയ്തത്? രാജ്യത്തെ വിഖ്യാതനായ ഒരു ജേണലിസ്റ്റ് എങ്ങനെയാണ് നിസഹായനും ഒറ്റപ്പെട്ടവനുമായി മാറുന്നത്? സത്യസന്ധമായി സംസാരിക്കുക, വാര്‍ത്തകള്‍ വസ്തുതാപരമായി അന്വേഷണം നടത്തി തയ്യാറാക്കുക, രാജ്യത്തെ തൊഴില്ലായ്മയേ കുറിച്ചും ദാരിദ്രത്തെ കുറിച്ചും സംസാരിക്കുക, ദേശീയതയ്ക്കും വൈകാരികതയ്ക്കും അപ്പുറത്ത് മനുഷ്യര്‍ക്ക് ആവശ്യങ്ങളുണ്ട് എന്ന് പറയുക, മനുഷ്യരെ മതത്തിന്റെ പേരില്‍ കുറ്റവാളികളാക്കാതിരിക്കുക എന്നിങ്ങനെ ഏത് ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരും ചെയ്യുന്നതേ രവീഷ് കുമാറും ചെയ്യുന്നുള്ളൂ. പക്ഷേ മറുവശത്ത് ഭരണകൂടത്തിന്റെ വക്താക്കളും ആരാധകരുമായ ഒരു കൂട്ടം ജേണലിസ്റ്റുകളുടെ അട്ടഹാസമാണ്. ദുര്‍ബലവും സംശയാസ്പദവുമായ തെളിവുകളുമായി രാജ്യത്തെ പൊതുപ്രവര്‍ത്തരെ, അധ്യാപകരെ, ബുദ്ധിജീവികളെ അറസ്റ്റ് ചെയ്യുമ്പോള്‍, ജേണലിസ്റ്റുകളെ അറസ്റ്റുചെയ്യുകയും കൊല്ലുകയും ചെയ്യുമ്പോള്‍ രവീഷ് ഭരണകൂടത്തെ സ്വഭാവികമായും സംശയിക്കുന്നു. അന്നത്തെ പ്രൈം റ്റൈം രവീഷ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘ഭരണകൂടം നിങ്ങളെ കമ്മ്യൂണിസ്റ്റുകളാണെന്ന് പറഞ്ഞ് പിടികൂടാന്‍ വരികയാണെങ്കില്‍ മനസിലാക്കേണ്ടത് നിങ്ങള്‍ക്ക് യാതൊരു മാനുഷിക അവകാശങ്ങളും ഇനി ലഭിക്കാന്‍ പോകുന്നില്ല എന്നാണ്. പുണെ പോലീസ് ഇന്ന് പലരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം ആര്‍ക്കുമറിയില്ലെങ്കിലും രാജ്യത്തിന് ഒരു കൂട്ടം പുതിയ രാജ്യദ്രോഹികളെ ലഭിച്ചിട്ടുണ്ട്. (അഥവാ ടി വി ചാനലുകള്‍ ഇവരെ രാജ്യദ്രോഹികളാക്കി പ്രഖ്യാപിച്ച് കഴിഞ്ഞു.) അര്‍ബന്‍ നക്സലുകള്‍ എന്ന പുതിയ പേരും അവര്‍ക്കിട്ടു കഴിഞ്ഞു. ഇനി നിങ്ങളുടെ ഫോണില്‍ ഇവരെല്ലാവരും രാജ്യദ്രോഹികളാണെന്ന് തെളിയിക്കുന്ന വാട്സ്അപ് ഫോര്‍വേഡ് മീമുകള്‍ വന്ന് നിറയും”- രവീഷ് തന്റെ ചര്‍ച്ചയ്ക്ക് മുഖവുരയായി പറയുന്നു.
മറുവശത്ത് ദേശീയതയാണ് ഒറ്റ വഴിയെന്നും ദേശീയവാദിയാവുക എന്നത് ജേണലിസ്റ്റാകാനുള്ള നിര്‍ബന്ധിത യോഗ്യതയാണെന്നും അര്‍ണോബ് ഗോസ്വാമി പ്രഖ്യാപിക്കുന്നു. പാര്‍ല്യമെന്റ് മന്ദിരത്തിന്റെ നൂറ് വാര അകലെ, പ്രസ്‌ക്ലബ്ബിനോട് ചേര്‍ന്ന്, മിക്കവാറും പത്രങ്ങളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഐ.എന്‍.എസ് ബില്‍ഡിങിനെതിര്‍ വശത്ത് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് പുറത്ത് വച്ച് ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ത്ഥി നേതാവിന് നേരെ തോക്ക് ചൂണ്ടി രണ്ട് പേര്‍ ആക്രമിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ ദേശവിരുദ്ധന്‍ എന്ന് ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ ്കാണുന്ന റ്റെലിവിഷന്‍ ചര്‍ച്ച എന്ന് അവര്‍ അവകാശപ്പെടുന്നയിടത്ത് നിന്ന് വിളിച്ച് പറയുന്നു. ഭാരത്മാതാകി ജയ് എന്ന് പറയാത്തര്‍ ദേശ വിരുദ്ധരാണ്, അവര്‍ക്ക് ദേശീയ ഗാനത്തോട് അലര്‍ജിയാണ് എന്ന് മറ്റൊരു റ്റെലിവിഷന്‍ ചാനല്‍ പ്രഖ്യാപിക്കുന്നു. സീ ന്യൂസാകട്ടെ ‘ചിലര്‍് ഈ രാജ്യത്തെ വിഭജിക്കാനാണ് താത്പര്യം. ചില റ്റി.വി ചാനലുകളും ചില ജേണലിസ്റ്റുകളും അക്കൂട്ടത്തിലുണ്ട്’ എന്ന് തന്നെ പറഞ്ഞു. എന്‍.ഡി.ടി.വിക്കെതിരെയുള്ള പരസ്യമായ ആക്രമണം ആരംഭിക്കുന്നത് അവിടെ നിന്നൊക്കെയാണ്.
‘അത് സത്യം പറയുന്നതിന് നാം കൊടുക്കേണ്ടി വരുന്ന വിലയാണ്.’- രവീഷ് പറയുന്നു. ഡോക്യുമെന്ററിയിലൊരിടത്ത് എന്‍.ഡി.റ്റിവിക്ക് വേണ്ടി പുരസ്‌കാരം വാങ്ങിച്ച് കൊണ്ട് സംസാരിക്കുമ്പോള്‍ നാം നാളെയുടെ നാണക്കേടായി മാറുമെന്ന് മറ്റ് ചാനലുകളെല്ലാം ഉള്ള വേദിയില്‍ രവീഷ് പറയുന്നു. പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞ് യൂറ്റിയൂബില്‍ നിന്ന് ഭാവി തലമുറ ഈ വാര്‍ത്തകളൊക്കെ തപ്പിയെടുത്ത് നമ്മളെ ചോദ്യം ചെയ്യും. അപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്നില്ല എന്ന് അഭിമാനത്തോടെ എന്‍.ഡി.ടി.വിക്ക് പറയാന്‍ പറ്റും-നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ രവീഷ് പറയുന്നു. എന്നാല്‍ ആളുകള്‍ കാണുന്ന, വിജയിച്ച ചാനലുകളാണ് റേറ്റിങ് കൂടുതലുള്ള ഷോകളാണ് പ്രധാനമെന്ന് അംഗീകരിക്കാന്‍ പുറകേ വരുന്ന മറ്റൊരാള്‍ പറയുന്നുണ്ട.് ഡോക്യുമെന്ററിയുടെ അവസാന ഭാഗത്തൊരിടത്ത് ‘എന്നെ സീറോ റ്റി.ആര്‍.പി വാര്‍ത്ത അവതാരകന്‍ എന്ന് വിളിക്കുന്നവരുണ്ട്. നിങ്ങള്‍ ഒരാളെങ്കിലും ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കില്‍ വസ്തുതകളും സത്യങ്ങളും പ്രധാനമാണ്. അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നിങ്ങള്‍ സീറോ അല്ല എന്നെ സംബന്ധിച്ച്!’-എന്ന് പ്രൈം ടൈംമില്‍ തന്നെ പറയുന്നു.
ഡോക്യുമെന്ററിയില്‍ ഒരിടത്ത് ഒരു ചെറിയ പത്രത്തിന്റെ പത്രാധിപര്‍ രവീഷിനോട് ഫോണില്‍ ചോദിക്കുന്നത് കേള്‍ക്കാം: ”ഇതാണ് നമ്മുടെ ഭാവിയെന്ന് അംഗീകരിച്ച് നമ്മുടെ ആദര്‍ശങ്ങളിലൊക്കെ വിട്ടുവീഴ്ച ചെയ്യണോ?’ രവീഷ് പറയുന്നു: ”ഞാന്‍ 26 കൊല്ലമായി ഈ പണിചെയ്യുന്നു. നിങ്ങള്‍ക്കുള്ള ആശങ്കകളൊക്കെ എനിക്കുമുണ്ട്.” ഒരു നിമിഷം ശങ്കിച്ച ശേഷം രവീഷ് ഉറപ്പിച്ച് പറയുന്നു: ”ഇല്ല. ഭരണകൂടം പറയുന്നതനുസരിക്കാന്‍ നമ്മളെ കിട്ടില്ല.”- ഉറച്ചതാണ് തീരുമാനം. എഡിറ്റോറിയല്‍ യോഗങ്ങളില്‍ രവീഷ് ആവര്‍ത്തിക്കുന്നുണ്ട്- ‘ഭരണത്തിലുള്ളവരോട് ഏറ്റവും കടുപ്പപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ധര്‍മ്മം’. ഫോണിലൂടെയുള്ള നിരന്തരമായ ചീത്തവിളികളും തെരുവിലിറങ്ങിയാല്‍ പുറകെ കൂടി രാജ്യദ്രോഹികളെന്ന് വിളിക്കുന്ന സംഘപരിവാര്‍ ഗുണ്ടകളും സാധാരണ ഒരു മനുഷ്യനെ നിരാശയുടെ, ഭീതിയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിടില്ലേ? രവീഷ് കുമാറിനും അത് സംഭവിക്കുമെന്നാണ് നമ്മള്‍ കരുതുന്നത്. എന്തിനാണ് ഈ അസഭ്യങ്ങള്‍ കേള്‍ക്കാന്‍ അപരിചതരുടെ ഫോണ്‍ വിളികള്‍ക്ക് നേരിട്ട് മറുപടി പറയുന്നത് എന്ന് നമ്മള്‍ അമ്പരക്കും. അപ്പോള്‍ ചീത്തവിളിക്കുന്ന ഒരാളോട് മറുപടി പറയുന്നതിന് പകരം ‘സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാര ഹമാരാ’ എന്ന ഗാനം ഫോണിലൂടെ ആലപിച്ച് കൊണ്ട് തന്നെ അസഭ്യം പറയുന്ന ആളോട് കൂടെ പാടാനായി ആവശ്യപ്പെടുന്ന രവീഷ് കുമാറിനെ കാണും. ഡോക്യുമെന്ററിയെ കുറിച്ച് സംവിധായന്‍ വിനയ് ശുക്ലയ്ക്കുള്ള ഒരേയൊരു വിഷമം ഈ വിഷയത്തിന്റെ ഗൗരവത്തിന് തടസമാകും എന്നുള്ളത് കൊണ്ട് അതീവ രസികനായ രവീഷിന്റെ തമാശകളും ചിരികളും നിറഞ്ഞ ആ വ്യക്തിത്വത്തെ സിനിമയില്‍ ഉപയോഗിക്കാനായില്ല എന്നതാണത്രേ!
2019-ലെ മാഗ്സസെ പുരസ്‌കാരം രവീഷ് കുമാറിന് ലഭിക്കുന്നിടത്താണ്. ആ വാര്‍ത്ത ആഹ്ലാദത്തേക്കാള്‍ ഏറെ ആശ്വാസവും സമാധാനവുമാണ് എല്ലാവര്‍ക്കും നല്‍കുന്നത്. എന്‍.ഡി.ടി.വിക്കുള്ളില്‍ പുരസ്‌കാര ശേഷം ഉള്ള ചെറിയ കൂടിച്ചേരലില്‍ ഒരോ പുരസ്‌കാരത്തിനും ഒരോ തരം പ്രധാന്യമാണുള്ളതെന്നും എന്‍.ഡി.ടി.വിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കാലത്താണ് ഇതെന്നാണ് ഇതിന്റെ പ്രധാന്യമെന്നും രവീഷ് പറയുന്നു. നല്ല പ്രവര്‍ത്തികളുടെ മൂല്യം ഒരിക്കലും ഇടിയില്ലെന്നും പ്രതിസന്ധികളേയും അസഭ്യങ്ങളേയും ഭീഷണികളേയും മറികടന്ന് ഭയപ്പെട്ടുകൊണ്ടാണെങ്കിലും ശരിയെന്ന് തോന്നുന്നത് ചെയ്ത് മുന്നോട്ട് പോകുന്നതാണ് പ്രധാനമെന്നും ചിരി മങ്ങാത്ത മുഖത്തോടെ രവീഷ് പറയുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്കൊപ്പം ഈ ഡോക്യുമെന്ററിയുടെ കാഴ്ചക്കാര്‍ക്കും കണ്‍നിറയും. തുടര്‍ന്ന് മാഗ്സനെ പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് സംസാരിക്കുന്ന രവീഷിനെ നമുക്ക് കാണാം. ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോവുക എന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും കുലീനമായ ധര്‍മ്മത്തെയാണ് രവീഷ് അനുഷ്ഠിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് രവീഷിനെ പുരസ്‌കാരം വാങ്ങാന്‍ ക്ഷണിക്കുന്നത്. രവീഷിന്റെ നന്ദി പ്രസംഗത്തിന്റെ അവസാന വരികള്‍ ഇപ്പോള്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്.
”ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അത് യാദൃശ്ചികമോ അവിചാരിതമോ ആയി സംഭവിച്ചതല്ല. അത് വ്യവസ്ഥാപിതവും സുഘടിതവുമാണ്. ധാരാളം യുവ മാധ്യമപ്രവര്‍ത്തകര്‍ ഈ വെല്ലുവിളി മനസിലാക്കിയിട്ടുണ്ട്. കാലം മുന്നോട്ട് പോകുമ്പോള്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ അവര്‍ക്ക് സാധിക്കും. ചെറുത്ത് നില്‍പ്പ് നമ്മുടെ തെരഞ്ഞെടുപ്പല്ല. എല്ലാ യുദ്ധങ്ങളിലേയും പോരാട്ടം വിജയത്തിന് വേണ്ടിയുള്ളതല്ല. യുദ്ധക്കളത്തില്‍ ചെറുത്ത് നില്‍ക്കാനായി ചിലരെങ്കിലും ബാക്കിയുണ്ടായിരുന്നുവെന്ന് ലോകത്തിനോട് പറയുക എന്നത് മാത്രമാണ് ചില പോരാട്ടങ്ങളുടെ ലക്ഷ്യം.”
ഈ പുരസ്‌കാരത്തിന് ശേഷം തുടരുന്ന രവീഷിന്റെ എന്‍.ഡി.ടി.വി ജീവിതത്തില്‍ ഡോക്യുമെന്ററി അവസാനിക്കും. ഒരു ഹൊറര്‍ ചിത്രത്തിനൊടുവില്‍ നായകനോ നായികയോ കഷ്ടിച്ച് രക്ഷപ്പെടുന്നതിലുള്ള സമാധാനത്തോടെ നമുക്ക് വേണമെങ്കില്‍ ഡോക്യുമെന്ററി കണ്ടവസാനിപ്പിക്കാം. എന്നാല്‍ രവീഷ് മാഗ്സസേ പുരസ്‌കാരം ഏറ്റ് വാങ്ങി അധികം വൈകാതെ, 2022 നവംബറില്‍, അദാനി ഗ്രൂപ്പ് എന്‍.ഡി.റ്റിവി പിടിച്ചെടുത്തുവെന്ന് നമുക്കറിയാം. നവംബര്‍ 29ന് എന്‍.ഡി.റ്റി.വിയുടെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും കമ്പിനി ഡയക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. പിറ്റേന്ന് 2022 നവംബര്‍ 30ന് 28 വര്‍ഷം നീണ്ട എന്‍.ഡി.റ്റി.വി ജീവിതത്തിന് അന്ത്യം കുറിച്ച് രവീഷ് രാജിവച്ചു. നമുക്കറിയാം ഈ രാജ്യത്തിന്റെ അവസ്ഥയോ ഈ നാടിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ അവസ്ഥയോ മാറിയിട്ടില്ല എന്ന്.
നമ്മുടെ രാജ്യത്തെ ഏറ്റവും കഴിവുന്ന, മൂല്യബോധമുള്ള ഒരു ജേണലിസ്റ്റിനെ കുറിച്ചും നമ്മുടെ കാലത്തെ മാധ്യമപ്രവര്‍ത്തിനെ കുറിച്ചുമുള്ളതായ ഒരു ഡോക്യുമെന്ററി ഭീതിജനമായ ഒന്നാകുന്നതെങ്ങനെ, അത് നമ്മുടെ ഉറക്കം കെടുത്തുന്നതും ദുഖിപ്പിക്കുന്നതുകുന്നതെങ്ങനെ എന്ന് ഈ സിനിമ കണ്ട ആര്‍ക്കും സംശയം തോന്നുകയില്ല. പക്ഷേ എല്ലാ പോരാട്ടങ്ങളും വിജയത്തിനായുള്ളതല്ല, നാളെ ചരിത്രം നമ്മളോട് കണക്ക് ചോദിക്കുമ്പോള്‍ യുദ്ധക്കളത്തില്‍ ചെറുത്ത് നില്‍ക്കാന്‍ ചിലരുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ചിലരുടെ ജീവിതം. വിജയിച്ചവരുടെ കഥകള്‍ മാത്രമല്ലല്ലോ ചരിത്രം.
English summary: ‘While We Watched’ review: A documentary on Ravish Kumar