ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളെക്കുറിച്ചും വാഹനാപകടങ്ങളെക്കുറിച്ചും എല്ലാവർക്കും പരിചിതമാണ്. ബെംഗളൂരുവിൽ അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരിൽ യുവതിക്ക് പിഴ ചുമത്തിയ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാറോടിക്കുന്നതിനിടെ ജോലിയുടെ ആവശ്യത്തിനായി ലാപ്ടോപ് ഉപയോഗിച്ചതിനാണ് യുവതിയെ പോലീസ് പിടികൂടി 1000 രൂപ പിഴ ചുമത്തിയത്.
വാഹനമോടിക്കുന്നതിനിടെ സ്ത്രീ ലാപ്‌ടോപ്പ് മടിയിൽ വെച്ച് ബാലൻസ് ചെയ്യുന്നത് മറ്റാരു വാഹനത്തിലെ യാത്രികൻ ശ്രദ്ധിക്കുകയും കാറിന്റെ ലൈസൻസ് പ്ലേറ്റ് ഉൾപ്പെടെയുള്ള വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വീഡിയോ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് സ്ത്രീയെ കണ്ടെത്തുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. സ്ത്രീ സ്റ്റേഷനിലെത്തിയപ്പോൾ എക്സിൽ വൈറലായ വീഡിയോ അവരെ കാണിക്കുകയും സ്ത്രീക്കും റോഡിലെ മറ്റ് യാത്രക്കാർക്കും ഇത് എത്ര അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബിടിഎം ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയിലാണ് സ്ത്രീ ജോലി ചെയ്യുന്നത്. ആർടി നഗറിലേക്കുള്ള വീട്ടിലേക്ക് പോകുകയായിരുന്നെന്നും കൃത്യസമയത്ത് ലോഗിൻ ചെയ്യേണ്ടി വന്നതിനാലും ഉടൻ വീട്ടിലെത്താൻ കഴിയില്ലെന്നും ഭയന്നതിനാലുമാണ് കാറിനുള്ളിലിരുന്ന് ലാപ്‌ടോപ്പ് ഓണാക്കിയതെന്ന് സ്ത്രീ വിശദീകരിച്ചു.
സംഭവത്തിൽ പ്രതികരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്-ട്രാഫിക്) രംഗത്തെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുക, വാഹനമോടിക്കുമ്പോൾ അല്ല, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എക്സിൽ കുറിച്ചു.
“work from home not from car while driving” pic.twitter.com/QhTDoaw83R
— DCP Traffic North, Bengaluru (@DCPTrNorthBCP) February 12, 2025
സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോക്ക് താഴെ സ്ത്രീയുടെ അശ്രദ്ധയെ വിമർശിച്ച് നിരവധി കമന്റുകളാണ് വരുന്നത്. റോഡിലെ യാത്രക്കാരുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും തൊഴിലുടമയാണോ ഇതിന് കുറ്റക്കാരനെന്നും ഒരാൾ കമന്റ് ചെയ്തു. ആഴ്ചയിൽ 70-90 മണിക്കൂർ ജോലി ചെയ്യുന്നത് ആളുകളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കും. സ്ത്രീകൾക്ക്, പ്രത്യേകിച്ച് വിവാഹം കഴിച്ചവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കണം. വീട്ടുജോലികൾക്കും കുടുംബത്തിനും സമയം ലാഭിക്കാൻ ആ സ്ത്രീ ആഗ്രഹിച്ചിരിക്കാം. പക്ഷേ വാഹനമോടിക്കുമ്പോൾ ജോലി ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. @Sanjay_2712 എന്ന അക്കൗണ്ട് ഉടമ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്ത്രീയെക്കൊണ്ട് ഇങ്ങനെ ജോലി ചെയ്യിപ്പിച്ച ആളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുകൂടാ എന്ന് മറ്റൊരാൾ ചോദിച്ചു.
ഇത് ഭ്രാന്താണെന്നും യൂട്യൂബ് അല്ലെങ്കിൽ ടിവി സീരിയലുകൾ കണ്ട് വാഹനമോടിക്കുന്നവർ ഉണ്ടെന്നും പല ഓട്ടോ ഡ്രൈവർമാരും ഇത് ചെയ്യുന്നുവെന്നും മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ചൂണ്ടിക്കാട്ടി.
Content Summary: Work from Car; The police fined a woman who used a laptop while driving in Bengaluru
Bengaluru reckless driving