രാവിലെ ഒന്‍പതുമണിയ്ക്ക് വന്നാല്‍ പത്തര വരെ ട്രാഫിക് ഡ്യൂട്ടിയാണ്. വീണ്ടും തിരിച്ച് സ്റ്റേഷനില്‍ വരണം. പിന്നെ നമ്മുടെ കൈയ്യിലുള്ള ഫയലും മറ്റ് കേസുകളും അറ്റന്‍ഡ് ചെയ്യണം. അത് തീരാന്‍ വൈകുന്നേരം 6-7 മണി വരെയാവും. അപ്പോഴായിരിക്കും തൃശ്ശൂരിലെ ജയിലിലേക്ക് പോവാന്‍ പറയുക. അല്ലെങ്കില്‍ മാനസികമായി ബുദ്ധിമുട്ടുമുള്ള ആളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാന്‍ പറയും. തിരിച്ച് വരുമ്പോള്‍ വെളുപ്പിന് രണ്ട് മണിയോളം ആവും. പിറ്റേ ദിവസം വീണ്ടും 9 മണിയ്ക്ക് തന്നെ ജോലിയില്‍ കയറണം. ഇതാണ് ശരാശരി ഒരു പോലീസുകാരന്റെ ഒരു ദിവസത്തെ ജോലി. അതായത് 18 മണിക്കൂറോളം നീളും ഏറ്റവും കുറഞ്ഞ ജോലി സമയം. പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരു പോലീസ് ഓഫിസര്‍ പറഞ്ഞതാണ് ഇക്കാര്യം. Kerala police .
കേസെഴുതാന്‍ നിയോഗിക്കപ്പെട്ട ഒരാള്‍ പറഞ്ഞത് കേസെഴുതിത്തീര്‍ക്കുന്നത് ഒഴികെ എല്ലാം നടക്കാറുണ്ടെന്നാണ്. അതിനിടയില്‍ തന്നെ ക്രമസമാധാനപാലനത്തിന് പോകണം, പാറാവുനില്‍ക്കണം, പട്രോളിങ് നടത്തണം, ധര്‍ണയ്ക്കും പിക്കറ്റിങ്ങിനും കാവല്‍ നില്‍ക്കണം. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ കേസെഴുതിത്തീര്‍ക്കാന്‍ സമയം എവിടെ ?പോലീസുകാരുടെ സമ്മര്‍ദ്ദമകറ്റാന്‍ യോഗയുണ്ടല്ലോ എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം ഇതാണ്. യോഗ സ്‌റ്റേഷനുകളിലാണ് നടക്കുന്നത്. ഡ്യൂട്ടി സമയം എട്ട് മണിക്കാണെങ്കില്‍ 7 മണിയ്ക്ക് യോഗയ്ക്ക് എത്തണം. വെളുപ്പിന് 1 മണിയ്ക്ക് ശേഷം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥനാണ് 5 മണിയ്ക്ക് എഴുന്നേറ്റ് 7 മണിയോടെ സ്‌റ്റേഷനില്‍ എത്തേണ്ടത്.
ഇനി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് കൂടി നോക്കാം. 2022ല്‍ മാത്രം കേരളത്തില്‍ നടന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 2,35,858 ആണ്. ഇത്രയും കുറ്റകൃത്യങ്ങള്‍ എത്തിയത് കേരള പോലീസിന്റെ 53,222 പോലീസുകാരിലേക്കാണ്. ക്രിമനല്‍ കുറ്റകൃത്യങ്ങളുടെ മാത്രം എണ്ണമാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാക് തര്‍ക്കം മുതല്‍ ഭൂമി തര്‍ക്കം വരെയുള്ള സിവില്‍ കേസുകള്‍ അടക്കമുള്ളവയും ഈ പോലീസുകാര്‍ തന്നെയാണ് നോക്കിയിരുന്നത് എന്നര്‍ത്ഥം. 3.3 കോടി ജനങ്ങള്‍ക്കുള്ള അംഗസഖ്യയാണ് അരലക്ഷം പോലീസുകാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2016ലെ പഠന റിപ്പോര്‍ട്ട് പ്രകാരം (Do. No. 10867/AR-7-7(1)14/P&ARD Dtd. 09.03.2016) 500 പൗരന്മാര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നതാണ് കണക്ക്. ഇതനുസരിച്ച് പറഞ്ഞാല്‍ നിലവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് 656 പൗരന്മാരെയാണ്.
അതായത് 3.3 കോടി ജനങ്ങള്‍ക്ക് 7,000 പോലീസ് ഉദ്യോഗസ്ഥരുടെ കുറവ്. ഇത്രയും ആളുകളുടെ ജോലി ഭാരം കൂടി താങ്ങുന്നത്. നിലവില്‍ സര്‍വീസിലുള്ളവരാണ്. ഇവര്‍ക്ക് ലീവ് കൊടുത്താല്‍ പകരം ജോലി ചെയ്യാന്‍ ആളില്ല. അതാണ് ലീവ് നല്‍കുന്നതിലുള്ള പ്രശ്‌നമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു. അവധിയില്ലെങ്കില്‍ ജോലി ചെയ്ത ദിവസത്തെ പണം നല്‍കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ലീവും പണവും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസുകാര്‍ 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു എന്നത് ഉറപ്പിക്കുന്നതിന് ഇതിലും ആധികാരികമായ കണക്കിന്റെ ആവശ്യമില്ലല്ലോ?
കാസര്‍കോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ 2017ല്‍ അവിടുത്തെ ഒരു എസ് ഐ സ്ഥലമാറ്റത്തിന് അപേക്ഷ നല്‍കി. പലതവണ മേലുദ്യോഗസ്ഥരുടെ മുന്നില്‍ കയറി ഇറങ്ങി. പക്ഷെ കിട്ടിയില്ല. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് 2019ല്‍ പലതവണയാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ആരും അത് ചോദ്യം ചെയ്യാനോ അയാളെ സംരക്ഷിക്കാനോ വന്നില്ല. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ആത്മഹത്യ ചെയ്തു. ‘സഹപ്രവര്‍ത്തകരും ഡിപ്പാര്‍ട്ട്‌മെന്റുമാണ് മരണത്തിന് കാരണം’- കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസിന്റെ ആത്മഹത്യ കുറിപ്പിലെ വാചകമാണിത്. ജോലിയിലെ പ്രശ്‌നങ്ങള്‍ കാരണം വയനാട്ടിലെ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡ്യൂട്ടിക്കിടെ മുങ്ങി. ഇത് വാര്‍ത്തയായി. അസി. കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിനെ കണ്ടെത്തിയത്കോ യമ്പത്തൂരിലായിരുന്നു. തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്.
ഇത്തരത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ മരണത്തില്‍ അഭയം പ്രാപിച്ച പോലീസുകാരുടെ എണ്ണം 100 തികയ്ക്കാറായി. അപ്പോഴാണ് കേരള നിയമസഭയില്‍ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുന്നത്. 8 മണിക്കൂര്‍ ജോലി സമയം എന്നത് പ്രാവര്‍ത്തികമാക്കുക ബുദ്ധിമുട്ടാണ്, എങ്കിലും ശ്രമിക്കുമെന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. എന്നാല്‍ എട്ട് മണിക്കൂര്‍ എന്നത് പ്രായോഗികമായി നടപ്പാക്കാന്‍ പോവുന്ന കാര്യമല്ലെന്ന അഭിപ്രായമാണ് പോലീസുകാരില്‍ നിന്നുണ്ടാവുന്നത്.
മുന്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍ സുഭാഷ് ബാബു വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ-
കേരള പോലീസിന് അംഗബലത്തിന്റെ ദൗര്‍ലഭ്യം കാരണം അധികരിച്ച ജോലിഭാരം ഉണ്ടാവുകയും അതിന്റെ ആഘാതമായി നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. 100 കണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സര്‍വീസില്‍ നിന്ന് പിരിഞ്ഞ് പോവാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും നിരവധി ഉദ്യോഗസ്ഥര്‍ ഇതിനകം പിരിഞ്ഞ് പോവുകയും ചെയ്തു. 200 ഓളം ഉദ്യോഗസ്ഥര്‍ ആണ് നിലവില്‍ പിരിഞ്ഞ് പോവാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇവര്‍ പ്രധാനമായും പറയുന്നത് അവര്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല. അനാവശ്യമായ ജോലിഭാരം, മേലുദ്യോഗസ്ഥരുടെയും അതുപോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയുമെല്ലാം അനാവശ്യമായ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഭീഷണിയും കൈയ്യേറ്റങ്ങളും അവര്‍ നേരിടുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആളില്ല, പരിഹരിക്കാന്‍ സംവിധാനം കേരള പോലീസ് ആക്ട് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ എടുക്കുന്നില്ല.
വിരമിക്കലിന് അപേക്ഷ നല്‍കിയവര്‍
കോഴിക്കോട്- 22 പേര്‍
മലപ്പുറം-18പേര്‍
കോട്ടയം-15പേര്‍
ആരോഗ്യപ്രശ്‌നങ്ങളാല്‍ വിരമിക്കല്‍- 64പേര്‍
കുടുംബപ്രശ്‌നങ്ങള്‍- 27 പേര്‍
മേലുദ്യോഗസ്ഥരുടെ മോശം ഇടപെടല്‍- 3 പേര്‍
വിദേശ ജോലി- 7 പേര്‍
സ്വന്തമായ സംരംഭം തുടങ്ങാന്‍- 3 പേര്‍
മേലധികാരികള്‍ ഏകപക്ഷീയമായ രീതിയില്‍ അവരുടെ നടപടികള്‍, അല്ലെങ്കില്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. സമയബന്ധിതമല്ലാത്ത രീതിയില്‍ അധിക സമയം ഡ്യൂട്ടി നല്‍കി അവരെ ബുദ്ധിമുട്ടിക്കുന്നു. അര്‍ഹമായ സാലറി, ലീവ് സറണ്ടര്‍ എന്നിവ നല്‍കാതിരിക്കുന്നു. പലപ്പോഴും പല ഉദ്യോഗസ്ഥരും സാമ്പത്തിക ക്ലേശങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ സമാധാനത്തിലെങ്കിലും ഇരിക്കാലോ എന്ന് കരുതി പിരിഞ്ഞ് പോവാന്‍ പലരും അപേക്ഷ നല്‍കുന്നത്.
ജോലി ഭാരമാണ് ഏറ്റവും പ്രധാന വിഷയം. മുഖ്യമന്ത്രി 52 സ്റ്റേഷനുകളില്‍ ജോലി സമയം 8 മണിക്കൂര്‍ ആക്കിയെന്ന് പറഞ്ഞാല്‍ അത് ഒരിക്കലും പ്രായോഗിക്കമായിട്ടില്ല. അതൊട്ട് സാധിക്കുകയുമില്ല, അങ്ങനെയാവണമെങ്കില്‍ ഇന്നത്തെ അംഗബലത്തിന്റെ രണ്ടര ഇരട്ടിയെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവണം. അത് പ്രായോഗികമായി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് ഇപ്പോള്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുമില്ല. പ്രത്യേകിച്ച് ഈ സാമ്പത്തിക പ്രതിസന്ധിയില്‍, അത് സര്‍ക്കാരിന് കീറാമുട്ടിയാണ്.
ബാക്കി പോലീസ് സ്‌റ്റേഷനുകളില്‍ കൂടി ഇത്തരത്തില്‍ നടപടി ഉണ്ടാവുമെന്ന് പറഞ്ഞാല്‍ അത് ഒരിക്കലും നടക്കില്ലെന്നത് കേള്‍ക്കുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണ്. പറയുന്നവര്‍ക്കും ഇതറിയാം, എന്നാല്‍ അവര്‍ അത് ഒരിക്കലും സമ്മതിക്കില്ലെന്ന് മാത്രം.
പോലീസ് സ്‌റ്റേഷന്‍ എന്ന് പറഞ്ഞാല്‍ ഒരു സ്‌റ്റേഷന്‍ ഹൗസാണ്. അവിടെ ഒരു വീടിന്റെ പരിപാവനമായ പരസ്പര ധാരണയും വിശ്വാസവും പരസ്പര സഹായങ്ങളും സംരക്ഷകരുമായി മാറുന്ന ജീവിത സാഹചര്യമാണ് വേണ്ടത്. ആ വീടിന്റെ ഗൃഹനാഥന്‍ സ്റ്റേഷന്‍ ഹൗസ് ഇന്‍ ചാര്‍ജാണ്. അവര്‍ അവര്‍ക്കൊപ്പം ജോലി ചെയ്ത്, അറിയാത്ത കാര്യങ്ങളുണ്ടെങ്കില്‍ അവയെല്ലാം പറഞ്ഞ് കൊടുത്ത് അതിന് പര്യാപ്തരാക്കി മാറ്റുന്ന സാഹചര്യമുണ്ടാവണം. അതുപോലെ തന്നെ ഇവരുടെ കുടുംബ പ്രശ്‌നങ്ങളിലും സാമ്പത്തികവും ഔദ്യോഗികവുമായ വിഷയങ്ങളിലും നേരിട്ട് ഇടപെടുകയും സമയബന്ധിതമായി പരിഹരിക്കുകയും വേണം.
ഈ സംവിധാനത്തിലാണ് വീഴ്ച വരുന്നത്. ജില്ലാ പോലീസ് മേധാവിയ്‌ക്കോ അതിന് മുകളിലുള്ള മേലധികാരിയാണെങ്കില്‍ പോലും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇപ്പോഴില്ല. രാഷ്ട്രീയ ഏകാധിപത്യത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന, അവര്‍ക്ക് ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന സംവിധാനമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ ഇംഗിതമനുസരിച്ച് ട്രാന്‍ഫര്‍ പോസ്റ്റിങ്, പണിഷ്‌മെന്റ് എല്ലാം നടപ്പാക്കാന്‍ വിധിക്കപ്പെട്ട ചില ഉദ്യോഗസ്ഥരാണ് പോലീസ് വകുപ്പിന്റെ ഏറ്റവും വലിയ ശാപം. രാഷ്ട്രീയ മേലാളന്‍മാരെ തൃപ്തിപ്പെടുത്താനായി എന്തും പോലീസ് ഉദ്യോഗസ്ഥരില്‍ അടിച്ച് ഏല്‍പ്പിക്കുന്ന അവസ്ഥയാണുള്ളത്.
സ്റ്റേഷന്‍ തലത്തില്‍ അമിതമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. ആ ഇംഗിതത്തിന് അനുസരിച്ച് നിന്നില്ലെങ്കില്‍ വലിയ പീഡനങ്ങളാണ് അവരെ കാത്തിരിക്കുന്നത്. അതായത് പോലീസുകാര്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടയിടത്ത് ദുരിത പൂര്‍ണമായ, പീഡന പൂര്‍ണമായ ജീവിതമാണ് ലഭിക്കുന്നത്. ഏതാണ്ട് പകുതിയില്‍ അധികം വരുന്ന ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരാശരരാണ്. ഇതിനുള്ള പരിഹാരം വേണമെങ്കില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്
പോലീസ് പോലീസിന്റേതായ ഭരണം നടത്തുക
ബാഹ്യഇടപെടല്‍ ഇല്ലാത്ത പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നല്‍കുക
സാമ്പത്തിക-മാനസിക സംരക്ഷണം നല്‍കുക
ഏകപക്ഷീയമായി ലീവ് പോലുള്ളവ നല്‍കാതിരിക്കുന്നത് അവസാനിപ്പിക്കുക
ആരോഗ്യസംരക്ഷണത്തിന് പ്രധാന്യം നല്‍കണം
സാധിക്കുന്ന അത്രയും ലീവ് അനുവദിക്കുക
നല്ല പോലീസുകാരെ ജോലി ചെയ്യാന്‍ അനുവദിക്കുക
എന്നാല്‍ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാനോ, അതിന് ആര്‍ക്കെങ്കിലും സാധിക്കുമെന്ന് ഇപ്പോഴത്തെ നിലയില്‍ കരുതുന്നില്ലെന്നും മുന്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍ സുഭാഷ് ബാബു കൂട്ടിച്ചേര്‍ത്തു.
റിക്രൂട്ട്‌മെന്റാണ് മാര്‍ഗമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍
കേസുകള്‍ കൂടുന്നതും മറ്റും അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടത്തി പോലീസുകാരുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്നാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് പറഞ്ഞത്. ഇതിനുള്ള നിര്‍ദേശം അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ പരിധിയിലുള്ള ജനസാന്ദ്രതയ്ക്ക് അനുസരിച്ച് പോലീസുകാരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്രമസമാധാന ചുമതലകള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. വിഐപി ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങള്‍ അവതാളത്തിലാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോക്കുകുത്തിയാവുന്ന പോലീസ് അസോസിയേഷന്‍
പോലീസ് അസോസിയേഷന്‍ എന്നത് പൊതുവേ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ലക്ഷ്യം വച്ചുള്ളതാണ്. എന്നാല്‍ അതിനകത്തും തൊഴുത്തില്‍ കുത്തും പാരവയ്പും വിവേചനവുമാണ് നേരിടേണ്ടി വരുന്നതെന്നാണ് സിവില്‍ പോലീസുകാര്‍ അടക്കമുള്ളവര്‍ പങ്ക് വയക്കുന്നത്. അസോസിയേഷന്റെ ആള് ആണെങ്കില്‍ അയാളുടെ ഡ്യൂട്ടി കടലാസില്‍ മാത്രമായിരിക്കും. ഇവരുടെ ജോലി കൂടി മറ്റുള്ളവര്‍ ചെയ്യേണ്ട അവസ്ഥയാണ്. ഇത് മറ്റു ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. നേരത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്‌ന പരിഹാരത്തിനായി അദാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ അതും നടക്കാത്ത അവസ്ഥയാണുള്ളത്.
English summary: Increasing staff strength the only way to uplift Kerala police