ഇറാഖിലെ ബാഗദാദില്‍ അമേരിക്കന്‍ പട്ടാളം മതില്‍കെട്ടിത്തിരിച്ചിരുന്ന ‘ഗ്രീന്‍ സോണി’ലേക്ക് ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. യുഎസ് എംബസിയും ഇറാഖി സര്‍ക്കാരിന്റെ പ്രധാന ഓഫീസുകളുമെല്ലാം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറും ഈ മേഖലയിലേക്ക് പൊതുജനങ്ങള്‍ പ്രവേശനമുണ്ടായിരിക്കും ഇനി.
കോണ്‍ക്രീറ്റ് പാളികള്‍ ചേര്‍ത്തു വെച്ചുണ്ടാക്കിയ വന്‍ മതിലാണ് ഈ ഭാഗത്തെ മറ്റിടങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. 12,000ത്തിലധികം കോണ്‍ക്രീറ്റ് പാളികള്‍ ചേര്‍ത്താണ് മതില്‍ നിര്‍മിച്ചിരുന്നത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ നീക്കം ചെയ്തു.
ഇത്തരമൊരു മേഖല കണ്ടിട്ടില്ലാത്ത ഒരു പുതിയ തലമുറ ബാഗ്ദാദിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഗ്രീന്‍ സോണ്‍ മറ്റൊരു രാജ്യം തന്നെയായിരുന്നു. സര്‍ക്കാരും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള വിഭജനമുള്ളതായി തോന്നിക്കുവാന്‍ ഈ മതില്‍ കാരണമായെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഇതാണ് അധികൃതരെ മതില്‍ നീക്കം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
സെക്യൂരിറ്റി ബാഡ്ജുകള്‍ സമ്പാദിച്ചതിനു ശേഷം മാത്രമേ ഈ മതില്‍ക്കെട്ടിനകത്ത് ഇറാഖികള്‍ക്ക് കയറാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
ഇക്കഴിഞ്ഞ മാസത്തില്‍ ഗ്രീന്‍ സോണിലേക്ക് റോക്കറ്റാക്രമണം നടന്നിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായില്ല. ജനുവരി മാസം മുതല്‍ക്കേ പൊതുജനങ്ങള്‍ക്ക് ഗ്രീന്‍ സോണിനകത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാല്‍, മതിലുകള്‍ നീക്കം ചെയ്യുകയും നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നില്ല.
ഇറാഖി തലസ്ഥാനം സുരക്ഷിതമായി മാറിയെന്ന സന്ദേശം ലോകത്തിന് നല്‍കുക കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികളെല്ലാം.
നാല് സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഗ്രീന്‍ സോണ്‍ നിലകൊള്ളുന്നത്. 2003ലെ യുഎസ് അധിനിവേശത്തിനു ശേഷം ഈ ഭാഗത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയായിരുന്നു. യുദ്ധത്തിനു മുമ്പ് സദ്ദാം ഹുസ്സൈന്റെ കൊട്ടാരങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.