UPDATES

വായിച്ചോ‌

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നോ? ഉവ്വെന്ന് അമേരിക്കയിലെ ചൈനീസ് അദ്ധ്യാപകന്‍

അതേസമയം ചൈനയിലേയും ഇന്ത്യയിലേയും ജനസംഖ്യാവിദഗ്ധര്‍ ഫൂക്‌സിയാന്റെ വാദം വിശ്വസനീയമല്ലെന്നാണ് പറയുന്നത്.

                       

ജനസംഖ്യയുടെ കാര്യത്തില്‍ ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നതായാണ് ഇതുവരെയുള്ള കണക്കുകളെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയെ മറികടന്നതായാണ് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ – മാഡിസണ്‍ സര്‍വകലാശാലയിലെ ചൈനീസ് അദ്ധ്യാപകന്‍ യി ഫൂക്‌സിയാന്‍ പറയുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യപരമായ ജനസംഖ്യാനിയന്ത്രണ, കുടുംബാസൂത്രണ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടുള്ളയാളാണ് യി ഫൂക്‌സിയാന്‍. ഗാര്‍ഡിയന്‍ പത്രത്തോടാണ് ഫൂക്‌സിയാന്‍ ഇക്കാര്യം പറയുന്നത്.

ചൈനയിലെ ജനസംഖ്യ നിലവില്‍ 129 കോടിയാണെന്നും എന്നാല്‍ ചൈനീസ് ഗവണ്‍മെന്റും കണക്കെടുപ്പുകാരും ഇത് പെരുപ്പിച്ച് കാട്ടി 138 കോടിയെന്ന് പറയുകയാണെന്നുമാണ് ഫൂക്‌സിയാന്‍ പറയുന്നത്. ഇന്ത്യയില്‍ 132 കോടിയോളമാണ് ജനസംഖ്യയെന്ന് കരുതുന്നു. അതേസമയം ചൈനയിലേയും ഇന്ത്യയിലേയും ജനസംഖ്യാവിദഗ്ധര്‍ ഫൂക്‌സിയാന്റെ വാദം വിശ്വസനീയമല്ലെന്നാണ് പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡെമോഗ്രാഫറായ വാങ് ഫെങ്, ഈ വാദം തള്ളിക്കളഞ്ഞു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഫൂക്‌സിയാന്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് ഫെങ് അഭിപ്രായപ്പെട്ടു.
ചൈനീസ് ഗവണ്‍മെന്റിന്റെ ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ഫൂക്‌സിയാന്‍ ചൈനയില്‍ ജനനനിരക്ക് കുറവാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കുടുംബാസൂത്രണ നയം അടിച്ചേല്‍പ്പിക്കുന്നതില്‍ വിയോജിപ്പുകളുണ്ട്. എന്നാല്‍ കണക്കുകള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ അത് വസ്തുതാപരമായിരിക്കണം. ചൈനീസ് ഗവണ്‍മെന്റിന്റെ കണക്ക് തന്നെയാണ് വിശ്വസനീയമെന്നും ഫെങ് പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ചൈനീസ് ജനസംഖ്യ 140 കോടിയിലെത്തി കുറയാന്‍ തുടങ്ങുമെന്നും വാങ് ഫെങ് അഭിപ്രായപ്പെടുന്നു.

ചൈന തന്നെയാണ് ഇപ്പോഴും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെന്നും 2025ല്‍ ഇന്ത്യ ചൈനയെ മറികടന്നേക്കുമെന്നാണ് കരുതുന്നതെന്നും മുംബയ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസില്‍ ഗവേഷകനായ ലോഷ്‌റാം ലഡു സിംഗ് പറഞ്ഞു. ഇന്ത്യന്‍ ജനസംഖ്യ നിലവില്‍ 130 കോടിയ്ക്കടുത്താണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ നാല് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യ 170 കോടിയിലെത്തുമെന്നും പിന്നീട് ജനസംഖ്യ കുറയാന്‍ തുടങ്ങുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം.

കേരളം, തമിഴ്‌നാട് പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നുനില്‍ക്കുകയാണ്. ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലാണ് ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. സാമൂഹ്യക്ഷേമത്തിലും ജീവിതനിലവാരത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണിവ. രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനവും ഈ രാജ്യങ്ങളിലാണുള്ളത്.

വായനയ്ക്ക്: https://goo.gl/gB6fTR

Share on

മറ്റുവാര്‍ത്തകള്‍