ഇഡൈക്ക് ചുഴലിക്കാറ്റിന് പിറകെ ‘കെനീത്ത്’; ഭീതിയിൽ മൊസാംബിക്ക്, വ്യാപക നാശനഷ്ടം

മുൻകരുതൽ നടപടികളുടെ ഭാഗമായി ഇതിനോടകം 30,000ത്തോളം പേരെ ഇതിനോടകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

മൊസാംബിക്കിൽ കനത്ത നാശം വിതച്ച് കടന്നുപോയ ഇഡൈ ചുഴലിക്കാറ്റിന് പിറകെ കെനീത്ത് ചുഴലിക്കാറ്റും രാജ്യത്ത് ഭീഷണി ഉയർത്തുന്നു. വടക്കൻ മൊസാംബിക്കിൽ കനത്ത മണ്ണിടിച്ചില്‍ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത കെനീത്ത് ചുഴലിക്കാറ്റിൽ ഇതുവരെ മുന്നു പേർ കൊല്ലപ്പെട്ടതായാണ് വിവരം. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. മൊസാംബിക്കിനെ ബാധിക്കുന്ന ശക്തമേറിയ ചുഴലിക്കാറ്റായിരിക്കും കെനീത്ത് എന്നാണ് വിലയിരുത്തൽ.

അതേസമയം, മൊസാംബിക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം മുൻകരുതൽ നടപടികളുടെ ഭാഗമായി ഇതിനോടകം 30,000ത്തോളം പേരെ ഇതിനോടകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പറയുന്നു. കഴിഞ്ഞ മാസം വീശിയടിച്ച ഇഡൈ ചുഴലിക്കാറ്റിൽ നൂറുകണക്കിന് പേരാണ് മൊസാംബിക്കിൽ മാത്രം കൊല്ലപ്പെട്ടത്. മൊസാംബിക്കിന് പുറമെ മലാവി, സിംബാബവേ എന്നിവിടങ്ങളിലായി ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വ്യാപക നാശനഷ്ടങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.  മ‍ഡഗാസ്കർ തീരത്ത് രൂപം കൊണ്ട കെനീത്ത് ചുഴലിക്കാറ്റ് ബുധനാഴ്ചയാണ് മൊസാംബിക്കിനെ തൊട്ടത്.

അതേസമയം, മൊസാംബിക്കിൽ നിർബന്ധിതമായ ഒഴിപ്പിക്കൽ നടപടികളാണ് പുരോഗമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 680,000ത്തിലധികം പേരെ കെനീത്ത് നേരിട്ട് ബാധിക്കുമെന്ന് അധികൃതർ പറയുന്നു. രാജ്യത്തെ വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, വരുന്ന ദിവസങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. 600 മില്ലീ മീറ്റർ മഴവരെ പ്രതീക്ഷിക്കുന്നെന്നാണ് യുഎന്‍ കണക്കുകൾ പറയുന്നത്. കെനീത്തിന്റെ പശ്ചാത്തലത്തിൽ മൊസാംബിക്കിന്റെ പശ്ചാത്തലത്തില്‍ വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഫ്രാൻസ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. 16 അടിവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാൻ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിർദേശം.

 

 

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment