ജപ്പാനിൽ കഴിഞ്ഞ രണ്ടരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് വീശുകയാണ്. ജെബി ചുഴലിക്കാറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ കാറ്റ് ഒരു ദശലക്ഷത്തിലധികം ആളുകളുടെ ജിവിത സംവിധാനങ്ങളെയാകെ തകർത്തെറിഞ്ഞിരിക്കുകയാണ്. കാലാവസ്ഥയുടെ അനിശ്ചിതാവസ്ഥ ജപ്പാനിൽ ഒരു പുതിയ കാര്യമല്ലെങ്കിലും ഇത്തവണ കാര്യങ്ങളിൽ വലിയ വ്യത്യാസമുണ്ട്. കനത്ത അതിവൃഷ്ടി മൂലം ജപ്പാൻ ദുരിതത്തിലായി ഒരു മാസം പിന്നിട്ടിട്ടില്ല. അതിനിടയിലാണ് ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടയിൽ ഒരിക്കൽപ്പോലും ഇത്തരമൊരു അതിവൃഷ്ടി ഉണ്ടായിട്ടില്ല. ചുഴലിക്കാറ്റുകളും ഇത്ര കനത്തതാകാറില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അടക്കമുള്ള പ്രശ്നങ്ങളെ കൂടുതൽ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ജപ്പാനിലെ ഈ കെടുതികൾ കാരണമായേക്കും.
എന്താണ് ടൈഫൂൺ ജെബി?
ടൈഫൂൺ ജെബി എന്നാൽ ഒരു എക്സ്ട്രാട്രോപ്പിക്കൽ ചുഴലിക്കാറ്റാണ്. ഉത്തരാർദ്ധഗോളത്തില്‍ 2018ൽ സംഭവിച്ച ഏറ്റവും വിനാശകാരിയായ ട്രോപ്പിക്കൽ സൈക്ലോണാണിത്. 1993നു ശേഷം ജപ്പാനിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും ഇതു തന്നെ. പശ്ചിമ പസിഫിക് സമുദ്രത്തിൽ വലിയ ന്യൂനമർദ്ദമേഖലകൾ സൃഷ്ടിക്കപ്പെടുന്നു. 2018ൽ പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന ടൈഫൂണുകളിൽ 26ാമതായി പട്ടികപ്പെടുത്തിയിട്ടുള്ള ഈ ചുഴലിക്കാറ്റ് ഇപ്പോൾ ജപ്പാനിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. ജപ്പാൻ ഇത്രയും കടുത്തൊരു ചുഴലിക്കാറ്റിനെ മുൻപ് നേരിട്ടിട്ടുള്ളത് 1993ൽ യാൻസി ടൈഫൂൺ ആഞ്ഞുവീശിയപ്പോഴാണ്.
എവിടെയെല്ലാം ബാധിച്ചു
ഓഗസ്റ്റ് 31ന് വടക്കൻ മറീന ദ്വീപുകളിൽ ടൈഫൂൺ ജെബി വീശിയടിച്ചു. ശേഷം ഒരൽപം ദുർബലപ്പെടുന്നതായി തോന്നിച്ചുവെങ്കിലും സെപ്തംബർ രണ്ടിന് ജപ്പാനിലെ ഷികോകു, കാൻസായി മേഖലകളിൽ വീണ്ടും ശക്തി പ്രാപിച്ചെത്തി. സെപ്തംബർ നാലോടെ ഈ ടൈഫൂൺ അതിശക്തമായിത്തീർന്നു.
പസിഫിക് സമുദ്രത്തിലെ മാര്‍ഷൽ ദ്വീപുകൾക്കു സമീപമാണ് ജെബി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദ്ദ മേഖല രൂപപ്പെട്ടത്. ഓഗസ്റ്റ് 25നായിരുന്നു അത്. ചെറിയ തോതിൽ രൂപപ്പെട്ട ഈ ന്യൂനമർദ്ദമേഖല ഓഗസ്റ്റ് 27 ആയപ്പോഴേക്ക് ഇതൊരു ട്രോപ്പിക്കൽ ഡിപ്രഷനായി രൂപാന്തരപ്പെട്ടെന്ന് ജപ്പാൻ മെറ്റീറോളജിക്കൽ ഏജൻസിയും ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 28ന് ട്രോപ്പിക്കൽ സ്റ്റോം ആയും മാറി. ഇതോടെ ‘ജെബി’ എന്ന പേര് നിർണയ്ക്കപ്പെട്ടു. സെപ്തംബർ നാലിന് ജെബിയുടെ ആദ്യത്തെ ശക്തിയേറിയ പ്രഹരം തോകുഷിമ മേഖലയുടെ വടക്കുഭാഗത്ത് ലഭിച്ചു. പിന്നാലെ കോബ് മേഖലയിലേക്കും കടന്നു. കാൻസായ് മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് ഈ ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. കൻസായി മേഖലയിൽ മാത്രം 16 പേരുടെ മരണത്തിന് കാരണമായി ജെബി. കാൻസായി ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പൂർണമായും നിലച്ചു.
വേഗത
മണിക്കൂറിൽ 216 കിലോമീറ്ററാണ് സെപ്തംബർ 4ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വേഗത.
നാശനഷ്ടങ്ങൾ
ഇത്തരം ദുരന്തങ്ങളെ നേരിടാൻ എപ്പോഴും സജ്ജമായിരിക്കുന്ന സംവിധാനം ജപ്പാനുണ്ട്. ഇക്കാരണത്താൽ മരണസംഖ്യ ഉയരാതെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. എങ്കിലും ആയിരക്കണക്കിനാളുകൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കാറ്റിന്റെ ശക്തി മൂലം ആകാശമാർഗ്ഗത്തിലുള്ള രക്ഷാപ്രവർത്തനം അസാധ്യമാണ്. കരമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതും പ്രയാസമാണ്. ഗതാഗത സംവിധാനത്തെ വലിയ തോതിൽ തകരാറാക്കിയിട്ടുണ്ട് ചുഴലിക്കാറ്റ്.
ക്യോട്ടോയിൽ ഗ്ലാസ് കൊണ്ടു നിർമിച്ച സീലിങ് തകർന്നുവീണ് നിരവധി പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ എടുത്തെറിയപ്പെടുന്നതിന്റെ വീഡിയോകൾ പുറത്തുവരുന്നുണ്ട്.
കാൻസായ് ഇന്റർനാഷണൽ എയർപോർട്ടിനെ ജപ്പാൻ മെയിൻലാൻഡുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിൽ 2,591 ടൺ ടാങ്കർ കപ്പൽ വന്ന് ഇടിച്ചു തകർന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ടാങ്കറിനും പാലത്തിനും തകരാറുണ്ടെന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. കപ്പലിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഈ അപകടം മൂലം പാലത്തിനപ്പുറത്തുള്ള എയർപോർട്ടിൽ മുവ്വായിരത്തോളം പേർ കുടുങ്ങിക്കിടക്കുകയാണ്. എയർപോർട്ടിന്റെ റൺഡവേയും ടെർമിനൽ കെട്ടിടത്തിന്റെ ബേസ്മെന്റും വെള്ളത്തിനടിയിലാണ്. നൂറു മീറ്റർ ഉയരമുള്ള ഒരു ജയന്റ് വീല്‍ അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആശയവിനിമയ മാർഗങ്ങളും വൈദ്യുതി ബന്ധങ്ങളുമെല്ലാം തകർന്നു കുടക്കുകയാണ്. വീടുകൾക്കും സാരമായ തകരാറുകളാണ് വന്നിട്ടുള്ളത്. ശക്തമായ കാറ്റിൽ കാറുകൾ പറന്ന് ഒരിടത്ത് കൂടിക്കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
ദുരിതാശ്വാസപ്രവർത്തനം
11 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 400 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലയിടങ്ങളിലായി ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ ബുധനാഴ്ച രാവിലെ (05-09-2018) നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവരിൽ 30,000 പേർക്ക് അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർബന്ധമല്ലെങ്കിലും മാറിത്താമസിക്കുന്നതാണ് നല്ലതെന്ന നിർദ്ദേശം ഇവർക്ക് നൽകിയിട്ടുണ്ട്. എത്രയും വേഗത്തിൽ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിയണമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജപ്പാനിലെ ചുഴലിക്കാറ്റുകൾ
ജപ്പാൻകാർക്ക് ചുഴലിക്കാറ്റുകൾ പുതുമയുള്ള കാര്യമല്ല. വർഷത്തിൽ മെയ് മാസം മുതൽ ഒക്ടോബർ മാസം വരെ ചുഴലിക്കാറ്റുകളുണ്ടാകാറുണ്ടെങ്കിലും ഇത്തവണത്തേത് വളരെ
ടോക്കിയോയിലെത്തുമോ?
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയെ ചുഴലിക്കാറ്റ് ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിരുന്നു. നേരിട്ടുള്ള ആക്രമണം ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ വിവരം. ഒസാക, ക്യോട്ടോ എന്നീ നഗരങ്ങളിലൂടെ നേരെ കടലിലേക്ക് പോകുമെന്നാണ് പ്രതീക്ഷ.
അതിവൃഷ്ടി
ജൂലൈ മാസത്തിൽ ജപ്പാനിലുണ്ടായ അതിവൃഷ്ടി കനത്ത നാശനഷ്ടം വിതച്ചിരുന്നു. ഇതിനു ശേഷമാണ് ചുഴലിക്കാറ്റിന്റെ ആക്രമണം. അതിവൃഷ്ടിയിലുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റു കെടുതികളിലും പെട്ട് ഇരുന്നൂറോളം പേർ മരിച്ചിരുന്നു. അറുപതോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കനത്ത മണ്ണിടിച്ചിലിൽ കുടുങ്ങിയവരാണ് ഇവരിൽ ഭൂരിഭാഗവും. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയിലെ ഏറ്റവും കനത്ത വെള്ളപ്പൊക്കമാണ് ജപ്പാൻ ഇത്തവണ കണ്ടത്.
ഇനി വരാനുള്ളത്
അതിവൃഷ്ടി മൂലം ഏഴായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പത്തു ലക്ഷത്തിലധികം പേരെ ബാധിച്ച ചുഴലിക്കാറ്റ്. ഇനി വരാനിരിക്കുന്നത് കടുത്ത വേനലാണ്. ഇതിനെ നേരിടാനുള്ള സന്നാഹങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു ചുഴലിക്കാറ്റ് വരുന്നതിനു മുമ്പ് സർക്കാർ.