2016ലെ യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് തുറന്ന് പറയാതിരിക്കുന്നതിന് നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിക്ക് ട്രംപിന്റെ അഭിഭാഷകന്‍ 130,000 ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) നല്‍കിയതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയായ മെലീനയെ അദ്ദേഹം വിവാഹം കഴിച്ച് ഒരു വര്‍ഷത്തിന് ശേഷം 2006ല്‍ കാലിഫോര്‍ണിയയിലെ ലേക് താഹോയില്‍ നടന്ന സംഭവത്തെ കുറിച്ച് മൗനം പാലിക്കുന്നതിനാണ് അഭിഭാഷകനായ മൈക്കിള്‍ കോഹന്‍, നീലച്ചിത്ര നായിക സ്‌റ്റെഫാനി ക്ലിഫോര്‍ഡിന് ഇത്രയും പണം നല്‍കിയതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ കോഹനും സ്‌റ്റെഫാനി ക്ലിഫോര്‍ഡും നിഷേധിച്ചു. 2011 മുതല്‍ ഇത്തരത്തിലുള്ള കിംവദന്തി പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അത്തരം ഒരു സംഭവം നടന്നിട്ടില്ല എന്ന നിലപാടില്‍ പ്രഡിഡന്റ് ട്രംപ് ഉറച്ചുനില്‍ക്കുകയാണെന്നും കോഹന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപില്‍ നിന്നും തനിക്ക് നിശബ്ദയായിരിക്കുന്നതിന് പണം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് തന്റെ പ്രോഫഷണല്‍ പേരായ സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ ഒപ്പിട്ട പ്രസ്താവനയില്‍ ക്ലിഫോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് പത്രങ്ങളിലൂടെ പുറത്തുവരില്ലെന്നും തന്റെ പുസ്തകത്തിലൂടെ മാത്രമേ പുറത്തുവരൂവെന്നും അവര്‍ വ്യക്തമാക്കി.
2016 തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന കേസില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തമയാണ് കോഹന്‍. വ്‌ളാഡിമിര്‍ പുടിന്റെ വക്താവിന് അദ്ദേഹം അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഇ-മെയിലുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് തന്നെ നിഷേധിക്കപ്പെട്ടതുമാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപുമായുള്ള തന്റെ ബന്ധത്തിന്റെ കഥ പ്രക്ഷേപണം ചെയ്യുന്നതിനായി എബിസിയുടെ ‘ഗുഡ്‌മോര്‍ണിംഗ് അമേരിക്കയുമായി’ ക്ലിഫോര്‍ഡ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായ വാര്‍ത്തകള്‍ അന്ന് പുറത്തുവന്നിരുന്നു. താന്‍ പ്രസിദ്ധനായതിനാല്‍ സ്ത്രീകളുടെ ഗുഹ്യഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ തനിക്ക് സാധിക്കും എന്ന് ട്രംപ് വീമ്പിളക്കുന്ന വീഡിയോ പുറത്തുവന്ന സമയം കൂടിയായിരുന്നു അത്.
ട്രംപിന്റെ ഒരു അടുത്ത സുഹൃത്ത് നടത്തുന്ന നാഷണല്‍ എന്‍ക്വയറര്‍ എന്ന മാസിക 2016ല്‍ ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതിന് പ്ലേബോയ് മോഡല്‍ കാരന്‍ മക്ഡൗഗളിന് 150,000 ഡോളര്‍ നല്‍കിയതായും എന്നാല്‍ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവന്നില്ലെന്നും അക്കാലത്ത് വാള്‍ സ്ട്രീറ്റ് ജേണല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ മകളുമായി സംസാരിച്ചിട്ട് 12 വര്‍ഷത്തില്‍ ഏറെയായി എന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് ട്രംപുമായി ലൈംഗിക ബന്ധമുണ്ടോയെന്നും അത് നിയമപരമായി ഒത്തുതീര്‍പ്പിലാക്കിയോ എന്നും അറിയില്ലെന്നും ക്ലിഫോര്‍ഡിന്റെ അമ്മ ഷൈല വെയ്മര്‍ പറഞ്ഞു.