വംശനാശം നേരിടുന്ന ഏഷ്യന്‍ ബ്ലാക്ക് കരടിയെ കൊറിയന്‍ അതിര്‍ത്തിയില്‍ കണ്ടെത്തി. ഇരു കൊറിയകളേയും വേർതിരിക്കുന്ന സൈന്യത്തിന്‍റെ സാന്നിദ്ധ്യമില്ലാത്ത പ്രദേശത്തു നിന്നാണ് അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കരടിയെ കണ്ടെത്തിയത്. ഒരു കാട്ടരുവിക്ക് സമീപം സ്ഥാപിച്ച കാമറയില്‍ കരടിയുടെ ചിത്രം പതിയുകയായിരുന്നു. കൊറിയൻ പെനിൻസുല ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു സ്പീഷീസാണിത്. ‘ഇന്‍റര്‍നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ’ തയ്യാറാക്കിയ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുന്ന ജീവിയാണിത്.
ലാൻഡ്മൈനുകള്‍, ദീർഘകാലമായി തുടരുന്ന സംഘർഷങ്ങൾ എന്നിവ മൂലം മനുഷ്യന്‍റെ നിരീക്ഷണങ്ങളെത്താത്ത ബഫര്‍ സോണില്‍ നിന്നാണ് കരടിയെ കണ്ടെത്തിയിരിക്കുന്നത്. അത് പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 15 വർഷം മുൻപുതന്നെ തെക്കൻ കൊറിയയിൽ ഏഷ്യന്‍ ബ്ലാക്ക് കരടികള്‍ ഏതാണ്ട് പൂർണ്ണമായും നാമാവശേഷമായിരുന്നു. അതിനു ശേഷമാണ് കരടി സംരക്ഷണത്തിനായി തെക്കന്‍ കൊറിയ പദ്ധതി ആവിഷ്കരിക്കുന്നത്. 2001-ൽ വെറും അഞ്ചു കരടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ അതിന്ന് 61 ആയി ഉയര്‍ന്നിട്ടുണ്ട്.
ഏകദേശം അഞ്ചു വർഷം മുൻപ്, ദക്ഷിണ കൊറിയയിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജി’ ഈ പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 90 ക്യാമറകൾ സ്ഥാപിച്ചിരുന്നു. വനഭൂമികളും പുൽപ്രദേശങ്ങളും നിറഞ്ഞ ഏകദേശം 250 കിലോമീറ്റർ ദൈർഘ്യമുള്ളതും 4 കിലോമീറ്റർ വീതിയുള്ളതുമായ ഭൂപ്രദേശം മൊത്തം കാണുന്ന തരത്തിലായിരുന്നു അവ സജ്ജീകരിച്ചിരുന്നത്. മൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായാല്‍ ക്യാമറയില്‍ ഉള്ള പ്രത്യേകതരം സെൻസർ അത് ഡിറ്റകട് ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ഈ പ്രദേശത്തിന്‍റെ കിഴക്കു ഭാഗത്തു നിന്നും ബ്ലാക്ക് കരടിയെ കണ്ടെത്തിയിരുന്നു.
ക്യാമറയില്‍ പതിഞ്ഞത് എട്ടോ ഒമ്പതോ മാസം പ്രായമുള്ള ആൺ കരടിയാണെന്നും, അതിന് 25-35 കിലോഗ്രാം വരെ തൂക്കം ഉണ്ടാകാമെന്നും സൌത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത പ്രദേശയതിനാലാകാം അവിടെ വന്യജീവികള്‍ക്ക് അനുസ്യൂതം വിഹാരിക്കുവാനുള്ള സവിശേഷമായ അന്തരീക്ഷം ഒരുങ്ങിയതെന്നാണ് കൊറിയന്‍ പാരിസ്ഥിതിക മന്ത്രാലയം വിലയിരുന്നത്. 106 സംരക്ഷിത ജീവികള്‍ ഉൾപ്പെടെ 5,097 ജീവചാലങ്ങള്‍ അവിടെ അതിവസിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.