June 04, 2026 |
Share on

ഫ്രാൻസിസ് മാർപാപ്പക്ക് വിട നൽകാൻ ലോകം; സംസ്കാരം ഉച്ചയ്ക്ക് ഒന്നരക്ക്

ലോകനേതാക്കൾ വത്തിക്കാനിൽ

ഫ്രാൻസിസ് മാർപാപ്പക്ക് വിട നൽകാനൊരുങ്ങി ലോകം. ഏപ്രിൽ 21ന് അന്തരിച്ച പോപ്പിന് ലോകമെമ്പാടുമുള്ള ജനങ്ങളും രാഷ്ട്രത്തലവൻമാരും രാജകുടുംബാം​ഗങ്ങളും ഇന്ന് അന്തിമോപചാരം അർപ്പിക്കും. വത്തിക്കാന് പുറത്ത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം നടക്കുക. മാർപാപ്പയുടെ അന്ത്യാഭിലാഷ പ്രകാരമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിൽ നിന്ന് മാറി, വത്തിക്കാന് പുറത്ത് വെച്ച് സംസ്കാരം നടത്തുന്നത്. റോമിൽ വളരെ ലളിതമായ ഒരിടം വേണമെന്നായിരുന്നു മാർപാപ്പയുടെ ആ​ഗ്രഹം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകനേതാക്കളടക്കം മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രിൻസ് വില്യം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പെയിനിലെ രാജാവ് ഫിലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിസിയ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരുൾപ്പെടെ 54 രാഷ്ട്രത്തലവന്മാരും 12 രാജകുടുംബാംഗങ്ങളും പോപ്പിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടും. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരാതന ആചാരക്രമങ്ങളോടെയാണ് നടക്കുക.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 250,000 പേരാണ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലേക്ക് എത്തിച്ചേർന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പൊതുദർശനം അവസാനിക്കുന്നതിന് മുൻപും ശേഷവും ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി അന്ത്യാ‍ജ്ഞലി അർപ്പിച്ചത്.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രിൽ 21 തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോ​ഗിക ചുമതലകൾ നിർവ്വഹിച്ച് വരുന്നതിനിടെയാണ് മരണം. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

Content Summary: World to bid farewell to Pope Francis; World leaders  are at Vatican

Leave a Reply

Your email address will not be published. Required fields are marked *

×