അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ശവസംസ്കാരം ബുധനാഴ്ച നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഎസിന്റെ വിയോഗത്തിൽ തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഏകദേശം അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. അവിടെ തന്നെയാകും പൊതുദർശനമുണ്ടാവുക. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളിലേയ്ക്ക് കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും.
ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കുകയും ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് വെയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Summary: former chief minister vs achuthanandan’s funeral on Wednesday; mourning procession tomorrow