24,346 ടിഇയു ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിന ഇന്ന് വിഴിഞ്ഞത്ത് നങ്കൂരിട്ടു. ഇന്ന് രാവിലെ ഏകദേശം ഒൻപത് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. ഏറെ പ്രത്യേകതയുള്ള കപ്പലാണ് എംഎസ്സി ഐറിന. 399.9 മീറ്ററാണ് കപ്പലിന്റെ നീളം, അതായത് ഫിഫ സ്പെക് ഫുട്ബോൾ ഗ്രൗണ്ടിന്റെ നാല് മടങ്ങ് നീളം.
61.3 മീറ്ററാണ് ഈ കൂറ്റൻ ചരക്കു കപ്പലിന്റെ വീതി. 2023 ലായിരുന്നു കപ്പലിന്റെ നിർമാണം പൂർത്തിയായത്. തൃശൂർ സ്വദേശി വില്ലി ആന്റണിയാണ് ലെെബീരിയൻ പതാകയേന്തി എത്തിയ കപ്പലിൻ്റെ അമരക്കാരൻ. കഴിഞ്ഞമാസം 29ന് സിങ്കപ്പൂരിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഏകദേശം 35 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതിൽ 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കും. എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ദക്ഷിണേഷ്യൻ തുറമുഖത്ത് ആദ്യമായാണ് എം.എസ്.സി ഐറിന എത്തുന്നത്.
2,960 മീറ്റർ ബ്രേക്ക് വാട്ടർ, 800 മീറ്റർ ബെർത്ത്, എട്ട് ക്വേ ക്രെയിനുകൾ, 24 യാർഡ് ക്രെയിനുകൾ എന്നിവയോടെയാണ് 2024 ഡിസംബർ 3ന് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ 2025 മാർച്ച് അവസാനം വരെ 7.3 എംഎംടി ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ദി വീക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ വർദ്ധിച്ചുവരുന്ന പ്രവർത്തന ശക്തി അദാനി തുറമുഖത്തിന്റെ പേര് ഇനിയും ഉയർത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ഒരു മാസത്തിനുള്ളിൽ 1 ലക്ഷത്തിലധികം ടിഇയു കൈകാര്യം ചെയ്തിരിക്കുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മൂന്നാം കക്ഷി സ്ഥാപനവുമായി സഹകരിച്ച് സ്വന്തമായി സ്മാർട്ട് ആന്റ് ഇന്റലിജന്റ് വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (VTMS) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും കപ്പൽ ഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ തഴിയുമെന്നും ഒന്നിലധികം സെൻസറുകളിൽ നിന്നുള്ള ഡൈനാമിക് ഇൻഫർമേഷൻ ഷെയറിംഗിലൂടെയും തത്സമയ ഡാറ്റ ഫ്യൂഷനിലൂടെയും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നുവെന്നുമാണ് അദാനി പോർട്സ് അവകാശപ്പെടുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്ത് നിരവധി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യകൾ പരീക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എട്ട് സെമി-ഓട്ടോമേറ്റഡ്, റിമോട്ട്-ഓപ്പറേറ്റഡ് റെയിൽ-മൗണ്ടഡ് ക്വേ ക്രെയിനുകൾ, യാർഡിലെ 24 പൂർണ്ണമായും ഓട്ടോമേറ്റഡ് കാന്റിലിവർ റെയിൽ-മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾ, കണ്ടെയ്നറുകളും ഇന്റേണൽ ട്രാൻസ്ഫർ വാഹന വിശദാംശങ്ങളും പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള ക്വേസൈഡ് പ്രക്രിയകൾ, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) പവർഡ് ക്യാമറകൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ്, റിയൽ-ടൈം ലൊക്കേഷൻ സിസ്റ്റങ്ങൾ (RTLS), മെഷീൻ ലേണിംഗ് ടെക്നോളജി (MLT), പാസീവ് RFID സിസ്റ്റങ്ങൾ എന്നിവയുള്ള ഐടിവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടെർമിനൽ ഗേറ്റുകൾ പോലും എഐ പവർ ചെയ്ത ഒസിആറുകളും പാസീവ് ആർഎഫ്ഐഡികളും ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്തിരിക്കുന്നു. എംഎസ്‌സി ഐറിന ചൊവ്വാഴ്ച വരെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് അദാനി പോർട്‌സ് അറിയിച്ചിരിക്കുന്നത്.world’s largest container ship msc Irina’s features
Content Summary: world’s largest container ship MSC Irina’s features
This post was last modified on June 9, 2025 1:26 pm
Leave a Comment