July 12, 2025 |

‘രാഷ്ട്രീയ അവകാശവാദങ്ങൾക്ക് സ്ഥാനമില്ല, വിഴിഞ്ഞം ജനങ്ങളുടെ ശ്രമം കൊണ്ട് നേടിയെടുത്ത പദ്ധതി’

തുടക്കകാലത്ത് ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടാതിരുന്ന പദ്ധതിയായിരുന്നു വിഴിഞ്ഞം

രാജ്യത്തിന്റെ തന്നെ അഭിമാനപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പിതൃത്വത്തിന്റെ പേരിലുള്ള അവകാശവാദങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഒപ്പം പ്രതിപക്ഷവും നടത്തുന്നത്. പദ്ധതിയിൽ കേരള സർക്കാരിന്റെ പങ്കിനെ പരാമർശിക്കാതെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

തുറമുഖ കമ്മീഷനിങ്ങിൻറെ ഭാഗമായുള്ള പരസ്യത്തിൽ കേരളത്തിനെ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. 8867 കോടിയാണ് പദ്ധതി ചിലവെന്ന് വിഴിഞ്ഞം തുറമുഖത്തിൻറെ വെബ്സൈറ്റിൽ പറയുമ്പോൾ പതിനെണ്ണായിരം കോടിയെന്നാണ് കേന്ദ്രസർക്കാരിന്റെ പരസ്യത്തിൽ പറയുന്നത്. ഇം​ഗ്ലീഷ് ദിനപത്രത്തിലാണ് പരസ്യം നൽകിയിരിക്കുന്നത്. അതേസമയം, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വിഴിഞ്ഞം പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ആവർത്തിച്ച് പ്രതിപക്ഷവും രം​ഗത്തെത്തി. അന്ന് ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടെന്നും കടൽകൊള്ളയാണെന്നും പറഞ്ഞയാളാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം പദ്ധതിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്നും പദ്ധതി ജനങ്ങളുടെ ശ്രമം മൂലം സാധ്യമായതാണെന്നും വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രസിഡന്റ് ഏലിയാസ് ജോൺ അഴിമുഖത്തോട് പ്രതികരിച്ചു.

വാസ്തവത്തിൽ കേരളത്തിലെയോ ഇന്ത്യയിലെയോ ഒരു രാഷ്ട്രീയ പാർട്ടിക്കും ഈ പദ്ധതിയിൽ കാര്യമായ പങ്കില്ല. ഈ നാട്ടിൽ ഒരു കാര്യം നടക്കണമെങ്കിൽ സർക്കാർ വിചാരിക്കാതെ അത് സാധ്യമാകില്ല. 30 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ പ്രചരണത്തിനായി ഇറങ്ങുന്ന സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഞങ്ങളോട് പുച്ഛമായിരുന്നു. ഞങ്ങൾ ജനങ്ങളുടെ പ്രതിനിധികളാണ്. യുഡിഎഫിനും എൽഡിഎഫിനും ഞങ്ങളോട് ഒരു ദയയുമില്ലായിരുന്നു. അന്ന് ബിജെപി കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിലില്ല. ഈ പദ്ധതി യാതൊരു ഉപയോഗവുമില്ലാത്തതാണെന്നായിരുന്നു അന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പറഞ്ഞു നടന്നത്. മാത്രമല്ല, വിഴിഞ്ഞം പദ്ധതിയെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങളും അവർ നടത്തിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ അതിനോടെല്ലാം നിശബദ്ത പാലിക്കുകയാണ് ഞങ്ങൾ ചെയ്തത്. തിരുവനന്തപുരത്തുള്ളവർ മാത്രമായിരുന്നില്ല ഞങ്ങളുടെ സമരത്തിൽ പങ്കെടുത്തത്, കേരളത്തിലെ പല കോണുകളിൽ നിന്നുള്ളവർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

പദ്ധതിക്ക് വേണ്ടിയുള്ള ജനങ്ങളുടെ സമ്മർദ്ദം ജില്ലകൾക്കതീതമായി വന്നപ്പോൾ മറ്റൊരു മാർ​ഗവുമില്ലാതെ വന്നപ്പോഴാണ് ഇത് സമ്മതിക്കാൻ സർക്കാർ തയ്യാറാകുന്നത്. അപ്പോഴാണ് ഇവരെല്ലാം ഈ ചിത്രത്തിലേക്ക് കടന്നുവരുന്നത്. എറണാകുളം, കോഴിക്കോട്, വയനാട്, കാസർ​ഗോഡ്, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി പേർ പദ്ധതിക്കായി പ്രയത്നിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പായില്ലെങ്കിൽ തിരിച്ചടി കിട്ടുമെന്ന് മനസിലാക്കിയ ഘട്ടത്തിലാണ് ടെൻഡർ പോലുള്ള പരിപാടികളുമായി സർക്കാർ രം​ഗത്തെത്തുന്നത്. ഇതിനൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ അവർ ചാമ്പ്യൻഷിപ്പിനുള്ള മത്സരം ആരംഭിക്കുകയും ചെയ്തു. സത്യസന്ധമായി പറഞ്ഞാൽ തുടക്കകാലത്ത് ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടാതിരുന്ന വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ് സാഫല്യമായിരിക്കുന്നത്, ഏലിയാസ് ജോൺ അഴിമുഖത്തോട് പറഞ്ഞു.

വിഷയത്തിൽ കേരളം മുടക്കിയ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ നിർമ്മാണ ചിലവ് 8867.14 കോടി രൂപയാണെന്നും അതിൽ സംസ്ഥാന സർക്കാർ മുടക്കുന്നത് 5595.34 കോടി രൂപ, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മുടക്കുന്നത് 2454 കോടി രൂപ, എന്നിങ്ങനെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേന്ദ്രത്തിന്റെ സംഭാവന പൂജ്യമാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: vizhinjam port, state government and central government debate for project credit

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×