ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിരലടയാളം സ്പെയിനിലെ പ്രീഹിസ്റ്റോറിക് കല്ലിൽ കണ്ടെത്തി. ഏകദേശം 43,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ മധ്യ സ്പെയിനിൽ ഒരു നിയാണ്ടർത്താൽ ഒരു മനുഷ്യൻ്റെ മുഖത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രാനൈറ്റ് കല്ലിലാണ് തന്റെ വിരലടയാളം പതിപ്പിച്ചതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ചുവന്ന നിറത്തിലുള്ള ഒരു വിരലടയാളമാണ് ഗ്രാനൈറ്റ് കല്ലിലുള്ളത്. അത് മനുഷ്യമുഖത്തിന്റെ ആകൃതിയിലുള്ള കല്ലിൽ മൂക്ക് പോലെ കാണപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള പൂർണ്ണമായ മനുഷ്യ വിരലടയാളമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന കലാസൃഷ്ടിയായും ഈ കല്ല് കണക്കാക്കപ്പെടുന്നു.
2022 ജൂലൈയിൽ സ്പെയിനിലെ സെഗോവിയയ്ക്കടുത്തുള്ള സാൻ ലാസരോ റോക്ക് ഷെൽട്ടറിൽ നിന്നാണ് ഗ്രാനൈറ്റ് കല്ല് കണ്ടെത്തിയത്. ഏകദേശം 20 സെന്റീമീറ്റർ നീളമുള്ള കല്ല് ഒരു ഉപകരണമായി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കാണുന്നില്ലായെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് റിപ്പോർട്ടിൽ പറയുന്നു. കല്ല് വളരെ അപൂർവ്വമായതാണെങ്കിലും കല്ലിലെ ചുവന്ന നിറമുള്ള വിരലടയാളമാണ് ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഗുഹയിൽ സാധാരണയായി ചുവന്ന നിറത്തിലുള്ള ഒന്നും തന്നെ കാണാറില്ല. അതിനാൽ വിരലടയാളം ബോധപൂർവ്വം പതിപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ചുവന്ന വിരലടയാളം മനുഷ്യന്റെ തന്നെയാണെന്നും അതൊരു പുരുഷന്റെ ആകാനാണ് സാധ്യതയെന്നുമാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, മുഖത്തിന്റെ മറ്റ് ഭാഗങ്ങൾ പോലെ തോന്നുന്നതിനായി കണ്ണിന്റെ സ്ഥാനത്തും ചില അടയാളങ്ങൾ കല്ലിൽ പതിപ്പിച്ചിട്ടുണ്ട്.
നിയാണ്ടർത്താൽ കല്ലിൽ മുഖത്തിന് സമാനമായ ഒരു രൂപം കാണുകയും അതിനോട് പ്രതീകാത്മകമായി പ്രതികരിക്കുകയും ചെയ്തിരിക്കാമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നിറങ്ങൾ പ്രയോഗിച്ചതിലൂടെ കലാപരമായ ചിന്തയെയും പ്രതീകാത്മക പെരുമാറ്റത്തെയും കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആധുനിക മനുഷ്യരാണ് കല സൃഷ്ടിച്ചത് എന്ന ദീർഘകാലമായി നിലനിൽക്കുന്ന ആശയത്തെയാണ് കണ്ടെത്തൽ വെല്ലുവിളിക്കുന്നത്. നിയാണ്ടർത്തലുകൾ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ളതായി ഇതിലൂടെ വ്യക്തമാകുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിയാണ്ടർത്തലുകൾ വെറും പ്രാകൃത ജീവികൾ മാത്രമായിരുന്നില്ല. അവർക്ക് സങ്കീർണ്ണമായ ചിന്തകളുണ്ടായിരുന്നുവെന്നും കല്ലുകളിലെ ആകൃതികളിൽ അർത്ഥം കാണാൻ കഴിഞ്ഞിരുന്നുവെന്നും വിദഗ്ധർ പറയുന്നു. ആധുനിക മനുഷ്യർ യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുന്നതിന് വളരെ മുമ്പുതന്നെ പ്രതീകാത്മക കല സൃഷ്ടിച്ചിരുന്നുവെന്നും ലഭിച്ച തെളിവുകൾ ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Content Summary: World’s oldest human fingerprint found in spain