കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കണം
കര്‍ഷക സമരത്തില്‍ പങ്കു ചേര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിനെയും ഹരിയാനയെയും വേര്‍തിരിക്കുന്ന ശംഭു ബോര്‍ഡറില്‍ നടക്കുന്ന കര്‍ഷക സമര വേദിയിലാണ് ശനിയാഴ്ച്ച രാവിലെ വിനേഷ് എത്തിയത്. താനും ഒരു കര്‍ഷകന്റെ മകളാണെന്നും, ഇന്ത്യയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ തന്റെ കുടുംബവും നേരിടുന്നുണ്ടെന്നും വിനേഷ് പറഞ്ഞു.
‘ഞാന്‍ എന്റെ കുടുംബത്തിന് (കര്‍ഷകര്‍ക്ക്) പിന്തുണ നല്‍കാനാണ് വന്നത്. രാജ്യത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം, വാസ്തവത്തില്‍, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന’. ഫോഗട്ടിന്റെ വാക്കുകള്‍.
വിളകളെയും ഭാവി തലമുറയെയും രക്ഷിക്കു, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം ഞാന്‍ നില്‍ക്കുന്നു’ എന്നായിരുന്നു സമരവേദിയില്‍ വിനേഷ് ഫോഗട്ട് നടത്തിയ പ്രസ്താവന. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ 200 ദിവസത്തിലേറെയായി ശംഭു ബോര്‍ഡറില്‍ നൂറു കണക്കിന് കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേട്ടേ മതിയാകൂ എന്നും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഫോഗട്ട് പറഞ്ഞു.
‘ ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്. ആരെങ്കിലും ഒരു പ്രശ്‌നം ഉയര്‍ത്തുകയാണെങ്കില്‍ അതു കേള്‍ക്കാന്‍ തയ്യാറാകണം. എല്ലാക്കാര്യങ്ങളും മതവും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരുത്’ ഫോഗട്ട് ഭരണാധികാരികളെ ഓര്‍മിപ്പിച്ചു കൊണ്ട് പറഞ്ഞു.
‘കര്‍ഷകര്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കണം. മുന്‍പ് നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനു ശേഷം സര്‍ക്കാര്‍ അവര്‍ക്ക് കുറച്ച് വാഗ്ദാനങ്ങള്‍ നല്‍കി, അത് നിറവേറ്റണം. രാജ്യത്തെ ജനങ്ങള്‍ റോഡില്‍ പ്രതിഷേധത്തിനായി ഇരുന്നാല്‍ അത് രാജ്യത്തിന് നല്ലതല്ല. കര്‍ഷകരുടെ സമരം ഇപ്പോള്‍ 200 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ടിട്ടില്ല’.
‘ചില സമയങ്ങളില്‍, അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ നാം നിസ്സഹായരാകും. രാജ്യാന്തര തലത്തില്‍ ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം കുടുംബത്തിന് (കര്‍ഷകര്‍ക്ക്) ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നിങ്ങളുടെ മകള്‍ കൂടെയുണ്ടെന്ന് പറയാനാണ് ഞാന്‍ ഇവിടെ വന്നത്. അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’- വിനേഷ് ഫോഗട്ടിന്റെ വാക്കുകള്‍.
ഭാരതീയ കിസാന്‍ യൂണിയന്‍(ഷഹീദ് ഭഗത് സിംഗ്)-ഹരിയാന, ബികെയു എക്ത(ആസാദ്), ബികെയു(ക്രാന്തികാരി), കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, രാജസ്ഥാന്‍ ഗ്രാമീണ്‍ കിസാന്‍ സംഘര്‍ഷ് സമിതി എന്നീ കര്‍ഷക സംഘടനകള്‍ ഗുസ്തി താരങ്ങളുടെ സമരത്തിന് നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. അവരോടെല്ലാം ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഈ രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം ഞാന്‍ എപ്പോഴും തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു’ വിനേഷ് ഫോഗട്ടിന്റെ വാക്കുകള്‍.
സമരവേദിയില്‍ എത്തിയ വിനേഷ് ഫോഗട്ടിനെ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ സര്‍വാന്‍ സിംഗ് പന്തേര്‍, ബികെയു(ഷഹീദ് ഭഗത് സിംഗ്) നേതാവ് അമര്‍ജീത് സിംഗ് മോര്‍ച്ചി, ബികെയു വക്താവ് തജ്വീര്‍ സിംഗ്, ബികെയു(ക്രാന്തികാരി) നേതാവ് സുര്‍ജിത് സിംഗ് ഫുല്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
വെള്ളിയാഴ്ച്ച അമൃത്സറിലെ സുവര്‍ണ ക്ഷേത്രം വിനേഷ് ഫോഗട്ട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ഖനൗരി അതിര്‍ത്തിയിലെത്തി അവിടെയുള്ള കര്‍ഷകരെ അഭിവാദ്യം ചെയ്തിരുന്നു.
ഫോഗട്ട് ഒളിമ്പിക്‌സില്‍ നടത്തിയ പ്രകടനത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവള്‍ക്ക് മനസിലാകുന്നുണ്ട്, അതുകൊണ്ടാണ് അവള്‍ കര്‍ഷകരെ തുറന്ന് പിന്തുണയ്ക്കുന്നത്.ശംഭു, ഖനൗരി അതിര്‍ത്തികള്‍ തുറക്കണമെന്നാണ് ഞങ്ങള്‍ അധികാരികളോട് ആവശ്യപ്പെടുന്നത്. ആവശ്യങ്ങള്‍ അറിയിക്കാന്‍ ഞങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പോകണം’ ; കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ സര്‍വാന്‍ സിംഗ് പന്തേറിന്റെ വാക്കുകള്‍. wrestler vinesh phogat joins farmers protest at shambhu border
Content Summary; Wrestler Vinesh Phogat joins farmers protest at shambhu border