മറ്റുള്ളവര്‍ക്ക് അരികില്‍ തന്നെ കുഴിയൊരുക്കാമെന്ന് ഇസ്രയേല്‍
യഹ്യ സിന്‍വാര്‍ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ വിഭാഗം തലവന്‍. ഇറാനില്‍ വച്ച് കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വാര്‍ ഹമാസിന്റെ ഉന്നത പദവിയിലെത്തുന്നത്. ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഹ്രസ്വമായൊരു പ്രസ്താവനയിലാണ് പുതിയ സ്ഥാനമാറ്റത്തെക്കുറിച്ച് ഹമാസ് ലോകത്തെ അറിയിച്ചത്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് കയറി ഹമാസ് നടത്തിയ കൂട്ടക്കുരുതി ആസൂത്രണം ചെയ്തത് യഹ്യ സിന്‍വാര്‍ ആയിരുന്നു. ഗാസയില്‍ ഹമാസ് എടുക്കുന്ന പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലും സിന്‍വാറാണ്. ഒക്ടോബര്‍ ഏഴില്‍ ഹമാസ് തടവിലാക്കിയ 120 ഇസ്രയേലികളുടെ നിയന്ത്രണവും സിന്‍വാറിന്റെ കൈകളിലാണ്.
ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്താണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെടുന്നത്. ഹനിയയ്ക്ക് താമസമൊരുക്കിയിരുന്ന സര്‍ക്കാര്‍ വക അതിഥിമന്ദിരം തകര്‍ത്താണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഹനിയയെ വധിച്ചതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹൂ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം പറഞ്ഞിട്ടില്ല. എന്നാല്‍, തങ്ങളുടെ രാജ്യത്ത് വച്ച് ഹമാസ് നേതാവിനെ കൊലപ്പെടുത്തിയത് അപമാനക്ഷതമായി കാണുന്ന ഇറാന്‍ പകരം വീട്ടുമെന്ന് പരസ്യമായി ശപഥം ചെയ്തിട്ടുണ്ട്. ഹമാസും ഇസ്രയേലിനെതിരേ പ്രതികാരം ചെയ്യുമെന്ന തീരുമാനത്തിലാണ്. ഹനിയ വധം മേഖലയെ കൂടുതല്‍ ഭയാനകമായ സാഹചര്യത്തിലേക്ക് തള്ളിയിട്ടിരിക്കവെയാണ് യഹ്യ സിന്‍വാര്‍ സംഘടനയുടെ സുപ്രധാന ചുമതലയില്‍ എത്തുന്നത്.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസിനും ഇസ്രയേലിനും ഇടയില്‍ നടക്കുന്ന ചര്‍ച്ചകളിലെ പ്രധാന ഇടനിലക്കാരനായിരുന്നു ഇസ്മായില്‍ ഹനിയ. അതുപോലെ തന്നെ, യഹ്യ സിന്‍വാറിനും ഇസ്രയേലിനും ഇടയില്‍ നിന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു ഹനിയ. ഇസ്മായില്‍ ഹനിയ മിതവാദിയായ നേതാവായിരുന്നു. ഗാസ മുനമ്പിലെ ഹമാസ് ആയുധധാരികള്‍ക്ക് മേല്‍ അദ്ദേഹത്തിന് നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല. സമവായത്തിന്റെ വഴിയിലെ സഞ്ചാരിയായിരുന്നു ഹനിയ. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന വെടിനിര്‍ത്തല്‍/ ബന്ദി മോചന ചര്‍ച്ചകളില്‍ ഹമാസ് പ്രതിനിധി സംഘത്തെ നയിച്ചിരുന്നതും ഹനിയ ആയിരുന്നു.
ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് യഹ്യ സിന്‍വാര്‍. പ്രസ്ഥാനത്തിലെ ഏറ്റവും കരുത്തനായ നേതാവും. ഹമാസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന സിന്‍വാര്‍ 23 വര്‍ഷം ഇസ്രയേല്‍ തടവിലായിരുന്നു. അട്ടിമറി, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇസ്രയേല്‍ സിന്‍വാറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ സിന്‍വാറിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു; 1000 ശതമാനം പ്രതിബദ്ധതയുള്ളവന്‍, 1000 ശതമാനം അക്രമകാരി, വളരെ കടുപ്പമേറിയൊരു മനുഷ്യന്‍’.
ഹമാസിന്റെ വിലപേശലിന് ഇസ്രയേലിന് വഴങ്ങേണ്ടി വന്നതോടെയാണ് സിന്‍വാര്‍ തടവില്‍ നിന്നും മോചിതനായത്. 2006 ല്‍ ഹമാസ് ഗിലാഡ് ഷാലിറ്റ് എന്ന ഇസ്രയേലി സൈനികനെ തടവിലാക്കി. ഷാലിറ്റിനെ മോചിപ്പിക്കാനുള്ള ഹമാസിന്റെ നിബന്ധനയ്ക്ക് വഴങ്ങി 2011 ല്‍ ആയിരം പലസ്തീനി തടവുകാരെ ഇസ്രയേലിന് മോചിപ്പിക്കേണ്ടി വന്നു. പുറത്തിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരാള്‍ യഹ്യ സിന്‍വാറായിരുന്നു. സ്വതന്ത്രനായ സിന്‍വാര്‍ ഒട്ടും അമാന്തമില്ലാതെ തീവ്രവാദത്തിലേക്ക് തന്നെ മടങ്ങിയെത്തി. പലസ്തീനികളെ ശത്രുവിന്റെ തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപായം ഇസ്രയേല്‍ സൈനികരെ തടവുകാരാക്കുകയാണെന്ന നിഗമനത്തിലേക്കാണ് തന്റെ മോചനവും സിന്‍വാറിനെ എത്തിച്ചത്.
യഹ്യ സിന്‍വാര്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി വരുന്നതോടെ ഉയരുന്ന ചോദ്യം, ഗാസയില്‍ വെടി നിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ എന്താകുമെന്നതിന്റെ കുറിച്ചാണ്. അത്രകണ്ട് തീവ്രനിലപാടുകാരനാണ് സിന്‍വാര്‍. ഒക്ടോബര്‍ എട്ടിലെ ഹമാസ് ആക്രമണ പദ്ധതിയെക്കുറിച്ച്, ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയകാര്യ വിഭാഗത്തെ സിന്‍വര്‍ അറിയിച്ചിരുന്നില്ല. സ്വന്തം നിലയ്ക്ക് അയാള്‍ തീരുമാനിച്ച് നടപ്പാക്കിയ ഭീകരാക്രമണമായിരുന്നു നടന്നത്. യഹ്യ സിന്‍വാറിനെ പോലൊരാള്‍ ശത്രുപക്ഷത്തിന്റെ നേതൃത്വ നിരയിലെത്തുമ്പോള്‍ ഇസ്രയേല്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കൂടുതല്‍ പ്രത്യാക്രമണങ്ങളും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
യഹ്യ സിന്‍വാറിന്റെ സ്ഥാനക്കയറ്റത്തോട് ഇസ്രയേല്‍ പ്രതികരിച്ചത് പ്രകോപനകരമായാണ്. ‘യഹ്യ സിന്‍വാറിന് ഒരിടമേ ബാക്കിയുള്ളൂ, മുഹമ്മദ് ദെയ്ഫ് അടക്കം ഒക്ടോബര്‍ ഏഴിന് പിന്നിലെ തീവ്രവാദികളുടെ അരികിലായി. അവന് വേണ്ടി അതൊരുക്കാനാണ് ഞങ്ങളുടെ തീരുമാനം’ ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി അല്‍-അറേബ്യ ടെലിവിഷനോട് സംസാരിക്കുമ്പോഴായിരുന്നു സിന്‍വാറിനും ഹമാസിനും ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.
ഹമാസിന്റെ തലപ്പത്തുള്ളവരെയെല്ലാം തങ്ങള്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ആവര്‍ത്തിക്കുന്നത്. ഹമാസ് മിലട്ടറി കമാണ്ടന്റ് മൊഹമ്മദ് ദെയ്ഫ്, മുതിര്‍ന്ന രാഷ്ട്രീയ നേതാവ് സലേ-അല്‍-അറൗരി തുടങ്ങി പല ഉന്നതന്മാരെയും വധിച്ചുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഒരു വശത്ത് അമേരിക്ക ഉള്‍പ്പെടെ വെടി നിര്‍ത്തലിന് വേണ്ടി ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞാഴ്ച്ചയും പ്രസിഡന്റ് ബൈഡന്‍ ഫോണ്‍ വഴി ഇസ്രയേല്‍ പ്രധാനമന്ത്രിയോട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് താത്കാലിക തടസം നേരിട്ടിരിക്കുകയാണെന്നും എങ്കിലും ഹമാസിനേ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി വെടിനിര്‍ത്തല്‍ വേഗത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരുമെന്നുമാണ് നെതന്യാഹൂ പറയുന്നത്.
സിന്‍വാറിന്റെ സ്ഥാനക്കയറ്റത്തിന്റെ പ്രഖ്യാപനം വന്നശേഷം അല്‍ ജസീറയോട് സംസാരിക്കവെ ഹമാസ് വക്താവ് ഒസാമ ഹമ്ദാന്‍ പറഞ്ഞത്, വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ്. ചര്‍ച്ചകള്‍ വഴിമുട്ടുന്നതിന് കാരണം ഹമാസ് അല്ലെന്നും, ഇസ്രയേലും അമേരിക്ക അടക്കമുള്ള അവരുടെ സഖ്യകക്ഷികളാണെന്നും ഒസാമ കുറ്റപ്പെടുത്തുന്നു. yahya sinwar master mind of october 8 attack hamas new political chief
Content Summary; yahya sinwar master mind of october 8 attack hamas new political chief