വീണ്ടും യുദ്ധം തുടങ്ങി സൗദിയും ഹൂതികളും; നരക തീയിലേക്ക് വീണ്ടും യെമന്‍

എല്ലാ പ്രശ്‌നങ്ങള്‍ക്കും യുദ്ധം പരിഹാരമായി കാണുന്ന ഹൂതികള്‍, പണം കൊണ്ട് എല്ലാം പരിഹരിക്കാമെന്ന് വിശ്വസിക്കുന്ന സൗദി

Yemen Saudi Houthi conflict

ആഭ്യന്തര യുദ്ധം വിതച്ച കെടുതികളില്‍ നട്ടം തിരിയുന്ന ഒരു ജനത അല്‍പ്പകാലത്തേക്ക് അനുഭവിച്ച സമാധാനത്തിന്റെ നാളുകള്‍ക്ക് അന്ത്യമായിരിക്കുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം യമന്‍ വീണ്ടും ഒരു വന്‍ യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം അതിവേഗമാണ് നിയന്ത്രണാതീതമായ ഒരു പൂര്‍ണ്ണ യുദ്ധമായി മാറിക്കൊണ്ടിരിക്കുന്നത്. യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങളില്‍ നിന്നു തെറിച്ച തീപ്പൊരിയില്‍ നിന്നാണ് യമന്‍ എന്ന മരുഭൂമിയിലെ ഈ വെടിമരുന്ന് ശാലയ്ക്ക് വീണ്ടും തീ പടര്‍ന്നിരിക്കുന്നത്.

സാഹചര്യങ്ങള്‍ തീവ്രമാകുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ നല്‍കുന്ന ആശങ്ക സൗദിക്കുണ്ട്. വീണ്ടും വലിയൊരു സൈനിക പോരാട്ടത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ടി വന്നാല്‍, ഒരു ദശകത്തോളം നീണ്ട ബോംബാക്രമണങ്ങളും സൈനിക ഇടപെടലുകളും വരുത്തിവച്ച സാമ്പത്തിക തിരിച്ചടി വീണ്ടും നേരിടേണ്ടി വരും. മാത്രമല്ല, മുന്‍കാല ചെയ്തികളിലൂടെ മങ്ങലേറ്റ അന്താരാഷ്ട്ര പ്രതിച്ഛായ വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. യുദ്ധത്തിനും പട്ടിണിക്കും രോഗങ്ങള്‍ക്കും ഇരയായി ലക്ഷക്കണക്കിന് യമന്‍ പൗരന്മാരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. വീണ്ടും സ്വന്തം ദേഹത്ത് സ്വയം ചെളിവാരി വിതറേണ്ടതുണ്ടോ എന്നവര്‍ ചിന്തിക്കുന്നു. അതുകൊണ്ട് വീണ്ടുമൊരു പൂര്‍ണ ഏറ്റുമുട്ടലിന് സൗദി അറേബ്യയ്ക്ക് തീരെ താല്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്നാല്‍, തന്ത്രപ്രധാനമായ എണ്ണ വരുമാനത്തില്‍ പങ്കാളിത്തം നേടാനും യമനിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം പരമാവധി വര്‍ദ്ധിപ്പിക്കാനും സൗദിയുമായുള്ള ഏറ്റുമുട്ടല്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് യുദ്ധക്കൊതിയുള്ള ഹൂതി നേതൃത്വം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദി അറേബ്യയ്ക്ക് നേരെയും ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് നേരെയും ഹൂതികള്‍ വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടുകയാണ്. ഇതോടെ ആഗോള എണ്ണ വിപണിയും ചരക്കു വ്യാപര മേഖലയും വലിയ പ്രത്യാഘാതം നേരിടുന്നു. ഇതിന് മറുപടിയായാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദി സഖ്യസേന വീണ്ടും വ്യോമാക്രമണം പുനരാരംഭിച്ചത്. തങ്ങളുടെ കൂട്ടാളിയായ ഇറാന് പിന്തുണ നല്‍കുന്നതോടൊപ്പം, സൗദിയെയും അന്താരാഷ്ട്ര സമൂഹത്തെയും സമ്മര്‍ദ്ദത്തിലാക്കി യമനില്‍ കൂടുതല്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന തന്ത്രമാണ് ഹൂതികള്‍ പയറ്റുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ചാഥം ഹൗസിലെ മുതിര്‍ന്ന ഗവേഷകന്‍ ഫാരി അല്‍-മുസ്ലിമി ഈ വിഷയത്തെ ഏറ്റവും ലളിതമായി വിശദീകരിക്കുന്നത് ഇങ്ങനെയാണ്; ‘ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും യുദ്ധം മാത്രമാണ് ഹൂതികളുടെ പരിഹാരം; എന്നാല്‍ സൗദി എല്ലാ പ്രശ്‌നങ്ങളെയും പണം കൊണ്ട് നേരിടാന്‍ ശ്രമിക്കുമ്പോള്‍ ഹൂതികള്‍ അതിന് നേരെ വെടിയുതിര്‍ക്കുകയാണ് ചെയ്യുന്നത്.’

2014-ല്‍ യമന്റെ തലസ്ഥാനമായ സനാ പിടിച്ചടക്കിക്കൊണ്ട് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയാണ് ഹൂതികള്‍ അധികാരം പിടിച്ചെടുത്തത്. തങ്ങളുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഇറാന്‍ പിന്തുണയുള്ള ഒരു സായുധ സംഘം വളരുന്നത് തടയാന്‍ സൗദി സൈനികമായി ഇടപെട്ടെങ്കിലും യുദ്ധം നീണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് 2022-ല്‍ പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തലിനെ തുടര്‍ന്ന് വടക്കന്‍ യമനില്‍ ഹൂതികള്‍ സ്വന്തമായൊരു ഭരണകൂടം തന്നെ കെട്ടിപ്പടുത്തു. എന്നാല്‍ 2023 അവസാനത്തോടെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ സൗദിയും ഹൂതികളും ഒരു സമാധാന കരാറിലേക്ക് അടുത്തിരുന്നു. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടഞ്ഞുവെച്ച ശമ്പളം നല്‍കാന്‍ എണ്ണ വരുമാനത്തില്‍ നിന്നുള്ള 1 മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ ലഭ്യമാക്കുക എന്നതായിരുന്നു ഈ കരാറിലെ പ്രധാന വ്യവസ്ഥ.

എന്നാല്‍ 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഈ സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെട്ടു. പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. തുടര്‍ന്ന് 2025-ല്‍ യു.എസ് പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും അവര്‍ക്കെതിരെ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇത് ഹൂതി മേഖലയിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സമാധാന കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഹൂതി മുതിര്‍ന്ന നേതാവ് മുഹമ്മദ് അല്‍-ബുഖൈതി കുറ്റപ്പെടുത്തുന്നു.

ഇതിനിടെ യു.എസും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധത്തിലായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇറാന്റെ സമ്മര്‍ദ്ദവും സ്വന്തം നിലനില്‍പ്പും കണക്കിലെടുത്ത് ഹൂതികള്‍ സൗദിക്കെതിരെ വീണ്ടും രംഗത്തുവരികയായിരുന്നു. സനായില്‍ ഇറാനിയന്‍ വിമാനം ഇറങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ സൗദിക്കെതിരെ ഹൂതികള്‍ സമുദ്ര ഉപരോധം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിക്ക് ഹോര്‍മുസ് കടലിടുക്കിലെ യുദ്ധ അന്തരീക്ഷം കാരണം എണ്ണക്കപ്പലുകള്‍ ചെങ്കടല്‍ വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു. എന്നാല്‍ ഈ വഴിയും ഹൂതികള്‍ തടസ്സപ്പെടുത്തിയതോടെ ആഗോള ഊര്‍ജ്ജ മേഖല വന്‍ പ്രതിസന്ധിയിലാണ്.

ജൂലൈ 23-ന് സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ആക്രമണം തുടര്‍ന്നാല്‍ കടുത്ത സൈനിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയും ഹൂതികളും തമ്മിലുള്ള ഈ പുതിയ പോരാട്ടത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്നത് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും.

അതിനിടെ, ഇരുവിഭാഗങ്ങളുടെയും ഈ അധികാരവടംവലിയില്‍പ്പെട്ട് നരകിക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണ യമനി പൗരന്മാരാണ്. പട്ടിണിയും ദുരിതവും കാരണം പൊറുതിമുട്ടിയ ജനങ്ങളില്‍ പലരും, അനിശ്ചിതത്വത്തില്‍ കഴിയുന്നതിലും നല്ലത് ഒരു യുദ്ധം ഉണ്ടാകുന്നതാണെന്ന നിരാശാജനകമായ അവസ്ഥയിലാണ്. ‘ഈ ദുരിതം കൊണ്ട് ഞങ്ങള്‍ തോറ്റു, ചര്‍ച്ചയായാലും യുദ്ധമായാലും ഇതിനൊരു അന്ത്യം വേണം,’ എന്ന് സനായിലെ ഒരു ടാക്‌സി ഡ്രൈവറായ അയ്മന്‍ അബ്ദുല്‍ഹഖ് വിലപിക്കുന്നു. ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍, യമന്‍ കൂടുതല്‍ വലിയൊരു സമാധാന ലംഘനത്തിലേക്കും വലിയൊരു മാനുഷിക ദുരന്തത്തിലേക്കുമാണ് വീണ്ടും വിരല്‍ ചൂണ്ടുന്നത്.

This post was last modified on July 28, 2026 8:13 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment