നേതാക്കളുടെ ‘പിടിവലി’: അധ്യക്ഷനില്ലാതെ യൂത്ത് കോണ്‍ഗ്രസ്, താല്കാലിക നിയമനത്തിന് സാധ്യത

വനിതയെ അധ്യക്ഷയാക്കി നാണക്കേട് പരിഹരിക്കണമെന്നും ആവശ്യം

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ യൂത്ത് കോണ്‍ഗ്രസിന് നാഥനില്ലാതായിട്ട് ഒരാഴ്ച പിന്നിട്ടു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 21 നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി. രാഹുലിന്റെ രാജിക്ക് പിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കളുടെ പിടിവലിയെ തുടര്‍ന്ന് തീരുമാനം അനന്തമായി നീളുകയാണ്.

ആദ്യഘട്ടത്തില്‍ തന്നെ യൂത്ത് പോര് കോണ്‍ഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞിരുന്നു. ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തിയതുപോലെയാണ് തങ്ങളുടെ പ്രസിഡന്റിനെ ഒരു വിഭാഗം ദ്രോഹിച്ചതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ രാഹുല്‍-ഷാഫി സംഖ്യത്തിലുള്ളവരുടെ ആരോപണം. വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ കൈകളായിരുന്നു പിന്നിലെന്നാണ് ആരോപിക്കപ്പെട്ടത്. ഇതേച്ചൊല്ലി പോര് മുറുകിയതോടെ അഡ്മിന്‍ ഓണ്‍ലി ആക്കി ദേശീയ നേതൃത്വം.

യൂത്ത് കോണ്‍ഗ്രസിന് അധ്യക്ഷന്‍ ഇല്ലാതായി ഒരാഴ്ച പിന്നിട്ടിട്ടും പകരം ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ഇതോടെ ബിഹാറിലെ വോട്ട് ചോരി യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്താനിരുന്ന ലോങ് മാര്‍ച്ച് അടക്കം മാറ്റിവച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കടുക്കുന്ന സാഹചര്യത്തില്‍, ‘എ’ ഗ്രൂപ്പ് കെ.എം. അഭിജിത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ളവര്‍ ഇതിനെ എതിര്‍ത്തു. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം കൂടുതല്‍ ശക്തമായി. കൂടാതെ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിന് കെ.സി. വേണുഗോപാല്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രായപരിധി തിരിച്ചടി ആകുമെന്നതിനാല്‍ ഒജെ ജനീഷിനെ പരിഗണിക്കണമെന്നാണ് ഷാഫിയുടെ ആവശ്യം.

അബിന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരരുതെന്നാണ് രാഹുല്‍ പക്ഷത്തിന്റെ നിലപാട്. രാഹുലിനെ വീഴ്ത്തി പ്രസിഡന്റ് കസേര ലക്ഷ്യമിട്ടവരാണ് ഇപ്പോള്‍ ഉണ്ടായ വെളിപ്പെടുത്തലുകള്‍ക്കെല്ലാം പിന്നിലെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വന്നാല്‍ രാഹുല്‍-ഷാഫി പക്ഷക്കാര്‍ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും പാര്‍ട്ടിക്കകത്ത് സജീവമാണ്.

എന്നാല്‍, ഒരു വനിതയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയാക്കി ഇപ്പോഴത്തെ നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍, അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ സമുദായ സമവാക്യവും പ്രധാന ഘടകമാകും.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് അധ്യക്ഷ സ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ യൂത്ത് പോരിന് പുറമെ മുതിര്‍ന്ന നേതാക്കള്‍ കൂടി അധ്യക്ഷ പദവി ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ അനിശ്ചിതത്വം നീളുകയാണ്.

അതേസമയം, നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ കാലാവധി ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ പുതിയ നിയമനം നടത്താതെ താല്ക്കാലിക അധ്യക്ഷനെ ചുമതലപ്പെടുത്താനും ആലോചനകള്‍ നടക്കുന്നതായാണ് സൂചന. youth congress without president due to clash among the leaders

Content Summary: youth congress without president due to clash among the leaders

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment