പ്രശസ്ത സ്പാനിഷ് യൂട്യൂബർ ഡാനിയൽ സാഞ്ചോ ബ്രോഞ്ചലോയെ കൊലപാതക കേസിൽ ശിക്ഷിച്ച് തായ്ലാന്‍ഡ് കോടതി. കൊളംബിയയിൽ നിന്നുള്ള 44 കാരനായ പ്ലാസ്റ്റിക് സർജനായ എഡ്വിൻ അരിയേറ്റ ആർറ്റിഗയെ കൊലപ്പെടുത്തിയ കേസിലാണ് 30 കാരന് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ തായ് അവധിക്കാല ദ്വീപായ കോ ഫാംഗാനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. Daniel Sancho Bronchalo case
പ്രതിയുടെ പിതാവ് റോഡോൾഫോ സാഞ്ചോ സ്പെയിനിലെ പ്രശസ്ത സിനിമ താരമാണ്. അതുകൊണ്ട് തന്നെ കേസ് ആഗോളതലത്തിൽ തന്നെ വാർത്തയായിരിക്കുകയാണ്. വിചാരണ റിപ്പോർട്ട് ചെയ്യാൻ തായ് കോടതിക്ക് ചുറ്റും സ്പാനിഷ് മാധ്യമങ്ങളും എത്തിയിരുന്നു. സാമുയി ദ്വീപിൽ നടന്ന വിചാരണയിൽ, അരിയേറ്റ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് വഴക്കുണ്ടായതെന്ന് വാദത്തിനിടെ ഡാനിയൽ അവകാശപ്പെട്ടു. വഴക്കുണ്ടായതോടെ അരിയേറ്റയുടെ തല ബാത്ത് ടബ്ബിൽ ഇടിച്ച് ബോധം നഷ്ടപ്പെട്ടു, പിന്നീടാണ് മരണം സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്.
അരിയേറ്റ കൊല്ലപ്പെട്ടതോടെ ശരീര ഭാഗങ്ങൾ വെട്ടിമുറിച്ച് കടലിലും, കരയിലുമായി ഉപേക്ഷിച്ചതായും ഡാനിയൽ കുറ്റസമ്മതം നടത്തി. കേസിൽ വാദം കേട്ട കോ സാമുയി പ്രവിശ്യാ കോടതി ഡാനിയേലിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിധിയിൽ വിചാരണയ്ക്കിടെ അദ്ദേഹം സഹകരിച്ചതിനാൽ ജീവപര്യന്തമായി ഇളവ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരിയേറ്റയുടെ കുടുംബം പ്രതികരിച്ചു. സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് അരിയേറ്റയെ കൊലപ്പെടുത്തിയതെന്നും, മൃതദേഹം ഒളിപ്പിച്ചതായും ഡാനിയേൽ സമ്മതിച്ചു. എന്നാൽ അരിയേറ്റയുടെ പാസ്‌പോർട്ട് നശിപ്പിച്ചത് നിഷേധിച്ചു. സാഞ്ചോ അരിയേറ്റയുടെ ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി കോ ഫംഗനു ചുറ്റും ഉപേക്ഷിച്ചെന്ന് വിചാരണയിൽ കണ്ടെത്തി. ഗൂഢാലോചന കൊലപാതകം ഉൾപ്പെടെയുള്ള ചില കുറ്റകൃത്യങ്ങൾക്ക് തായ്‌ലൻഡിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ടെങ്കിലും, അപൂർവ്വമായി മാത്രമേ നടപ്പാക്കാറുള്ളു. അവസാനത്തേത് നടന്നത് 2018-ലാണ്.
Content summary; YouTube Chef Daniel Sancho Bronchalo Convicted of Gruesome Murder on Thai Holiday IslandDaniel Sancho Bronchalo case