വെടിനിർത്തലിന് യുഎസ് പ്രേരിപ്പിച്ചിട്ടും സമാധാന ചർച്ച നടത്താൻ റഷ്യ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. മൂന്ന് വർഷമായി തുടരുന്ന അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം നടത്താനായാണ് വെടിനിർത്തലിന് ഉത്തരവിടാൻ വൈകുന്നതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് വർഷത്തിലേറെയായി ഇസ്താംബൂളിൽ റഷ്യൻ യുക്രേനിയൻ ഉദ്യോഗസ്ഥർ നേരിട്ടുള്ള ചർച്ചകൾ നടത്താറുള്ളതായാണ് റിപ്പോർട്ട്.
എന്നാൽ ഇസ്താംബൂളിൽ നടന്ന ചർച്ചകൾ ഒരു സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചില്ല. മാത്രമല്ല, യോഗ്യതയില്ലാത്തവരെയാണ് പുടിൻ ചർച്ചക്ക് അയച്ചതെന്ന് ചൂണ്ടിക്കാട്ടി സെലെൻസ്‌കി വിമർശിക്കുകയും ചെയ്തിരുന്നു.
യുദ്ധം തുടരാനും യുക്രെയ്ൻ ഭൂമി കൈവശപ്പെടുത്താനുമുള്ള പുടിന്റെ തന്ത്രമാണിത്. അത് റഷ്യ വ്യക്തമായി ചെയ്യുന്നുവെന്ന് സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പുടിനുമായുള്ള തന്റെ രണ്ട് മണിക്കൂർ സംഭാഷണത്തെ ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ട്രംപ് വിശേഷിപ്പിച്ചത്. തന്റെ പ്രചാരണ വേളയിൽ 24 മണിക്കൂറിനുള്ളിൽ റഷ്യ – യുക്രെയ്ൻ സമാധാന കരാർ നേടിയെടുക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അതിന് വേണ്ടിയാണ് ട്രംപിന്റെ ശ്രമമെന്നും എന്നാൽ റഷ്യക്കൊപ്പമാണ് എന്ന നയം തന്നെയാണ് തുടരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പൂർണ്ണവും, ഉടനടിയുള്ളതും, നിരുപാധികവുമായ വെടിനിർത്തൽ എന്ന ആശയം പുടിൻ നിരസിച്ചിരിക്കുകയാണ്. യുദ്ധം എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ വിവരിക്കുന്ന ഒരു മെമ്മോറാണ്ടം ചർച്ച ചെയ്യാൻ മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നെ ആക്രമിച്ചത്. കിഴക്കൻ യുക്രെയ്‌നിന്റെ ഭൂരിഭാഗവും റഷ്യയുടെ ആക്രമണത്തിൽ നശിച്ചതായാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് പേരുടെ ജീവനും നഷ്ടമായി. നിലവിൽ യുക്രേനിയൻ പ്രദേശത്തിന്റെ ഏകദേശം 20 ശതമാനം റഷ്യയുടെ
നിയന്ത്രണത്തിലാണ്.
തുർക്കിയിൽ വെച്ച് സെലെൻസ്‌കിയെ നേരിട്ട് കാണാൻ ട്രംപ് വിസമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, റഷ്യയ്‌ക്കെതിരെ കടുത്ത പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുക്രെയ്‌നും യൂറോപ്യൻ നേതാക്കളും ട്രംപിൽ സമ്മർദ്ദം ചെലുത്തുകയാണ്. യഥാർത്ഥ ഫലങ്ങൾ നൽകുന്ന ഏതൊരു ചർച്ചയ്ക്കും ഉക്രെയ്ൻ തയ്യാറാണ്. എന്നാൽ റഷ്യ യാഥാർത്ഥ്യബോധമില്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയും പുരോഗതി തടയുകയും ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സെലെൻസ്‌കി പറഞ്ഞു.
Content Summary: Zelensky says russia is trying to find time