February 19, 2025 |
Share on

ഭരണകൂടത്തിന്റെ കള്ളത്തരം പൊളിച്ച ചൈനീസ് വ്‌ളോഗര്‍ ഒടുവില്‍ മോചിതയായി

വുഹാന്‍ ലോക്ഡൗണ്‍ ലോകത്തെ അറിയച്ച ‘ കുറ്റ’ത്തിന് നാല് കൊല്ലം ജയില്‍

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അവസ്ഥ ലോകത്തെ അറിയിച്ചതിന് ചൈനീസ് ഭരണകൂടം നാല് വര്‍ഷം തടവില്‍ കിടത്തിയ ജോങ് ചാങ് ഒടുവില്‍ മോചിതയായി. ചൈനീസ് പൗരയായ വ്‌ളോഗര്‍ ജോങ്ങിന്റെ മോചനം മീഡിയ വാച്ച്‌ഡോഗ് ആയ റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ്(ആര്‍എസ്എഫ്) സ്ഥിരീകരിച്ചിട്ടുണ്ട്. ജോങിനെ മോചിപ്പിക്കുന്നതായി കഴിഞ്ഞയാഴ്ച്ച വാര്‍ത്ത വന്നതാണെങ്കിലും, അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആശങ്കയിലായിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ജോങിന്റെ ഒരു ഹൃസ്വ വീഡിയോ ആര്‍എസ്എഫ് പുറത്തുവിട്ടതോടെയാണ് മോചനം സാധ്യമായിരിക്കുന്നവെന്ന കാര്യത്തില്‍ ഉറപ്പ് വന്നത്.

40 കാരിയായ ജോങ്, പൈജാമ ധരിച്ചുകൊണ്ട് ഒരു ഇടനാഴിയില്‍ നിന്ന് സംസാരിക്കുന്ന വീഡിയോയാണ് ഓണ്‍ലൈന്‍ വഴി പുറത്തു വന്നത്. സഹോദരന്റെ വീട്ടിലേക്ക് പോകാന്‍ മേയ് 13 ന് തനിക്ക് അനുവാദം കിട്ടിയതായി, വളരെ പതിഞ്ഞ ശബ്ദത്തില്‍ ജോങ്ങ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്കൊപ്പം നിലകൊണ്ട എല്ലാവരോടും അവര്‍ നന്ദി അറിയിക്കുന്നുണ്ട്.

അതേസമയം, ജോങ്ങിന് പരിമിതമായ സ്വാതന്ത്ര്യം മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്നാണ് ആര്‍എസ്എഫ് പറയുന്നുണ്ട്. ജയിലിന് പുറത്തു വിട്ടെങ്കിലും ഭരണകൂടത്തിന്റെ കണ്ണുകള്‍ അവള്‍ക്കുമേല്‍ ഉണ്ടാകും. ജോങിന്റെ എല്ലാ പ്രവര്‍ത്തികളും നിരീക്ഷിക്കപ്പെടും.

‘വ്യാജ വാടകച്ചീട്ട് വേണം, പൈസയും; പിന്നെ 8ഉം വേണ്ട, Hഉം വേണ്ട’

കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് വിവരിച്ച് മുന്‍ അഭിഭാഷക കൂടിയായ ജോങ് ചാങ്ങ് സംഭവസ്ഥലം സന്ദര്‍ശിച്ച് ചെയ്ത വീഡിയോകള്‍ ലോക വ്യാപകമായി പ്രചരിച്ചിരുന്നു. അജ്ഞാതമായ വൈറസിനെ നിയന്ത്രിക്കാനാകാതെ വന്നതോടെ ജനം കൂട്ടത്തോടെ മരിച്ചു വീണു. പരാജിതരായ അധികാരികള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ 11 ദശലക്ഷത്തോളം ജനങ്ങള്‍ക്ക് മേല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവിവരവും ലോക്ഡൗണും വെളിയില്‍ അറിയാതിരിക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍, അവരുടെ രഹസ്യങ്ങള്‍ ജോങ് ചാങ് പുറം ലോകത്തെ അറിയിച്ചു.

ഇതിന്റെ പേരിലാണ് ജോങിനെ ഭരണകൂടം ശിക്ഷിച്ചത്. ജോങ് ചാങ്ങിന്റെ വിചാരണ നീതിരഹിതമായിരുന്നുവെന്ന് അന്നുതൊട്ടേ മുറവിളി ഉയര്‍ന്നിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ ജോങ്ങിന്റെ മോചനത്തിനായി വാദിച്ചെങ്കിലും ഭരണകൂടം ജോങിനെ നാല് കൊല്ലക്കാലം തുറങ്കില്‍ തള്ളി.

2020 ഫെബ്രുവരിയിലാണ് ഷാങ്ഹായിയിലെ തന്റെ വീട്ടില്‍ നിന്നും വുഹാനിലേക്ക് ജോങ് യാത്ര തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ആരംഭകാലമായിരുന്നു അത്. വുഹാനില്‍ ജോങ് കണ്ട കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞ് രോഗികള്‍, രോഗബാധിതര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍, മരണവിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള അധികാരികളുടെ കള്ളത്തരങ്ങള്‍… എല്ലാം ജോങ് തന്റെ കാമറയില്‍ പകര്‍ത്തി. ജോങിന്റെ ലൈവ് സ്ട്രീമിംഗിലൂടെ വുഹാനില്‍ നടക്കുന്നതെന്തെന്ന് ലോകം കണ്ടു. സോഷ്യല്‍ മീഡിയയില്‍ ജോങിന്റെ വീഡിയോകള്‍ വൈറലായി. അധികാരികളുടെ ഭീഷണി വകവയ്ക്കാതെ ആ സ്ത്രീ തന്റെ ഉത്തരവാദിത്തവുമായി മുന്നോട്ടു പോയി. പിന്നെയും പിന്നെയും വീഡിയോകള്‍ ലോകത്തിന് മുന്നിലെത്തി.

2020 ന്റെ തുടക്കത്തില്‍ കോവിഡ് നിയന്ത്രാണാധീതമായതോടെ ചൈനീസ് ഭരണകൂടം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ ആരോഗ്യസംവിധാനത്തിന്റെ പരാജയങ്ങള്‍ പുറം ലോകം അറിയരുതെന്നായിരുന്നു ലക്ഷ്യം. എന്നിട്ടും ഭരണകൂട പരാജയത്തിന്റെ വാര്‍ത്തകള്‍ പുറത്തെത്തി. ഇതോടെ ശക്തമായ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം അവരുടെ അധികാരം മനുഷ്യത്വരിഹതമായി ഉപയോഗിച്ചു. ദേശീയ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടത്തിന്റെ മഹാമാരിക്കെതിരായ ‘ വിജയകരമായ ഇടപെടലുകള്‍’ പ്രചരിപ്പിച്ചു.

2020 മേയില്‍ ജോങ് ചാങിനെ ഭരണകൂടം തടവിലാക്കി. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമായ, ‘നാട്ടില്‍ കലഹം ഉണ്ടാക്കാന്‍ ശ്രമിച്ചു’ എന്ന കുറ്റം തന്നെയായിരുന്നു ജോങിനു മേലും ചുമത്തിയത്.

അകാരണമായി തന്നെ തടവില്‍ അടച്ചതിനെതിരേ ജോങ് പ്രതിഷേധിച്ചു. ആദ്യത്തെ ഏതാനും മാസങ്ങളില്‍ അവര്‍ ഭക്ഷണം ഉപേക്ഷിച്ചു. പിന്നീട്, ജോങിന്റെ അഭിഭാഷകന്‍ പറഞ്ഞത്, ജയില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ട്യൂബ് വഴി അവരെ ഭക്ഷണം കഴിപ്പിച്ചുവെന്നാണ്. എങ്കിലും 2023 ജൂലൈ വരെ ജോങ് ഭാഗികമായിട്ടാണെങ്കിലും തന്റെ നിരാഹാര സമരം തുടര്‍ന്നു. പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം 37 കിലോയിലേക്ക് ജോങിന്റെ ശരീരഭാരം കുറഞ്ഞിരുന്നു. പലതരം രോഗങ്ങളും ഇക്കാലയളവില്‍ അവരുടെ ആരോഗ്യാവസ്ഥ അപകടത്തിലാക്കി.

Content Summary; Zhang Zhan, chinese vlogger who reported wuhan lockdown on freed from jail

×